Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊയ്തീനും കാഞ്ചനയ്ക്കും അപ്പുറമാണ് ഈ പ്രണയം!

Josh Thompson ജോഷ് തോംസൺ കാമുകി അബിയുടെ മൃതശരീരത്തിൽ അണിയിച്ച മോതിരം

ജീവൻ കൊടുത്തും സ്നേഹം പങ്കുവച്ച നിരവധി വിശുദ്ധ പ്രണയകഥകൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ജീവിച്ചിരിക്കുമ്പോൾ പറയാന്‍ കഴിയാതിരുന്ന പ്രണയം മരിച്ചു കഴിഞ്ഞ് പറഞ്ഞിട്ടെന്ത്? താൻ ജീവനിലേറെ പ്രണയിക്കുന്ന പെൺകുട്ടി അപ്രതീക്ഷിതമായി മരണമടഞ്ഞപ്പോൾ അവനത് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. നിശ്ചലമായ അവളുടെ ശരീരത്തോട് അവൻ പറഞ്ഞു, അവളെ അവൻ എത്രത്തോളം പ്രണയിക്കുന്നു എന്ന്. ഒടുവിൽ നെഞ്ചോട് ചേർത്തുപിടിച്ച് അവളെ അവൻ സ്വന്തമാക്കി.

ഹലാം സർവകലാശാലയിലെ ബയോമെഡിക്കൽ വിദ്യാർഥിനിയായിരുന്നു അഭിഗെയ്ൽ. ഇരുപത്തിരണ്ടുകാരനായ ജോഷ് തോംസൺ അവിടുത്തെ ടെന്നീസ് കോച്ചും. കണ്ടമാത്രയിൽ മൊട്ടിട്ടതാണ് അവന് അവളോടുള്ള പ്രണയം. അവളോടുള്ള സ്നേഹം എത്രയെന്ന് അവന് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവന്റെ ഓരോ പുലർവേളകളും അവൾക്കുള്ളതായിരുന്നു. ഇണങ്ങിയും പിണങ്ങിയും പോകുന്ന ദിവസങ്ങളിൽ തന്റെ ഇഷ്ടം അവളോട് അറിയിക്കണമെന്നുണ്ടായിരുന്നുവെങ്കിലും പിന്നീടൊരിക്കലാവട്ടെ എന്ന രീതിയിൽ അതു നീണ്ടുപോയി... അവൾക്കായി വിവാഹമോതിരം വരെ അവൻ വാങ്ങിവച്ചു, പക്ഷേ വിധി മറ്റൊന്നായിരുന്നു.

അവിചാരിതമായാണ് അബിയെ വിധി തട്ടിയെടുത്തത്. പക്ഷേ, ഒപ്പം തോൽക്കാൻ തോംസൺ തയാറല്ലായിരുന്നു. അബിയുടെ മൃതമായ ശരീരത്തെയെങ്കിലും തന്റെ ഇഷ്ടം അറിയിക്കണമെന്ന് അവൻ തീരുമാനിച്ചു. അതിനായി അബിയുടെ മാതാപിതാക്കളിൽ നിന്നും അവൻ അനുവാദവും വാങ്ങി. അങ്ങനെ ഇഷ്ടം അറിയിക്കുക മാത്രമല്ല പ്രണയിനിയുടെ വിരലില്‍ അണിയാനായി കരുതിവച്ച മോതിരവും ആ മൃതശരീരത്തിൽ സമർപ്പിച്ച് അവളെ അവൻ സ്വന്തമാക്കി.

അബിയുടെ വിരലിൽ മോതിരം അണിയിച്ചയുടൻ തോംസൺ പ്രഖ്യാപിച്ചു, അബിയും ഞാനും ഇപ്പോൾ ഒന്നായെന്ന്. മാത്രമല്ല, അബിയുടെ വിരലിൽ മോതിരം കിടക്കുന്നതിന്റെ ചിത്രമെടുത്ത് സോഷ്യൽ മീഡിയ വഴി ലോകം മുഴുവൻ അറിയിച്ചു, അവൾ അവന്റേതെന്ന്!! തനിക്കിനി മറ്റൊരു ജീവിതമില്ലെന്നും അവൻ പ്രഖ്യാപിച്ചു. തനിക്കൊപ്പം വേറാരും ജീവിതം പങ്കിടേണ്ട. ജീവിതകാലം മുഴുവൻ കൂട്ടായി അവന് അവൾ മതിയത്രേ!

പറയാൻ കഴിയാത്ത പ്രണയം മനസിന്റെ വിങ്ങലാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ പ്രണയം അറിയിക്കാൻ കഴിയാതിരുന്ന തോംസണിന്റെ മനവും വിങ്ങുകയായിരിക്കും. സിനിമയിൽ കാണുന്നത് പോലെ പുനർജനിക്കാൻ അവൾക്ക് കഴിയുമായിരുന്നെങ്കിൽ...