Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൻപൻ ടാ... കുറവുകൾക്കിടയിലും നാളെയ്ക്കായി ഒരു കാടു സൃഷ്ടിച്ച മിത്രങ്ങള്‍ !

Friendship ജിയാ ഹെയ്ക്സിയായും ആത്മമിത്രം ജിയാ വെൻക്വിയും

മണ്ണാങ്കട്ടയും കരിയിലയും കാശിയ്ക്കു പോയ കഥ ഓർമയില്ലേ? യാത്രയ്ക്കിടയിൽ കാറ്റുവന്നു കരിയില പറക്കുമെന്നായപ്പോൾ മണ്ണാങ്കട്ട കരിയിലയ്ക്കു പുറത്തു കയറിയിരുന്നു സംരക്ഷിച്ചു. പിന്നീടു പെരുമഴ വന്നപ്പോൾ മണ്ണാങ്കട്ടയും അലിഞ്ഞില്ലാതാകുമെന്നു പേടിച്ചു, എന്നാലോ കരിയില മണ്ണാങ്കട്ടയ്ക്കു മുകളിയിൽ കയറിയിരുന്നു മഴയിൽ നിന്നും സംരക്ഷിച്ചു. നിസ്വാർഥരാവാതെ പരസ്പരം സഹകരണത്തോടെയും സ്നേഹത്തോടെയും പ്രവർത്തിച്ചാൽ നമുക്കു നല്ല നാളെകൾ സ്വന്തമാക്കാമെന്നു തെളിയിച്ചു തന്ന കഥയാണിത്. ഇതുപോലെ പരസ്പരം താങ്ങും തണലുമായി നിൽക്കുന്ന രണ്ടു സുഹൃത്തുക്കളെ പരിചയപ്പെടാം. ജിയാ ഹെയ്ക്സിയായും അദ്ദേഹത്തിന്റെ ആത്മമിത്രം ജിയാ വെൻക്വിയുമാണത്.

Friendship സാധാരണ സുഹൃത്തുക്കളെപ്പോലെയല്ലിവർ, ഒരാൾ മറ്റൊരാൾക്കു കണ്ണും കൈകളുമാവുകയാണ്.

ചൈനയിലെ യെലി എന്ന ഗ്രാമത്തിൽ നിന്നുമാണ് അപൂർവ സൗഹൃദം പിറവിയെടുത്തിരിക്കുന്നത്. സാധാരണ സുഹൃത്തുക്കളെപ്പോലെയല്ലിവർ, ഒരാൾ മറ്റൊരാൾക്കു കണ്ണും കൈകളുമാവുകയാണ്. മനസിലായില്ലല്ലേ.. ചുരുക്കിപ്പറഞ്ഞാൽ കാഴ്ച്ചയില്ലാത്ത ജിയാ ഹെയ്ക്സിയായ്ക്ക് കണ്ണുകളാകുന്നത് ജിയാ വെൻക്വിയാണ്. കൈകളില്ലാത്ത ജിയാ വെൻക്വിയുടെ കൈകൾ ആകുന്നത് ജിയാ ഹെയ്ക്സിയായും. ജിയാ ഹെയ്ക്സിയായ്ക്കു പതിനാറു വർഷം മുമ്പു നഷ്ടപ്പെട്ടാണ് കാഴ്ചയെങ്കിൽ ജിയാ വെൻക്വിയ്ക്കു ജനിക്കുമ്പോൾ മുതലേ കൈകളിൽ ഇല്ലായിരുന്നു.

Friendship ഈ പരിമിതികൾക്കിടയിലും പതിനായിരം മരങ്ങൾ നട്ട് ഒരു വലിയ കാടു തന്നെ ഭാവി തലമുറയ്ക്കായി തയ്യാറാക്കിയിരിക്കുകയാണ് ഇവർ

ഇനി ഈ കുറവുകൾക്കിടയിലും ഇവർ ചെയ്ത സൽകർമ്മം കേട്ടാൽ തലകുനിച്ചിരിക്കാനേ നമുക്കൊക്കെ കഴിയൂ. കാരണം ഈ പരിമിതികൾക്കിടയിലും പതിനായിരം മരങ്ങൾ നട്ട് ഒരു വലിയ കാടു തന്നെ ഭാവി തലമുറയ്ക്കായി തയ്യാറാക്കിയിരിക്കുകയാണ് ഇവർ. ഗ്രാമത്തില്‍ പച്ചപ്പു കുറയാൻ തുടങ്ങിയതോടെയാണ് ഇരുവരും മരങ്ങൾ നടാൻ തീരുമാനിച്ചത്.
എന്നും രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നിറങ്ങും രണ്ടുപേരും. ഇന്നു മൂന്നു ഹെക്ടർ പരിധിയോളം വരും ഇവര്‍ വളർത്തിയ കാനന സമ്പത്ത്. 10,000 മരങ്ങൾ ഇതിനകം വച്ചുപിടിപ്പിച്ചു കഴിഞ്ഞു. ജീവിതാവസാനം വരെ ഇതു തുടരുമെന്നും ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന ചൊല്ല് എത്ര ശരിയാണെന്നു തോന്നുന്നില്ലേ?