Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനഞ്ചു വർഷങ്ങൾക്കിപ്പുറം കാഴ്ച്ച തിരികെ കിട്ടി; കണ്ണു നിറയ്ക്കും ഈ വിഡിയോ

Amit Tiwari അമിത് തിവാരി

വായിക്കാൻ ഇഷ്ടംപോലെ പുസ്തകങ്ങളും കാണാൻ ധാരാ‌ളം സിനിമകളും കാഴ്ച്ചകളും ഉണ്ടായിട്ടും അതിനോടൊന്നും താല്‍പര്യമില്ലാതെ മ‌ടിപിടിച്ചു കിടക്കാൻ തോന്നാറുണ്ടോ? അപ്പോള്‍ കണ്ണില്ലാത്തവരോടൊന്നു സംസാരിച്ചാൽ മതി നിങ്ങളിൽ കയറിക്കൂടിയ ആ മടിയൊക്കെ പമ്പ കടന്നിരിക്കും. നിറങ്ങളും പൂക്കളും പ്രിയപ്പെട്ടവരെയുമൊക്കെ കൺകുളിർക്കെ കാണാൻ വെമ്പി നിൽക്കുകയായിരിക്കും അന്ധരായവർ. കണ്ണൊരു ഭാഗ്യം തന്നെയാണ്, ആ ഭാഗ്യത്തെ നാം പരമാവധി ഉപയോഗിച്ചിരിക്കണം. അല്ലെങ്കിൽ അമിത് തിവാരി പറഞ്ഞു തരും കാഴ്ച്ച എന്ന സൗഭാഗ്യത്തെക്കുറിച്ച്. കാരണം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട അമിതിന് ഇപ്പോൾ പതിനഞ്ചു വർഷങ്ങൾക്കിപ്പുറം കാഴ്ച്ച തിരികെ കിട്ടിയിരിക്കുകയാണ്.

അമിത് എന്ന യുവാവിന്റെ യഥാർഥ ജീവിതത്തെ ക്യാമറയിൽ പകർത്തി ഗൂഗിൾ പുറത്തു വിട്ടിരിക്കുന്ന വിഡിയോയാണ് കാഴ്ച്ചക്കാരുടെ കണ്ണു നനയിക്കുന്നതാണ്. അറിയാം അമിത് തിവാരിയുടെ കഥ: ജാ‍ൻസി സ്വദേശിയായ അമിത് തിവാരിയ്ക്ക് ഇപ്പോൾ കാഴ്ച്ച ലഭിച്ചിരിക്കുകയാണ്, അതും പതിനഞ്ചു വർഷങ്ങൾക്കിപ്പുറം. അമിതിന്റെ നേത്ര ശസ്ത്രക്രിയയ്ക്കു മുമ്പും ശേഷവുമുള്ള നിമിഷങ്ങളാണ് വിഡിയോയുടെ ഉള്ള‌ടക്കം. അമ്മയും അച്ഛനും നാലു പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്നതായിരുന്നു അമിതിന്റെ കുടുംബം. ഏറ്റവും ഇളയ സഹോദരനാണ് അമിത്, അതുകൊണ്ടു തന്നെ വീട്ടുകാർക്കെല്ലാം അവനോടൊരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.

കുട്ടിക്കാലത്ത് അമിതിന്റെ കണ്ണുകൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ ഒമ്പതാം ക്ലാസിൽ എത്തിയതോ‌ടെ ചെറുതായി കാഴ്ച്ചയ്ക്കു പ്രശ്നം വന്നു തുടങ്ങി. വീടിനകം പരിചിതമായിരുന്നതു കൊണ്ട് അമിതിനു പ്രശ്നങ്ങളുണ്ടായിരുന്നില്ല, എന്നാൽ പുറത്തേക്കു പോകുന്ന അവസരങ്ങളിൽ അവൻ നന്നേ കഷ്‌‌ടപ്പെട്ടു. അച്ഛനായിരുന്നു അമിതിന്റെ കാര്യങ്ങൾക്കെല്ലാം കൂടെ നിന്നിരുന്നത്. മൂന്നു വർഷം മുമ്പു അച്ഛൻ മരിച്ചതോടെ അമിത് ശരിക്കും ഒറ്റപ്പെട്ടു. താൻ മറ്റുള്ളർക്കു ബാധ്യതയാകുമോ എന്നു ഭയന്ന് കുടുംബങ്ങളിലെ വിശേഷാവസരങ്ങളിൽ നിന്നുപോലും അവൻ അകന്നു. അങ്ങനെയാണ് വീട്ടുകാർഅമിതിന്റെ നേത്രശസ്ത്രക്രിയയെക്കുറിച്ചു ചിന്തിക്കുന്നത്.

ജനുവരി പതിനഞ്ചിന് ഗുര്‍ഗാവോനിലെ അഹൂജാ ഐ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അമിതിന്റെ നേത്രശസ്ത്രക്രിയ നടത്തിയത്. ജനുവരി പതിനാറിന് വർഷങ്ങൾക്കിപ്പുറം അമിത് വീണ്ടും തന്റെ പ്രിയപ്പെട്ടവരെ കണ്ടു. അമിതിനൊപ്പം കണ്ടു നിന്നവരും ആനന്ദക്കണ്ണീരൊഴുക്കിയ നിമിഷമായിരുന്നു അത്. ശസ്ത്രക്രിയയ്ക്കു ശേഷം കാഴ്ച്ച തിരികെ കിട്ടിയതോടെ തനിക്കു കാണാൻ കഴിയാതെ പോയ കാഴ്ച്കളും നഗരങ്ങളുമെല്ലാം എത്തിപ്പ‌ിടിച്ചു കൊണ്ടിരിക്കുകയാണ് അമിത് ഇപ്പോൾ. തീർന്നില്ല, തങ്ങളുടെ സഹോദരനായി സഹോദരിമാർ ഒരു സ്മാർട്ഫോണും സമ്മാനമായി നൽകി.

വെറും ഫോണല്ല, മറിച്ച് കഴിഞ്ഞ പതിനഞ്ചുവർഷങ്ങൾക്കിടയിൽ കുടുംബത്തിൽ ഉണ്ടായ വിശേഷാവസരങ്ങളും അമിതിന്റെ കുട്ടിക്കാലവുമെല്ലാം ഫോട്ടോകളാക്കി സേവ് ചെയ്തുവച്ചിരിക്കുന്ന ഫോണായിരുന്നു അത്. ഓരോരുത്തരെയും അമിത് തിരിച്ചറിഞ്ഞു, ചിലരൊയൊക്കെ കണ്ടപ്പോൾ അവരുടെ മാറ്റം കണ്ട് അത്ഭുതപ്പെട്ടു, ചിലരെയൊന്നും തിരിച്ചറിഞ്ഞുമില്ല. അവസാനം അച്ഛനെ കാണണമെന്നു പറഞ്ഞപ്പോൾ സഹോദരി അച്ഛന്റെ ചിത്രം കാണിച്ചതോടെ അമിതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്... കാഴ്ച്ച എത്രത്തോളം മനോഹരമാണെന്നു തെളിയിക്കുകയാണ് ഈ വിഡിയോ...
 

Your Rating: