Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്വീപിൽ പെട്ടുപോയ ദമ്പതികൾക്കു രക്ഷയായി മണലിലെഴുതിയ സന്ദേശം !

sos Representative Image

പസഫിക്കിലെ ഒറ്റപ്പെട്ട ദ്വീപിൽ പെട്ടുപോയ ദമ്പതികൾക്ക് രക്ഷയായത് അവർ തന്നെ മണലിലെഴുതിയ സന്ദേശം. മണലിൽ SOS എന്നെഴുതി വച്ചിരിക്കുന്നതു കണ്ട തീരരക്ഷാസേന ദ്വീപിൽ തിരച്ചിൽ നടത്തി ദമ്പതികളെ കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് 17നാണ് സംഭവങ്ങളുടെ തുടക്കം. അൻപതു വയസു പിന്നിട്ട ദമ്പതികൾക്ക് കടൽ യാത്ര പോകാൻ മോഹം. തൊട്ടടുത്ത വിനോ ദ്വീപിലേക്ക് 16 അടി നീളമുള്ള ബോട്ടിൽ ഒറ്റയ്ക്കാണ് ലിനസ്– സബീന ജാക്ക് ദമ്പതികൾ യാത്ര തിരിച്ചത്. പിറ്റേന്ന് രാത്രിക്കകം ദ്വീപിൽ എത്തിച്ചേരേണ്ടതാണ്. പക്ഷേ ദമ്പതികൾ അങ്ങ് എത്തിയിട്ടില്ലെന്നറിയിച്ച് അലാം മുഴങ്ങിയതോടെ അധികൃതർ ആശങ്കയിലായി. ബോട്ടിലാണെങ്കിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ യാതൊരു സംവിധാനങ്ങളുമില്ല. ആഹാരവും കമ്മി. ആകെ പരിഭ്രാന്തി, തിരച്ചിൽ, ബഹളം. ഒരാഴ്ചയായിട്ടും ദമ്പതികളെക്കുറിച്ച് അറിവൊന്നുമില്ല. ഒടുവിൽ സമീപത്തുള്ള ഈസ്റ്റ് ഫയു ദ്വീപിൽ പരതുന്ന ചെറുവിമാനമാണ് മണലിൽ ഒരു സന്ദേശം കണ്ടത്. SOS എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. മനുഷ്യവാസമില്ലാത്ത ദ്വീപാണ്. സന്ദേശം എഴുതണമെങ്കിൽ ആരെങ്കിലും ഇവിടെ എത്തിയിരിക്കണമല്ലോ. യുഎസ് കോസ്റ്റ് ഗാർഡ് ഉണർന്നു പ്രവർത്തിച്ചു. തിരച്ചിൽ നടത്തുന്നവർ കണ്ടു മിന്നാമിന്നി വെളിച്ചം പോലെ ഫ്ലാഷ് ലൈറ്റ് മിന്നുന്നത്. സമീപത്തെത്തിയപ്പോൾ കണ്ടെത്തി തളർന്ന് അവശനിലയിൽ ദമ്പതികളെ. ഉടൻ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. 43,000 സ്ക്വയർ കിലോമീറ്റർ കടൽ ഏരിയയിൽ യുഎസ് നാവികസേനയുടെ 15 ബോട്ടുകളും രണ്ട് ചെറുവിമാനങ്ങളുമാണു തിരച്ചിൽ നടത്തിയത്.

ഏപ്രിൽമാസത്തിലും ഇതുപോലൊരു കാണാതാകൽ ഈ പ്രദേശത്തുണ്ടായതാണ്. മൈക്രോനേഷിയൻ ദ്വീപിലേക്കു യാത്രതിരിച്ച യുവാക്കൾ ബോട്ട് തകർന്നു മറ്റൊരു ദ്വീപിൽ ഒറ്റപ്പെട്ടിരുന്നു. അന്ന് അവർ ലൈഫ് ജാക്കറ്റ് കൊണ്ടു സിഗ്നൽ കാണിച്ചാണ് നാവികസേനയുടെ ശ്രദ്ധ ആകർഷിച്ചത്. അന്ന് മൂന്നാം പക്കം അവരെ കണ്ടെത്തിയിരുന്നു.  

Your Rating: