Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കൾ വനത്തിനു നടുവിൽ ഉപേക്ഷിച്ചുപോയ ബാലന്റെ അസാധാരണമായ തിരിച്ചുവരവിന്റെ കഥ

Yamato Tanooka

ജപ്പാനിലെ രണ്ടാമത്തെ എറ്റവും വലിയ ദ്വീപായ ഹൊക്കൈദോയിലെ മനോഹരമായ മലഞ്ചെരുവിലൂടെ കാർ നീങ്ങുമ്പോൾ കാലം തനിക്കായി കാത്തുവച്ചതു വലിയൊരു സാഹസമാണെന്ന് ഏഴുവയസ്സുകാരനായ യമാറ്റോ തനൂക്ക അറിഞ്ഞിരുന്നില്ല. ഇടതൂർന്ന വനത്തിലെ ഓരോവളവുകൾ തിരിയുമ്പോഴും കാറിന്റെ സീറ്റിൽ മുട്ടുകുത്തിനിന്നു പുറത്തേക്കു നോക്കിയ ആ വിടർന്ന കണ്ണുകൾക്കു പച്ചനിറമായിരുന്നു. ഒരു വളവിൽ പെട്ടെന്നു കാർ നിന്നു, ഡോർ തുറന്നു. പുറത്തേക്കുള്ള വഴിയായിരുന്നു അതെന്നു തിരിച്ചറി‍ഞ്ഞതു വൈകിയാണ്. നദിക്കരയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആളുകളുടെയും കാറുകളുടെയും നേരെ കല്ലെറിയുന്നുവെന്ന കാരണത്താൽ മാതാപിതാക്കൾ വനത്തിനു നടുവിൽ ഉപേക്ഷിച്ചുപോയ ബാലന്റെ അസാധാരണമായ തിരിച്ചുവരവിന്റെ കഥ ജപ്പാനിൽ വർഷങ്ങൾ കഴിഞ്ഞുള്ള മുത്തശ്ശിക്കഥകളിലൊന്നാവും.

വീട്ടിൽനിന്നു പുറത്തേക്കുള്ള വഴി

yamatoo

പറഞ്ഞതനുസരിച്ചില്ലെങ്കിൽ ഇറക്കിവിടുമെന്നു തനൂക്കയോടു കാറിലിരുന്ന അച്ഛൻ പറഞ്ഞപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ കുസൃതി കലർന്ന നിസ്സംഗതയായിരുന്നു. ദേഷ്യം പിടിച്ചാൽ ഏതമ്മയും അച്ഛനും ഗതികെട്ടു പറയുന്ന അവസാനവാചകം, അത്രയേ അവൻ കരുതിയുള്ളൂ. പക്ഷേ, ഞൊടിയിടയിൽ പാഞ്ഞുപോയ വണ്ടി കണ്ട് കിടുങ്ങി. പറന്നുയർന്ന പൊടി നിലംപറ്റും മുൻപ് അവൻ ഉച്ചത്തിൽ അലറിവിളിച്ചെങ്കിലും കേൾക്കാൻ ആരുമുണ്ടായില്ല. വീട്ടിൽനിന്നു പോരുമ്പോൾ ധരിച്ച ടീഷർട്ടും ജീൻസുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല പക്കൽ. കരച്ചിൽ സർവ സീമകളും ലംഘിച്ചതോടെ തനൂക്ക മാനസികമായി തളർന്നു. കാർ പോയ ദിശയിൽ നടന്നിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു, പക്ഷേ, കരഞ്ഞുലക്കുകെട്ട തനൂക്ക നടന്നതു നേരെ വിപരീതദിശയിൽ, നിബിഡ വനത്തിനുള്ളിലേക്ക്! ശേഷം നെഞ്ചിടിപ്പോടെ ലോകം മുഴുവൻ കാത്തിരുന്ന ഏഴു ദിവസങ്ങൾ.

കാട്ടിലേക്കുള്ള വഴി

tanuka യമാറ്റോയ്ക്കു വേണ്ടി തിരച്ചിൽ നടത്തുന്നവർ

പെട്ടെന്നൊരു ദേഷ്യത്തിനു കാറിൽനിന്ന് ഇറക്കിവിട്ടെങ്കിലും കുറച്ചുസമയത്തിനുശേഷം തനൂക്കയെ തേടി അവർ തിരിച്ചെത്തി. മകനെ വാരിപ്പുണർന്നു തിരികെക്കൊണ്ടുപോകാൻ. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കാട്ടിലൂടെ കുറെ ദൂരം ഉള്ളിലേക്ക് ഓടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനായി ജപ്പാനിലെ പൊലീസും സൈനികവിഭാഗങ്ങളും രംഗത്തെത്തുന്നത്. മാതാപിതാക്കൾ പറഞ്ഞ സൂചനകളൊന്നും അവരുടെ അന്വേഷണത്തിനു മതിയാകുമായിരുന്നില്ല. കുട്ടിയെ എങ്ങനെയാണു നഷ്ടപ്പെട്ടതെന്ന ചോദ്യത്തിനു വനത്തിൽ ചില ചെടികൾ ശേഖരിക്കാനെത്തിയപ്പോൾ കാണാതായി എന്നായിരുന്നു അവരുടെ ആദ്യത്തെ മറുപടി. എന്നാൽ പിന്നീട് സത്യം വെളിപ്പെടുത്താതെ പോംവഴിയില്ലാതായി.

വഴി ഏതുമില്ലാതെ ഏഴു ദിനങ്ങൾ

tanuka-1 യമാറ്റോ കാടിനുള്ളില്‍ താമസിച്ച ഡിഫെൻ‌സ് ഫോഴ്സസ് ട്രെയിനിങ് ഫെസിലിറ്റി ഹട്ട്

മേയ് 28 നു കുട്ടിയെ കാണാതായി എന്ന പരാതി കിട്ടിയയുടൻതന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിയും അന്തവുമില്ലാതെ പരന്നുകിടക്കുന്ന വനത്തിൽ ഇത്തിരിപ്പോന്ന ഒരു കുട്ടിയെ കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. മാതാപിതാക്കളെ പലതവണ വിളിച്ചു തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. കുട്ടി പോകാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ. കുട്ടിയുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ഒരു ഏഴുവയസ്സുകാരൻ ഇത്തരമൊരു അവസ്ഥയിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കുമെന്നറിയാനായി മനശാസ്ത്രജ്ഞരെയും പൊലീസ് സമീപിച്ചു. കുട്ടിയുടെ മാനസികനില കണക്കിലെടുക്കുമ്പോൾ കുന്നുകളെ പേടിയുണ്ടാവാൻ സാധ്യതയുള്ളതിനാൽ അതൊഴിവാക്കിയാണു തിരച്ചിൽ ആരംഭിച്ചത്. കാണാതായ സ്ഥലത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു ആദ്യ ദിവസങ്ങളിൽ അന്വേഷണം. ഫലമില്ലെന്നു കണ്ടതോടെ അതു 15 കിലോമീറ്ററായി വിസ്തൃതമാക്കി. 180 പേരുള്ള സംഘത്തെയാണു വനത്തിനുള്ളിൽ നിയോഗിച്ചത്. രണ്ടു ദിവസത്തിനുശേഷം അത് ഇരുനൂറാക്കി. മണം പിടിക്കാനായി ഒരു പറ്റം പൊലീസ് നായ്ക്കളും. സൈന്യത്തിലെ കുതിരപ്പടയുടെ സേവനവും ലഭ്യമാക്കി. എല്ലാവരും കുട്ടിയുടെ പേര് ഉച്ചത്തിൽ വിളിച്ചുകൊണ്ടാണു കാട് വകഞ്ഞുമാറ്റി മുന്നേറിയത്. വളരെപ്പെട്ടെന്നുതന്നെ രാജ്യാന്തര മാധ്യമ സംഘങ്ങൾ ഉൾപെടെ സ്ഥലത്തു തമ്പടിച്ചുതുടങ്ങി. ഹെലികോപ്ടറുകൾ ആകാശക്കണ്ണുകളുമായി പാറിനടന്നു. ഉത്തരമില്ലാത്ത മണിക്കൂറുകൾ.

തനൂക്ക എവിടെ?

tanuka-2 ഡിഫെൻ‌സ് ഫോഴ്സസ് ട്രെയിനിങ് ഫെസിലിറ്റി ഹട്ടിനുള്ളിൽ യമാറ്റോ താമസിച്ചയിടം

