Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറുള്ളവരെ കാണുമ്പോൾ സഹതപിക്കുകയല്ല വേണ്ടത്, പ്രവർത്തിക്കണം , ഇവളെപ്പോൽ!!!

Deekshitha ദീക്ഷിത രമേഷ് മുടി കാൻസർ ഫൗണ്ടേഷനു വേണ്ടി ദാനം ചെയ്യും മുമ്പും ശേഷവും

ഒരു പെണ്ണിന്റെ ഏറ്റവും വലിയ അഴക് നീണ്ടിടതൂർന്ന മുടിയാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. അങ്ങനെയുള്ളൊരു ചുറ്റുപാടില്‍ മുടിയൊന്നിത്തിരി നീളം കുറച്ചാൽ തന്നെ കുറ്റപ്പെടുത്തലുകളും ശകാരവുമായിരിക്കും. അപ്പോൾ മുടി മുഴുവനും കളഞ്ഞാലോ? മുടിയുടെ ഉള്ള് കുറഞ്ഞൂന്ന് പറഞ്ഞ് മരുന്നുകളുടെ പുറകെ പായുന്നവർ കേൾക്കേണ്ട കഥയാണ് ദീക്ഷിത രമേഷിന്റേത്. പഴമക്കാര്‍ പറയുംപോലെ സമൃദ്ധമായ മുടിയഴകു സ്വന്തമായുണ്ടായിരുന്ന ദീക്ഷിതയ്ക്കു പക്ഷേ ഇന്നു മു‌ടി തീരെയില്ല. അഹങ്കാരം കൊണ്ടു വെട്ടിക്കളഞ്ഞതാണവൾ എന്നു പറയുന്നവരോട് ഒരു ചെറുപുഞ്ചിരിയോടെ ദീക്ഷിത പറയും ഇതു തന്റെ ധാർഷ്ട്യമല്ല മറിച്ച് ഒരൽപം മന:സാക്ഷി ഉള്ളിലുള്ളതു കൊണ്ടാണ്.

മുടിയാണു പെണ്ണിന്റെ സൗന്ദര്യം എന്നാണ് അവർ പറയുന്നത്. പക്ഷേ കാൻസറിനോടു പൊരുതുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ മുടിയില്ലാത്ത തല കാൻസറിന്റെ സ്ഥിരം ഓർമപ്പെടുത്തൽ മാത്രമാണ്- ദീക്ഷിത പറയുന്നു. മുടിപാടെ കൊഴിഞ്ഞുള്ള കാൻസർ രോഗികളെ കാണുമ്പോൾ സഹതപിക്കാനും അനുകമ്പയാർന്ന വാക്കുകൾ പൊഴിക്കാനും മാത്രമല്ല ബോൾഡായ തീരുമാനങ്ങൾ എടുക്കാനാണ് ഓരോരുത്തരും തയ്യാറാകേണ്ടതെന്നു മനസിലാക്കി തരുകയാണ് ദീക്ഷിത. മനോഹരമായ മുടി ദാനം ചെയ്യുക മാത്രമല്ല അവൾ ചെയ്തത്, സോഫ്റ്റ്‌വെയർ ജോലി ഉപേക്ഷിച്ചു സാമൂഹിക പ്രവർത്തനത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്.

മുടി മുഴുവനായി വെട്ടാൻ തീരുമാനിച്ചപ്പോൾ പലരും പരിഭവങ്ങളും ചോദ്യമുനകളുമായി ദീക്ഷിതയെ സമീപിച്ചു. കല്യാണ സമയത്ത് എന്തു ചെയ്യും? മുടി നൽകുന്നതിനു പകരം മറ്റെന്തെങ്കിലും സഹായം ചെയ്തൂടെ? മാതാപിതാക്കൾ ഇതിന് അനുവദിച്ചോ? തുടങ്ങി ചോദ്യങ്ങളുടെ പ്രഹേളിക തന്നെയായിരുന്നെന്ന് പറയുന്നു ദീക്ഷിത. കാൻസറിനെതിരെ ഓരോ നിമിഷവും ധീരമായി പോരാടിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കു വേണ്ടിയാണു ഞാനിതു ചെയ്തത്. കാൻസറിൽ ജീവിതം ഇല്ലാതായവർക്കു വേണ്ടി, ധീരഹൃദയമുള്ള മറ്റൊരു സ്ത്രീയ്ക്കു വിഗായി ഉപയോഗിക്കാൻ, ടിപ്പിക്കൽ സ്റ്റീരിയോടൈപ്പുകളെ തകർക്കാനായി, വിവാഹത്തിനു മുടിയും സൗന്ദര്യവും ഒരു മാനദണ്ഡമാവാതിരിക്കാൻ വേണ്ടിയൊക്കെയാണ് ഞാൻ എന്റെ മുടി www.copewithcancer.org സംഘടനയ്ക്കു ദാനം ചെയ്തത്.

സർവ പിന്തുണയുമായി കൂടെ നിന്ന മാതാപിതാക്കൾക്കും സഹോദരനും സുഹൃത്തുക്കൾക്കും ദീക്ഷിത നന്ദി പറയുന്നു. ദീക്ഷിതയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സുഹൃത്ത് വൃദ്ധി ജകതിയും തന്റെ മുടി മുഴുവനായും കാൻസർ ഫൗണ്ടേഷനു കൈമാറിയിട്ടുണ്ട്. മാറ്റത്തിനു വേണ്ടി ഘോരം ഘോരം പ്രസംഗിക്കുമ്പോൾ ഓർക്കുക മാറ്റത്തിന്റെ തുടക്കം നമ്മളിൽ നിന്നാവണം, അപ്പോൾ മാത്രമേ ചുണ്ടനക്കാൻ പോലും നമ്മൾ അർഹരാകൂ...