Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾക്ക് എന്തിനും ഏതിനും പരാതി, എന്തു ചെയ്യും?

Teenage Representative Image

ശ്രദ്ധ കിട്ടുന്നില്ലെന്നു തോന്നിയാൽ പതിമൂന്നു വയസ്സുള്ള മകൾ വലിയ കലഹമുണ്ടാക്കും. ഞങ്ങള്‍ മറ്റാരോടെങ്കിലും സ്നേഹത്തോടെ പെരുമാറിയാൽ ഭയങ്കര പിണക്കമാണ്. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കും. സഹപാഠി ശ്രദ്ധിച്ചില്ലെന്നും അധ്യാപകൻ പരിഗണിക്കുന്നില്ലെന്നുമൊക്കെ ഇപ്പോൾ പതിവായി പരാതി പറയാൻ തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ എന്താണു ചെയ്യേണ്ടത്?

എ.ജെ.എച്ച്, കട്ടായിക്കോണം

ശ്രദ്ധാകേന്ദ്രമാകണമെന്നും പരിഗണന കിട്ടണമെന്നുമൊക്കെയുള്ള വിചാരങ്ങൾ കുട്ടികൾക്കുണ്ടാകുന്നതു സ്വാഭാവികമാണ്. വേണ്ട അളവിൽ അതവർക്കു ലഭിക്കുകയും വേണം. അതു കിട്ടുന്നില്ലെന്ന തോന്നലുകൾ ഉള്ളപ്പോഴും കൂടുതൽ കിട്ടണമെന്ന അതിമോഹം വളരുമ്പോഴും ശ്രദ്ധ കിട്ടാനുള്ള ശല്യങ്ങൾ ഉടലെടുക്കും. അലോസരപ്പെടുത്തും വിധം ഇടയ്ക്കു കയറി വർത്തമാനം പറയൽ, മുതിർന്നവരെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കൽ, അനവസരത്തിലുള്ള കോപവും കരച്ചിലും മുതിർന്നവരെ വൈകാരികമായി തളർത്തുന്ന വർത്തമാനങ്ങൾ, ആത്മഹത്യാ ഭീഷണികളും പെരുമാറ്റങ്ങളും ഇങ്ങനെ പല ഭാവത്തിൽ ശ്രദ്ധതേടൽ സമരങ്ങൾ അവതരിക്കാം. പരിഗണനകൾക്കായി രോഗലക്ഷണങ്ങളുടെ മുഖംമൂടി പോലുമിടാം. എല്ലാം പിള്ളമനസ്സിന്റെ വികൃതികളാണ്.

നല്ല പെരുമാറ്റങ്ങളെ തിരിച്ചറിഞ്ഞുള്ള പ്രശംസകളും സ്നേഹപ്രകടനങ്ങളും ഗുണപരമായ ശ്രദ്ധനൽകലാണ്. ഈ അനുഭവങ്ങളുടെ പശ്ചാത്തലമുള്ള കുട്ടികൾ നിഷേധാത്മകമായ വഴികളിലൂടെ ശ്രദ്ധ തേടാറില്ല. സമ്മർദ തന്ത്രങ്ങളിൽ വീണു കുട്ടിയുടെ തെറ്റായ പെരുമാറ്റങ്ങളിൽ ചെയ്യുന്ന വിട്ടുവീഴ്ച ദോഷമുണ്ടാക്കുന്ന ശ്രദ്ധനൽകലാണ്. ഇതു വ്യക്തിത്വ വികസനത്തിനു ഹാനികരമാകും. മറ്റാരോടെങ്കിലും ഇഷ്ടം കാട്ടിയാൽ മകൾ കലഹമുണ്ടാക്കുമെന്ന ഭയവും അവളുടെ സന്തോഷത്തിനായി അതൊഴിവാക്കുന്ന ശൈലിയും ഒരു ഉദാഹരണമാണ്.

ശ്രദ്ധതേടൽ തന്ത്രങ്ങൾ കണ്ടു പ്രകോപനത്തിനടിമപ്പെട്ട് കോപം കൊണ്ടു തുള്ളിച്ചാടാൻ പോകുന്നതും ശിക്ഷിക്കുന്നതുമൊക്കെ മറ്റൊരു വിധത്തിലുള്ള ശ്രദ്ധ നൽകലാകും. പരിഗണന പിടിച്ചുപറ്റാൻ വേണ്ടിയുള്ള വികല പ്രതികരണങ്ങളാണെന്നു തിരിച്ചറിഞ്ഞാൽ അതിനെ ശാന്തമായി അവഗണിക്കുക.

വളഞ്ഞ വഴികൾ ഫലവത്താകുന്നില്ലെന്നു വെളിപാടുണ്ടാകുമ്പോൾ കുട്ടികൾ നേരേചൊവ്വേ കാര്യങ്ങൾ പറയും. കേൾക്കാം, തിരുത്താം.

ഗുണപരമായ ശ്രദ്ധകളുടെ അളവു കൂട്ടാം. അതിനുള്ള ക്ഷമ മാതാപിതാക്കൾക്കുണ്ടാകണമെന്നു മാത്രം. അതിനാണല്ലോ ക്ഷാമം.

കടപ്പാട് :

ഡോ. സി.ജെ. ജോൺ

cjjohndr@gmail.com

Your Rating: