21 ദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ കാലം, വിവാഹജീവിതം ലളിതമായിരുന്നില്ല: തുറന്നു പറഞ്ഞ് അനുഷ്ക ശർമ

Mail This Article
ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും വിവാഹിതരാകുന്നതും വിജയകരമായി ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകുന്നതും ഏറെ ഇഷ്ടത്തോടെ ആരാധകർ ആഘോഷിക്കാറുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സുന്ദരനിമിഷങ്ങൾ പോലെ ലളിതമല്ല ജീവിതമെന്നു തുറന്നു പറയുകയാണ് ബോളിവുഡ് താരവും വിരാട് കോലിയുടെ ജീവിത പങ്കാളിയുമായ അനുഷ്ക ശർമ. വിവാഹശേഷം ജോലിയും സ്വകാര്യജീവിതവും ഒരുമിച്ചു കൊണ്ടുപോവുകയെന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്ക.
കോലിയുമായുള്ള വിവാഹ ജീവിതത്തിൽ ആദ്യത്തെ ആറുമാസത്തിൽ വെറും 21 ദിവസം മാത്രമാണ് ഒരുമിച്ചു കഴിയാൻ സാധിച്ചതെന്നും അക്ഷരാർഥത്തിൽ അന്നൊക്കെ ഒരുമിച്ചു കഴിയാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നുവെന്നും അനുഷ്ക പറയുന്നു. രണ്ടിലൊരാൾ ജോലിയുടെ ഭാഗമായി എപ്പോഴും യാത്രയിലായിരിക്കും. അക്കാലത്ത് ആരെങ്കിലുമൊരാൾ കടൽ കടന്ന് യാത്ര ചെയ്തിരുന്നത് ഒരുമിച്ചിരുന്ന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിക്കാനായിരുന്നുവെന്നും അനുഷ്ക പറയുന്നു.
‘ജീവിതപങ്കാളിയ്ക്കൊപ്പം കുറച്ചു നേരമെങ്കിലും ചെലവഴിക്കാമെന്ന മോഹത്തോടെ വിദേശ യാത്രകൾ നടത്തുമ്പോൾ ഞങ്ങൾ അവധിക്കാലം ആസ്വദിക്കാൻ പോവുകയാണെന്നായിരുന്നു മറ്റുള്ളവരുടെ ധാരണ. എന്നാൽ യഥാർഥത്തിൽ ആ സമയത്തൊക്കെ ഞങ്ങളിലൊരാൾ എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവാഹശേഷമുള്ള അഭിനയ ജീവിതം അത്ര എളുപ്പമായിരുന്നില്ല. സുയിഗാധ, സീറോ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു ഞാൻ. ഷൂട്ടിങ്ങിനിടയിൽ ചെറിയ ഇടവേളകൾ കിട്ടുമ്പോഴൊക്കെ ഞാൻ വിരാടിനൊപ്പമായിരിക്കാൻ ആഗ്രഹിച്ചു. ചെറിയ ഒഴിവു നേരങ്ങളിൽപ്പോലും കരിയറും ജീവിതവും തമ്മിൽ ബാലൻസ് ചെയ്യാനുള്ള കാര്യങ്ങൾക്കായി ഞാൻ നിരന്തരം പരിശ്രമിച്ചു. അത്തരം ശ്രമങ്ങൾ എന്നെ വല്ലാതെ ക്ഷീണിതയാക്കിയപ്പോഴാണ് കരിയറിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് സീറോ എന്ന ചിത്രത്തിനു ശേഷം ഞാൻ കരിയറിൽ ഇടവേളയെടുത്തത്.’ - അനുഷ്‌ക പറഞ്ഞു.