Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിക്കെട്ടപകടം , ജീവിക്കുന്ന രക്തസാക്ഷിക്ക് പറയാനുള്ളത്

 ഒരുവന്‍റെ മൂക്ക് ആരംഭിക്കുന്നിടത്തു എന്‍റെ കൈ വീശാനുള്ള സ്വാതന്ത്ര്യം തീരുന്നു എന്നു പറയുന്നത് പോലെ അവരുടെ ചെവിയുടെ ഇയര്‍ ഡ്രം പൊട്ടുന്നത് വരെ ആണോ നമുക്ക് ഒച്ചഉണ്ടാക്കാനുള്ള സ്വതന്ത്ര്യം?

2001 മെയ് രണ്ട് കോട്ടയം സ്വദേശിയായ അജിത്‌ പി സിയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്, അന്നത്തെ ആ 9 വയസ്സുകാരന് നഷ്ടമായത് തന്റെ ഇടതു കയ്യിലെ 4 കൈവിരലുകൾ ആണ്.

മലയാളികൾ കേട്ട് തഴമ്പിച്ച കരിമരുന്ന് അപകടങ്ങളുടെ കൂട്ടത്തിലെ അധികം ആരും ചർച്ച ചെയ്യപ്പെടാത്ത ഇരയാണ് അജിത്‌ പി സി എന്ന 24 കാരൻ. 15 വർഷം മുൻപാണ് അപകടം നടന്നത് എങ്കിലും, ആ അപകടത്തിന്റെ നടുക്കം ഇന്നും അജിത്തിനെ വിട്ടു പിരിഞ്ഞിട്ടില്ല. ഇടതു കൈയിലെ ഞരമ്പുകളിൽ രക്തയോട്ടം വർദ്ധിക്കുമ്പോൾ, ഇപ്പോഴും യഥാസ്ഥാനത്ത് കൈവിരലുകൾ ഉണ്ട് എന്ന തോന്നലാണ്.

അജിത്തിന്റെ വാക്കുകളിൽ, തന്റെ ജീവിതം തകർത്ത ആ സംഭവം ഇങ്ങനെ. '' 2001 ലെ അവധിക്കാലം, പെരുന്നാൾ കഴിഞ്ഞ് ജനങ്ങൾ എല്ലാവരും ആഘോഷലഹരിയുടെ മയക്കത്തിലാണ്. കോട്ടയത്തെ തികച്ചും ഒരു ഗ്രാമ പ്രദേശത്തായിരുന്നു എന്റെ വീട്. തലേന്ന് പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കരിമരുന്ന് പ്രയോഗത്തിന്റെ ഭാഗമായി ചിതറിത്തെറിച്ച പൊട്ടാത്ത പടക്കങ്ങളും മറ്റും കുട്ടികൾ ശേഖരിച്ച് വീണ്ടും പൊട്ടിക്കുന്നുണ്ട്. ഞാൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന എന്റെ കണ്ണിൽ അവിചാരിതമായാണ് ഒരു പന്ത് വന്നു പെട്ടത്. 9 വയസ്സുകാരന്റെ കൌതുകം, ഞാൻ അത് ചെന്ന് എടുത്തു. രണ്ടാമതൊന്നു ചിന്തിക്കാൻ സമയം കിട്ടും മുൻപ് ആ പന്ത് എന്റെ കൈവിരലുകൾ തെറിപ്പിച്ചുകൊണ്ട്  ഇടതു കയ്യിൽ ഇരുന്നു പൊട്ടി. തലേ ദിവസം നടന്ന വെടിക്കെട്ടിന്റെ ബാക്കിപത്രമായ ഗുണ്ട് ആയിരുന്നു അതെന്നു പറയപ്പെടുന്നു.

ഏകദേശം രണ്ടുമാസം ആശുപത്രി വാസം, അകവും പുറവും ഒരുപോലെ പൊള്ളുന്ന അവസ്ഥ. 3 വിരലുകൾ സംഭവസ്ഥലത്ത് വച്ചു തന്നെ നഷ്ടപ്പെട്ടു. ശേഷിച്ച രണ്ടു വിരലുകളിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു എങ്കിലും വിധി മറിച്ചായിരുന്നു. കരിമരുന്നിന്റെ ഫലമായ അണുബാധയെ തുടർന്ന് ഒന്നരമാസത്തിനു ശേഷം ഒരു വിരൽ കൂടി മുറിച്ചു മാറ്റേണ്ടി വന്നു. ആ അവസ്ഥയിൽ ശാരീരികമായ വേദനയെക്കാൾ ഏറെ തളർത്തിയത് മാനസികമായ വിഷമവും ആത്മവിശ്വാസത്തിൽ വന്ന ഇടിവുമായിരുന്നു".

ശരീരത്തിലെ മുറിവ് കരിഞ്ഞു എങ്കിലും, മനസ്സിൽ നിന്നും ആ മുറിവ് പോയില്ല. സ്കൂളിലും മറ്റും ഒറ്റപ്പെട്ട അവസ്ഥ, ആളുകൾ കൈയിലേക്ക് ഭയത്തോടും അനുകമ്പയോടും മാത്രം നോക്കുന്ന ആ അവസ്ഥയിൽ നിന്നും ഏറെ ശ്രമിച്ചിട്ടാണ് അജിത്‌ പുറത്തു കടന്നത്‌. ബാല്യം, അവധിക്കാലം തുടങ്ങിയ നല്ല ഓർമ്മകൾ അജിത്തിന് ഈ കാലയളവിൽ നഷ്ടമായിരുന്നു. 

തന്റെ കൈയുടെ അവസ്ഥ കാണിച്ച്, അജിത്ത് വെടിമരുന്നു പ്രയോഗം നിർത്താൻ തന്നാൽ കഴിയും വിധം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഇപ്പോൾ എം.എ പഠനശേഷം ട്രെയിനർ ആയി ജോലി നോക്കുമ്പോഴും അജിത്‌ അത് തന്നെ പറയുന്നു. '' ആ സംഭവത്തിനു ശേഷം എന്റെ വീട്ടിൽ പടക്കം വാങ്ങിയിട്ടില്ല , എന്റെ വിദ്യാർത്ഥികളും എന്റെ ഈ അവസ്ഥ കണ്ട് കരിമരുന്നിനു ഗുഡ്ബൈ പറഞ്ഞിട്ടുണ്ട്. പരവൂര് ദുരന്തം നടന്ന പശ്ചാത്തലത്തിൽ ഞാൻ എന്റെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത് ഇത്തരം ആഘോഷങ്ങൾക്ക് എതിരായി നിൽക്കണമെന്നാണ്'' അജിത്‌ പറയുന്നു .

നമ്മുടെ കണ്ണുകള്‍ക്ക് വെളിച്ചം നല്‍കുന്നത് മറ്റുള്ളവരുടെ പുഞ്ചിരികള്‍ ആയിക്കൂടെ? ചില സംഘടനകളും വിശ്വാസ സമൂഹങ്ങളും ചെയ്യുന്നത് പോലെ ചിലവുകുറച്ചു ആ പണം മറ്റുള്ളവന്റെ നന്മയ്ക്കായി ഉപയോഗിക്കാമല്ലോ.. അവരുടെ നന്ദി വാക്കുകള്‍ നമ്മുടെ കാതുകള്‍ക്ക് ഇതിലും ഇമ്പം ആവില്ലേ..?? പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും അടക്കം എല്ലാവരുടെയും നെഞ്ചത്തിട്ട് തന്നെ വേണോ ഇതൊക്കെ പൊട്ടിക്കാന്‍.. പരവൂര്‍ അപകടത്തില്‍ കേട്ടു നിന്നവരുടെ ചെവി പൊട്ടി ചോരഒലിച്ചു എന്നു കേട്ടപ്പോള്‍ മുതല്‍ എന്‍റെ ചെവിയും വിങ്ങുന്നു. ഒരുവന്‍റെ മൂക്ക് ആരംഭിക്കുന്നിടത്തു എന്‍റെ കൈ വീശാനുള്ള സ്വാതന്ത്ര്യം തീരുന്നു എന്നു പറയുന്നത് പോലെ അവരുടെ ചെവിയുടെ ഇയര്‍ ഡ്രം പൊട്ടുന്നത് വരെ ആണോ നമുക്ക് ഒച്ച ഉണ്ടാക്കാനുള്ള സ്വതന്ത്ര്യം..അജിത്‌ ചോദിക്കുന്നു 

''വെടിക്കെട്ട് നിരോധിക്കണം, കരിമരുന്ന് പ്രയോഗം നിരോധിച്ചാൽ അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ കഷ്ടത്തിലാകും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ചാരായം വാറ്റി ആളുകൾ ജീവിക്കുന്നു എന്ന് കരുതി നാം അത് അംഗീകരിക്കുമോ? ഇല്ല, അത് പോലെ തന്നെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുന്ന ഇത്തരം തൊഴിലുകൾ നിരോധിക്കണം, സർക്കാർ മുൻകൈ എടുത്ത് അവരെ പുനരധിവസിപ്പിക്കണം'' അജിത്‌ പറയുന്നു.

പരവൂർ വെടിക്കെട്ട് അപകടം നടന്നതിനെ തുടർന്ന് ഫേസ്ബുക്കിൽ തന്റെ കഥ പോസ്റ്റ്‌ ചെയ്യുകയായിരുനനു അജിത്‌. തന്റെ സുഹൃത്ത് വലയത്തിൽ ഉള്ളവരെ മാത്രം ഉദ്ദേശിച്ച് ഇട്ട പോസ്റ്റ്‌ ജനങ്ങളെ സ്വാധീനിച്ചതിൽ അജിത്‌ സന്തോഷവാനാണ്. 

Your Rating: