Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗികളെ ചികിൽസിക്കാൻ സൈക്കിളിൽ ലോകം ചുറ്റുന്ന ഡോക്ടര്‍ 

Doctor Steven Fabes ഡോക്ടർ സ്റ്റീവന്‍ ഫാബ്‌സ്

ഇതു ഡോക്ടർ സ്റ്റീവന്‍ ഫാബ്‌സ്, പല വിധത്തിലുള്ള ഡോക്ടര്‍മാരെക്കുറിച്ചും നാം കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരനുഭവം ആദ്യമായിട്ടായിരിക്കും. കഴിഞ്ഞ 6 വർഷമായി ഫാബ്‌സിന്റെ യാത്ര സൈക്കിളിലാണ്. എന്നു പറഞ്ഞാൽ, സൈക്കിളിൽ ഒറ്റയ്ക്ക് ലോകം ചുറ്റുകയാണ് കക്ഷി. ഇതിനോടകം 85,754 കിലോമീറ്റര്‍ ദൂരം ഫാബ്സ് പിന്നിട്ടു കഴിഞ്ഞു. മാത്രമല്ല, 73 രാജ്യങ്ങളിലൂടെയും ഫാബ്സ് കടന്നു പോയി. 

എന്തിനാണ് ഫാബ്സ് എന്ന ഈ ഡോക്ടര്‍  ഇങ്ങനെ യാത്ര ചെയ്യുന്നത് എന്നല്ലേ?,  ലണ്ടന്‍ സ്വദേശിയായ ഇദ്ദേഹം തന്റെ യാത്രകളിലൂടെ വലിയ പാഠമാണ് ലോകത്തിനു നൽകുന്നത്. യാത്രയിൽ ഉടനീളം കക്ഷി പ്രാമുഖ്യം നൽകുന്നത് ചികിത്സയ്ക്കാണ്. ശുശ്രൂഷിക്കുക മാത്രമല്ല, ആരോഗ്യകരമായി ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നും തന്റെ യാത്രയിലൂടെ ഫാബ്സ് ലോകത്തെ പഠിപ്പിക്കുന്നു. യൂറോപ്പ്, ആഫ്രിക്ക, തെക്കന്‍ അമേരിക്ക, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നീ ആറ് ഭൂഖണ്ഡങ്ങളും യാത്രയില്‍ പിന്നിട്ടു കഴിഞ്ഞു.

6 വർഷങ്ങള്‍ക്കു മുൻപ് പബ്ബിൽ കൂട്ടുകാർക്കൊപ്പം ഇരുന്നു മദ്യപിക്കുമ്പോഴാണ് ഇങ്ങനെ വ്യത്യസ്തമായൊരു ആശയം ഫാബ്‌സിന്റെ മനസ്സിൽ വന്നത്. തിരക്കേറിയ തന്റെ ആശുപത്രി ജീവിതത്തിൽ നിന്നുമൊരു മാറ്റം അനിവാര്യമാണ് എന്നു അദ്ദേഹത്തിനു തോന്നി. അങ്ങനെ ആദ്യ യാത്ര ആരംഭിക്കുകയായിരുന്നു. തന്റെ സൈക്കിൾ യാത്രയിലൂടെ ലോകത്തെ കൂടുതല്‍ അടുത്തറിയാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും സാധിച്ചെന്ന് അദ്ദേഹം പറയുന്നു. 

Doctor Steven Fabes ഡോക്ടർ സ്റ്റീവന്‍ ഫാബ്‌സ്

യാത്രയിൽ ദാരിദ്ര്യത്തില്‍ വലയുന്നവരെയും പോഷകാഹാര കുറവുള്ള കുട്ടികളെയും കണ്ടു, രോഗത്താൽ വലയുന്നവരെയും എയ്ഡ്‌സ് ബാധിതരെയും കണ്ടു, ഭീകരാക്രമണങ്ങളുടെ വരെ നേര്‍സാക്ഷിയായി. യാത്രയ്ക്കിടെ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും സന്നദ്ധസംഘടനകളുടെ വൊളന്റിയര്‍ വേഷത്തിൽ പ്രവർത്തിക്കുകയും ചെയ്തു. സൈക്കിൾ യാത്രയുടെ ആദ്യഘട്ടത്തില്‍ തുടയെല്ലു പൊട്ടിയതിനെ തുടര്‍ന്ന് കുറച്ചുദിവസം ഒരു ആശുപത്രിയില്‍ രോഗിയായും അദ്ദേഹത്തിനു കിടക്കേണ്ടി വന്നു. പിന്നീടു മലേഷ്യയില്‍ വച്ചു ഡെങ്കിപ്പനിയും പിടികൂടി. വന്യ മൃഗങ്ങളും പാമ്പുകളും വഴിമുടക്കികളായി എത്തി.

പെറുവില്‍ എത്തിയപ്പോഴാകട്ടെ  കൊള്ളസംഘത്തിന്റെ  ആക്രമണവും നേരിടേണ്ടി വന്നു. തോക്കിന്‍മുനയാണ് വരവേറ്റത്. ഒരിക്കല്‍ അക്രമിസംഘത്തിന്റെ കത്തിക്കുത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ തീരുമാനം ശരിയായിരുന്നു എന്നു തന്നെയാണ് ഫാബ്സ് വിശ്വസിക്കുന്നത്. തന്റെ യാത്രയുടെ അനുഭവങ്ങൾ എല്ലാം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ‘സൈക്കിളിങ് ദി 6’ എന്ന പേരില്‍ ഒരു ബ്ലോഗും ഡോക്റ്റർ ആരംഭിച്ചു. തന്റെ യാത്രയിലൂടെ മെഡിക്കല്‍ എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 പൗണ്ടും(ഏതാണ്ട് 19 ലക്ഷം ഇന്ത്യന്‍ രൂപ) ഇദ്ദേഹം ഇതിനോടകം  സമാഹരിച്ചു കഴിഞ്ഞു.