Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലവിവാഹത്തിനെതിരെ പടപൊരുതി ഒരു പതിനാലുകാരി

Payal Jangid പായൽ ജൻഗിദ്

ബാലവിവാഹത്തിനു പേരുകേട്ട രാജ്യമാണ് ഇന്ത്യ. കാലമിത്ര പുരോഗമിച്ചിട്ടും ഇന്നും രാജ്യത്തെ പല സ്ഥലങ്ങളിലും പ്രത്യേകിച്ചു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബാലവിവാഹം നാൾക്കുനാള്‍ വർധിച്ചു െകാണ്ടിരിക്കുകയാണ്. ബാലവിവാഹത്തിനെതിരെ നിയമം നിലനിൽക്കുമ്പോഴും വിവാഹത്തിന്റെ വ്യാപ്തി പോലും അറിയാത്ത പ്രായത്തിൽ താലികെട്ടിനു നിന്നു െകാടുക്കുന്ന ബാല്യങ്ങൾ ഏറെയാണ്. ഇവിടെ ബാലവിവാഹത്തിനെതിരെ പൊരുതി വ്യത്യസ്തയാവുകയാണ് ഒരു പതിനാലുകാരി. രാജസ്ഥാനിലെ ഹിൻസ്‍ല സ്വദേശിയായ ബാലാവകാശ പ്രവർത്തക പായൽ ജൻഗിദ് ആണ് ബാലവിവാഹത്തിനെതിരെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതിലൂടെ സ്വന്തം ജീവിതം മാത്രമല്ല ഒ‌ട്ടേറെ മറ്റു പെണ്‍ബാല്യങ്ങളും പായൽ രക്ഷിയ്ക്കുകയാണ്.

പായലിന്റെ അവകാശ പോരാട്ടങ്ങളിലേക്കുള്ള കടന്നുവരവ് ഇങ്ങനെയായിരുന്നു. ബച്പൻ ബച്ചാവോ ആന്ദോളന്റെ ഭാഗമായി ആരംഭിച്ച ബാൽ മിത്ര ഗ്രാം എന്ന പദ്ധതിയിലൂടെയാണ് തുടക്കം. ബാലവേല നിരോധിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുകയും സമൂഹത്തിനും കുട്ടികൾക്കുമിടയിൽ ഒരു പാലം നിർമിക്കുകയുമൊക്കെയാണ് ബാൽ മിത്ര ഗ്രാമിന്റെ ലക്ഷ്യം. ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ഭരണത്തിലും കുട്ടികളെ പങ്കെടുപ്പിക്കും. ഇതിന്റെ ഭാഗമായി കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത ബാലപഞ്ചായത്തിന്റെ അധ്യക്ഷയാണ് പായല്‍.

ബാലപഞ്ചായത്ത് അധ്യക്ഷയായതോടെ ഗ്രാമത്തിലെ കുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനു വേണ്ടി പായൽ പ്രവർത്തനം തുടങ്ങി. ബാലവിവാഹം മാത്രമല്ല സ്ത്രീകൾ തങ്ങളുടെ തലയും മുഖവും മൂടുപടത്താൽ മറയ്ക്കണമെന്ന ആചാരത്തിനെതിരെയും പായല്‍ ഉറക്കെ ശബ്ദമുയർത്തി. ഒരുവർഷം ആയപ്പോഴേയ്ക്കും പായലിന്റെ പ്രവര്‍ത്തനം ഫലം കണ്ടു തുടങ്ങി. ക്രമേണ ഹിൻസ്‌ലയിൽ നിന്നും ബാലവിവാഹം പാടേ തുടച്ചുനീക്കപ്പെട്ടു. പായലിന്റെ പ്രവർത്തനത്തിനു നാനാഭാഗത്തുനിന്നും പ്രശംസകൾ ഉയരുകയാണ്. രാജ്യത്തിന്റെ മാറ്റങ്ങൾക്കു വേണ്ടി അവനവനാല്‍ കഴിയുന്ന മാറ്റങ്ങൾ ചെയ്യാൻ ഓരോരുത്തരും തയ്യാറാവണമെന്നു തെളിയിക്കുക കൂടിയാണ് പായലിന്റെ ജീവിതം.

Your Rating: