Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മമാരല്ല, വനിതാ സംരംഭകര്‍; ഇത് അസ്‌നയുടെയും ഷബാനയുടെയും വിജയകഥ

asna അസ്നയും ഷബാനയും

രണ്ടു സാധാരണ വീട്ടമ്മമാര്‍, അവര്‍ പരിചയപ്പെടുന്നതു തന്നെ വിവാഹം കഴിഞ്ഞ ശേഷം അയല്‍ക്കാരായി മാറിയപ്പോള്‍. എന്നാല്‍ അവിടെ പിറന്നത് ഒരു വിജയകഥയായിരുന്നു. അതിന്റെ പേരാണ് ലിറ്റില്‍ റാംപ്. അസ്‌ന മൊഹമ്മദ് ഷാജിലും ഷബാന നൗഷദ് അലിയുമാണ് ഈ കഥയിലെ തരങ്ങള്‍. ഹോബി ബിസിനസാക്കി മാറ്റിയതിലൂടെയാണ് അവര്‍ വിജയതീരമണിഞ്ഞ സംരംഭത്തിന് വിത്തു പാകിയത്. 

തൃശൂരിലെ ചാവക്കാട്ടാണ് ഇവര്‍ തങ്ങളുടെ സംരംഭം നടത്തുന്നത്. അസ്‌ന കോഴിക്കോട് സ്വദേശിയാണ്. രണ്ടുപേര്‍ക്കും വരയോടും സ്റ്റിച്ചിങ്ങിനോടുമെല്ലാം വലിയ താല്‍പ്പര്യമുണ്ട്. ഒരു ദിവസം വെറുതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് അസ്‌നയും ഷബാനയും ഒരു ബിസിനസ് സ്വന്തമായി തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയായിരുന്നു ലിറ്റില്‍ റാംപിന്റെ തുടക്കം.

asna-1 അസ്നയും ഷബാനയും ഡിസൈൻ‍ ചെയ്ത വസ്ത്രങ്ങൾ ചിത്രം: ലിറ്റിൽ റാംപ് ഫേസ്ബുക് പേജ്

സ്ത്രീകള്‍ക്കായി നിരവധി ഓണ്‍ലൈന്‍ ബുട്ടീക്കുകള്‍ നിലവിലുണ്ട്. എന്നാല്‍ കുട്ടികള്‍ക്കായി കസ്റ്റമൈസ്ഡ് ഡ്രസ് ലഭ്യമാക്കുന്ന ഷോപ്പുകള്‍ വളരെ കുറവാണ്. ഞങ്ങള്‍ അവിടെയാണ് ഫോക്കസ് ചെയ്തത്. ഡിസൈനിങ്ങിലും നിര്‍മാണത്തിലും സ്റ്റിച്ചിങ്ങിലും ഞങ്ങള്‍ സ്‌പെഷലൈസ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ മൂന്ന് ടെയ്‌ലര്‍മാര്‍ ലിറ്റില്‍ റാംപിനായി ജോലി ചെയ്യുന്നുണ്ട്-അസ്‌ന പറയുന്നു. 

കുട്ടികളുടെ ഡ്രസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ തുടങ്ങിയതെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ടീനേജേഴ്‌സിനും സ്ത്രീകള്‍ക്കുമുള്ള  വസ്ത്രങ്ങൾ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ വരാന്‍ തുടങ്ങിയതായി അസ്‌ന പറയുന്നു. 2014ല്‍ ഒരു കുടുംബ സുഹൃത്തിനായിരുന്നു ആദ്യ വില്‍പ്പന. അതിനുശേഷം തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല.

asna-3 അസ്നയും ഷബാനയും ഡിസൈൻ‍ ചെയ്ത വസ്ത്രങ്ങൾ ചിത്രം: ലിറ്റിൽ റാംപ് ഫേസ്ബുക് പേജ്

ഇന്ന് ലിറ്റില്‍ റാംപ് യുഎഇയിലേക്ക് ഉള്‍പ്പെടെ ബള്‍ക്ക് ഓര്‍ഡറുകള്‍ കയറ്റി അയക്കുന്നുണ്ട്. കേരളത്തിനു പുറമെ ബെംഗളൂരുവില്‍ നിന്നും ലിറ്റില്‍ റാംപിനെ തേടി ഉപഭോക്താക്കള്‍ ഒഴുകാറുണ്ട്. കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ മെറ്റീരിയല്‍ ക്വാളിറ്റിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയും ചെയ്യാറില്ലെന്ന് അസ്‌ന പറയുന്നു. വൃത്തിയുള്ള പെര്‍ഫെക്റ്റ് സ്റ്റിച്ചിങ്ങാണ് ലിറ്റില്‍ റാംപിന്റെ മറ്റൊരു പ്രത്യേകത. ഏതു തരത്തിലുള്ള ഉടുപ്പാണെങ്കിലും അതനുസരിച്ചു കസ്റ്റമൈസ് ചെയ്ത് ലഭിക്കും ഇവിടെ.

സ്വന്തമായി വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ മനസിനു സംതൃപ്തി ലഭിക്കാനും ഇത്തരമൊരു സംരംഭം ഉപകരിക്കുന്നതായി അസ്‌നയുടെയും ഷബാനയുടെയും കഥ വ്യക്തമാക്കുന്നു. ഏറ്റവും മികച്ചതു നല്‍കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് ഇവര്‍ പറയുന്നു. വീട്ടമ്മമാരില്‍ നിന്നും വിജയികളായ സംരംഭകരിലേക്കുള്ള തങ്ങളുടെ യാത്ര വളരെയധികം സംതൃപ്തി നല്‍കുന്നതാണെന്നാണ് ഇവരുടെ പക്ഷം. 

asna-2 അസ്നയും ഷബാനയും ഡിസൈൻ‍ ചെയ്ത വസ്ത്രങ്ങൾ ചിത്രം: ലിറ്റിൽ റാംപ് ഫേസ്ബുക് പേജ്

ഉള്‍വലിയലാണ് സ്ത്രീയെ ബിസിനസ് വിജയം നേടുന്നതില്‍ നിന്ന് പുറകോട്ട് വലിക്കുന്നതെന്ന് ഈ  വനിതാ സംരംഭകര്‍ സാക്ഷ്യപ്പെടുത്തുന്നു. വിശാലമായ കാഴ്ച്ചപ്പാടുണ്ടെങ്കില്‍ വലിയ അവസരങ്ങളാണ് മുന്നിലുള്ളതെന്ന് ഓര്‍മപ്പെടുത്തുകയാണ് ഇവര്‍. ഒപ്പം വെറുതെയിരിക്കാതെ ജീവിതത്തില്‍ സക്രിയമാകാനുള്ള ആഹ്വാനവും നല്‍കുന്നു. 

ലിറ്റില്‍ റാംപിന്റെ ഫേസ്ബുക് പേജിലൂടെ ആര്‍ക്കും ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്. കാഷ് ഓണ്‍ ഡെലിവറി ആയാണ് പേയ്‌മെന്റ് അടയ്‌ക്കേണ്ടത്. 
 

asna-4 അസ്നയും ഷബാനയും ഡിസൈൻ‍ ചെയ്ത വസ്ത്രങ്ങൾ ചിത്രം: ലിറ്റിൽ റാംപ് ഫേസ്ബുക് പേജ്