Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവ് നായ്ക്കളുടെ വളര്‍ത്തമ്മ

geetharani വളർത്തു നായ്ക്കൾക്കൊപ്പം ഗീതറാണി

തെരുവ്നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടി എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയുന്ന നമ്മള്‍ മലയാളികള്‍ കോയമ്പത്തൂരിലെ ഗീത റാണി എന്ന ഈ വനിതയെ ഒന്ന് പരിചയപ്പെട്ടിരിക്കണം. തെരുവ് നായ്ക്കളെ കൊല്ലണം വന്ധ്യംകരിക്കണം എന്നൊക്കെ മുറവിളി കൂട്ടുന്നവര്‍ ഗീതാ റാണിയുടെ മുന്നില്‍ എത്തുമ്പോള്‍ ഒന്ന് നിശബ്ദരാകും തീര്‍ച്ച. കാരണം, എന്തിലെയും നെഗറ്റീവ് മാത്രം ചികഞ്ഞെടുക്കാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ വേറിട്ട ശബ്ദമാകുകയാണ് ഗീതാ റാണി, എങ്ങനെയെന്നല്ലേ? തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് സംരക്ഷണം നല്‍കികൊണ്ട് തന്നെ.

കോയമ്പത്തൂര്‍ നിവാസികള്‍ക്ക് ഇടയില്‍ മലയാളിയായ ഗീതാ റാണി അറിയപ്പെടുന്നത് 'ഡോഗ് ലേഡി' എന്നാണ്. തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന 300 തെരുവ്നായ്ക്കള്‍ക്ക് ആണ് ഗീത റാണി സംരക്ഷണം നല്‍കുന്നത്. 68 വയസ്സുള്ള ഈ വനിത നിറഞ്ഞ മൃഗ സ്നേഹത്തിന്റെ പര്യായമാണ് എന്ന് പറയുന്നതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ല. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ സംരക്ഷിക്കുന്നതിനോടൊപ്പം ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന അസുഖം ബാധിച്ചതും വയസായതുമായ നായ്ക്കളെയും ഏറ്റെടുത്ത് സംരക്ഷിക്കുന്നു.

സ്നേഹാലയ അനിമല്‍ ഷെല്‍ട്ടര്‍ എന്ന പേരില്‍ ഗീതാ റാണി നടത്തുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ 300 നായ്ക്കളാണ് സ്നേഹവും സംരക്ഷണവും അനുഭവിച്ചു വളരുന്നത്‌. റോഡ്‌ അപകടങ്ങളില്‍ പരിക്കേറ്റ നായ്ക്കള്‍ക്ക് ഗീതാ റാണി പ്രത്യേക പരിഗണനയും നല്‍കുന്നു. മൃഗങ്ങള്‍ക്ക് എതിരായ ചൂഷണം എന്നെന്നേക്കുമായി തടയുകയാണ് തന്റെ ലക്ഷ്യമെന്നു പറയുന്നു ഈ വീട്ടമ്മ.

''പലവിധത്തില്‍ മനുഷ്യരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റ നായ്ക്കള്‍ എന്റെ സംരക്ഷണയില്‍ ഉണ്ട്. ചിലര്‍ നായ്ക്കളുടെ മേല്‍ ചൂടുവെള്ളം ഒഴിക്കുന്നു, മറ്റു ചിലര്‍ ഇരുമ്പ് വടികൊണ്ടും മറ്റും അടിച്ച് കൊല്ലുന്നു. എന്ത് തെറ്റ് ചെയ്തിട്ടാണ് അവര്‍ ഇത്തരത്തില്‍ ക്രൂശിക്കപ്പെടുന്നത്? ഗീതാ റാണി ചോദിക്കുന്നു. മൃഗങ്ങളോട് ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം അതിനായി മൃഗ സംരക്ഷണ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം'' അതാണ്‌ ഗീതയുടെ അഭിപ്രായം.

തന്റെ വാഹനത്തില്‍ പരിക്കേറ്റ മൃഗങ്ങളുടെ സംരക്ഷണത്തിനായി മരുന്നുകളും ഭക്ഷണവും ആയാണ് ഗീതയുടെ യാത്രകള്‍. ഓരോ യാത്രയിലും ഓരോ പുതിയ അതിഥികള്‍ ജീവിതത്തിലേക്ക് കടന്നു വരുന്നു. സ്നേഹവും വിശ്വാസവും തിരിച്ചു നല്‍കുന്ന കാര്യത്തില്‍ മനുഷ്യരേക്കാള്‍ നൂറിരട്ടി ഭേതമാണ് നായ്ക്കള്‍ എന്നാണ് ഗീതാ റാണിയുടെ സാക്ഷ്യം.

ഗീതയുടെ ഡ്രൈവര്‍ ആയ ബാലനും, തികഞ്ഞ ഒരു മൃഗ സ്നേഹിയാണ്. തെരുവ് നായ്ക്കളെ രക്ഷപ്പെടുത്തി ഇണക്കി വളര്‍ത്തുന്നതില്‍ ബാലന്‍ നല്‍കുന്ന പിന്തുണ പറയാതെ വയ്യെന്ന് ഗീത പറയുന്നു. ഓരോ നായ്ക്കളെയും രക്ഷപ്പെടുത്തിയ ഉടന്‍ വെറ്റിനറി ഡോക്റ്ററുടെ സഹായം തേടുന്നു. അത്തരത്തില്‍ സുഖപ്പെടുത്തിയ നായ്ക്കളെയാണ്‌ സംരക്ഷിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് വളര്‍ത്തുന്നതിനായും ഗീത തന്റെ നായ്ക്കളെ നല്‍കുന്നു.

സ്നേഹാലയ അനിമല്‍ ഷെല്‍ട്ടര്‍ എന്ന സ്ഥാപനത്തില്‍ ഗീതാ റാണിയെ കൂടാതെ മൃഗങ്ങളെ നോക്കുന്നതിനായി നാല് ജോലിക്കാര്‍ കൂടിയുണ്ട്. ഇതില്‍ രണ്ടുപേര്‍ നായ്ക്കള്‍ക്ക് ആവശ്യമായ ആഹാരം പാകം ചെയ്യുന്നു. സുരക്ഷ മുന്‍നിര്‍ത്തി പച്ച മാംസം നല്‍കാറില്ല. ഓരോ ഭക്ഷണവും ആവശ്യമായ പോഷകമൂല്യത്തോടെ പാചകം ചെയ്താണ് നായ്ക്കള്‍ക്ക് നല്‍കുന്നത്. നിലവില്‍ ഇവിടെ 30 പട്ടികുട്ടികള്‍ ഉണ്ട്.

നായ്ക്കള്‍ മനുഷ്യരെപ്പോലെ തന്നെ വളരെ സോഷ്യല്‍ ആണ് എന്നാണ് ഗീത റാണി പറയുന്നത്. തന്റെ മക്കളെ പോലെയാണ് തനിക്ക് നായ്ക്കള്‍ എന്ന് പറയുന്നതില്‍ ഇവര്‍ക്ക് എന്നും അഭിമാനം മാത്രം. കേരളത്തില്‍ ജനിച്ച ഗീതയ്ക്ക് വളരെ ചെറിയ പ്രായം മുതല്‍ നായ്ക്കള്‍ ഒരു ഹരമായിരുന്നു. വീടിനു ചുറ്റുമുള്ള നായ്ക്കളെ ഇണക്കി വളര്‍ത്തിയിരുന്ന ഗീത വലുതായപ്പോള്‍ നായ്ക്കളോട് ഉള്ള സ്നേഹവും വര്‍ദ്ധിച്ചു .അതുകൊണ്ട് തന്നെ ഗീത തന്റെ കുടുംബത്തില്‍ ഒറ്റപ്പെട്ടു.

ചെറുപ്പത്തില്‍ പത്തു പട്ടികളെ വളര്‍ത്താന്‍ ലഭിച്ചതോടെ ബന്ധുക്കള്‍ ഗീതയെ അകറ്റി നിര്‍ത്തി. തന്റെ ബാല്യത്തില്‍ സമാന പ്രായത്തില്‍ ഉള്ള കുട്ടികളെക്കാള്‍ ഏറെ താന്‍ കളിച്ചിട്ടുള്ളത് നായ്ക്കളുമായിട്ടാണ് എന്ന് പറയുന്നു നായ്ക്കളുടെ ഈ വളര്‍ത്തമ്മ. തന്റെ മരണം വരെ താന്‍ നായ്ക്കളെ സംരഷിക്കും, അതില്‍ യാതൊരു മാറ്റവും ഇല്ല. നായ്ക്കള്‍ ഇല്ലാതെ തനിക്കൊരു ജീവിതമില്ല, ഗീത പറയുന്നു


Your Rating: