Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം മെച്ചപ്പെടുത്താൻ, ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാം

Questions Representative Image

നിങ്ങള്‍ക്കു മാത്രമായി സമയം മാറ്റിവച്ചതെപ്പോൾ?

വീട്ടുജോലി, ഓഫിസ് തിരക്ക്, പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍, അടുത്ത ബന്ധുക്കളുടെ കല്യാണം, കാതുകുത്ത്‌, സൗഹൃദ സംഭാഷണങ്ങൾ...ഇങ്ങനെയിങ്ങനെ ദിവസത്തിന് 24 മണിക്കൂര്‍ പോരാ എന്നു തോന്നുന്ന നിമിഷങ്ങൾ‍. ഇതിനിടയില്‍ മാറ്റിവയ്ക്കാന്‍ എളുപ്പം സ്വന്തം കാര്യം മാത്രമാണ്, വേറെ ആരും വന്നു പരാതി പറയില്ലല്ലോ. ഈ ന്യായം സ്വയം വിശ്വസിപ്പിക്കുമ്പോള്‍ നിങ്ങള്‍ ജീവിക്കാന്‍ മറക്കുകയാണ് ചെയ്യുന്നത്. നിരന്തരം സ്വയം അവഗണിക്കുന്നത് വിഷാദരോഗങ്ങള്‍ ഉള്‍പ്പെടെ പല മാനസികപ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് സ്വന്തം കാര്യങ്ങള്‍ക്കും സമയം മാറ്റിവയ്ക്കാം. വെറുതെ പാര്‍ക്കില്‍ കൂടെ ഒന്നു നടക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കാപ്പികുടിച്ചു ബാല്‍ക്കണിയില്‍ അല്‍പനേരം കാഴ്ചകള്‍ കണ്ടിരിക്കാം.

നിങ്ങള്‍ക്കു പ്രിയപ്പെട്ട കാര്യം അവസാനമായി ചെയ്തതെപ്പോൾ?

സുമയ്ക്ക് ഇഷ്ടം കാപ്പിയാണ് എന്നാല്‍ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടം ചായ, രണ്ടും ഉണ്ടാക്കാന്‍ മടിച്ച് എന്നും ചായ പതിവാക്കി. രാജിന് ഇഷ്ടമല്ലാത്ത നിറമാണ് പച്ച എന്നാല്‍ ഭാര്യയുടെ ഇഷ്ടനിറം അതായതുകൊണ്ട്‌ വീടിനു മുഴുവന്‍ പച്ചനിറമാണ് നല്കിയത്. ഇത്തരം വിട്ടുവീഴ്ചകള്‍ ജീവിതത്തില്‍ ആവശ്യമാണ്. എന്നാല്‍ ഇതൊരു ശീലമാക്കുന്നത് നിങ്ങള്‍ക്കു നല്ലതല്ല. മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം സ്വന്തം ഇഷ്ടങ്ങള്‍ക്കും കൊടുക്കാന്‍ മറക്കരുത്. കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ കുറെ നാളായി സമയമില്ലാത്തതുകൊണ്ടു മാറ്റി വച്ചിരിക്കുന്ന ഇഷ്ടങ്ങൾ‍, ഒരു ലിസ്റ്റ് തയ്യാറാക്കി സൗകര്യം പോലെ ഒന്നൊന്നായി ചെയ്തു തുടങ്ങാം. ഒരു കാര്യം മാത്രം ഓര്‍ക്കുക, തിരക്കിന്‍റെ പേരിലോ ഒഴികഴിവുകളുടെ പേരിലോ അല്ല, ഇത്തരം നല്ല നിമിഷങ്ങളുടെ പേരിലാവും നാളെ നിങ്ങള്‍ ജീവിതം ഓര്‍ത്തെടുക്കുന്നത്.

എപ്പോഴാണ് ഒരു കാര്യം ചെയ്തു പൂര്‍ത്തിയായതിന്‍റെ സംതൃപ്തി അവസാനമായി ലഭിച്ചത്?

ഓട്ടപ്പാച്ചിലില്‍ ആണ് നമ്മള്‍. ഒരു കാര്യം ചെയ്തു തീരുന്നതിനു മുന്‍പേ അടുത്തതിലേക്ക്. അതിനിടയില്‍ ആ നേട്ടങ്ങള്‍ ഒന്ന് ആസ്വദിക്കാന്‍ പോലും സമയം ഉണ്ടാവാറില്ല. ഈ നേട്ടങ്ങള്‍ വലുതും ചെറുതും ആവാം. ഒന്നു ശ്വാസമെടുത്തു കാര്യങ്ങള്‍ ചെയ്തു തീര്‍ത്തതിന്‍റെ സംതൃപ്തി ആസ്വദിക്കുന്നത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള പ്രചോദനം നല്‍കും.

അവസാനമായി സ്വയം അഭിനന്ദിച്ചതെപ്പോൾ‍?

സ്വയം അഭിനന്ദിക്കണോ അതു മറ്റുള്ളവര്‍ ചെയ്യേണ്ടതല്ലേ എന്നാവും ചിലരുടെ മറുചോദ്യം. നമ്മള്‍ ചെയ്യുന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെങ്കില്‍ അതു ബാക്കിയുള്ളവര്‍ പറഞ്ഞാല്‍ മാത്രമേ അങ്ങനെയുള്ളവര്‍ക്ക് തൃപ്തിയാകുകയുള്ളൂ. അങ്ങനെ മറ്റുള്ളവര്‍ പറഞ്ഞില്ലെങ്കില്‍ വിഷമവും ദേഷ്യവും ഒക്കെ വരുന്നതും സ്വാഭാവികം. എന്നാല്‍ സ്വയം അഭിനന്ദിക്കുന്നതു ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കുക മാത്രമല്ല വൈകാരികപരാശ്രയത്വം കുറയ്ക്കുകയും ചെയ്യും

മറ്റൊരാളോടു നല്ല വാക്ക് പറഞ്ഞതെപ്പോൾ‍?

വീട്ടില്‍ ഭക്ഷണത്തിന് ഉപ്പോ എരിവോ അൽപമൊന്നു കൂടിയാല്‍ പരാതിപ്പെടാന്‍ മടിക്കാറില്ല, എന്നാല്‍ ഭക്ഷണം നന്നായാല്‍ പിശുക്ക് കാണിക്കാതെ നല്ലവാക്കു പറയാറുണ്ടോ നിങ്ങൾ? എന്നും നിങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കുന്ന സെക്യുരിറ്റിയോട് ഒരു താങ്ക്സ്. അല്ലെങ്കില്‍ ഓഫിസിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്‍റെ ഡ്രസ്സ് നിങ്ങള്‍ക്കിഷ്ടപെട്ടാല്‍ നന്നായിട്ടുണ്ടെന്ന് ഒരു വാക്ക്. ഇത് അവരുടെ മനസ്സില്‍ മാത്രമല്ല നിങ്ങളിലും പോസിറ്റീവ് ഊര്‍ജം നിറയ്ക്കും.

നിങ്ങള്‍ മറ്റൊരാളോട് അവസാനമായി സ്നേഹം പ്രകടിപ്പിച്ചത് എപ്പോഴാണ്?

പ്രിയപെട്ടവര്‍ക്കു സ്ഥിരം അയയ്ക്കുന്ന ‘ഐ ലവ് യു’ മെസേജുകളെ കുറിച്ചല്ല ഇവിടെ പറയുന്നത്. മനസ്സില്‍ തട്ടി അവര്‍ നിങ്ങള്‍ക്കു എത്രമാത്രം പ്രിയപെട്ടതാണെന്ന് പറയാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ അവര്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ? വെറുതെ നിന്നെക്കുറിച്ചോര്‍ത്തപ്പോള്‍ വിളിച്ചതാണ് എന്ന് പറയാനുള്ള സുതാര്യത ഉണ്ടോ? സ്നേഹത്തോടെ ഒരു ഉമ്മ, അല്ലെങ്കില്‍ കെട്ടിപിടിച്ചുകൊണ്ട് ഒരല്‍പ്പ നേരം.. ദൂരെ ഇരിക്കുമ്പോള്‍ വാട്സാപ്പിലൂടെ അവര്‍ക്ക് പ്രിയപ്പെട്ട ഒരു ഗാനം പങ്കുവയ്ക്കുന്നത് പോലും നിങ്ങളുടെ സ്നേഹബന്ധങ്ങളുടെ ഊഷ്മളത കൂട്ടും. ഇതൊന്നും വെറും പ്രകടനങ്ങളല്ല, നിങ്ങളുടെ ജീവിതം ഭൂമിയില്‍ രേഖപ്പെടുത്തുന്നത് ഇത്തരം മനോഹരനിമിഷങ്ങള്‍ ആണ്.