Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടീശ്വരന്റെ തലതിരിഞ്ഞ 'തമാശകൾ'

nisham

നിങ്ങളുടെയെല്ലാം മുകളിൽ പറന്നു നടക്കുന്നവനാണു ഞാൻ. നീയൊക്കെ തോക്കെടുത്തു വെടിവച്ചാല്‍ പോലും എന്റെയത്ര ഉയരത്തിൽ എത്തില്ല....’

ഓരോ പരാതിയും അന്വേഷിക്കാനെത്തുന്ന പൊലീസുകാരോട് മുഹമ്മദ് നിഷാം പറഞ്ഞിരുന്ന സ്ഥിരം ഡയലോഗാണിത്. തൃശൂർ ശോഭാ സിറ്റിയിലെ ചന്ദ്രബോസെന്ന സുരക്ഷാ ജീവനക്കാരനെ ആഡംബരക്കാറിടിച്ച് വീഴ്ത്തി, ക്രൂരമായി മർദിച്ചപ്പോൾ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോടും സമാന ഡയലോഗായിരുന്നു നിഷാമിന്റെ പ്രതികരണം. പക്ഷേ, കുടുങ്ങി. ഇന്നു നാലു പതിറ്റാണ്ടു നീളുന്ന ജയിൽ വാസത്തിന്റെ ആദ്യ ദിനങ്ങളെണ്ണി കണ്ണൂരിലെ ജയിലിൽ. മേൽക്കോടതികൾ ഇളവു നൽകിയില്ലെങ്കിൽ 78 വ‌യസ്സ് വരെയെങ്കിലും നി‌ഷാമിന്റെ ജീവിതം ജയിലില്‍ തന്നെയായിരിക്കും. പക്ഷേ, ഇതുവരെയുളള 40വയസ്സ് ജീവിതത്തിനിടെ ഒരു പുരുഷായുസ്സിൽ അനുഭവിക്കേണ്ടതിന്റെ പല മടങ്ങു സുഖവും ധാർഷ്ട്യവും അഹന്തയും നിറഞ്ഞതായിരുന്നു നിഷാമിന്റെ ജീവിതം.

ലോറി ഓടിച്ചു കളിച്ച കുട്ടിക്കാലം

ഇന്ന് 500 കോടി സ്വത്തിന്റെ ഉടമയും പന്തീരായിരത്തിലേറെ തൊഴിലാളികളുടെ മുതലാളിയുമായ നിഷാം ജനിച്ചു വീണതു ആഡംബരത്തിലേക്കു തന്നെയാണ്. തൃശൂർ അന്തിക്കാടിനു സമീപം മുറ്റിച്ചൂരുളള വീട്ടിൽ ഒന്നിലേറെ ലോറിയും കാറും അന്നുമുണ്ടായിരുന്നു. 12–ാം വയസ്സിൽ കാർ ഓടിച്ചു തുടങ്ങിയ നിഷാമിനു കൂടുതൽ കമ്പം ലോറിയിലായിരുന്നു. വീട്ടുകാരുടെ കണ്ണു വെട്ടിച്ചു ഡ്രൈവിങ് പഠിച്ചു. പിന്നീടു പലപ്പോഴും വിവിധയിടങ്ങളിലേക്കുളള ലോറി യാത്രയിൽ നിഷാമും ഇടം പിടിച്ചു. സ്റ്റീയറിങ് നൽകാൻ തയാറാകാതിരുന്ന ഡ്രൈവർ മാരെ ഭീഷണിപ്പെടുത്തിയും മർദിച്ചും ഡ്രൈവർ സീറ്റിലിടം പിടിക്കുന്നതും അമിത വേഗത്തിൽ ലോറി പറപ്പിക്കുന്നതും നിഷാമിന്റെ വിനോദമായി മാറി.

ക്വട്ടേഷൻ കൊടുത്ത് യൗവനം

എട്ടു വർഷം മുൻപാണ്. നിഷാം വ്യവസായി ആയിത്തുടങ്ങിയ കാലം. തൃശൂർ നഗരത്തിലെ ഒരു പ്രധാന ഫിറ്റ്നസ് സെന്റ റിൽ പതിവായെത്താറുണ്ട്. അന്നൊരിക്കലെത്തിയപ്പോൾ നിഷാം പതിവായി കാറിടുന്നിടത്ത് മറ്റൊരു കാർ ഇട്ടിരിക്കുന്നു. ഫിറ്റ്നെസ് സെന്ററിലെത്തുന്ന എല്ലാവർക്കും വാഹനം പാർക്ക് ചെയ്യാനുളള സ്ഥലമാണത്. എന്നിട്ടും കോപാകുലനായ നിഷാം ഫിറ്റ്നെസ് സെന്ററിൽ കടന്നു കയറി ഈ വാഹന ഉടമയായ പൊലീസുകാരന്റെ മകനെ ക്രൂരമായി ഇടിച്ചു. അതുകൊണ്ടും കലിപ്പു തീരാത്ത നിഷാം വാഹന ഉടമയെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചു. അവർ വീട്ടിൽ അതിക്രമിച്ചു കയറി പൊലീസുകാരന്റെ മകന്റെ മൂക്കിടിച്ചു തകർത്തു. ഒടുവിൽ കേസായി. പക്ഷേ, നിഷാം കാര്യമാക്കിയില്ല. ബെംഗളൂരുവിലും കൊച്ചിയിലുമായി ആഡംബര ജീവിതം തുടർന്നു. ഒടുവിൽ അറസ്റ്റിൽ. അങ്ങനെ ആദ്യമായി നിഷാം ജയിലിലായി. പക്ഷേ, രണ്ടാം ദിവസം ജാമ്യം കിട്ടി. പിന്നെ കേസ് എവിടെയോ മറ‍ഞ്ഞു.

നിഷാമിന്റെ ഗുണ്ടാ ജീവിതത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ഒരാളോടു ശത്രുത തോന്നിയാൽ, അത് എത്ര നിസ്സാര വിഷയമാണെങ്കിൽ പോലും അവനെ ഇല്ലാതാക്കുകയെന്നതാണു നിഷാമിന്റെ രീതി. അതു സാധാരണക്കാരനായാലും പണക്കാരനായാലും സുഹൃത്തായാലും കുടുംബക്കാരായാലും മാറ്റമുണ്ടാവില്ല. ഒരുദാഹരണം കൂടി. തൃശൂരിലെ വ്യാപാര സമുച്ചയത്തിൽ നിഷാമിനു ഫെയ്സ് എന്ന പേരിൽ ഒരു ടെക്സ്റ്റയിൽ സ്ഥാപനമുണ്ടായിരുന്നു. അവിടെ തന്നെ ഫെയ്സ് ഓഫ് എന്ന മറ്റൊരു സ്ഥാപനവും വർഷങ്ങളായി പ്രവർത്തിച്ചിരുന്നു. പക്ഷേ, താൻ കട തുടങ്ങിയതോടെ അവർ അവരുടെ സ്ഥാപനത്തിന്റെ പേര് മാറ്റണമെന്നായി നിഷാമി ന്റെ വാശി. അതിനു വേണ്ടി അഞ്ചു തവണയാണ് ആ കടയുടമയെ ക്വട്ടേഷൻ സംഘത്തെക്കൊണ്ടു മർദിപ്പിച്ചത്.

ബീഡിയിൽ നിന്നു ഫ്ളാറ്റിലേക്ക്

നിഷാമിന്റെ പിതാവ് തൃശൂരിലെ കാജാ ബീഡി കമ്പനിയിലെ മാനേജരായിരുന്നു. ശ്രീലങ്ക പോലുളള വിദേശ രാജ്യങ്ങളി ലേക്ക് ബീഡി കയറ്റി അയയ്ക്കുന്നതിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. പിന്നീട് അദ്ദേഹം അവിടെ നിന്നു രാജിവച്ച് കിങ്സ് ബീഡി എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി. തമിഴ് നാട്ടിലെ തിരുനൽവേലി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിതാവ് മരിച്ചതോടെ 17–ാം വയസ്സിൽ നിഷാം കമ്പനിയുടെ മുതലാളിയായി. അതോടെ ബീഡി കമ്പനി മറ്റു വ്യവസായങ്ങളിലേക്കുളള വഴിയാക്കി നിഷാം മാറ്റി. ബീഡി കമ്പനിക്കെന്ന പേരിൽ തിരുനെൽവേലിയിലും കോയമ്പത്തൂ രിലും വാങ്ങിയ സ്ഥലങ്ങളെല്ലാം റിയൽ എസ്റ്റേറ്റ് ബിസിനസിനായി വിറ്റു. കിങ്സ് സ്പേസ് എന്ന പേരിൽ റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡിങ് ഗ്രൂപ്പുണ്ടാക്കി. തൃശൂരിലും കൊച്ചിയിലും ബെംഗളൂരുവിലും കുറഞ്ഞ വിലയ്ക്കു കിട്ടിയ സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടി. പാടങ്ങൾ പോലും വാങ്ങി നികത്തി ഫ്ളാറ്റുകളാക്കി. ഇതിനൊപ്പം രഹസ്യമായി ബ്ളേഡ് പലിശ ബിസിനസും നടത്തി. അങ്ങനെ ബീഡി കമ്പനിയിൽ നിന്ന് അഞ്ഞൂറു കോടിയുടെ ഉടമയായി നിഷാം മാറി.

പൊലീസ് എനിക്കു പുല്ലാണ്

നിഷാമിനെ പുറം ലോകം അറിഞ്ഞു തുടങ്ങിയത് രണ്ടു കേസുകളിലൂടെയാണ്. വാഹനപരിശോധന നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആഡംബരക്കാറിൽ പൂട്ടിയിട്ടതും ഏഴുവയസ്സുകാരൻ മകനെക്കൊണ്ട് ഫെറാറി കാർ ഓടിപ്പിച്ചു ചിത്രം ഫെയ്സ് ബുക്കിലിട്ടതും. മദ്യപിച്ചു വാഹനമോടിച്ചതിനാണു നിഷാമിന്റെ വാഹനം വനിതാ പൊലീസ് തടഞ്ഞത്. അഞ്ചരക്കോടി രൂപയുടെ കാറാണ്. ഇതോടിക്കാൻ ധൈര്യുളളവർ കേരള പൊലീസിലുണ്ടോ? ഇതായിരുന്നു പൊലീസുകാർ സ്റ്റേഷനിലേക്കു വാഹനം എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ നിഷാമിന്റെ ആദ്യ ചോദ്യം. പിന്നാലെയാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥയെ കാറിനുളളിലിട്ടു പൂട്ടിയത്. ഉദ്യോഗസ്ഥയെ രക്ഷിക്കാനും നിഷാമിനെ പിടികൂടാനും എസ്.ഐയടക്കം അൻപതോളം പൊലീസുകാരെത്തേണ്ടി വന്നു. ഇത്തരത്തിൽ നിയമങ്ങളൊന്നും തനിക്കു ബാധകമല്ലെന്നും പണം കൊണ്ട് എല്ലാം മറികടക്കാമെന്നുമായിരുന്നു നിഷാമിന്റെ വിശ്വാസം.

കുടുംബത്തിലും വില്ലൻ

ഒരു സഹോദരി ഉൾപ്പെടെ അഞ്ചു സഹോദരങ്ങളുണ്ടെങ്കിലും ബിസിനസും സ്ഥാപനങ്ങളും വീടുമെല്ലാം നിഷാമിന്റെ പേരിലാണ്. എല്ലവരും തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നതാണ് നിഷാമിന്റെ ഉത്തരവ്. അത് എതിർത്ത അമ്മയെപ്പോലും പലതവണ വീട്ടിൽ നിന്നും ഇറക്കിവി‌ട്ട ചരിത്രവും നിഷാമിനുണ്ട്. ഭാര്യയും പലതവണ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ശാരീരിക മർദനത്തിനു കേസും നൽകിയിട്ടുണ്ട്.

അസ്ഥികൂടം കെട്ടിയ ബൈക്കൂം പാമ്പിൻതോലണിഞ്ഞ ഷൂസും

നിഷാമിന്റെ വീട്ടിലെത്തിയാല്‍ മാലപോലെ അസ്ഥികൂടം തൂക്കിയിട്ടിരിക്കുന്ന ഒരു ബൈക്ക് കാണാം. വസ്ത്രവ്യാപാര സ്ഥാപനത്തിൽ അലങ്കാരവസ്തുവായി വയ്ക്കുന്നതിന് നിഷാം കണ്ടെത്തിയ വഴിയാണത്. തലയോട്ടിയും വാരിയെല്ലുകളും കാലും അടക്കം ഒരു മനുഷ്യന്റെ പൂർണമായ അസ്ഥികൂടം വാങ്ങിയാണു ബൈക്ക് അലങ്കരിച്ചത്. ആഘോഷത്തിനും ആഹ്ലാദത്തിനും വേണ്ടി നിഷാം കണ്ടെത്തിയ ഈ അസ്ഥികൂടം തന്നെ നിഷാമിന്റെ ക്രൂരത വ്യക്തമാക്കുന്നു.

