Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുകാർ വിസമ്മതിച്ചു, 65 വർഷത്തെ പ്രണയത്തിനൊടുവിൽ അവർ വിവാഹിതരായി 

Davy Moakes എൺപത്തിയാറുകാരനായ ഡേവി മോക്സിനും എൺപത്തിരണ്ടുകാരിയായ ഹെലെൻ ആൻഡ്രിക്കും ഇതു സ്വപ്നം സത്യമായ നിമിഷമാണ്. തങ്ങളുടെ പ്രണയം സഫലമാകാൻ ഇരുവരും കാത്തിരുന്നത് ഒന്നും രണ്ടുമല്ല, 65 വർഷമാണ്.

പ്രണയം തുടങ്ങാനും അവസാനിപ്പിക്കാനും ഒന്നും ഒട്ടും പ്രയാസമില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നിനക്കായി ഞാൻ ജീവിതകാലം മുഴുവൻ കാത്തിരിക്കും എന്ന് ഇന്ന് ആരെങ്കിലും തന്റെ കാമുകനോടോ കാമുകിയോടോ പറഞ്ഞാൽ പറഞ്ഞവരും  കേട്ടവരും ഒരു പക്ഷേ ചിരിച്ചു പോകും. അത്തരത്തിലാണ് ഇന്നത്തെ പല പ്രണയങ്ങളുടെയും പോക്ക്, പരസ്പര വിശ്വാസത്തിനും സ്നേഹത്തിനുമപ്പുറം ഈഗോയും കോപ്ലക്സുമൊക്കെ പ്രണയങ്ങളിൽ കയറിക്കൂടി. എന്നാൽ അതുമാത്രമല്ല കാത്തിരിക്കാൻ തയ്യാറായാൽ പ്രണയത്തിനു പല മാജിക്കും കാണിക്കാന്‍ കഴിയുമെന്ന് പറയുകയും സ്വന്തം ജീവിതം കൊണ്ടു തെളിയിക്കുകയും ചെയ്യുകയാണ് ഡേവി മോക്‌സും ഹെലൻ ആൻഡ്രിയും.

എൺപത്തിയാറുകാരനായ ഡേവി മോക്സിനും എൺപത്തിരണ്ടുകാരിയായ ഹെലെൻ ആൻഡ്രിക്കും ഇതു സ്വപ്നം സത്യമായ നിമിഷമാണ്. തങ്ങളുടെ പ്രണയം സഫലമാകാൻ ഇരുവരും കാത്തിരുന്നത് ഒന്നും രണ്ടുമല്ല, 65 വർഷമാണ്. എൺപതുകളിൽ മക്കളും കൊച്ചുമക്കളുമൊക്കെയായി വിശ്രമിച്ചിരിക്കുന്ന കാലത്താണ് ഇരുവരും ജീവിതം ആരംഭിക്കുന്നതു തന്നെ. ഇനി സിനിമാക്കഥകൾ പറയുന്നതുപോലെ ഒരൽപം ഫ്ലാഷ്ബാക്ക് കഥയാകാം. ഈ അപൂർവ പ്രണയം തുടക്കമിടുന്നത് 1951ൽ ഡോവിയുടെയും ഹെലന്റെയും ആർട്സ് കോളജ് പഠനകാലത്താണ്.

Davy Moakes ഡേവിയും ഹെലനും പഠനകാലത്ത്

വർഷങ്ങൾക്ക് മുൻപ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തതായിരുന്നു. എന്നാൽ അവസാന നിമിഷം വധുവായ ഹെലൻ ആൻഡ്രിയയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതം നൽകിയില്ല. ഡേവിയെപ്പോലൊരു കലാകാരനെ വിവാഹം കഴിച്ചാൽ തങ്ങളുടെ മകളുടെ ജീവിതം ഭദ്രമായിരിക്കില്ലെന്ന തോന്നലായിരുന്നു എതിര്‍പ്പുകള്‍ക്കു കാരണം. ഒടുവിൽ രണ്ടുപേരും ചേർന്ന് വിവാഹത്തിനുള്ള തീരുമാനം ഉപേക്ഷിച്ചു.

ആ വിവാഹ നിശ്ചയത്തിന്റെ ഓർമ്മയിൽ പിന്നെ ഇരുവരും ജീവിച്ചു. ഇതിനിടയിൽ ഇരുവരും വിവാഹിതരുമായി, എന്നാൽ മനസ്സിലെ പ്രണയം മാത്രം മങ്ങാതെ അവശേഷിച്ചു. കാലങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കാൻ ഇടയാക്കിയതോ ഹെലന്റെ മകൾ ഡെബ്ബി വില്യംസും. വീണ്ടും ആ പഴയ കൗമാരക്കാലത്തേക്കു കടന്നതുപോലെ തോന്നുന്നുവെന്നാണ് ഇരുവരും പറയുന്നത്.

65 വർഷത്തെ ഇടവേള ഇരുവരിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള ജീവിതം തങ്ങൾ ഓരോ നിമിഷവും ആഘോഷമായിത്തന്നെ കൊണ്ടുപോകും എന്ന് ഡേവിയും ഹെലനും ഉറപ്പിച്ചു പറയുന്നു. ഈ പ്രായത്തിലും വിവാഹമോ എന്നു ചിന്തിക്കുന്നവരെ നോക്കി ഇവര്‍ ഒരേ സ്വരത്തിൽ പറയും പ്രണയത്തിന് പ്രായമില്ല മിസ്റ്റര്‍ എന്ന്. അതെ, കാത്തിരിക്കാനൊരു മനസുണ്ടായാൽ ആ പ്രണയം എന്നെങ്കിലും ഒന്നിപ്പിക്കുമെന്നു കൂടി പറഞ്ഞുവെക്കുകയാണ് ഈ ദമ്പതികളുടെ കഥ.