Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുക കണ്ടയുടനെ ഞാൻ നിലവിളിച്ചു, നടുക്കം വിട്ടുമാറാതെ ഡെയ്സി

Daisy ഡെയ്സി മകൾ ആഞ്ചലീനയ്ക്കൊപ്പം

''വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമാണു പുറത്തു നിന്നു പുക ഉയരുന്നതു കണ്ടത്, ഉടനെ ഞാൻ നിലവിളിച്ചു അപ്പോഴേക്കും യാത്രികരൊക്കെയും എന്തോ അപകടം ആണെന്നു മനസിലാക്കിയിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി വാതിലുകള്‍ തുറന്നു. മരണ വെപ്രാളത്തോടെയുള്ള ആളുകളുടെ തിക്കിതിരക്കലിലും തളളില്ലും പെട്ട് പലർക്കും പരുക്ക് പറ്റി. ഒപ്പമുണ്ടായിരുന്ന ജൂലിയുടെ മകള്‍ എമിലിക്ക് മൂന്ന് മാസം പ്രായമേ ഉള്ളൂ. അവരെയാണ് ആദ്യം ഇറങ്ങാന്‍ സഹായിച്ചത്. പിന്നീട് മറുത്തൊന്നും ചിന്തിക്കാൻ നിൽക്കാതെ കുട്ടികളേയും എടുത്തു എമര്‍ജന്‍സി വാതില്‍ വഴി നിരങ്ങി ഇറങ്ങി '' അമ്പരപ്പു വിട്ടുമാറാതെ ആ നിമിഷത്തെക്കുറിച്ചു പങ്കുവെക്കുകയാണ് ഓമല്ലൂർ സ്വദേശി ഡെയ്സി.

Daisy ഡെയ്സിയുടെ മകൻ ഡേവിഡ്

വെളിയില്‍ ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ആ ചൂടൊന്നും വകവെക്കാതെ ചെരിപ്പ് പോലും ഇടാതെ ഞങ്ങള്‍ വിമാനത്താവലത്തിന്റെ റണ്‍ വേയിലൂടെ ഓടി. പാസ്പോര്‍ട്ട് ഒഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടപ്പോഴും ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു. ഓട്ടത്തിനിടയിൽ വൻസ്ഫോടനം കേട്ടാണു തിരിഞ്ഞു നോക്കിയത്. കൺമുന്നില്‍ നടന്നതൊക്കെയും വിശ്വസിക്കാൻ പാടുപെടുകയായിരുന്നു അപ്പോഴും. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്, പിന്നെ ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങളും. വലിയ നടുക്കത്തില്‍ നിന്നു മനസ്സ് മോചിച്ചിട്ടില്ലെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഡെയ്സിയും കുടുംബവും. മക്കളായ ഡേവിഡിനും(3) ആഞ്ചലീന(10)യ്ക്കും ഒപ്പം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടതായിരുന്നു ഡെയ്സി. ഭർത്താവു ഷിജുരാജു ദുബായ് എയർപോർട്ടിൽ കാത്തുനിൽക്കുകയായിരുന്നു.

Plane Crash റൺവേയിൽ ഇടിച്ചിറക്കിയതിനെ തുടർന്നു തീപിടിച്ച തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടിനീങ്ങുന്നു. (വിഡിയോ ദൃശ്യം)

തലസ്ഥാനത്തു നിന്നും പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായിൽ ലാൻഡിങിനിടെ തീപിടിച്ചെന്ന വാർത്ത കേട്ടപ്പോൾ മലയാളികൾ ഒന്ന‌ടങ്കമാണു ഞെട്ടിയത്. കാരണം ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി അന്യനാട്ടിലേക്കു പറന്നുയർന്നവർക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്നായിരുന്നു ആശങ്ക. ഒടുവിൽ പൈലറ്റിന്റെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ 282 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. മരണത്തിനു മുന്നിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെയെന്നു പറയുമ്പോൾ ഓരോരുത്തരുടെയും കണ്ണുകളിൽ ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല.