ഇന്ത്യയുടെ ആത്മാവ് ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നു: ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്ത് നിത അംബാനി

Mail This Article
ന്യൂയോർക്ക് സിറ്റിയിലെ ലിങ്കൺ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘നിത അംബാനി കൾച്ചറൽ സെന്റർ ഇന്ത്യ വീക്കെൻഡി’ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 12 മുതൽ 14 വരെ നടക്കുന്ന പരിപാടി ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകം ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന വേദിയായിരിക്കുമെന്ന് നിത അംബാനി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
‘ന്യൂയോർക്കിലെ ലിങ്കൻ സെന്ററിൽ സപ്റ്റംബറിൽ നടക്കുന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്ത്യ വീക്കൻഡിന്റെ ആവേശത്തിലാണ് ഞങ്ങൾ. എൻഎംഎസിസിയുടെ ഈ ആഘോഷ പരിപാടി വെറും ഒരാഴ്ചത്തെ പരിപാടി മാത്രമല്ല. ഇന്ത്യൻ സംസ്കാരത്തിന്റെ പ്രാധാന്യം ലോകജനതയ്ക്കു മുന്‍പിലെത്തിക്കാനുള്ള വേദിയാണ്. ഇന്ത്യയുടെ ആത്മാവ് അതിന്റെ എല്ലാ മഹത്വത്തോടെയും ലോകത്തിനു മുന്‍പിലെത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. നമ്മുടെ സംസ്കാരം, കരകൗശല വിദ്യ, പാട്ട്, നൃത്തം, ഫാഷൻ, ഭക്ഷണം എല്ലാം ഇതിൽ ഉൾപ്പെടുന്നു. ആദ്യമായാണ് രാജ്യാന്തരതലത്തില്‍ ഇന്ത്യയെ അവതരിപ്പിക്കുന്നത്. അതിന് ന്യൂയോർക്ക് സിറ്റിയോളം മികച്ച മറ്റൊരിടമില്ല. എല്ലാവരെയും ഈ പരിപാടിയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു. ന്യൂയോർക്ക് സിറ്റിയിൽ വച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് നിങ്ങളെ അറിയിക്കാൻ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.’– നിത അംബാനി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
സെപ്റ്റംബർ 12 ന് ഡേവിഡ് എച്ച്. കോഷ് തിയേറ്ററിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാടക നിർമാണമായ ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷന്റെ യുഎസ് പ്രീമിയറോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ബിസി 5000 മുതൽ 1947ൽ സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള ഇന്ത്യയുടെ യാത്രയാണ് ഇതിൽ വിവരിക്കുന്നത്. നൂറിലധികം കലാകാരന്മാർ, സങ്കീർണമായ സെറ്റുകൾ, ഇന്ത്യയിലെ മുൻനിര പ്രതിഭകളുടെ സാന്നിധ്യം എന്നിവയെല്ലാം ഷോയെ വേറിട്ടതാക്കും.

ഇന്ത്യൻ വീക്കെൻഡിന്റെ ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ' ഗ്രാൻഡ് സ്വാഗത്' ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരമ്പരാഗത നെയ്ത്തു വിദ്യയും കരകൗശല വൈദഗ്ധ്യവും ആഘോഷിക്കുന്ന രീതിയിൽ മനീഷ് മൽഹോത്ര ഒരുക്കുന്ന സ്വദേശ് ഫാഷൻ ഷോ, പുരാതനകാലം മുതൽ ആധുനികകാലം വരെയുള്ള ഇന്ത്യൻ പാചകരീതികൾ പരിചയപ്പെടുത്തിക്കൊണ്ട് ഷെഫ് വികാസ് ഖന്നയുടെ പാചകപ്രദർശനം എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.
വെൽനസ് വിദഗ്ധൻ എഡ്ഡി സ്റ്റെർണിന്റെ യോഗ സെഷനുകൾ, ക്രിക്കറ്റിനെക്കുറിച്ചുള്ള പാനൽ ചർച്ച, പ്രശസ്ത നൃത്തസംവിധായകൻ ഷിയാമാക് ദാവറിന്റെ ബോളിവുഡ് നൃത്ത വർക്ക്‌ഷോപ്പുകൾ, ഇന്ത്യൻ ഫാഷനും കരകൗശല വസ്തുക്കളും വാങ്ങാൻ അവസരം ഒരുക്കുന്ന സ്വദേശ് പോപ്പ്-അപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളുടെ നീണ്ട നിര തന്നെ തയാറാകുന്നുണ്ട്. സാംസ്കാരിക മഹോത്സവത്തിന്റെ ആദ്യദിവസം താൻ നൃത്തം അവതരിപ്പിക്കുമെന്നും നിതാ അംബാനി വെളിപ്പെടുത്തി.