Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ സന്തോഷം വേണോ? ഒരൊറ്റ വഴി!

life

എന്താണു അത്യാഹ്ലാദത്തിലെയ്ക്കുള്ള വഴി? അതിശയമെന്നു പറയട്ടെ, ലോകം മുഴുവനും ആ ഒരൊറ്റ ഉത്തരത്തിലെയ്ക്കാണ് മനസ്സർപ്പിച്ചു കാത്തിരിക്കുന്നത്, എന്നാൽ അത്രയധികമൊന്നും ഉത്തരം തരാതെ പലരും കടന്നു പോവുകയും ചെയ്യുന്നു.ആനന്ദം സ്വയം കണ്ടെത്തേണ്ടതും അനുഭവിക്കേണ്ടതും അതിന്റെ നിർവ്വചനങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാകുന്നു, കാരണം ആനന്ദത്തിലേയ്ക്കുള്ള വഴികള്‍ വളരെ നേര്‍ത്തിരിക്കുന്നു. പക്ഷേ അത്ര മൃദുലമായതു കൊണ്ടു തന്നെ അതിലൂടെയുള്ള നടപ്പ് സൂക്ഷിച്ചു വേണം. ഒരു പിടപ്പില്‍ വലിഞ്ഞു മുറുകി പൊട്ടിപ്പോകാം. ചിലപ്പോള്‍ വലിഞ്ഞു വലിഞ്ഞ് നീളം കൂടുകയുമാകാം.

എങ്ങനെയാണ്, ആനന്ദത്തിലെത്തുക? എന്താണ്, ആനന്ദം? നിരവധി ചോദ്യങ്ങള്‍ പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ നിർവ്വചനങ്ങളേക്കാൾ അത് അറിയിക്കുന്ന അനുഭൂതികളിലൂടെ സന്തോഷങ്ങളെ പെട്ടെന്ന് അനുഭവിച്ചറിയാൻ കഴിയും. ചിലപ്പോൾ മനസ്സു നിറഞ്ഞൊഴുകുന്ന നിമിഷത്തില്‍ അതു ചിലപ്പോള്‍ കണ്ണുനീരായി കണ്ണിലൂടെ ഒഴുകാം,  മറ്റു ചിലപ്പോള്‍ ശ്വാസം പോലും ലഭിക്കാതെയുള്ള പൊട്ടിച്ചിയാകാം. ഇത്തരത്തിലുള്ള പലരേയും നാം കാണാറുണ്ട്, ഒരേ സമയം കരഞ്ഞും ഉടന്‍ തന്നെ ചിരിച്ചും നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നവര്‍, നാമവരെ "ഭ്രാന്തന്‍" എന്നും വിളിച്ചേക്കാം. എന്നാൽ അത്തരം ഭ്രാന്തൻ ആനന്ദങ്ങൾ സാധാരണ ലോകത്തിനു അപ്രാപ്യമാണ്, എല്ലാവരും അനുഭവിക്കാത്തത് അനുഭവിക്കുന്നവനെയും ചെയ്യാത്തത് ചെയ്യുന്നവനെയുമാണല്ലോ ലോകം ഭ്രാന്തൻ എന്ന് വിളിക്കുന്നതും. അതായത് അവരറിയുന്ന ആനന്ദത്തിന്‍റെ തലങ്ങള്‍ നമുക്ക് അപരിചതമാണ്. ധ്യാനത്തിലാകുന്ന യോഗികള്‍ക്ക് അത്യാനന്ദം ഉണ്ടാകുമെന്ന് കേള്‍ക്കാറുണ്ട്. ചിലരൊക്കെ ആ മൂര്‍ച്ഛാവേളയില്‍ ഉറക്കെ ചിരിക്കുമത്രേ, ചിലപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഉള്ളില്‍ ഈശ്വരനെ അറിഞ്ഞാല്‍ അങ്ങനെയാണ്. 

സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ അനുഭവങ്ങള്‍ ഒരുപക്ഷേ എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകാം. വേദന തോന്നി കരയുമ്പോള്‍ വരുന്ന കണ്ണുനീര്‍ തന്നെയാണോ അത്? അതിന്‍റെ വ്യത്യാസം രുചിച്ചു നോക്കിയിട്ടുണ്ടോ? കണ്ണുനീരിന്‍റെ ചൂടിനു പോലും വ്യത്യാസങ്ങളുണ്ട്. ആനന്ദത്തിന്‍റെ തീക്ഷ്ണതയില്‍ ഉയിരു കൊള്ളുന്ന കണ്ണുനീര്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നു വരുന്നു. അതിന്, സവിശേഷമായ പോസിറ്റീവ് ഊര്‍ജ്ജമുണ്ട്. അസുഖങ്ങള്‍ക്കൊക്കെ ഈ കണ്ണുനീര്‍ മരുന്നാക്കുകയും ചെയ്യാം.

ലൈംഗികതയുടേയും ധ്യാനത്തിന്‍റേയും ആനന്ദാനുഭവം ഒന്നെന്ന് പലരും എഴുതി വച്ചിട്ടുള്ള നിലയ്ക്ക് അത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നല്ല എന്നതാണ്, സത്യം. പക്ഷേ ഏതൊരു സാധാരണക്കാരനും കഴിയുന്ന ആ അവസ്ഥയില്‍ പോലും പരസ്പരം സ്ത്രീയ്ക്കോ പുരുഷനോ ആ ആനന്ദം തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകുന്നു. അസംതൃപ്തിയില്‍ നിന്ന് തുടങ്ങുകയായി ദാമ്പത്യ പ്രശ്നങ്ങള്‍, പ്രണയകലഹങ്ങള്‍. ഇവിടെ ആണും പെണ്ണുമില്ല, ഭാര്യയും ഭര്‍ത്താവുമില്ല, കാമുകനും കാമുകിയുമില്ല. ശരീരത്തിനപ്പുറം ആത്മാക്കള്‍ പരസ്പരം മതില്‍ക്കെട്ടുകളില്ലാതെ ഒന്നായി ഉരുകി ചേര്‍ന്നാലേ ആനന്ദം സൃഷ്ടിക്കപ്പെടുകയുള്ളൂ. അവിടെ വലുത്, ചെറുത് എന്നില്ല, പുരുഷന്‍ പ്രധാനം, സ്ത്രീ അപ്രധാനം എന്നുമില്ല. പ്രണയത്തിന്‍റെ ദൈവീകഘട്ടത്തില്‍ ഈ സ്ത്രീ-പുരുഷ വ്യത്യാസം പ്രകടമായിരിക്കുന്നിടത്ത് ആനന്ദം തിരിഞ്ഞു പോലും നോക്കില്ല. അവിടെ നിങ്ങള്‍ക്കു സുഖം കിട്ടുമായിരിക്കാം, പക്ഷേ അത് ആനന്ദമല്ല. അവിടെ നിങ്ങള്‍ യോഗീതുല്യനായ ധ്യാന നിരതനുമല്ല. 

ആനന്ദത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അവനവന്‍ സ്വയം തിരയേണ്ടതാണ്. അത് മറ്റൊരുവനോടു ചോദിച്ചാല്‍ തിരിച്ചറിയാനാകണമെന്നില്ല. പക്ഷേ ഒന്നു പറയാം, പരസ്പരം എന്നൊന്നില്ലാതെ ഒന്നായി അലിഞ്ഞ ആത്മാവുകള്‍ക്കിടയിലാണ്, പ്രണയം സംഭവിക്കുക, അതിന്‍റെ അതീതമായ അവസ്ഥയിലാണ്, ആനന്ദമുളവാകുക. ഇതു തന്നെ ധ്യാനത്തിലും സംഭവിക്കുന്നു. ജീവാത്മാവും പരമാത്മാവും ഒന്നായി അലിഞ്ഞു വരുന്ന അവസ്ഥയില്‍, പരസ്പരം വിടവുകളെ അടച്ച് യോഗിയും ഈശ്വരനും ഒന്നെന്ന് അറിയുന്ന അവസ്ഥയില്‍ അവിടെ പ്രണയം ഉണ്ടാവുകയും അതിന്‍റെ തീവ്രതയില്‍ ആനന്ദം അറിയുകയും ചെയ്യും.

മറ്റൊന്നും വേണ്ട... ഉള്ളിലേയ്ക്ക് നോക്കിയാല്‍ മതി. നിങ്ങള്‍ സ്വയം സംസാരിക്കും. നിങ്ങളിലെ നിങ്ങള്‍ സത്യം ഉറക്കെ പറഞ്ഞു തരും. നിശബ്ദമായിരിക്കുക, അവനവനെ ശ്രദ്ധിക്കുക. അത്രമാത്രം.

Your Rating: