Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനാരെന്ന ചോദ്യത്തിന് മൗനമാണിവരുടെ മറുപടി, മനസ്സ് മുറിക്കുന്ന മൗനം

Devadasi ചിത്രം: നിഖിൽരാജ്

ദുർഗമ്മ അഞ്ചാം ക്ലാസിലാണ്. അവൾക്ക് അപേക്ഷാ ഫോമിലെ ഒരു കോളം പൂരിപ്പിക്കാൻ അറിയില്ല; അച്ഛന്റെ പേര്. ഇനി എത്ര പഠിച്ചാലും അവൾക്കതിനാവില്ല. ദുർഗമ്മയ്ക്കെന്നല്ല, അവളുടെ സഹോദരങ്ങളായ ഹനമുന്തയ്ക്കും സുദീപിനും അനുജത്തി രേഖയ്ക്കും അപേക്ഷാ ഫോമുകളിൽ അച്ഛനില്ല. കർണാടകയിൽ ദാവനഗെരെ ജില്ലയിലെ നീൽകുണ്ഡ ഗ്രാമത്തിലെ മഞ്ജുള എന്ന ദേവദാസിയുടെ മക്കളാണിവർ. ഇവരെപ്പോലെ ഒരു കോളം ഒഴിച്ചിടേണ്ടി വരുന്നതിന്റെ പേരിൽ ഒഴിയാത്ത അപമാനവുമായി കഴിയുന്ന ഒരു ലക്ഷത്തോളം കുരുന്നുകളാണ് കർണാടകയിലെ വിവിധ ഗ്രാമങ്ങളിലായുള്ളത്. അച്ഛനാരെന്ന ചോദ്യത്തിന് മൗനമാണവരുടെ മറുപടി.

നീൽകുണ്ഡ ഗ്രാമത്തിൽ മാത്രം 15 ദേവദാസികളുണ്ട്. ഇവർക്കെല്ലാവർക്കും കൂടി 36 മക്കൾ. 10 പേർ നീൽകുണ്ഡ സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ പഠിക്കുന്നു. സ്കൂളുകളിൽ കടുത്ത അവഗണനയാണു നേരിടേണ്ടി വരുന്നതെന്നു കുട്ടികളുടെ പരിഭവം. അച്ഛന്റെ പേര് ഒഴിച്ചിട്ടിരിക്കുന്നതെന്തേ എന്നു സഹപാഠികൾ ചോദിക്കുമ്പോൾ ഉത്തരമില്ല. കുട്ടികൾ കൗതുകത്തോടെയാകാം ചോദിക്കുന്നത്; മുതിർന്നവർ അപമാനിക്കാനായും ഇതേ ചോദ്യം ചോദിക്കുന്നു. അച്ഛനില്ലാതെ നിങ്ങൾ എങ്ങനെ ഉണ്ടായി എന്ന ചോദ്യം എത്രയോ വട്ടം കേട്ടതായി ഇവിടത്തെ ദേവദാസി ഹുവ്വക്കയുടെ മകൻ ആലേഷ് പറയുന്നു. മരിയമ്മയുടെ മകൻ ആഞ്ജനപ്പ അഞ്ചാം ക്ലാസിൽവച്ചു പഠനം നിർത്തി. ദുർഗമ്മ എന്ന ദേവദാസിയുടെ മകൻ അശോക സ്കൂളിൽ പോയിട്ടേയില്ല. ഇവരെല്ലാം ഇപ്പോൾ നീൽകുണ്ഡയിൽ കൂലിപ്പണി ചെയ്തു ജീവിക്കുന്നു.

പ്രീ യൂണിവേഴ്സിറ്റി രണ്ടാംവർഷ വിദ്യാർഥിനിയായ സുവർണ കഞ്ചിക്കേരിയും എട്ടാം ക്ലാസിൽ പഠിക്കുന്ന നാഗവേണിയുമൊക്കെ പറയുന്ന പാഠങ്ങൾ ഒന്നു തന്നെ– അപമാനത്തിന്റേതും അവഗണനയുടേതും. അവർ നേരിടുന്നത് ഒരേ ചോദ്യം തന്നെ– ‘അച്ഛനില്ലാതെ നീ എങ്ങനെ ഉണ്ടായി?’ ബെളഗാവി ജില്ലയിലെ ജലാൽപുരിൽ രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനി പൂജ കാംബ്ലേയും ഒരു കോളം ഒഴിച്ചിട്ടാണ് ഇതുവരെ പഠിച്ചത്. അവളുടെ ജ്യേഷ്ഠൻ രാഗേഷ് എംഎസ്ഡബ്ല്യുവിനു പഠിക്കുന്നു. ജലാൽപുരിലെ ദേവദാസി പുലാഭായിയുടെ മക്കളാണിവർ. ഇതേ അപമാനം സഹിക്കുന്ന കുറെ കൂട്ടുകാരുമുണ്ട് ഇരുവർക്കും.

അപമാനം മാത്രമല്ല, സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും ഇവരെയെല്ലാം വേട്ടയാടുന്നു. പിതൃസ്വത്തിൽ അവകാശമില്ല. ദാരിദ്ര്യത്തിൽ ജീവിക്കുന്ന ദേവദാസികളുടെ മക്കളായി ജനിച്ച് ഇവരെല്ലാം ദാരിദ്ര്യത്തിൽ തന്നെ മരിക്കുന്നു. റായ്ച്ചൂർ, കൊപ്പാൾ, ദാവനഗെരെ, ബെള്ളാരി, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, വിജയാപുര, കലബുറഗി എന്നീ ജില്ലകളിലെല്ലാം സമാനകഥകളും ജീവിതങ്ങളും ഏറെ.

ദേവദാസിമക്കൾക്കു പിതൃസ്വത്തിൽ പങ്ക് വേണമെന്നതടക്കമുള്ള അവകാശങ്ങൾക്കു വേണ്ടി ചില സംഘടനകൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാൻ ഇവർക്കുമായിട്ടില്ല. ദാവനഗെരെയിലെ അവരക്കരെയിൽ പിതൃസ്വത്ത് ചോദിച്ചുവാങ്ങിയതുപോലെയുള്ള വിജയകഥകൾ ഒറ്റപ്പെട്ടതാണ്. ഡിഎൻഎ പരിശോധന അടക്കമുള്ള ആവശ്യങ്ങളും വേണമെങ്കിൽ ഉന്നയിക്കുമെന്നു ദേവദാസി വിമോചന മുന്നണി അടക്കമുള്ള സംഘടനകൾ പറയുന്നു. പക്ഷേ, എന്തേ വൈകുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല.

Devadasi സ്വന്തം യോഗ്യതാ സർട്ടിഫിക്കറ്റുകൾ പോലും ദേവദാസി മക്കളുടെ ഉള്ള് പൊള്ളിക്കുന്നു. അച്ഛന്റെ പേരിന്റെ കോളം ഒഴിച്ചിട്ട് അവർ പരിഹാസം ഏറ്റുവാങ്ങുന്നു.

ആരാണ് ദേവദാസികൾ ?

ക്ഷേത്രത്തിലേക്കു സമർപ്പിക്കപ്പെടുന്ന പെൺകുട്ടികളാണ് ദേവദാസികൾ. രാജസദസ്സുകളിൽ നൃത്തമാടുന്ന കലാനിപുണകൾ എന്നാണ് നമ്മൾ പഠിച്ചുവച്ചിരിക്കുന്നതെങ്കിലും കർണാടകയിലെ സ്‌ഥിതി തികച്ചും വ്യത്യസ്‌തം. പൊതുവേ വാത്മീകി, കാംബ്ലേ, മാതിക തുടങ്ങിയ പിന്നാക്ക സമുദായങ്ങളിലാണ് ഈ സമ്പ്രദായം നിലനിന്നിരുന്നത്. പെൺകുട്ടികൾക്കു പ്രായപൂർത്തിയെത്തിയാൽ അവരെ ക്ഷേത്രത്തിലെത്തിച്ചു മാല ചാർത്തുകയും പിന്നീടു ക്ഷേത്രത്തോടനുബന്ധിച്ചുള്ള പുരകളിൽ അവരെ താമസിപ്പിക്കുകയുമായിരുന്നു പണ്ടുകാലത്തെ രീതി. ഈ പെൺകുട്ടികളെ പ്രമാണിമാർ അവരുടെ ഇംഗിതത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്തു.പുതിയ പെൺകുട്ടികൾ ദേവദാസികളായെത്തുമ്പോൾ പ്രമാണിമാർ അവരിലേക്കു തിരിയും. അപ്പോൾ, പഴയ ദേവദാസികൾ പുതിയ ആളുകളെ തേടാൻ നിർബന്ധിതരാവും. ഒടുക്കം, അവരിൽ പലരും ലൈംഗികത്തൊഴിലാളികളായി.

പെൺകുട്ടികളെ പോറ്റാൻ ശേഷിയില്ലാത്ത പിന്നാക്കക്കാർ ഈ സമ്പ്രദായത്തെ അന്നു സൗകര്യമായി കണ്ടിരുന്നു എന്നതും വാസ്‌തവം.പണ്ട്, മാഘപൗർണമി നാളിൽ യെല്ലമ്മ ക്ഷേത്രങ്ങളിലെത്തിച്ചാണ് പെൺകുട്ടികളെ ദേവദാസികളാക്കിയിരുന്നത്. 1982ൽ ദേവദാസി സമ്പ്രദായം കർണാടകയിൽ നിരോധിച്ചു. എങ്കിലും പലയിടത്തും ദേവദാസിയാക്കൽ‌ ചടങ്ങുകൾ പിന്നെയും നടന്നു. ബെളഗാവി ജില്ലയിലെ സൗന്തത്തി, ദാവനഗെരെ ജില്ലയിലെ ഉച്ചംഗിദുർഗ തുടങ്ങിയ യെല്ലമ്മ ക്ഷേത്രങ്ങൾ ഇവയിൽ പ്രധാനമാണ്.

ക്ഷേത്രങ്ങളിൽ നിയന്ത്രണം വന്നപ്പോൾ ചടങ്ങുകൾ മെല്ലെ മെല്ലെ വീടുകളിലേക്കു മാറി. ദേവദാസിയായശേഷം സ്വന്തം വീടുകളിൽ തന്നെ താമസിച്ച പെൺകുട്ടികളെ അവിടെയെത്തി പലരും ഉപയോഗപ്പെടുത്തി. വീട്ടുകാർ ഒരർഥത്തിൽ ഇതിനു മൗനാനുവാദം നൽകി. ദേവദാസികൾ വിവാഹം കഴിക്കാതെ ജീവിക്കണമെന്ന വിശ്വാസം ചൂഷണത്തിനു ബലം നൽകി. അങ്ങനെ അവിവാഹിത അമ്മമാർ പെരുകി.ഈ വർഷത്തെ സുപ്രീം കോടതി ഇടപെടലിനെത്തുടർന്നു ക്ഷേത്രങ്ങളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. എങ്കിലും ഉൾപ്രദേശങ്ങളിലെ വീടുകളിൽ ദേവദാസികളുണ്ടാകുന്നില്ല എന്നു പറഞ്ഞുകൂടാ.

ദേവദാസികൾ ഒരു ലക്ഷത്തോളം

കർണാടകയിൽ ഒരു ലക്ഷത്തോളം ദേവദാസികൾ ഉണ്ടെന്നാണു സന്നദ്ധ സംഘടനകളുടെ കണക്ക്. അനൗദ്യോഗിക സർവേകളാണ് അവലംബം. എന്നാൽ, ഇത് അനർഹമായി പെൻഷൻ കിട്ടാൻ ഉണ്ടാക്കിയ തെറ്റായ കണക്കാണെന്നാണ് സർക്കാർ ഭാഷ്യം. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് 46,660 ദേവദാസികളുണ്ട്. 34 വർഷം മുൻപു ദേവദാസി സമ്പ്രദായം നിരോധിച്ച സംസ്ഥാനത്ത് 34 വയസ്സിൽ താഴെയുള്ള ദേവദാസികൾ ഉണ്ടെന്നതാണു വസ്തുത. മിക്ക ദേവദാസികൾക്കും രണ്ടും മൂന്നും മക്കളുണ്ട്. അങ്ങനെ നോക്കിയാൽ, കർണാടകയിൽ ആകെ ഒരു ലക്ഷത്തിലേറെ ദേവദാസി മക്കളുണ്ടെന്നും കാണാം.

ആവശ്യങ്ങൾ ഇങ്ങനെ

ദേവദാസിമക്കളുടെ പ്രശ്നങ്ങൾ സർക്കാരിനു മുൻപിലെത്തിക്കാൻ കർണാടക രാജ്യ ദേവദാസി മഹിളാ വിമോചന മുന്നണി ബെള്ളാരി ജില്ലയിലെ ഹഗരി ബൊമ്മനഹള്ളിയിൽ കഴിഞ്ഞ മാസം വിളിച്ചുകൂട്ടിയ ദേവദാസി മഹിളാർ മക്കൾ രാജ്യമട്ട് സമവേക്ഷ(സമ്മേളനം)യിൽ അഞ്ഞൂറോളം പേരാണു പങ്കെടുത്തത്. ഉന്നയിച്ച ആവശ്യങ്ങളിൽ ചിലത്:

∙ ഉന്നത വിദ്യാഭ്യാസത്തിനു ദേവദാസിമക്കൾക്കു സംവരണം

∙ പെൺമക്കളുടെ വിവാഹത്തിന് അ​ഞ്ചുലക്ഷം രൂപ വരെ ധനസഹായം

∙ പിതൃസ്വത്തിൽ പങ്ക്

∙ വീടുവയ്ക്കാൻ സർക്കാർ ഭൂമി

∙ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം

Your Rating: