Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹബന്ധം താറുമാറാക്കുന്ന 7 കാര്യങ്ങള്‍

Couple Representative Image

സ്നേഹവും പ്രണയവും ജീവിതത്തിലേക്ക് എത്തുമ്പോള്‍ സന്തോഷം തന്നെ. എന്നാല്‍ അത് ആരോഗ്യകരമായി നിലനിര്‍ത്തി പോരുന്നതിനു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതപങ്കാളിയുടെ  ഭാഗത്ത്‌ നിന്നു വരുന്ന പാളിച്ചകളിലേക്കു ശ്രദ്ധ തിരിക്കാൻ ആവേശം കാണിക്കുന്ന ഭൂരിഭാഗം പേരും സ്വയം വിലയിരുത്തലില്‍ അത്ര താല്പര്യം കാണിക്കാറുമില്ല. നിങ്ങളുടെ ബന്ധങ്ങള്‍ സ്വയം താറുമാറാക്കാന്‍ ഇടവരുത്തുന്ന ചില കാര്യങ്ങള്‍.

1 കുറ്റമല്ലാതെ മറ്റൊന്നുമില്ല.
 
എപ്പോഴെങ്കിലും വഴക്കുകൂടാത്ത കൂടാത്ത ദാമ്പത്യം ഉണ്ടാവില്ല. പിന്നിടു പശ്ചാതാപം തോന്നുന്ന രീതിയില്‍ എന്തെങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടാവും, ചെയ്തിട്ടുമുണ്ടാവും. അങ്ങനെ നിങ്ങളുടെ ജീവിതപങ്കാളി ചെയ്ത നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണു നിങ്ങളുടെ മനസ്സില്‍ പ്രധാനമായും വരുന്നതെങ്കില്‍ അതു നിങ്ങളുടെ ജീവിതം പ്രശ്നത്തിലാക്കും. അതു വിട്ടുകളയാന്‍ പറ്റാത്തതാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ അതിനർഥം ഇതാണ്- നിങ്ങളുടെ പങ്കാളിയോടുള്ള സ്നേഹത്തിലും വലുതാണ് നിങ്ങള്‍ക്കു നിങ്ങളുടെ ഈഗോയും ദേഷ്യവും. ഈ പ്രശ്നം മനസ്സിലിരുന്നു നിങ്ങളുടെ സമാധാനം കെടുത്തുന്നുണ്ടെങ്കില്‍ അതിനു ഉത്തരവാദി നിങ്ങളും കൂടിയാണെന്ന് ഓർക്കുക.
 
2 പങ്കാളിയോട് മിണ്ടാതിരിക്കൽ

ഒരു പ്രശ്നം ഉണ്ടായാല്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നമ്മള്‍ പലപ്പോഴും സ്വീകരിക്കുന്ന എളുപ്പവഴിയാണിത്‌. സംസാരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയെ ഉള്ളു എന്നാവും നമ്മള്‍ കണ്ടെത്തുന്ന ന്യായീകരണം. എന്നാല്‍ ഇത് ഒന്നിനും പരിഹാരം ആകുന്നില്ല. പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള നിങ്ങളുടെ പ്രവണതയാണ് ഇതു കാണിക്കുന്നത്. ഓഫീസില്‍ അധികനേരം മനപ്പൂര്‍വം ഇരുന്നു ജോലി ചെയ്യുന്നതും സുഹൃത്തുക്കളുടെ കൂടെ ഇരുന്നു സംസാരിക്കുന്നതും ഒക്കെ വീട്ടില്‍ വൈകി വരാന്‍ ഉള്ള ഉപാധി മാത്രമാണെങ്കില്‍ ഇതു തന്നെയാണ് നിങ്ങളുടെ പ്രശ്നം. ഈ സാഹചര്യത്തില്‍ കഴിയുന്നതും വേഗം മനസംയമനത്തോടെ പ്രശ്നങ്ങള്‍ പങ്കു വച്ചു പരിഹാരം തേടുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പ്രശ്നം കൈ വിട്ടുപോകാനാണു സാധ്യത.
 
3 പങ്കാളിയുടെ ഫോണ്‍ പരിശോധിക്കൽ

ഫോണ്‍ പരിശോധിക്കുന്നത് നിങ്ങളുടെ അവകാശം ആണെന്ന വിചാരമാണു നിങ്ങളുടെ മനസ്സിലെങ്കില്‍ അത് വെറും തെറ്റിധാരണയാണ്. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്ന സമൂഹം വിശ്വസിക്കുന്നത് പങ്കാളിയില്‍ നമുക്ക് പരമാധികാരം ഉണ്ടെന്നാണ്. എന്നാല്‍ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യും. അവരുടെ മെസ്സജുകള്‍ പരിശോധിക്കുന്നതും പാസ്സ്‌വേര്‍ഡ്‌ നിങ്ങള്‍ അറിഞ്ഞിരിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നതും  ഒക്കെ കാണിക്കുന്നത് നിങ്ങളുടെ അരക്ഷിതബോധവും വിശ്വാസക്കുറവും ഒക്കെയാണ്.
ജീവിതപങ്കാളി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത പടത്തിനു ആരൊക്കെ ലൈക്ക് ചെയ്തു എന്നു കണക്കെടുത്ത് അതില്‍ അസ്വസ്ഥതപ്പെടുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവരുടെ അക്കൗണ്ട്‌ പൂട്ടിക്കാന്‍ വേണ്ടി അടിയുണ്ടാക്കുകയല്ല വേണ്ടത്. പകരം ഉടന്‍ തന്നെ ഒരു മാനസികാരോഗ്യവിദഗ്ദനെ കാണുക.

4 താരതമ്യം ചെയ്യൽ

“എന്‍റെ അമ്മയെ കണ്ടു പഠിക്കെടി “ എന്നു ഭര്‍ത്താവു ഭാര്യയോട്‌.  എന്‍റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് എത്ര സ്നേഹത്തില്‍ ആണെന്നറിയുമോ  ഭാര്യയ്ക്ക് ഓരോന്നും ചെയ്യുന്നത്.എന്നാല്‍ നിങ്ങളോ? “ എന്നു ഭാര്യ ഭര്‍ത്താവിനോട്.
എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഈ താരതമ്യം മാത്രം മതി’. ഓരോ വ്യക്തികളും വ്യത്യസ്തരാണ് അതുകൊണ്ടുതന്നെ അവര്‍ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയും പെരുമാറുന്ന രീതിയും വ്യത്യസ്തമായിരിക്കും. ഇതിനു പ്രേരിപ്പിക്കുന്നത് പങ്കാളിയുടെ കഴിവില്ലായ്മയല്ല പകരം നിങ്ങളുടെ പക്വതയില്ലായ്മ ആണെന്നു തിരിച്ചറിയണം. താരതമ്യം ഒഴിവാക്കി നിങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ കുറ്റപ്പെടുത്തലിന്‍റെ  കാഠിന്യം ഇല്ലാതെ തന്നെ അവതരിപ്പിക്കാം.

5 പരിഹാസം നിറഞ്ഞ സംഭാഷണങ്ങള്‍

“ഹേയ് , അതൊക്കെ വെറും തമാശയല്ലേ, അത്രയ്ക്കു കാര്യമാക്കാനുണ്ടോ” ? എന്നാണു നിങ്ങളുടെ മനസ്സില്‍ എങ്കിൽ അതു തെറ്റിധാരണ മാത്രമാണ്. ഇത്തരത്തില്‍ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതിനെ “പാസ്സീവ് അഗ്രെഷന്‍” എന്നാണു മനശാസ്ത്രത്തില്‍ പറയുന്നത്. നേരിട്ടു ദേഷ്യം പ്രകടിപ്പിക്കുന്നതിലും ആഘാതം അതുണ്ടാക്കും, അവരില്‍ മാത്രമല്ല നിങ്ങളിലും. ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നമാകുന്നത്‌ തമാശ ആസ്വദിക്കാനുള്ള പങ്കാളിയുടെ കഴിവില്ലായ്മ ആണെന്ന തോന്നലാണ് നിങ്ങള്‍ക്കെങ്കില്‍ അതും തെറ്റാണ്. കേള്‍ക്കുന്ന ആളിന്‍റെ മാനസികാവസ്ഥ കണക്കാക്കാതെ ആശയവിനിമയം നടത്തുക എന്ന  നിങ്ങളുടെ പിഴവാണ് ഈ സാഹചര്യത്തില്‍ വില്ലന്‍ ആകുന്നത്‌.

6 പങ്കാളി ചിന്തിക്കുന്നത് ഊഹിച്ചു കണ്ടുപിടിക്കൽ

മറ്റൊരാളുടെ മനസു വായിക്കാന്‍ മാനസികരോഗ വിദഗ്ദര്‍ക്കു പോലും കഴിയില്ല. ഓരോ തവണയും പങ്കാളിയെ കുറിച്ചു നിങ്ങള്‍ ഊഹിക്കുമ്പോള്‍ അതില്‍ നിങ്ങളുടെ അരക്ഷിതചിന്തകളുടെ സ്വാധീനവും ഉണ്ടാവും. ഇങ്ങനെ ഓരോന്നും ഊഹിച്ച് അതിന്‍റെ പേരില്‍ തര്‍ക്കിക്കുന്നത്‌ കൂടുതല്‍ വഴക്കിന് ഇടയാക്കും.

7 പഴയകാര്യങ്ങള്‍ കുത്തിപോക്കല്‍

ഒരു ചെറിയ കാര്യത്തില്‍ തുടങ്ങിയ തര്‍ക്കം വന്‍വഴക്കില്‍ കലാശിക്കുന്നതിന്‍റെ പ്രധാന ഉത്തരവാദി ഈ ശീലമാണ്. കഴിഞ്ഞുപോയ കാര്യങ്ങള്‍  ഒരു കാരണവശാലും വീണ്ടും എടുത്തിടില്ല എന്ന തീരുമാനം കര്‍ശനമായും നടപ്പിലാക്കാന്‍ ശ്രമിക്കുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം. പ്രശ്നങ്ങളും അപസ്വരങ്ങളും ഇല്ലാത്ത  ജീവിതം ഉണ്ടാവില്ല, അതിനെ എങ്ങനെ ഫലപ്രദമായി പരിഹരിക്കാം എന്നുള്ളതാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. ഇത്തരം തിരിച്ചറിവുകളാണ് കൂടുതല്‍ തീവ്രസൗന്ദര്യത്തോടെ ജീവിക്കാന്‍ നമ്മെ സഹായിക്കുന്നത്.