Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് വെറും പൂന്തോട്ടക്കാരൻ, ഇന്ന് ലക്ഷങ്ങളുടെ സംരഭകൻ!

Rambahu രാംബഹു

ഒരു അവസരത്തിനായി കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട് നമുക്കു ചുറ്റും. ഒട്ടനവധി കഴിവുകളുണ്ടെങ്കിലും അവയൊന്നും പ്രകടിപ്പിക്കാൻ ഒരു സാഹചര്യം ലഭിക്കാതെ ജീവിതത്തിന്റെ പകുതിഭാഗവും ആഗ്രഹങ്ങൾക്കൊത്തു ജീവിക്കാതെ നിവൃത്തികേടുകളുടെ വഴിയേ പോകുന്നവർ. അവരിൽ പലർക്കും ഒരു കൈ നീട്ടി നൽകിയാൽ മതി പിടിച്ചു കയറുന്നത് ചിലപ്പോൾ നാമൊക്ക ഊഹിക്കുന്നതിനും അപ്പുറത്തേക്കായിരിക്കും. അത്തരത്തിലൊരു കഥയാണ് രാംബഹു എന്ന മനുഷ്യന്റേത്. കൂലിപ്പണിക്കാരനായി ജീവിതത്തിന്റെ മുക്കാൽപങ്കും തീർത്തു സംരംഭകനായി മാറിയ രാംബഹുവിന്റെ കഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

കോടിപതികളായ സംരംഭകരുടെ കഥകൾ മാത്രമല്ല ഇത്തരത്തിൽ തീർത്തും നിസഹായമായ ചുറ്റുപാടുകളിൽ നിന്നും ഉയിർത്തെഴുന്നേറ്റു തനിക്കു കഴിയുംവിധം സംരംഭകത്വത്തിന്റെ പടവുകൾ കയറിയവരെയും നാം എന്നും ഓർക്കേണ്ടതുണ്ട്. നിനാദ് വെൻഗുർലേകർ എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പേജിലാണ് രാംബഹു എന്ന സംരംഭകന്റെ വിജയഗാഥ പങ്കുവച്ചത്. നിനാദിന്റെ വീട്ടിലെ പൂന്തോട്ടം പരിപാലകനായിരുന്നു രാംബഹു. നാലുവർഷം മുമ്പ് ഒരിക്കൽ തന്റെ ജോലി സ്ഥലത്തിനടുത്തെ റോഡിൽ മണ്ണുനീക്കിക്കൊണ്ടിരിക്കുകയായിരുന്നു രാംബഹു, അന്നു കൂടെയുണ്ടായിരുന്ന സൈറ്റ് എൻജിനീയർ ആണ് രാംബഹുവിനോട് വീട്ടിലെ പൂന്തോട്ടം പതുക്കിപ്പണിയാൻ ആളെ ആവശ്യമുണ്ടെന്നും താൽപര്യമുണ്ടോയെന്നും ചോദിക്കുന്നത്. അന്നു മറുത്തൊന്നും പറയാതെ എന്തു ജോലി ചെയ്യാനും താൻ സന്നദ്ധനാണെന്ന് അറിയിച്ച് രാംബഹു അരികിലെത്തി.

Rambahu രാംബഹു തന്റെ തൊഴിലാളികൾക്കൊപ്പം

പൂന്തോട്ടത്തിലേറെ ഭാഗവും സൗജന്യമായി പണി ചെയ്ത രാംബഹു പിന്നീടതു കോംപ്ലക്സിലെ മറ്റു വീടുകളിലുള്ളവർക്കു ഉദാഹരണമായി കാണിക്കാനും തുടങ്ങി. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും രാംബഹു 20 വീടുകളിലെ പൂന്തോട്ടങ്ങൾ മാനേജ് ചെയ്യാൻ തുടങ്ങി. അന്നൊരു മോട്ടോർബൈക്കും സ്വന്തമാക്കി. ഇതിനിടയിൽ മൂന്നുനാലു സഹായികളെയും കൂടെ പണിക്കു ചേർത്തു. പിന്നീടൊരു വർഷം കൂടി കഴിഞ്ഞപ്പോൾ മകനൊപ്പം ടെംപോ ഡെലിവറി സർവീസ് ആരംഭിച്ചുവെന്നു രാംബഹു പറഞ്ഞു.

അധികം വൈകാതെ കൂടുതൽ പണിക്കാരും രാംബഹുവിനൊപ്പം ചേർന്നു, ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങളും സ്വന്തമാക്കി. ലക്ഷങ്ങൾ വിലയുള്ള വാഹനത്തിൽ എത്തുമ്പോഴും ഇന്നും രാംബഹു മുതലാളിയായിരിക്കാതെ തന്റെ പണിക്കാർക്കൊപ്പം ചേര്‍ന്നു പണിയെടുക്കുന്നു. വെറും നാലുവർഷം കൊണ്ടു മാത്രമാണ് തന്റെ നാൽപതുകളിലെത്തി നിന്നിരുന്ന ആ മനുഷ്യൻ വിജയം കണ്ടതെന്നു മനസിലാക്കണം. ഇത്രയും പ്രായമായില്ലേ ഇനി തട്ടിമുട്ടി ജീവിതം നീങ്ങിയാൽ മതിയെന്നു കരുതുന്നവർ രാംബഹുവിനു മുന്നില്‍ തലകുനിയ്ക്കണം.

ബാങ്കുകളിൽ നിന്നോ മറ്റു വായ്പാ സ്ഥാപനങ്ങളിൽ നിന്നോ യാതൊരു സഹായവുമില്ലാതെയാണു രാംബഹു തന്റെ കൊച്ചുബിസിനസ് ആരംഭിച്ചത്. കഴിവുണ്ടെങ്കിൽ പണമോ സ്വാധീനമോ യോഗ്യതാ സർട്ടിഫിക്കറ്റുകളോ ഇല്ലാതെ ജീവിതത്തിൽ വിജയത്തിന്റെ പടവുകൾ കയറാം എന്നു തെളിയിക്കുക കൂടിയാണ് രാംബഹു. ഇത്തരത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സ്വാധാനിക്കുന്ന നിരവധി ചെറിയ സംരംഭകരുണ്ട്. വായിൽ സ്വർണ്ണക്കരണ്ടിയുമായല്ലാതെ ജനിച്ച് അധ്വാനത്തിലൂടെ വിജയം കണ്ടെത്തുന്നവര്‍.. അവരാണു യഥാർഥ ഹീറോസ്...
 

Your Rating: