Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോൾഡ് ആൻഡ് ബ്രേവ് ദി കളക്ടർ ബ്രോ

Prasanth Nair പ്രശാന്ത്‌ നായർ

കോഴിക്കോടിന്‌റെ കളക്ടർ കേരളത്തിന്റെ ബ്രോ. പേരു പറയാതെ തന്നെ ആളെ മനസ്സിലായല്ലോ? Approachable Collector അഥവാ ജനങ്ങളുടെ പേഷ്‌ക്കാർ ചെങ്ങായിയായി മാറിയ പ്രശാന്ത്‌ നായരുമായി ആമുഖം ഇല്ലാത്ത ഒരു അഭിമുഖം.

ഒരു കളക്ടര്‍ക്ക്‌ ഇത്രയൊക്കെ ചെയ്യാൻ സാധിക്കുമോ?

ജോലി എന്നാൽ ഫയൽ തീർക്കലാണെങ്കിൽ രണ്ടു മണിക്കൂര്‍കൊണ്ട്‌ ജോലി തീര്‍ക്കാം. എന്റെ ജോലി ഫയല്‍നോക്കുക മാത്രമല്ല, ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കുക, മാറ്റം വരുത്തുക എന്നതാണ്‌. ഭരണഘടന നമുക്ക്‌ വേണ്ടതിലധികം പ്രവർത്തനസ്വാതന്ത്ര്യം തന്നിട്ടുണ്ട്‌. ഭരണഘടനയ്ക്കനുസരിച്ചാണ്‌ ഏതൊരു ഉദ്യോഗസ്ഥനും പ്രവർത്തിക്കേണ്ടത്‌. എന്റെ ജോലി ഞാൻ ചെയ്യുന്നു അത്രമാത്രമേ ഒള്ളൂ. കോഴിക്കോട്ട്‌ നടപ്പാക്കുന്നതെല്ലാം നയങ്ങളും ആശയങ്ങളും പ്രാവർത്തികമാക്കുന്ന പദ്ധതികൾ തന്നെയാണ്‌. ജനങ്ങളുടെ കൂട്ടായ്മയും ക്രൗഡ്‌ സോർസ്സിങ്ങും ആണ്‌ പ്രത്യേകത. കംപാഷനേറ്റ്‌ കോഴിക്കോട്‌ എന്ന വെബ്‌സൈറ്റിന്‌ പോലും ഒരു പൈസ ചെലവായിട്ടില്ല.

നമ്മളെല്ലാം മനുഷ്യരല്ലേ. മാനുഷിക പരിഗണന എന്നൊരു ഘടകം ഉണ്ടല്ലോ, അതുപ്രകാരം ചെയ്യാന്‍പറ്റുന്ന കാര്യങ്ങളാണ്‌ കംപാഷനേറ്റ്‌ കോഴിക്കോടും ഓപറേഷന്‍സുലൈമാനിയുമെല്ലാം. വലിയ വലിയ ആൾക്കാരുടെയും ഒരു പരിധിവരെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍പരിഹരിക്കാനും ഒരുപാട്‌ ആളുകളുണ്ട്‌. അവരെക്കാൾ താഴേതട്ടിൽ ജീവിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്‌ സമൂഹത്തില്‍. ഈ പദവിയിലിരുന്ന്‌ ഫ്ലൈ ഓവറുകൾ പണിയുന്നതിനെക്കാളും, കെട്ടിടസമുച്ചയങ്ങൾ ഉണ്ടാക്കുന്നതിനെക്കാളും, റോഡ്‌ പണിയുന്നതിനെക്കാളും കിട്ടുന്ന ആത്മസംതൃപ്‌തി നമ്മള്‍കാരണം കുറച്ചുപേര്‍ക്ക്‌ ജീവിക്കാനുള്ള പ്രത്യാശയുണ്ടാവുക എന്നുള്ളത്‌.

Prasanth Nair പ്രശാന്ത്‌ നായർ

യുവതലമുറ താങ്കളോടു കാണിക്കുന്ന ആരാധന കണ്ടിട്ട്‌ അത്ഭുതം തോന്നിയിട്ടുണ്ടോ?

അമിതമായ ആരാധനയും അനുകരണവും അത്ര നല്ലകാര്യമായി എനിക്ക്‌ തോന്നിയിട്ടില്ല. നമ്മളാരും അത്ര മഹാന്മാരൊന്നുമല്ല, തെറ്റ്കുറ്റങ്ങളുള്ള സാധാരണ മനുഷ്യരാണ്‌. ആരെയും എല്ലാം തികഞ്ഞവരായി ദൈവീകപരിവേഷം നല്‍കി പൊക്കിയെടുത്ത്‌ നടക്കുന്നതോ അന്ധമായി ആരാധിക്കുന്നതോ അത്ര നല്ല പ്രവണതയായി തോന്നുന്നില്ല.

ഫേസ്‌ബുക്കിലൂടെ കളക്ടര്‍ക്ക്‌ കിട്ടുന്ന ജനപിന്തുണയില്‍ അസൂയാലുക്കള്‍ ഒരുപാട്‌ ഉണ്ടല്ലോ അത്തരം വിമര്‍ശനങ്ങളോടുള്ള പ്രതികരണം?

ഫേസ്ബുക്ക്‌ പേജ്‌ ജനങ്ങളോട്‌ ഇന്നത്തെ കാലഘട്ടത്തിൽ സംവദിക്കാനുള്ള പുതുതായി രൂപപ്പെട്ട വേദിയാണ്‌. ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജ്‌ തുടങ്ങിയിട്ട്‌ എട്ട്‌ മാസമായി. ഫേസ്ബുക്കിലൂടെ പ്രതികരണവും ആത്യന്തികമായി റിസൾട്ടും കിട്ടുമ്പോഴാണ്‌ ഒരു പേജ്‌ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്‌. ജനങ്ങളുടെ പ്രശ്‌നങ്ങള്‍അറിയാനും അതിനനുസരിച്ച്‌ നടപടികള്‍എടുക്കാനുമുള്ള സ്ഥലമാണ്‌ ഫേസ്‌ബുക്ക്‌ ഉൾപ്പെടെ എല്ലാ വേദികളും. കളക്ടർ ആണെന്നു കരുതി മസില്‍പിടിച്ച്‌ ഫുള്‍കൈയ്യുള്ള ഷര്‍ട്ടുമിട്ട്‌ ഫയലും നോക്കി ഇരിക്കേണ്ട്‌ ആവശ്യമൊന്നുമില്ല. കംപാഷനേറ്റ്‌ കോഴിക്കോടിനോടും ഓപറേഷന്‍സുലൈമാനിയോടുമൊക്കെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ വരുന്നവർ കോഴിക്കോട്ടുകാർ മാത്രമല്ല. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നുള്ളവരുണ്ട്. സാമൂഹികനന്മ ലക്ഷ്യമാക്കി വരുന്നവരെ ഒന്നിപ്പിക്കുന്ന ഒരു വേദിയായിട്ടാണ്‌ ഫേസ്‌ബുക്കിനെ ഞാന്‍കാണുന്നത്‌. അതില്‍പ്രോട്ടോക്കോൾ ലംഘനമൊന്നുമില്ല. പ്രോട്ടോക്കോള്‍പറഞ്ഞ്‌ ആരും പേടിപ്പിക്കാനും നോക്കേണ്ട. ജനങ്ങളോട്‌ സംവദിക്കേണ്ട ആവശ്യമുള്ള ജോലിയില്‍ഇരിക്കുന്നിടത്തോളം കാലം ഫേസ്‌ബുക്ക് ഉൾപ്പെടെ എല്ലാ മധ്യമങ്ങളിലൂടെയും ആശയവിനിമയം നടന്നിരിക്കും.

Prasanth Nair പ്രശാന്ത്‌ നായർ

ഈ പേടിയില്ലായ്മയാണോ കളക്ടറുടെ വിജയരഹസ്യം?

എല്‍.എല്‍.ബി കഴിഞ്ഞാണ്‌ ഞാന്‍ ഐ.എ.എസുകാരനായത്‌. അതുകൊണ്ട്‌ നിയമം കുറേയൊക്കെ അറിയാം എന്നൊരു അഹങ്കാരമുണ്ട്‌. എല്ലാ നിയമവിദ്യാർത്ഥിയിലും കാണപ്പെടുന്ന വ്യവസ്ഥിതിയോടുള്ള സ്വാഭാവികമായ നിർഭയത്വം എന്നിലുമുണ്ടായിരിക്കാം.

രവിപിള്ളയുടെ മകളുടെ വിവാഹത്തിന്‌ പങ്കെടുക്കാത്തതിനെയും കളക്ടറുടെ കൂസലില്ലായ്മ എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്‌?

അന്നേ ദിവസം നമ്മുടെ രാജ്യത്തിന്‌‌ വേണ്ടി വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം എന്റെ നാട്ടിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ഞാന്‍ അവിടെയല്ലേ വേണ്ടത്‌. ഏതൊരു കളക്ടറും ഇങ്ങനെയല്ലേ ചെയ്യൂ.

Prasanth Nair പ്രശാന്ത്‌ നായർ

കളക്ടറെ സ്നേഹിക്കുന്നവരോടൊപ്പം പേടിക്കുന്നവരുടെയും എണ്ണം ഓരോ ദിവസവും കൂടി വരികയാണല്ലോ?

ഞാൻ ആർക്കും ഒരു ഭീഷണിയല്ല. ഒരുപാടുപേർ ഇവന്‍ എവിടുന്ന് പൊട്ടിവീണ ഉൽക്കയാണ്? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നുള്ള സംശയമുണ്ട്! അങ്ങനെ സംശയിക്കേണ്ട ആവശ്യമെന്താണ്. ഞാൻ ഇലക്ഷനു നിൽക്കാനോ മത്സരിക്കാനോ ഒന്നും പോകുന്നില്ല. ഒരു അജൻഡയുമില്ലാത്ത സാധാരണ മനുഷ്യനാണ്‌. ഒരു ജില്ലാകളക്ടർ ആയിരിക്കുന്നിടത്തോളം കാലം ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ.

അതിനെ പേടിക്കേണ്ട ആവശ്യമെന്താണ്. എത്രകാലം ഈ പദവി ഉണ്ടാകുമെന്നു പോലും അറിയില്ല. പറ്റുന്നിടത്തോളം ചെയ്യുക, അതുകഴിയുമ്പോൾ ഞാൻ തിരിച്ച് കുപ്പിയ്ക്കുള്ളിൽ കയറിക്കൊള്ളാം.

യഥാര്‍ഥ ജീവിതത്തില്‍ ജനങ്ങള്‍ കണ്ടിട്ടുള്ള കളക്ടര്‍എന്ന ഇമേജിനെയാണല്ലോ പൊളിച്ചടുക്കിയിരിക്കുന്നത്‌?

ഇമേജ്‌ പൊളിച്ചടുക്കാന്‍ വേണ്ടി ചെയ്യുന്നതല്ല ഒന്നും. എനിക്ക്‌ എന്റേതായ സ്വഭാവങ്ങളുണ്ട്‌. അപ്പോ, അങ്ങനെയല്ലേ പെരുമാറാന്‍പറ്റൂ. കളക്ടര്‍ ആകുന്നതിനു മുമ്പും ഞാന്‍ഇവിടെ തന്നെയുണ്ടായിരുന്നു. അന്നും എന്റെ രീതി ഇതൊക്കെ തന്നെയായിരുന്നു. എന്നാല്‍അന്ന്‌ ഇത്ര വിസിബിളിറ്റി ഇല്ല. കളക്ടർ എന്ന നിലയിൽ നമ്മള്‍ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്‌.

അഹങ്കാരം കൊണ്ടല്ല ഞാൻ ഉദ്‌ഘാടനത്തിനും നാടമുറിക്കാനുമൊന്നും പോകാത്തത്‌. ദിവസവും പത്രത്തിൽ പടം വരും എന്നല്ലാതെ എന്താണ്‌ അതുകൊണ്ട്‌ ഗുണം? യാതൊരു ഉപകാരവുമില്ലാത്ത ഇടത്ത്‌ പോയിരുന്ന്‌ അത്രയും സമയം കളയേണ്ട ആവശ്യം എന്താണ്‌. ആ സമയത്ത്‌ ചില്‍ഡ്രന്‍സ്‌ ഹോമിലോ, മാനസികാരോഗ്യകേന്ദ്രത്തിലോ പോയാല്‍അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കും. അല്ലാതെ റെസിഡന്റ്‌ അസോസിയേഷന്‍ മീറ്റിങ്ങില്‍ കളക്ടര്‍പോയി കുട്ടികളുടെ പാട്ടും ഡാന്‍സും കണ്ടു എന്നു പറയുന്നതിൽ ആർക്ക് എന്ത്‌ ഗൂണമുണ്ടാകാനാണ്‌.

Prasanth Nair പ്രശാന്ത്‌ നായർ

ചില്‍ഡ്രസ്‌ ഹോമിലും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുമൊക്കെ താങ്കള്‍വരുത്തിയ ഭരണപരിഷ്‌ക്കാരങ്ങളും ഫേസ്‌ബുക്കിലെ ചര്‍ച്ചാവിഷയങ്ങളാണല്ലോ

ലളിതവും എളുപ്പവുമായ കാര്യങ്ങൾ സമയം കളയാതെ ചെയ്യുകയും, സമയമെടുക്കുന്ന കാര്യങ്ങൾ സാവകാശം ക്ഷമയോടെ ചെയ്യാനുമാണ്‌ ശ്രമം. ഉദാഹരണത്തിന്‌, 1979 മുതല്‍ അവിടെയുള്ളവര്‍ കഴിക്കുന്നത്‌ ഗോതമ്പുകഞ്ഞിയാണ്‌. ഒന്ന്‌ ആലോചിച്ചു നോക്കൂ, എത്ര ദയനീയമായ അവസ്ഥയാണത്‌. നമ്മളെക്കാള്‍എത്രയോ അധികം പരിഗണനകിട്ടേണ്ടവരാണ്‌ മാനസികരോഗമുള്ളവര്‍. ഒരിക്കലും ഭേദമാക്കാനാവാത്ത രോഗവുമായി 15 വര്‍ഷമായി അവിടെ താമസിക്കുന്നവര്‍വരെ അവിടെയുണ്ട്‌. ഇവരുടെ ജിവിതത്തിൽ മാറ്റം വരുത്തേണ്ടത്‌ അനിവാര്യമല്ലേ, അതു മാത്രമേ ഞാനും ചെയ്‌തിട്ടുള്ളൂ.

ജോസഫ്‌ അലക്‌സ്‌ ബാധിച്ച കളക്ടര്‍ബ്രോ എന്നൊരു വിശേഷണവുമുണ്ടല്ലോ ശരിക്കും ജോസഫ്‌ അലക്‌സിന്‌റെ ബാധയുണ്ടോ?

ജോസഫ്‌ അലക്‌സിനെപ്പോലെ സ്ലോമോഷനില്‍നടക്കുന്ന ആളെ അല്ല ഞാന്‍. അത്‌ എനിക്ക്‌ അറിയുകയുമില്ല. പിന്നെ ഉള്ളതിനും ഇല്ലാത്തതിനുമൊന്നും ധാര്‍മികരോഷം കൊള്ളുന്ന ക്ഷുഭിത യൗവനവുമല്ല . വളരെ സോഫ്‌റ്റ്‌സ്‌പ്പോക്കണായ അധികം ദേഷ്യപ്പെടാത്ത വ്യക്തിയാണെന്നാണ്‌ എന്റെ വിശ്വാസം. അങ്ങനെവെച്ച്‌ ഒരിക്കലും ദേഷ്യം വരില്ല എന്നൊന്നുമില്ല. ചില സമയത്ത്‌ പദ്ധതികള്‍ നടപ്പിലാക്കാനും നിലപാടുകൾ വ്യക്തമാക്കാനും അല്‍പ്പം കര്‍കശ സ്വഭാവം കാണിക്കാറുണ്ട്‌.

Prasanth Nair പ്രശാന്ത്‌ നായർ

ഇരുപത്തിനാലുമണിക്കൂർ പോര എന്ന് തോന്നിയിട്ടുണ്ടോ?

രണ്ടും മൂന്നും ദിവസമൊക്കെ ഉറക്കമില്ലാതെ ജോലിചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെതായ ശാരീരികപ്രശ്നങ്ങളും അലട്ടാറുണ്ട്. ഔദ്യോഗികതിരക്കുകളും മീറ്റിങ്ങുകളും കഴിഞ്ഞിട്ടാകാം ഭക്ഷണം എന്നുകരുതി പലപ്പോഴും ഉച്ചഭക്ഷണമൊക്കെ കഴിക്കുന്നത് ഏറെ വൈകിയാണ്. അതുകാരണം അസിഡിറ്റി പിടിപെട്ടു. സുഹൃത്തുക്കളും വീട്ടുകാരുമൊക്കെ ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാവൂ എന്ന് സ്നേഹത്തോടെ ഉപദേശിക്കാൻ തുടങ്ങിയതോടെ കുറച്ചൊക്കെ ടൈം മാനേജ് ചെയ്യാൻ പഠിച്ചുവരുന്നു. തിരക്കുകളുടെ ഇടയിൽ വീട്ടിലെ ഉത്തരവാദിത്വങ്ങളൊക്കെ വിട്ടുപോകാറുണ്ട്, വീട്ടുകാരി സപ്പോർട്ടീവ് ആയതുകൊണ്ട് മാത്രം കുടുംബകലഹം ഇല്ല.

വീട്ടുവിശേഷം

ഭാര്യ ലക്ഷ്മി കോഴിക്കോട്ടു തന്നെയുണ്ട്. മക്കൾ അമൃതശ്രീയും അമൃതവർഷനും. മകൾക്ക് അഞ്ചരവയസ്സായി മകന് മൂന്ന് വയസ്സും.

Prasanth Nair പ്രശാന്ത്‌ നായർ, ഭാര്യ ലക്ഷ്മി, മക്കൾ അമൃതശ്രീ, അമൃത വർഷൻ
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.