Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടവുകാരില്ല, 5 ജയിലുകൾ പൂട്ടും 1900 പേർക്ക് ജോലി പോകും!

Jail Representative Image

കഴിഞ്ഞ വർഷം ജനുവരിയിലെ കണക്കനുസരിച്ച് കേരളത്തിൽ 6,217 തടവുകാർക്കു താമസിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ എല്ലാ ജയിലുകളിലുമായി ആകെ പാർപ്പിച്ചിരിക്കുന്നതാകട്ടെ 7250ൽ അധികം പേരും. ഇവരെയെല്ലാം കുത്തിനിറച്ച് താമസിപ്പിക്കുകയല്ലാതെ വേറെ വഴിയിയൊന്നുമില്ലാത്ത അവസ്ഥയിൽ കേരളം നിൽക്കുമ്പോൾ അങ്ങ് നെതർലൻഡ്സിൽ കാര്യങ്ങളെല്ലാം നേരെ തിരിച്ചാണ്. അവിടെ അഞ്ചു ജയിലുകൾ എന്നന്നേക്കുമായി നിർത്താനൊരുങ്ങുകയാണ് സർക്കാർ. കാരണം മറ്റൊന്നുമല്ല–ജയിൽ കയറ്റി ശിക്ഷിക്കാൻ ആവശ്യത്തിനു തടവുകാരെ കിട്ടാനില്ല!!!

അടുത്ത ഏതാനും വർഷത്തിനകം അഞ്ച് ജയിലുകൾ കൂടി പൂട്ടുമെന്ന് നീതിന്യായ വകുപ്പുമന്ത്രി തന്നെ കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചു. കഴിഞ്ഞ വർഷം എട്ട് ജയിലുകൾ പൂട്ടിയതിനു പുറമെയാണിത്. ജയിൽ ജീവനക്കാരുടെ ജോലി പോകാതിരിക്കാനായി അയൽരാജ്യമായ നോർവെയിൽ നിന്നു വരെ തടവുകാരെ ‘ഇറക്കുമതി’ ചെയ്ത് ഒരിക്കൽ പരീക്ഷിച്ചു നോക്കിയതാണ്. നോർവെയിൽ തടവുകാരുടെ എണ്ണം കൂടിയതായിരുന്നു കാരണം. 242 തടവുകാരാണ് ഇത്തരത്തിൽ കഴിഞ്ഞ വർഷം നെതർലൻഡ്സിലേക്ക് എത്തിയത്. ബെൽജിയത്തിൽ നിന്നും തടവുകാരെ ഇവിടെയെത്തിച്ചിരുന്നു. എന്നിട്ടും ജയിലുകൾ നിറയ്ക്കാൻ പറ്റാതായതോടെയാണ് കടുത്ത തീരുമാനത്തിലേക്കുള്ള നീക്കം. ഈ അ‍ഞ്ചു ജയിലുകളും ആളില്ലാതെ പ്രവർത്തിക്കുന്നത് സർക്കാരിന് വൻനഷ്ടമാണുണ്ടാക്കുന്നതത്രേ! നിർത്തുന്നതോടെ അവിടെ ജോലി ചെയ്തിരുന്ന 1900 പേർക്ക് ജോലി പോകുമെന്നുറപ്പായി. എഴുനൂറോളം ജീവനക്കാരെ സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. പൂട്ടുന്നത് ഏതെല്ലാം ജയിലുകളാണെന്ന വിവരം തത്കാലം പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ നിയമങ്ങളിൽ വന്ന മാറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞതുമാണ് ഇത്തരമൊരു ‘പ്രതിസന്ധിയിലേക്ക് ’ ജയിലുകളെ തള്ളിവിട്ടത്. അതേസമയം പല കേസുകളിലെയും പ്രതികളെ പിടികൂടാൻ പൊലീസ് പരാജയപ്പെട്ടതിനാലാണ് ജയിലുകൾ നിറയാത്തതെന്ന് എതിർപക്ഷത്തിന്റെ ആരോപണം. വളരെ കുറഞ്ഞ കാലയളവു മാത്രം ശിക്ഷ അനുഭവിക്കേണ്ട രീതിയിലാണു പല ജഡ്ജുമാരും വിധി പ്രസ്താവിക്കുന്നതെന്നും വിമർശനമുണ്ട്. ദീർഘകാല തടവു നൽകേണ്ട കൊടുംകുറ്റകൃത്യങ്ങൾ രാജ്യത്ത് കുറയുകയാണെന്നതും സത്യമാണ്. 2007നും 2014നും ഇടയിൽ നെതർലൻഡ്സിലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 23% കുറവുണ്ടായതായി കണക്കുകൾ തന്നെ പറയുന്നുമുണ്ട്. നിലവിലെ സാഹചര്യങ്ങൾ പ്രകാരം കുറച്ചു പേരെ അധികമായി കരുതി കണക്കുകൂട്ടിയാലും രാജ്യത്ത് കുറ്റവാളികൾക്കായി 3000 സെല്ലുകളുടെ ആവശ്യമേ വരികയുള്ളൂ. കൂടാതെ കൗമാരക്കാർക്കും മറ്റുമായി 300 ഡിറ്റൻഷൻ സെന്ററുകളുമുണ്ട്. അവയെല്ലാം ഇപ്പോൾത്തന്നെയുണ്ട് താനും.

Your Rating: