Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങളോട് ഇഴചേർന്ന ജീവിതം; ഇതാവണം മന്ത്രി

01thiothaman-1 ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ

ജനങ്ങളോട് ഇഴചേർന്ന ജീവിതം
ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമന്റെ വീടു കണ്ടുപിടിക്കാൻ ചേർത്തലയിലെ ഏതെങ്കിലും തൊഴിലാളിയോടു ചോദിച്ചാൽ മതിയെന്നു കേട്ടിരുന്നു. സിപിഐയുടെ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. കയർ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണ്. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രസിഡന്റാണ്. അതുകൊണ്ട് ഏതു സ്ഥലത്തു ചോദിച്ചാലും മന്ത്രിയുടെ വീടു കൃത്യമായി പറഞ്ഞുതരും. ചേർത്തല ബസ് സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളോടു ചോദിച്ചു. ‘ഇവിടെ നിന്നു പടിഞ്ഞാട്ടേക്കു പോകുമ്പോള്‍ പാരഡൈസ് തിയറ്റർ. അവിടെ നിന്നു പടിഞ്ഞാട്ടു പോകുമ്പോള്‍ എൻഎച്ചിൽ കയറി റയിൽവേ ക്രോസ് കഴിഞ്ഞു പെരുമ്പാറ ജംക്ഷൻ. പിന്നെ പടിഞ്ഞാട്ടേക്കു ചെല്ലുമ്പോൾ അരീപ്പറമ്പു വടക്ക്. എട്ടു കിലോമീറ്റർ കാണും, ഇടതു വശത്താണു വീട്. അവിടെ നല്ല ആൾക്കൂട്ടവും കാണും. വീട്ടിലേക്കുളള റോഡിന്റെ ഇരുവശവും പച്ചപ്പു നിറഞ്ഞതാണ്. നിറയെ പച്ചക്കറി വിളഞ്ഞു നിൽക്കുന്നു. ജൈവകൃഷിയാണ്. ജൈവ പച്ചക്കറി കേരളത്തില്‍ ചർച്ചയാകുന്നതിനു മുൻപു തന്നെ സ്വന്തം പഞ്ചായത്തിൽ തിലോത്തമൻ വിജയകരമായി നടപ്പാക്കിയിരുന്നു. വളരെ സൗമ്യമായ പെരുമാറ്റമാണു മന്ത്രിയുടെ മുഖമുദ്ര. വളച്ചു കെട്ടുകളില്ല. മന്ത്രിയുമായി നടത്തിയ ദീർഘ സംഭാഷണത്തിൽ നിന്ന്:

03thilothaman-3 ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ കുടുംബത്തോടൊപ്പം

അച്ഛൻ, അമ്മ
ഞങ്ങൾ ആറു മക്കളാണ്. നാല് ആണും രണ്ടു പെണ്ണും. അച്ഛൻ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. അച്ഛൻ മരിച്ചിട്ടു രണ്ടു വർഷമായി. മരിക്കുമ്പോൾ തൊണ്ണൂറ്റിയൊന്നു വയസ്സുണ്ടായിരുന്നു. ആറു മാസം മുൻപായിരുന്നു അമ്മയുടെ മരണം. വിട്ടു മാറാത്ത ചുമയെത്തുടർന്നു പരിശോധിച്ചപ്പോഴാണു കാൻസർ ആണെന്നറിഞ്ഞത്. അതുവരെ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ചേർത്തല തെക്ക് രവീന്ദ്ര കൊയർ വർക്സ് എന്ന വലിയ കയർ കയറ്റുമതി സ്ഥാപനത്തിൽ കയർ ഉൽപന്നങ്ങൾ നെയ്യുന്ന തൊഴിലാളിയായിരുന്നു അച്ഛൻ. ടി.പി. രാഘവന്റെ കമ്പനിയായിരുന്നു. അച്ഛൻ മാത്രമല്ല, ജ്യേഷ്ഠനും അവിടെ മൂപ്പനായിരുന്നു. കയർ വ്യവസായത്തിൽ മൂപ്പന്‍മാർക്കു വലിയ സ്ഥാനമുണ്ട്. നെയ്തു കൊണ്ടുവരുന്ന തടുക്കും കയറുമൊക്കെ തരം തിരിച്ച് അതിന്റെ ഗുണമേന്മ നിർണയിക്കുന്ന ജോലിയാണ് മൂപ്പന്റേത്. അവരുടെ തീരുമാനം അന്തിമമാണ്. കമ്പനി തളളുന്ന കയർ ഉല്പന്നങ്ങൾ ആലപ്പുഴ വഴിച്ചേരി ചന്തയില്‍ കൊണ്ടു പോയി വിൽക്കും. അതു രണ്ടാം തരം കയർ ഉൽപന്നങ്ങളാണ്. മൂപ്പൻമാർ തിരഞ്ഞെടുത്ത കയർ ഉല്‍പന്നങ്ങള്‍ കമ്പനി വിദേശത്തേത്തു കയറ്റി അയയ്ക്കും. പക്ഷേ, ടി.പി. രാഘവന്റെ മരണത്തോടെ കമ്പനി തകർന്നു. അച്ഛൻ മറ്റൊരു കമ്പനിയിൽ ചേർന്നു. എഐടിയുസിക്കാരായ തൊഴിലാളികളെ ചേർത്തു കൊണ്ട് അച്ഛൻ ഒരു സൊസൈറ്റി ഉണ്ടാക്കി. അതിനു ശേഷം സൊസൈറ്റിയിൽ നിന്നു പിരിഞ്ഞ് അച്ഛനും അച്ഛന്റെ ആത്മസുഹൃത്തായ കണ്ടൂർ പരമേശ്വരനും ചേർന്നു വീട്ടിൽ രണ്ടു തറികൾ ഇട്ടു.

03new thilothaman ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ

ആ സമയത്തു ഞാൻ ഹൈസ്കൂളിൽ പഠിക്കുകയാണ്. ജ്യേഷ്ഠൻ കൃഷ്ണപ്പൻ എസ്എസ്എൽസി കഴിഞ്ഞു കയർ ത്തൊഴിലാളിയായി. വീട്ടിൽ തറിയിട്ടതോടെ എല്ലാവരും ജോലി ചെയ്യണമെന്നു വന്നു. അന്നു ഞങ്ങൾ നെയ്തിരുന്നതു കർണാട്ടിക് തടുക്ക് ആയിരുന്നു. തടുക്കുകളിൽ ഏറ്റവും മുന്തിയ ഇനം ആണ്. വലിയ വലുപ്പമില്ലെങ്കിലും നല്ല വില കിട്ടും. അതു ചണവും കയറും ചേർത്തു നിർമിക്കുന്നതാണ്. കയർ എന്നു പറഞ്ഞാൽ സാധാരണ കയർ അല്ല. വളരെ നേർത്ത കയർ. വയലാറിൽ മാത്രം ഉണ്ടാക്കുന്ന കയര്‍. അങ്ങനെ ചെറിയ പ്രായത്തിൽത്തന്നെ ഞാൻ നെയ്യാൻ പഠിച്ചു.

സെന്റ് മൈക്കിൾസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴും രാവിലെ തടുക്കു നെയ്തിട്ടാണു കോളജിൽ പോയിരുന്നത്. ഡിഗ്രിക്കു ചേർത്തല എസ് എൻ കോളജിൽ ആണു പഠിച്ചത്. അന്ന് അവധി ദിവസങ്ങളിൽ തടുക്കു നെയ്യും. വീട്ടിൽ എല്ലാവരും കഠിനമായി അധ്വാനിച്ചിരുന്നു. പാവിടാനും കയറു പിരിച്ചു കുത്താനും തടുക്കു തയ്ക്കാനും ഒക്കെ ഓരോരുത്തർക്കും പ്രത്യേകം ചുമതലകളുണ്ടായിരുന്നു. എല്ലാവരും വളരെ കഷ്ടപ്പെട്ടു. അതുകൊണ്ടു നല്ല നിലയിൽ ഞങ്ങൾക്കു ജീവിക്കാൻ സാധിച്ചു. ഈ പ്രദേശത്തു സാമാന്യം മെച്ചപ്പെട്ട രീതിയിൽ ജീവിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അവസാന നാളുകൾ വരെ അച്ഛനും അമ്മയും ജോലി ചെയ്തിരുന്നു.

പാർട്ടിയിലേക്ക്
സ്എ കോളജിൽ പഠിക്കുന്ന സമയത്താണു വിദ്യാർഥി രാഷ്ട്രീയത്തിൽ ഞാൻ സജീവമായത്. ആ സമയത്തു തന്നെ സിപിഐയുടെ മണ്ഡലം കമ്മിറ്റി ഭാരവാഹിയായി വിദ്യാർഥി രംഗത്തെ പ്രവര്‍ത്തനം ഒരു ഹരം തന്നെയായിരുന്നു. ആലപ്പുഴ മുഴുവൻ നടന്നു സംഘടനയ്ക്കു വേണ്ടി പണിയെടുത്തു. എന്നുവച്ചു ഞാൻ പഠിത്തത്തിൽ പിന്നിലായിരുന്നില്ല. ധനതത്വ ശാസ്ത്രത്തിലായിരുന്നു ബി.എ.

ഡിഗ്രിക്കു ശേഷം തുടർന്നു പഠിക്കുന്നതു ബുദ്ധിമുട്ടായി. അതു കൊണ്ട് എന്തെങ്കിലും ഒരു തൊഴിൽ വേണമെന്നായി. അങ്ങനെ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിൽ ഡിപ്ലോമ ഇൻ ബാങ്കിങ് എന്ന കോഴ്സിനു ചേർന്നു. ആഴ്ചയിൽ രണ്ടു ദിവസം കോണ്ടാക്ട് ക്ലാസ്. എറണാകുളം ലോ കോളജിൽ വച്ചു നടക്കും. പതിനെട്ടു മാസത്തെ കോഴ്സാണ്. അതു പൂർത്തിയാക്കിയ കാലത്താണു തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം വന്നത്. ആ സമയത്തു ഞാൻ എവൈഎഫ്ഐയുടെ മണ്ഡലം സെക്രട്ടറിയാണ്. എംഎയ്ക്കു പ്രൈവറ്റായി ചേർന്നെങ്കിലും പരീക്ഷ എഴുതാൻ സാധിച്ചില്ല. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. പതിനാറു വർഷം എഐവൈഎഫിന്റെ മണ്ഡലം സെക്രട്ടറിയായിരുന്നു. പിന്നെ ജില്ലാ പ്രസിഡന്റായി, സംസ്ഥാന വൈസ് പ്രസിഡന്റായി.

02thilothama-2 ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ

കയർ തൊഴിലാളി യൂണിയൻ രംഗത്തേക്ക് എന്നെ കൊണ്ടുവന്നതു സഖാവ് സി.ജി. സദാശിവന്‍ ആയിരുന്നു. എംഡി ചന്ദ്ര സേനൻ ആണ് എന്നെ സംസ്ഥാന ഭാരവാഹിയാക്കിയത്. പിന്നീടു ഞാൻ കയർ ഫെഡിന്റെ വൈസ് പ്രസിഡന്റായി. അന്നു വി.െക. വിശ്വനാഥൻ സാർ ആയിരുന്നു ജില്ലാ സെക്ര ട്ടറി. എല്ലാവും ആദരിക്കുന്ന വ്യക്തിത്വം. പാർട്ടിയെ ശക്തമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉജ്വലനായ പ്രസംഗകനായിരുന്നു. ധരിച്ചിരുന്ന വെളളവസ്ത്രം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. യഥാർഥ ആദർശശാലി. വിശ്വനാഥൻ സാറാണ് എന്നെ വളർത്തിക്കൊണ്ടു വന്നത്.

പി.എസ്. ശ്രീനിവാസൻ വ്യവസായ മന്ത്രിയായപ്പോൾ കെൽട്രോണില്‍ ഒരു ഒഴിവു വന്നു. ഞാൻ അപേക്ഷിച്ചു. ഇന്റർവ്യൂവിനു ചെന്നപ്പോൾ ധാരാളം പേര്‍. എന്റെ കൂടെ പഠിച്ചവരും ഉണ്ട്. ഞാൻ ചെല്ലുമ്പോൾ പറയുന്നതു കേൾക്കാം– ദാ, നേതാവു വരുന്നുണ്ട്. ഇനി നമ്മൾ ഇരുന്നിട്ടു കാര്യമില്ല എന്ന്.

ഇന്റർവ്യൂ കഴിഞ്ഞു വന്ന് ഞാൻ വിശ്വൻ ചേട്ടനോടു ജോലിക്ക് അപേക്ഷിച്ച കാര്യം പറഞ്ഞു. അദ്ദേഹം ഇരുന്ന സീറ്റിൽ നിന്നു ക്ഷുഭിതനായി ചാടിയെഴുന്നേറ്റു– താനൊക്കെ പോയാൽപ്പിന്നെ ഈ പാർട്ടിയിൽ ആരാണുളളതെടോ എന്നു ചോദിച്ചു. ജോലിക്കൊന്നും പോകണ്ട, പൊതുപ്രവർത്തകനായാൽ മതി എന്നു പറഞ്ഞു. ഏതായാലും എന്നെ കളിയാക്കിയവനു ജോലി കിട്ടി. പിന്നീട് എനിക്കു കേന്ദ്ര ഗവൺമെന്റിന്റെ കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡിൽ ജോലി കിട്ടി. പക്ഷേ, ഞാൻ പോയില്ല. എന്റെയൊപ്പം തിരഞ്ഞെടുക്കപ്പെട്ടവരൊക്കെ ഇന്നു പ്രധാന തസ്തികകളിലാണ്. 1978 മുതൽ ഞാൻ പാർട്ടിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നു.

പഞ്ചായത്തു പ്രസിഡന്റ്
ഇതു സിപിഐയ്ക്കു സ്വാധീനമുളള വാർഡ് ആണ്. എന്നെ മൽസരിപ്പിക്കാൻ ആലോചന വന്നപ്പോൾ ഞാൻ മൽസരിക്കുന്നില്ല എന്നു പറഞ്ഞു. 1994ലെ തിരഞ്ഞെടുപ്പിൽ എല്ലാവരും കൂടി നിർബന്ധിച്ചു ഞാൻ മൽസരിച്ചു. അന്നു ഞാൻ പാർട്ടിയുടെ ജില്ലാ സെന്ററിൽ പ്രവർത്തിക്കുകയാണ്. മൽസരിച്ചു. ജയിച്ചു. 1996ൽ പഞ്ചായത്തു പ്രസിഡന്റായി. ആ സമയത്തു കേരളത്തിലെ അറിയപ്പെടുന്ന പഞ്ചായത്തായി ചേർത്തല തെക്ക് പഞ്ചായത്ത് മാറി. ധാരാളം ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചു. ജനകീയാസൂത്രണം വരുന്നതിനു മുൻപാണ്. പഞ്ചായത്തിനു ഫണ്ട് ഒന്നുമില്ല. ജനങ്ങളിൽ നിന്നു പണം സംഭരിച്ചു കൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. പച്ചക്കറി കൃഷിയൊക്കെ വ്യാപകമായി നടത്തി. ഇവിടെ വലിയൊരു തോടുണ്ട്. പൊത്തശ്ശേരി അർത്തുങ്കൽ പൊഴിത്തോട്. അതു രണ്ടു വശത്തും ആളുകൾ കയ്യേറി നശിപ്പിച്ചിരുന്നു. പത്തിരുന്നൂറ് ആളുകളെ പങ്കെടുപ്പിച്ച് അതു തിരികെ യഥാർഥ വീതിയിലാക്കി. അന്ന് അതു വലിയ സംഭവമായിരുന്നു. ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കുന്ന ലിസ്റ്റിൽ നമ്മുടെ പഞ്ചായത്തും വന്നു. ഗ്രാമസഭകളിൽ നൂറു കണക്കിന് ആളുകളാണു പങ്കെടുത്തിരുന്നത്. അങ്ങനെ ഒരു പൊതു ആവേശമുണ്ടായിരുന്നു.

കൃത്യം രണ്ടു വർഷം തികഞ്ഞപ്പോൾ ഞാൻ രാജിവച്ചു. എഐടിയുസിയുടെ അഖിലേന്ത്യാ സമ്മേളനം പഞ്ചാബിൽ നടക്കുന്നുണ്ടായിരുന്നു. രാജിവച്ചയുടനെ ഞാൻ അവിടേക്കാ ണു പോയത്. അതറിഞ്ഞ് ഈ പ്രദേശത്തെ എല്ലാ രാഷ്ട്രീ യക്കാരും എനിക്കൊരു സ്വീകരണം തന്നു. വീട്ടിൽ നിന്നു ജാഥയായി അരീപ്പറമ്പു ജംക്ഷനിൽ വന്നായിരുന്നു സ്വീകര ണം. അതു ജീവിതത്തിലെ മറക്കാൻ പറ്റാത്ത സംഭവമാണ്. ഞാൻ എടുത്ത പ്രയത്നത്തിനു കിട്ടിയ അംഗീകാരമായിരുന്നു അത്.

നിയമസഭയിലേക്ക്
പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയിലെ പ്രവർത്തനം നിയമസഭാതിരഞ്ഞെടുപ്പിൽ എന്നെ സഹായിച്ചു. എനിക്കു മുൻപു സി.കെ. ചന്ദ്രപ്പനാണ് ഇവിടെ മൽസരിച്ചു കൊണ്ടിരു ന്നത്. മൂന്നു നാലു തവണ മല്‍സരിച്ചു. ഒരു തവണയാണ് അദ്ദേഹത്തിനു വിജയിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ വലംകയ്യായി ഞാൻ കൂടെയുണ്ടായിരുന്നു. സി.കെ. ഇവിടെ വന്നാൽ എന്നെ വിളിക്കും. ഞാൻ ഓടിച്ചെല്ലും. രണ്ടായിര ത്തിയാറിലെ തിരഞ്ഞെടുപ്പില്‍ പാർട്ടി എന്റെ പേര് ഏകക ണ്ഠമായി നിർദേശിച്ചു. സി.കെ. അന്നു പാർട്ടി സെന്ററിൽ ഉണ്ട്. എന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിൽ സി.െക വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹം അന്നു ത‍ൃശൂർ എം.പി ആണ്. ഇവിടെ വന്നു മുഴുവന്‍ സമയവും എന്റെ വിജയത്തിനു വേണ്ടി പ്രവരർത്തിച്ചു. യുഡിഎഫിനു ഭൂരിപക്ഷമുളള മണ്ഡലമാണു ചേർത്തല. എന്നിട്ടും എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഞാൻ വിജയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ കെ.ആർ. ഗൗരിയമ്മയായിരുന്നു എതിർസ്ഥാനാർഥി. അപ്പോൾ 19000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. അതു ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു. ഗൗരിയമ്മ ആദ്യമൊക്കെ മൽസരിച്ചു ജയിച്ച മണ്ഡലമാണ്. ഗൗരിയമ്മയുടെ കുടുംബവീട് പട്ടണക്കാട് പഞ്ചായത്തിൽ വിയത്തറ വാർഡിലാണ്. ആ ബൂത്തിൽപ്പോലും എനിക്കു ഭൂരിപക്ഷം കിട്ടി. വോട്ടെണ്ണുമ്പോള്‍ ഗൗരിയമ്മ എന്റെ അടുത്തുണ്ട്. അവസാന ബൂത്തും എണ്ണിക്കഴിഞ്ഞിട്ടാണു ഗ ൗരിയമ്മ വോട്ടെണ്ണൽ സ്ഥലത്തു നിന്നും പോയത്. പക്ഷേ, നാമനിർദേശം കൊടുക്കുമ്പോൾതന്നെ എനിക്ക് ഉറപ്പുണ്ടാ യിരുന്നു. ഞാൻ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും എന്ന്. കാര ണം കഴിഞ്ഞ അഞ്ചു കൊല്ലം ഞാൻ വളരെ നല്ല പ്രവർത്തന മാണു നടത്തിയത്.

കാർ അപകടം
രണ്ടാമത്തെ തവണ എംഎൽഎ ആയിരുന്ന സമയത്താണു തിരുവനന്തപുരത്തേക്കുളള യാത്രയില്‍ എനിക്ക് ഒരു വലിയ അപകടമുണ്ടായത്. കായംകുളത്തിനു സമീപം കരീലക്കുളങ്ങ രയിൽ. സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലമാണ്. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സമ്മേളനങ്ങൾ നടക്കുന്ന സമയമായിരുന്നു. ‍ഞാൻ അർത്തുങ്കൽ ലോക്കൽ കമ്മിറ്റിയുടെ സമ്മേളനത്തിൽ പ്രസംഗിച്ചു. എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റ് സഖാവ് വേലപ്പൻ ചേർത്തല തെക്കിൽ എത്തിയിരുന്നു. പ്രസംഗം കഴിഞ്ഞു ഞങ്ങൾ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. അതിനുശേഷം ഞാൻ ക്ഷണിച്ചതു കൊണ്ടു സഖാവു വേലപ്പൻ എന്റെ വീട്ടിൽ വന്നു. അദ്ദേഹം നല്ല പ്രസംഗകനാ യിരുന്നു. ചേർത്തലയിൽ യോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആലപ്പുഴക്കാരാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പക്ഷേ അവിടെ പ്രസ‌ംഗിക്കാൻ കാനം രാജേന്ദ്രനുണ്ട്. ചേർത്തലയിൽ പ്രസംഗി ക്കേണ്ട പലരും എത്തിയിട്ടുമില്ല. അങ്ങനെ ഇവിടത്തെ പാർട്ടി സെക്രട്ടറി ആലപ്പുഴയിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ സഖാ വു വേലപ്പനെ ഇങ്ങോട്ടു വിടുകയായിരുന്നു.

ഭക്ഷണം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ഞാൻ ചേർത്തല സ്റ്റാൻഡിൽ കൊണ്ടു പോയി വിടാം. കാരണം ഞാൻ തിരുവനന്തപുരത്തേക്കു പോകുന്നതു മറ്റൊരു കാറിലാണ്. അപ്പോൾ അദ്ദേഹത്തന് എനറെ കൂടെത്തന്നെ വരണം. വൈക്കത്തെ അജിത് പുതിയൊരു കാർ വാങ്ങിയി രുന്നു. അതിൽ നമുക്ക് ഒരുമിച്ചു പോകാമെന്ന അജിത് നിർദേശിച്ചു. കാര്‍ തിരുവനന്തപുരത്തു റജിസ്റ്റർ ചെയ്യണം. അതിനാണ് അജിത് കാറുമായി വരാമെന്നു പറഞ്ഞത്. അങ്ങനെ ഞങ്ങൾ ഒരുമിച്ചു മെഡിക്കൽ കോളജിനു മുന്നിൽ നിന്ന് അജിത്തിന്റെ കാറിൽ കയറി. പോകുന്ന വഴിയിൽ അപകടമുണ്ടായി. സഖാവ് വേലപ്പൻ മരിച്ചു.

അദ്ദേഹം മുൻസീറ്റിലാണ് ഇരുന്നത്. വണ്ടി വഴിയരികിലുളള കുളത്തിൽ പോയി വീഴുകയായിരുന്നു. നിറയെ ചെളിയുണ്ടായിരുന്നു. ചെളി മൂക്കിലും ശ്വാസകോശത്തിലും കയറി ശ്വാസം മുട്ടിയാണു മരിച്ചത്. എന്നെ ശ്രീചിത്രയിലേക്കു കൊണ്ടു പോയി. കാരണം ആദ്യ തിരഞ്ഞെടുപ്പു കഴിഞ്ഞു പാർട്ടിയിലെ മന്ത്രിമാരെ നിശ്ചയിക്കാൻ കൂടുന്ന സമയത്ത് എനിക്കു ഹൃദയാഘാതമുണ്ടായി. ശ്രീചിത്രയിലാണ് ആൻജി യോപ്ലാസ്റ്റി ചെയ്തത്. അതുകൊണ്ടു ചെക്കപ്പിനു ശ്രീചിത്ര യില്‍ പോകാറുണ്ടായിരുന്നു. അതറിയാവുന്നതു കൊണ്ടാണ് എന്നെ അങ്ങോട്ടു കൊണ്ടു പോയത്. എന്റെ നിർബന്ധം കൊണ്ട് എന്നെ അവിടുന്നു ഡിസ്ചാർജ് ചെയ്തു. ഞാൻ എംഎൽഎ ഹോസ്റ്റലിൽ വന്നു കിടന്നു. ഒരു മാസം അവിടെ കിടന്നു. അപ്പോഴാണു സി.കെ. എന്നോടു സഖാവു വേലപ്പന്റെ മരണവിവരം പറഞ്ഞത്. ഒരു വലിയ ആഘാതമായിരുന്നു അത്.

ഇരട്ടച്ചുമതല
അതു കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോ ടു പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കാൻ ആവ ശ്യപ്പെട്ടു. ഞാൻ എന്റെ പ്രയാസങ്ങൾ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞു. അദ്ദേഹം എല്ലാം ശ്രദ്ധയോടെ കേട്ടു. ഞാൻ വിചാരിച്ചു. അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യപ്പെട്ടു എന്ന്. ചേർത്തലയിലായിരുന്നു ജില്ലാ സമ്മേളനം. ഞാൻ അതിന്റെ സംഘാടകനാണ്. ആ സമ്മേളനത്തിൽ പാർട്ടി എന്നെ ജില്ലാ സെക്രട്ടറിയാക്കി. എംഎൽഎയും ജില്ലാസെക്ര ട്ടറിയും. ഇരട്ടി ജോലിയായി. ഈ തിരഞ്ഞെടുപ്പിലും ജയിച്ചു. അങ്ങനെ മന്ത്രിയായി.

വിവാഹം
വിവാഹം 1992 ൽ ആയിരുന്നു. ഭാര്യ ഉഷ നഴ്സിങ് പാസ്സായ സമയത്തായിരുന്നു വിവാഹം. 1999 ൽ പിഎസ്സി സിലക്ഷന്‍ കിട്ടി. ഇപ്പോൾ നഴ്സ് ആയി ജോലി ചെയ്യുന്നു. അനുജൻ വിശ്വംഭരൻ എംഎ പാസ്സായ ആളാണ്. അർത്തുങ്കലിൽ ട്യൂട്ടോ റിയൽ നടത്തുകയായിരുന്നു. അതു വിട്ടിട്ട് അയാൾ വീട്ടിലെ തറികളുടെ നോട്ടമേറ്റെടുത്തു. പഴയ തടുക്കു നിർമിക്കുന്ന തറികൾ മാറ്റി പായത്തറികളാക്കി. അനുജൻ അതിൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഞങ്ങളുടെ ജീവിതത്തിനു കുറച്ചു കൂടി സുരക്ഷിതത്വം കിട്ടി. ഞാനിങ്ങനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ തിരക്കിലായതു കൊണ്ട് എന്റെ മക്കളെ നോക്കുന്നതൊക്കെ അനുജനാണ്. അയാള്‍ക്ക് അതിന് യാതൊരു മടിയും ഉണ്ടായിട്ടില്ല. ജ്യേഷ്ഠന്‍ കൃഷ്ണപ്പൻ. ചേട്ടനും തറികളിട്ടു. സഹോദരി സുശീല. ഏറ്റവും ഇളയ അനുജത്തി സുവർണ കുമാരി. ഏറ്റവും ഇളയ അനുജൻ സുരാജൻ. അയാള്‍ക്ക് ഒരു പ്രസ് ഉണ്ട്.

എനിക്ക് രണ്ടു മക്കളാണ്. മൂത്തവൾ അമൃത. അവൾ ഫാർമസിയിൽ ഗവേഷണം ചെയ്യുന്നു. മകൻ അർജുൻ. കെ.വിഎം എൻജിനീയറിങ് കോളജിൽ എൻജിനീയറിങ്ങിനു ചേർന്നെങ്കിലും അതുപേക്ഷിച്ച് സെന്റ് മൈക്കിൾസ് കോളജിൽ ബികോമിനു ചേർന്നു.