Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളുണ്ടായിട്ടും അനാഥാലയത്തിൽ, ഇത് വായിച്ച് തലകുനിക്കട്ടെ അവർ

Old Age Man

വാര്‍ധക്യത്തില്‍ സ്ത്രീകളക്കൊളും കൂടുതല്‍ ഒറ്റപ്പെടുന്നത് പുരുഷന്മാരാണ്. 85 വയസുള്ള അനാഥനായി മാറിയ എഴുത്തുകാരെ പരിചയപ്പെടുന്നത് അനാഥാലയത്തില്‍ വച്ചാണ്. സംവിധായകനും നാടക നടനും കൂടിയായിരുന്ന അദ്ദേഹം ആരെന്നു പറയാന്‍ ആദ്യം മടിച്ചെങ്കിലും, അനാഥനായി മാറിയ ജീവിത കഥ തുറന്നു പറഞ്ഞു.

കോട്ടയത്തുള്ള ഒരു നാട്ടിന്‍ പുറത്തായിരുന്നു ജനിച്ചത്. ഒന്‍പതുമക്കളില്‍ ഒരാള്‍. അപ്പച്ചനു സ്ഥിരമായി ജോലി ഒന്നും ഇല്ലെങ്കിലും മക്കളെ പട്ടിണിക്കിടാതെ വളര്‍ത്തി. സ്കൂളില്‍പഠിക്കുന്ന സമയം തൊട്ടു വായന ശീലം ഉണ്ടായിരുന്നു. നാടകത്തിേനാട് വലിയ ആരാധനയും ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ ചിത്രങ്ങളും വരച്ചു തുടങ്ങിയിരുന്നു. കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയില്‍ അപ്പച്ചനു മക്കളുടെ ഇഷ്ടങ്ങള്‍ക്കു പ്രോല്‍സാഹനം കൊടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ പഠിക്കുവാന്‍ സാധിച്ചില്ലായെങ്കിലും കുറച്ചു നാള്‍ നേവിയില്‍ സിവിലിയന്‍ ആയി പെയിന്റിഗ് ജോലികള്‍ ചെയ്തിരുന്നു. ആ സമയത്തു എഴുത്തും നാടക രചനയും അഭിനയവും മനസ്സില്‍ കൊണ്ടു നടന്നതു കൊണ്ടു ഇടക്കു ജോലി മതിയാക്കി അമച്വര്‍ നാടകങ്ങള്‍ക്കു കഥ എഴുതി സംവിധാനത്തിലേയ്ക്കും കടന്നു, കൂട്ടത്തില്‍ അഭിനയവും. നാടകത്തിനുള്ള ബാനറുകളും ചിത്രങ്ങളും വരച്ചു കൊടുത്തു. എഴുത്തു കൂടുതല്‍ ആഴത്തില്‍ ആയപ്പോള്‍ പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. അറിയപ്പെ‌ടുന്ന എഴുത്തുകാരെല്ലാം ആയി നല്ല സൗഹ്യദം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ അടുത്ത സുഹ്യത്തായിരുന്നു നാടക നടനും സിനിമ നടനുമായിരുന്നു അന്തരിച്ച തിലകന്‍. ആ കാലത്തു ഒരുപാടു നാടകങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ എം ഡി സര്‍ വന്നതും അഭിനന്ദിച്ചതും ഇപ്പോഴും അദ്ദേഹത്തിന്റെ മനസില്‍ മായാതെ നില്‍ക്കുന്നു. ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന ഫോട്ടോകള്‍ കാണിച്ചു ആവേശത്തോടെ അന്നത്തെ കാര്യങ്ങള്‍ എല്ലം പറഞ്ഞു.

ഒരു കുടുംബം ഉണ്ടായിരുന്നു. ആറു മക്കളില്‍ ഒരു മോന്‍ മരിച്ചു മറ്റുള്ളവര്‍ കേരളത്തിലും പുറത്തുമായി കുടുംബമായി ജീവിക്കുന്നു. സന്തോഷകരമായ ജീവിതത്തിനിടയില്‍ സ്വന്തമായി ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്കു വീതിച്ചും കൊടുത്തിരുന്നു.ആറു വര്‍ഷം മുമ്പാണ് ജീവിതത്തില്‍ കരിനിഴല്‍ വീണു തുടങ്ങിയത്. വലം കൈ ആയിരുന്ന ഭാര്യ മരിച്ചു. ഷുഗര്‍ കൂട്ടിനു വന്നപ്പോള്‍ കണ്ണിന്റെ കാഴ്ചയും അകലുവാന്‍ തുടങ്ങി. കേൾവിയും കുറഞ്ഞു എല്ലാവരില്‍ നിന്നു ഒറ്റപ്പെട്ടപ്പോള്‍ വാടക വീട്ടിലേക്കു മാറേണ്ടി വന്നു. നിത്യ ചിലവിനു വഴിയില്ലാതെ വന്നപ്പോൾ വിഷമത്തോടെ ആണെങ്കിലും മക്കള്‍ സംരക്ഷിക്കുന്നില്ല എന്നു പറഞ്ഞു പരാതി കൊടുത്തു. പോലിസ് മുഖാന്തരം മക്കളില്‍ നിന്നു ചിലവിനു കിട്ടുവാനുള്ള വഴിയും ഉണ്ടായെങ്കിലും ഒറ്റക്കു യാത്ര ചെയ്തു പോയി ആ തുക കെപ്പറ്റാന്‍ കഴിയാതെ വന്നപ്പോള്‍ അതും ഇല്ലാതായി. വാടക കുടിശിക വന്നപ്പോള്‍ വീടു ഒഴിയേണ്ട അവസ്ഥയും വന്നു.

ജീവിതത്തോടു വെറുപ്പു തോന്നി തുടങ്ങിയപ്പോളാണ് ജീവിതം മതിയാക്കുവാന്‍ തീരുമാനിച്ചത്. പക്ഷെ അതിനുള്ള ധൈര്യം ഇല്ലാതെ പോയി. വായന ശീലം ഉണ്ടായിരുന്ന അദ്ദേഹം പൊന്‍കുന്നം വര്‍ക്കി എഴുതിയ ഒരു വാചകം എന്നോടു പറഞ്ഞു.” ഭയത്തിന്റെ അങ്ങയേറ്റം ഒരു ധൈര്യം ഉണ്ട് . അവസാനം ആ ധൈര്യം വരും.” ആ ധൈര്യത്തിനുവണ്ടേി കാത്തിരിക്കുന്ന സമയത്താണ് സ്വന്തമെന്നു പറയാന്‍ കൂടയെുള്ള റേഡിയോയില്‍ നിന്നു ഈ അനാഥനാലയത്തെപ്പറ്റി അറിയുന്നതും ഇവിടെ എത്തിച്ചേർന്നതും.ഈ പറഞ്ഞതെല്ലാം മക്കള്‍ക്ക് നാണക്കേടുണ്ടാകും എന്നറിയാം. എന്നാലും സാരമില്ല എല്ലാ മക്കളും അറിഞ്ഞിരിക്കണം അവരും ഒരിക്കല്‍ അച്ഛനും അമ്മയും ആകും. അവര്‍ക്കു ഈ ഗതി വാരതെ നോക്കണം. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടപ്പോഴും മക്കളോടുള്ള സ്നേഹവും ഇഷ്ടവും സംസാരത്തില്‍ തെളിഞ്ഞുകാണാമായിരുന്നു.

ഇപ്പോള്‍ ഞാന്‍ അനാഥനല്ല . എന്നെ കൂട്ടികൊണ്ടുപോകുവാന്‍ മക്കള്‍ വരുന്നുണ്ട്.സംസാരിക്കുന്നതിനിടക്കു കാഴ്ച്ച കുറവുള്ള ആ കണ്ണുകളില്‍ അനുവാദം ഇല്ലാതെ വന്ന കണ്ണൂനീര്‍ തുള്ളികള്‍ സന്തോഷത്തിന്റയെോ സങ്കടത്തിന്റെയോ ....... ഓര്‍ക്കുക സനാഥരായ അനാഥര്‍ ഒരുപാടുപേരുണ്ട് നമ്മുടെ ചുറ്റും. അതില്‍ ഒരാള്‍ മാത്രം .