ഹെലികോപ്റ്ററിൽ പറക്കാൻ മോഹിച്ചു; പോലീസ് ജീപ്പിലായി

ഫെറാറി റോൾസ് റോയ്സ്, റേഞ്ച് ഓവർ, ജെഗ്വാർ, ഹമ്മർ എന്നിങ്ങനെ കോടികൾ വിലമതിക്കുന്ന ആഡംബര കാറുകളെല്ലാം നിഷാമിനുണ്ടായിരുന്നു. ഓരോദിവസവും ഓരോ കാറിൽ യാത്ര ചെയ്യണം. വെറുതെ പോയാൽ പോരാ. കാണുന്നവരെല്ലാം ഞെട്ടുന്ന തരത്തിൽ നൂറുകിലോമീറ്റർ വേഗത്തിലെങ്കിലും പായണം. തൃശൂരിലുള്ള പല ദിവസങ്ങളിലും രാത്രി സമയങ്ങളിൽ നഗര റോഡിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തിലും കാർ പായിപ്പിക്കുന്നതും നിഷാമിന്റെ ശീലമായിരുന്നു. പക്ഷേ ചന്ദ്രബോസിനെ ആക്രമിക്കുന്നതിനു രണ്ടുമാസം മുമ്പു മുതൽ നിഷാമിനു പുതിയ ഒരു മോഹം തോന്നിത്തുടങ്ങി. ആഡംബരക്കാറുകൾക്കു വേഗം പോരാ. ഒരു ഹെലികോപ്റ്റർ വാങ്ങണം. 32 കോടി മുടക്കി ഹെലികോപ്റ്റർ വാങ്ങാനുള്ള പ്രഥാമകി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ പോലീസ് ജീപ്പിലല്ലാതെ യാത്ര ചെയ്യാനാവില്ലെനന്ത് വിധി കരുതിവച്ചതാവാം.

കൊലവിളി മുഴക്കി പാഞ്ഞു, കൊന്നു, അകത്തായി

ചന്ദ്രബോസിനെ ആക്രമിക്കുന്ന രാത്രിയുടെ തലേദിവസം. തൃശൂരിൽ നിഷാമിന്റെ ഓഫീസിനു സമീപത്തുള്ള പൊതുവഴിയിൽ ഒരു ചെറിയ തട്ടുകടയുണ്ട്. കുടുംബം പോറ്റാനായി ഒരു വൃദ്ധൻ നടത്തുന്ന കട. ഓഫീസിനു സമീപത്ത് ഈ കട പ്രവർത്തിക്കുന്നത് വലിയ നാണക്കേടാണെന്നാണു നിഷാമിന്റെ പക്ഷം. തിരിച്ചു വരുന്നതിനു മുമ്പ് ഈ കട ഇവിടുന്നു പൊളിച്ചു മാറ്റിയില്ലെങ്കിൽ ആ വൃദ്ധനെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ശേഷമാണു നിഷാം വീട്ടിലേക്കിറങ്ങിയത്. ആ പോക്കിലാണ് ചന്ദ്രബോസിനെ ഇടിച്ചുകൊന്നതും. എന്തായാലും വൃദ്ധൻ ഇന്നും അവി‌ടെത്തന്നെ ആ കട നടത്തുന്നുണ്ട്. പക്ഷേ പിറ്റേദിവസം നേരം വെളുത്തതുമുതൽ ജയിലിലായ നിഷാമിന് അവിടേക്ക് ഇന്നുവരെ തിരിച്ചു വരാനായിട്ടില്ല.

വിധിക്കു മുന്നിലും ധാര്‍ഷ്ട്യം കൈവിടില്ല

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷാവിധി വരുന്ന ദിവസം.വിയ്യൂര്‍ ജയിലിൽ നിന്നും പോലീസ് അകമ്പടിയോടെ നിഷാമിനെ തൃശൂർ ജില്ലാകോടതിയിൽ എത്തിച്ചു. കോടതിക്ക് അകത്തും പുറത്തും വലിയ തിരക്ക്. കോടതിക്ക് അകത്തു കടന്ന നിഷാമിനോട് പ്രതിക്കൂട്ടിലേക്കു കയറി നിൽക്കാൻ പോലീസ് നിർദ്ദേശിച്ചു. എനിക്ക് അറിയാം, എന്നെ ആരും പഠിപ്പിക്കണ്ട, കോടതിയും പോലീസും ഞാൻ കുറേ കണ്ടതാ... ഇതായിരുന്നു നിഷാമിന്റെ മറുപടി. ഒരു വർഷത്തോളം ജയിലിൽ കിടന്നിട്ടും മനസാക്ഷിയില്ലാത്ത ക്രൂരമായ കുറ്റകൃത്യമാണു ചെയ്തതെന്ന് കോടതി വിധിച്ചിട്ടും നിഷാമിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഒരു കുറവുമുണ്ടായിട്ടില്ലെന്ന് വ്യക്തം.