Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേസ്ബുക് പോസ്റ്റ് കത്തിപടരുന്നു

Archana അർച്ചന

ആസിഡ് ആക്രമണത്തില്‍ മുഖം പൂര്‍ണമായും വികൃതമാക്കപ്പെട്ടു ജീവിതം തിരിച്ചുപിടിക്കാന്‍ ഒരു സാധാരണക്കാരി നടത്തുന്ന പോരാട്ടം ഇന്നു സമൂഹമാധ്യമത്തിന്റെ ശ്രദ്ധ തേടുകയാണ്. ഒരു ജോലി തേടിയുള്ള അർച്ചന എ​ന്ന ഇരുപത്തിയേഴുകാരിയുടെ ഫേസ്ബുക് പോസ്റ്റ് ആണ് വൈറലാകുന്നത്. ഇതാണു ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം. 

വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ഞാന്‍ ശക്തയും ധൈര്യവതിയുമാണെന്ന്. ഒരു സൂചി കണ്ടാല്‍ പോലും പേടിക്കുന്നതായിരുന്നു പ്രകൃതം. ആശുപത്രികളില്‍ പോകുന്നത് എനിക്കു വെറുപ്പായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓപ്പറേഷന്‍ തിയറ്ററില്‍ കയറേണ്ടി വരുമെന്നും ഞാന്‍ കരുതിയിരുന്നില്ല. ചെറിയ മുറിവുകള്‍ പോലും സഹിക്കാൻ എനിക്കു പ്രയാസമായിരുന്നു.

എന്നാല്‍ 18ാം വയസില്‍ ജീവിതത്തില്‍ ഒരാള്‍ നേരിടുന്ന ഏറ്റവും ക്രൂരമായ ഒരാക്രമണത്തിന് ഞാന്‍ ഇരയായി. എന്റെ അയല്‍വാസിയായ ഒരു ആണ്‍കുട്ടി എപ്പോഴും എന്നെ കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞു ഹരാസ് ചെയ്യുമായിരുന്നു. ഓരോ തവണ എന്നെ കാണുമ്പോഴും അവന്‍ പ്രൊപ്പോസ് ചെയ്യും. ഞാന്‍ സമ്മതിക്കില്ല. യെസ് പറഞ്ഞില്ലെങ്കില്‍ എന്റെ അച്ഛനെ കൊല്ലുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഞാന്‍ അതു കാര്യമാക്കിയില്ല.

ഒരു ദിവസം ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവന്‍ എന്റെ പുറകില്‍  വന്ന് എന്നെ വിളിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു. വേദനയില്‍ പുളയുന്ന ഞാന്‍ അച്ഛനെ വിളിച്ചു കരഞ്ഞു. അച്ഛന്‍ ഓടി  വന്ന് അവനെ വീട്ടില്‍ നിന്നു പുറത്താക്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. അന്നു രാത്രി 10 മണിക്കു മാത്രമേ എന്നെ ആശുപത്രിയില്‍ എത്തിച്ചുള്ളൂ. അതായത് ആക്രമണം കഴിഞ്ഞ് ആറുമണിക്കൂറിനു ശേഷം മാത്രം. അപ്പോഴേക്കും ഡോക്ടർമാരും എന്നെ കൈവിട്ടിരുന്നു, എന്റെ രൂപം വികൃതമായി.

അതോ‌ടെ ജീവിതത്തില്‍ എല്ലാം അവസാനിച്ചെന്ന് നിങ്ങള്‍ കരുതിക്കാണും. എന്നാല്‍ ഇല്ല. ഞാന്‍ ഡല്‍ഹിയിലേക്കു പോയി നാല്‍പതോളം സർജറികൾക്കു വിധേയയായി. അപ്പോഴാണ് 'മേക് ലവ് നോട്ട് സ്‌കാര്‍സ്' എന്ന  പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. അവിടെവച്ചു ഞാന്‍ 10ാം ക്ലാസും 12ാം ക്ലാസും പൂര്‍ത്തിയാക്കി. കംപ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു. പഴയ ന്യൂസ്‌പേപ്പറുകള്‍ ഉപയോഗിച്ചു ബാഗുകള്‍ ഉണ്ടാക്കി വിറ്റു. ആശുപത്രികളോടുള്ള എന്റെ ഭയമെല്ലാം പോയി. ഇന്നു ഞാൻ ജീവിതം തിരികെ പിടിച്ചെടുക്കാൻ ശ്രമിക്കണം, അതിനായി എനിക്കൊരു ജോലി വേണം, കുടുംബത്തെ നോക്കണം. ഒരു ജോലി എനിക്കു വലിയ ആത്മവിശ്വാസവും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വീണ്ടും വരാനുള്ള ധൈര്യവുമാണു നൽകുക.

ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ വൈദഗ്ധമുള്ള അര്‍ച്ചനയ്ക്ക് സെയ്ല്‍സിലും ഫ്രണ്ട് ഡെസ്‌ക് അസിസ്റ്റന്‍സ് ജോലികളിലും താല്‍പ്പര്യമുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.