Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിന്റെ ട്രാക്കിൽനിന്നു കൂട്ടുകാരനെ കോരിയെടുത്ത് ആറാം ക്ലാസുകാരൻ

sebastian-vincent-abhijith ആലപ്പുഴ മംഗലത്ത് ട്രെയിൻ വരുമ്പോൾ റെയിൽവേ ട്രാക്കിൽ വീണ അഭിജിത്തും (വലത്ത്) രക്ഷകനായ സെബാസ്റ്റ്യൻ വിൻസെന്റും (ഇടത്ത്) അപകടസ്ഥലത്ത്. ചിത്രം: മനോരമ

റെയിൽവേ ട്രാക്കിൽ സൈക്കിളുമായി വീണ് എഴുന്നേൽക്കാനാവാതെ കുടുങ്ങിക്കിടക്കുന്ന കൂട്ടുകാരൻ. ഇരമ്പിയാർത്തു പാഞ്ഞടുക്കുന്ന ട്രെയിൻ. മരണം മുഖാമുഖം വന്ന നിമിഷം. മറ്റു കൂട്ടുകാരെല്ലാം നോക്കിനിൽക്കെ സെബാസ്റ്റ്യൻ ട്രാക്കിലേക്കു ചാടി. വീണുകിടക്കുന്ന അഭിജിത്തിനെ പിടിച്ചുമാറ്റി.

ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ തൊട്ടടുത്തെത്തിയ ട്രെയിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ ട്രാക്കിനു പുറത്തേക്കു സെബാസ്റ്റ്യനും എടുത്തുചാടി. വീണതു പൊന്തക്കാട്ടിലേക്ക്. വീഴ്ചയിൽ കൈയ്ക്കു പരുക്കേറ്റെങ്കിലും സെബാസ്റ്റ്യനു വേദന തോന്നുന്നില്ല. മരണത്തിൽനിന്നു കൂട്ടുകാരനെ രക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷം മാത്രമാണ് ഇൗ പന്ത്രണ്ടുകാരന്റെ മനസ്സിലിപ്പോൾ.

ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി സെബാസ്റ്റ്യൻ വിൻസെന്റാണ് (നീരജ്) ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കെ.ആർ.അഭിജിത്തിനെ (13) സ്കൂളിലേക്കുള്ള യാത്രാമധ്യേ മരണത്തിന്റെ ട്രാക്കിൽനിന്നു കോരിയെടുത്തത്. ചൊവ്വാഴ്ച രാവിലെ 9.45നു മംഗലം റെയിൽവേ ക്രോസിനു തെക്കുഭാഗത്തുള്ള ആശാൻകവലയിലാണു സംഭവം. കാഞ്ഞിരംചിറ പഴമ്പാശേരിയിലെ സെബാസ്റ്റ്യനും കൂട്ടുകാരൻ കൈനിപറമ്പിൽ അഭിജിത്തും അടങ്ങുന്ന ഏഴംഗ സംഘം ട്രാക്കിനു കുറുകെ കടക്കുകയായിരുന്നു. ട്രെയിൻ വരാറായതിനാൽ സമീപത്തെ റെയിൽവേ ക്രോസ് അടച്ചിരുന്നു. സൈക്കിളുമായി ട്രാക്കിനു മധ്യത്തിലെത്തിയ അഭിജിത്ത് പൊടുന്നനെ വീണു. ബാഗിനും സൈക്കിളിനും അടിയിൽ കുടുങ്ങിയ അഭിജിത്തിന് എഴുന്നേൽക്കാനായില്ല.

ഇതിനോടകം ട്രെയിൻ അടുത്തെത്തിയതോടെ മറ്റു കൂട്ടുകാർ പകച്ചു. ട്രാക്കിൽനിന്നു ദൂരെനിന്നിരുന്ന സെബാസ്റ്റ്യൻ മനസ്സാന്നിധ്യം വീണ്ടെടുത്ത് ഓടിച്ചെന്നു. ആദ്യം സൈക്കിൾ എടുത്തുമാറ്റി. പിടിച്ച് എഴുന്നേൽപ്പിച്ചെങ്കിലും നടക്കാനാവാതെ കുഴഞ്ഞുനിന്ന അഭിജിത്തിനെ ട്രാക്കിനു പുറത്തേക്കു ചവിട്ടി മാറ്റുകയായിരുന്നു. പെട്ടെന്നു ട്രാക്കിനു പുറത്തേക്കു ചാടിയതുകൊണ്ടു സെബാസ്റ്റ്യനും രക്ഷപ്പെട്ടു. നിമിഷാർധത്തിനിടെ ട്രെയിൻ പാഞ്ഞുപോയി.

കൈ നിലത്തടിച്ചുവീണ സെബാസ്റ്റ്യനെ വിവരമറിഞ്ഞെത്തിയ മാതാവും നാട്ടുകാരും ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബന്ധപ്പെട്ട ഡോക്ടർ ഉണ്ടായിരുന്നില്ല. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോൾ അസ്ഥികൾക്കു സ്ഥാനഭ്രംശം ഉണ്ടെന്നു കണ്ടതിനെ തുടർന്നു പ്ലാസ്റ്റർ ഇടുകയായിരുന്നു.