Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചാച്ചൻ കൂട്ട് വരുന്ന യാത്രകളെയോർത്തു അഞ്ജു റാണി 

anju-joy അഞ്ജു റാണി അച്ഛൻ ജോയിക്കൊപ്പം

ഒരു പനിനീർ പൂവ് പോലെയാണ് പെൺകുട്ടികൾ. സുന്ദരമായ നിറവും ഗന്ധവുമുള്ള, കണ്ടാൽ ഓമനിയ്ക്കാൻ തോന്നുന്ന പെൺപൂവുകൾ. ആരാണു പെൺകുട്ടികളെ ഏറ്റവുമധികം ഓമനിയ്ക്കുന്നതും അവരെ എപ്പോഴും കൈപിടിച്ച് നടത്തുന്നതെന്നും ചോദിച്ചാൽ അച്ഛൻ എന്ന പേര് തന്നെയാവും കൂടുതൽ പേർക്കും പറയാനുണ്ടാവുക. അപവാദങ്ങൾ പലതും ഉണ്ടെങ്കിൽ പോലും ഒരു പെൺകുട്ടിയുടെ ഏറ്റവും വിശ്വസ്തനായ പുരുഷ സുഹൃത്ത്‌ അച്ഛൻ മാത്രമാകുന്ന സാമൂഹിക അന്തരീക്ഷത്തിലൂടെയാണ് നാമൊക്കെ കടന്നു പോകുന്നതും. വിവാഹം കഴിഞ്ഞു സ്വന്തമായി ഒരു ജീവിതത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോഴും യൗവ്വനം തുടങ്ങുമ്പോൾ ജീവിതത്തിലേയ്ക്ക് കയറി വന്ന അജ്ഞാതനായ പുരുഷനിലും അവൾ തിരയുന്നത് അച്ഛനെ തന്നെയാണ്. കാരണം മാതാപിതാക്കൾ തന്നെയാണു കുട്ടികളുടെ ഏറ്റവും മികച്ച പ്രതിബിംബങ്ങൾ. ചില അച്ഛന്മാർ പെൺ കുട്ടികളുടെ ജീവിതത്തിൽ ഇടപെടുന്നത് ഏറ്റവും മനോഹരമായ ഒരു പൂവ് വിടരുന്നത് പോലെയാണ്. ബാല്യത്തിന്റേയും കൗമാരത്തിന്റേയും കൗതുകങ്ങൾ ബാക്കി വച്ച് അവർ ശോഭ പരത്തി ലോകത്ത് നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണവും അവരെ അത്രയും ചേർത്ത് പിടിച്ചു കൊണ്ട് പോകുന്ന ചില കരുതൽ കൈകൾ ഉള്ളതു കൊണ്ടുമാണ്.

anju അഞ്ജു റാണി

അഞ്ജു റാണി എന്ന പെൺകുട്ടി മിടുക്കിയാണ്. സുന്ദരി, കണ്ടാൽ, മുൻപ് പറഞ്ഞ ഒരു പനിനീർ പൂവിന്റെ ഭംഗി. ഒന്ന് ഓമനിയ്ക്കാൻ തോന്നും. അഞ്ജുവിന്റെ കഴിവുകളിലോ കലാബോധത്തിലോ ജോലിയിലോ ഒക്കെയും അത്ര എക്പെർട്ട്  ആയ മറ്റൊരാൾ കുറവായിരിക്കും, പക്ഷേ നേരിട്ടു കണ്ടാൽ മാത്രമാണു അഞ്ജുവിന്റെ ശാരീരികാവസ്ഥ ബോധ്യപ്പെടുക. പക്ഷേ ജന്‍മനാ വളര്‍ച്ചയില്ലാത്ത കാലുകള്‍ ഒരു ഭാരമേ അല്ലാതാകുന്നത് അഞ്ജുവിന്‍റെ മനസ്സുറപ്പു കൊണ്ടാണ്. ചിറകൊടിഞ്ഞ ഒരു വെള്ളരിപ്രാവിനെ ഓർമ്മിപ്പിക്കും അഞ്ജു. പക്ഷേ ചിറകൊടിഞ്ഞു കിടന്നാൽ എന്നുമെന്നും വേദനിച്ചു കരയാം എന്നല്ലാതെ ഒരു നേട്ടവുമില്ല. ഇത് അഞ്ജുവിനേക്കാൾ നന്നായി അഞ്ജുവിന്റെ അച്ഛനു നന്നായി അറിയാമായിരുന്നുവെന്നു തോന്നുന്നു. ഒരിക്കലും അഞ്ജുവിനെ തളരാൻ അച്ഛനോ അമ്മയോ അതുകൊണ്ട് അനുവദിച്ചിട്ടേയില്ല. അഞ്ജു റാണി ഇപ്പോൾ ഒരു സൂപ്പർ ഗേളാണ്. മറ്റുള്ള പെൺകുട്ടികൾ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ അവൾ ചെയ്യുന്നു, ജോലികൾ എടുക്കുന്നു. പലരില്‍ നിന്നും വ്യത്യസ്തമായി എഫ് സി പിയില്‍ എഡിറ്റിങ്ങ് ജോലി ചെയ്യുമ്പോഴും രണ്ട് വിരലുകള്‍ കൊണ്ട് നാലു കിലോയോളം ഭാരം പൊക്കിയെടുക്കുമ്പോഴും ഇടത്തു നിന്ന് വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടും വിരലുകള്‍ കൊണ്ട് എഴുതുമ്പോഴുമൊക്കെ ഈ വ്യത്യസ്തമായ മനോധൈര്യം അഞ്ജുവിന്, കൂട്ടായെത്തുന്നു. കമ്പ്യൂട്ടര്‍ ജോലികളിലുള്ള അഞ്ജുവിന്‍റെ കഴിവു കണ്ടിട്ടാകണം അടുത്തുള്ള പള്ളിയിലെ അച്ഛന്‍ അവര്‍ തുടങ്ങാന്‍ പോകുന്ന പുതിയ ചാനലിന്‍റെ പ്രാരംഭ ജോലികള്‍ ഈ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചത്. നടക്കാനാകാത്തത് ഒരു കുറവല്ല അഞ്ജുവിന്, ഒരുപക്ഷേ ജീവിതം മാറിപ്പോയേക്കാവുന്ന വിധിയില്‍ നിന്ന് ജീവിതത്തെ തിരിച്ചു പിടിയ്ക്കലാണ്. ചലനം വീല്‍ ചെയറിലാണെങ്കിലും അഞ്ജു പഠിക്കുകയും ചെയ്യുന്നു. 

അച്ചാച്ചൻ എന്നാണു അഞ്ജു പിതാവിനെ വിളിക്കുന്നത്‌. ചിറകൊടിഞ്ഞ വെള്ളരിപ്രാവിനെ വളരെ ശ്രദ്ധയോടെ കൈകൊണ്ട് ഒതുക്കി പിടിച്ചു നെഞ്ചോടു ചേർത്ത് കൊണ്ട് പോകുന്നതു പോലെയാണു അഞ്ജുവിനെ അച്ഛൻ , ജോയ് അവളെ വാരിയെടുത്ത് യാത്രകൾ നടത്തുന്നത്. ഒരു മുറിയിലെ ഇരുട്ടിൽ ഒറ്റയ്ക്ക് തളയ്ക്കപ്പെടേണ്ടവളല്ല അവളെന്ന ബോധ്യം അദ്ദേഹത്തിന് നന്നായുണ്ട്‌. പാരാപ്ലേജിയ ഗ്രൂപ്പിൽ അംഗമായും എവിടെ സ്നേഹസംഗമം ഉണ്ടാകുമ്പോഴും അത് എത്ര ദൂരത്താണെങ്കിലും അധ്യാപകനായ അച്ഛൻ അഞ്ജുവിനേയും വാരിയെടുത്ത് വണ്ടിയിലിരുത്തി കൊണ്ട് പോകും. വേദികളിൽ എത്തിയാൽ അഞ്ജു വീൽ ചെയറിൽ കയറി മനോഹരമായ മാലകളും വളകളും ഉണ്ടാക്കുന്നതിനെ കുറിച്ചും മറ്റുള്ളവർക്ക് ക്ലാസ്സെടുക്കും. സ്വയം നിർമ്മിച്ച അത്തരം ആഭരണങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കും. മികച്ച വേദി കിട്ടുകയാണെങ്കിൽ തനിയ്ക്ക് മാത്രം അവകാശപ്പെട്ട കഴിവിനെ പുറത്തുമെടുക്കും. രണ്ടു കയ്യിലേയും തള്ളവിരല്‍ , ചൂണ്ടു വിരല്‍ എന്നിവ ഉപയോഗിച്ച് നാലു കിലോ ഭാരം വരെ  അഞ്ജുവിന് എടുത്തുയര്‍ത്താം. പിന്നെ പേപ്പറില്‍ നാലു രീതിയില്‍ വലതു കൈ കൊണ്ടും ഇടതു കൈ കൊണ്ടും എഴുതാനും അഞ്ജു പഠിച്ചു. ഒരിക്കൽ ഒരു ചാനൽ പരിപാടിയ്ക്കിടയിൽ ഒരാൾ ചെയ്യുന്നത് കണ്ടു മോഹം തോന്നി പരിശീലിച്ചു ചെയ്തെടുത്തതാണ് അഞ്ജു ഈ കഴിവ്. പുറകിൽ നിറയെ വാത്സല്യവും താങ്ങുമായി അച്ഛനും. ഒരു മകൾക്ക് പിന്നെ എന്ത് വേണം. 

joy അഞ്ജു റാണിയുടെ അച്ഛൻ ജോയ്

ഇപ്പോൾ അബാക്കസ് പരിശീലനത്തിലാണ് അഞ്ജു റാണി. ഏഴു മുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് കണക്കു പഠനം എളുപ്പമാക്കാനുള്ള പ്രത്യേക പരിശീലനമാണ് അബാക്കസ്. മൂവാറ്റുപുഴയിൽ നിന്ന് ഏറണാകുളത്തു പോയി അഞ്ജുവും സുഹൃത്ത് ധന്യയും അബാക്കസ് പഠിക്കുന്നു. അതിനായി അഞ്ജുവിനെ കൊണ്ട് പോകുന്നതും ഇവർക്ക് കാത്തിരിക്കുന്നതും അച്ഛൻ തന്നെ. രണ്ടും മൂന്നും മണിക്കൂറുകൾ ഇവർ ക്ലാസ്സിലിരിക്കുമ്പോൾ അച്ഛൻ പുറത്തു ഇവരെ കാത്തിരിക്കുന്നുണ്ടാകും. കേരളത്തിൽ മിക്ക ജില്ലകളിലും ആഭരണ നിർമ്മാണ പരിശീലന ക്യാമ്പുകളിലും സെമിനാറുകളിലും അഞ്ജുവിനെ കൊണ്ട് പോകുന്നതും കൂട്ടിരിക്കുന്നതും ഈ അച്ഛനാണ് . 

സ്കൂളിൽ അധ്യാപകനായിരുന്നു കെ ജി ജോയ് എന്ന അഞ്ജുവിന്റെ അച്ഛൻ ഇപ്പോൾ റിട്ടയർ ചെയ്ത് വീട്ടിൽ സ്വസ്ഥനാണെന്നു വിചാരിച്ചെങ്കിൽ തെറ്റി. ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള കോതമംഗലം രൂപതയുടെ പുരസ്കാരം ലഭിച്ച അദ്ദേഹം ഒരു നിമിഷം പോലും വീട്ടിലിരിക്കാതെ സ്കൂളിലെ പി ടി ക്ലാസ്സുകൾക്കും പുതിയതായി തുടങ്ങാൻ പോകുന്ന വീട് പണിയിലേയ്ക്കും അഞ്ജുവിന്റെ യാത്രകളിലേയ്ക്കും ഇറങ്ങി നടന്നു എപ്പോഴും പ്രവർത്തന നിരതനാണ്. വെറുതേയിരിക്കാനോ സങ്കടങ്ങളിൽ ഉരുകാനോ അദ്ദേഹത്തിനോ മറ്റു കുടുംബാംഗങ്ങൾക്കോ സമയവുമില്ല. ഇവർക്ക് അഞ്ജുവിനെ കൂടാതെ ഒരു മകളും മകനുമുണ്ട്. എങ്കിലും എല്ലാവരും അവരുടെ ജീവിതം അഞ്ജുവിന്റെ ചലനങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളെയും മാറ്റിയെടുത്തിരിക്കുന്നു. ഒരു കുടുംബത്തെ മാറ്റി മറിക്കേണ്ടത് അവിടുത്തെ നട്ടെല്ലായ കുടുംബനാഥൻ തന്നെയാണ്. അതുകൊണ്ട് തന്നെയാകണം അഞ്ജുവിന്റെ ജീവിതം അച്ഛന്റെ തണലിൽ എപ്പോഴും പനിനീർ പൂവ്വ് പോലെ സുഗന്ധം പരത്തി നിൽക്കുന്നതും. 

related stories
Your Rating: