കാർ കഴുകുന്നതിനിടെ ലോട്ടറി അടിച്ചത് 43ലക്ഷം; ഒരുദിവസം കൊണ്ട് ലക്ഷപ്രഭുവായി യുവാവ്

Mail This Article
എപ്പോഴെങ്കിലും ലോട്ടറി അടിക്കുമെന്ന വിശ്വാസത്തിലായിരിക്കും എല്ലാവരും ലോട്ടറിയെടുക്കുന്നത്. അത്തരത്തിൽ നിനച്ചിരിക്കാതെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ് ഫിലാഡൽഫിയ സ്വദേശിയായ യുവാവിനെ. ലോട്ടറി ടിക്കറ്റ് എടുത്ത കാര്യം തന്നെ മറന്നു പോയിരുന്നതായും കാർ കഴുകുന്നതിനിടെയാണ് ലോട്ടറി അടിച്ച വിവരം അറിയുന്നതെന്നും യുവാവ് പറഞ്ഞു.
യുഎസിലെ പ്രമുഖ ലോട്ടറിയായ പവർബോളിന്റെ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഫിലാഡൽഫിയയിൽ എൻജിനീയറാണ് അദ്ദേഹം. എന്നാൽ തിരക്കുകൾക്കിടെ ടിക്കറ്റ് എടുത്ത കാര്യം മറന്നു. ഒരു ദിവസം കാർ കഴുകുന്നതിനിടെയാണ് ടിക്കറ്റ് വീണ്ടും കാണാനിടയായത്. അപ്പോഴേക്കും ലോട്ടറി നറുക്കെടുപ്പു നടത്തിയിരുന്നു. ഫലം കണ്ടപ്പോൾ യുവാവ് ശരിക്കും ഞെട്ടി.
50,000 യുഎസ് ഡോളറാണ് ലോട്ടറിയടിച്ചത്. ഏതാണ്ട് 43ലക്ഷത്തിലേറെ രൂപ. ജൂൺ നാലിന് ബാൾട്ടിമോർ കൗണ്‍ടിയിലെ വുഡ് ലോൺ മാർട്ടിൽ നിന്നാണ് യുവാവ് ലോട്ടറിയെടുത്തത്. ‘എനിക്കാണ് ലോട്ടറി അടിച്ചതെന്നറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി. വരാനിരിക്കുന്ന വിജയങ്ങളുടെ തുടക്കമാകട്ടെ ഇതെന്ന് ആഗ്രഹിക്കുന്നു.’– യുവാവ് പറഞ്ഞു. ലോട്ടറി തുകയിൽ കുറച്ച് ബില്ലുകൾ അടയ്ക്കുന്നതിനും ബാക്കി സമ്പാദ്യമായി സൂക്ഷിക്കാനുമാണ് യുവാവിന്റെ തീരുമാനം.