മാതാപിതാക്കൾ കാറിൽനിന്ന് ഇറക്കിവിട്ട സ്ഥലത്തുനിന്നു വനത്തിനുള്ളിലേക്കു നടന്ന തനൂക്കയ്ക്ക് എങ്ങോട്ടേക്കാണു താൻ പോകുന്നതെന്ന് ഒരു ധാരണയുമില്ലായിരുന്നു. ചുറ്റും കൊടുംകാട് മാത്രം. തൊട്ടുമുന്നിലെ ഭീമൻ കുന്ന് കണ്ടു ഭയന്നോടിയ തനൂക്ക നടന്നത് അഞ്ചുമണിക്കൂറിലേറെ. അപ്പോഴേക്കും അവൻ തീർത്തും അവശനായിക്കഴിഞ്ഞിരുന്നു. തണുപ്പു സഹിക്കാൻ പറ്റാതെ വീണുപോകുമെന്ന അവസ്ഥയിലെത്തിയപ്പോഴാണു മുന്നിൽ ആളൊഴിഞ്ഞൊരു കെട്ടിടം കണ്ടത്. ഒരു കതകു മാത്രം തുറന്നുകിടന്നിരുന്നു. വൈദ്യുതി പോലുമില്ലാത്ത ആ കെട്ടിടത്തിലേക്കു തനൂക്ക കയറി. തണുപ്പിൽനിന്നു രക്ഷനേടാനായി വഴി തിരഞ്ഞപ്പോൾ മുഷിഞ്ഞ ഏതാനം മെത്തകൾ കണ്ടു. അവയെടുത്ത് ഒന്നിനുമുകളിലായി അടുക്കി അതിനിടയിൽ മുഖമമർത്തി തനൂക്ക കിടന്നു. ഭക്ഷണമില്ലാത്തതുകൊണ്ടു മുറ്റത്തുള്ള ഒരു പൈപ്പിലെ വെള്ളമാണ് ജീവൻ രക്ഷിച്ചത്. ആറു ദിവസം കൊണ്ടു തനൂക്കയുടെ ഭാരം രണ്ടു കിലോ കുറഞ്ഞ് 20 കിലോയായി.
കാണാതാകുന്ന സ്ഥലത്തുനിന്ന് ആറു കിലോമീറ്റർ അകലെയായിരുന്നു തനൂക്ക അപ്പോൾ.

ഉദ്വേഗത്തിനൊടുവിൽ!

tanuka-3 യമാറ്റോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

സ്വയം പ്രതിരോധ സംഘത്തിലെ (എസ്ഡിഎഫ്) അംഗങ്ങൾ കായിക പരിശീലനത്തിനുശേഷം രാത്രി വിശ്രമിക്കുന്ന കേന്ദ്രത്തിന്റെ ഭാഗമായ ഒരു പഴയ കെട്ടിടത്തിൽ ആകസ്മികമായാണ് ഒരു ഉദ്യോഗസ്ഥൻ തനൂക്കയെ ദിവസങ്ങൾക്കു ശേഷം കണ്ടെത്തുന്നത്. നിർജലീകരണം മൂലം ക്ഷീണിതനായ തനൂക്കയുടെ കയ്യിലെയും കാലുകളിലെയും മുറിവുകൾ ഒഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. വിശക്കുന്നുവെന്നാണു കുട്ടി ആദ്യം പറഞ്ഞത്. സൈനികൻ നൽകിയ ഭക്ഷണം ആർത്തിയോടെ അവൻ കഴിച്ചുതീർത്തു. ആറു ദിവസങ്ങളായി പച്ചവെള്ളമല്ലാതെ യാതൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അൽപം കൂടി വൈകിയിരുന്നെങ്കിൽ തനൂക്കയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.
കുന്നിൻമുകളിലായിരുന്നതിനാലും നിബിഡമായ വനമായതിനാലും എസ്ഡിഎഫ് കേന്ദ്രത്തിന്റെ ഭാഗത്തേക്കു പോകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഫയർഫോഴ്സ് അംഗങ്ങളും പൊലീസും. പക്ഷേ, എല്ലാവരുടെയും കണക്കുകൾ തെറ്റിച്ചുകൊണ്ട് ഇതേവഴിയിലാണു തനൂക്ക നടന്നുനീങ്ങിയത്.

വിഷച്ചെടികളും ഭീകരൻ കരടികളും

Yamato Tanooka കാടിനുള്ളിൽ യമാറ്റോയ്ക്കു വേണ്ടി തിരച്ചിൽ നടത്തുന്നു

വനത്തിലൂടെ തനൂക്ക നടന്ന വഴിയിലൂടെ സൈന്യത്തിനുപോലും പ്രത്യേക സുരക്ഷാ കവചങ്ങളും തണുപ്പിനെ മറികടക്കാനുള്ള ജാക്കറ്റുകളും വേണ്ടിവന്നു. രാത്രിയിൽ 9 ഡിഗ്രി സെൽഷ്യസിനു താഴെയെത്തുന്ന സ്ഥലമാണ്, കൂടാതെ വർഷത്തിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള സമയവും. തൊട്ടടുത്തുള്ള മലകൾ ഐസ് പുതച്ചിരുന്നു. സാസ എന്ന പ്രത്യേക തരം ചെടിയാണ് വനത്തിലെങ്ങും. കുട്ടിയെക്കാൾ ഉയരമുള്ള ഈ ചെടി പ്രയാസപ്പെട്ടു വകഞ്ഞുമാറ്റിയാവണം തനൂക്ക നടന്നത്. സൈനികർപോലും പ്രത്യേകതരം ഉപകരണങ്ങളുമായാണ് ഇതിനിടയിലൂടെ നടന്നുനീങ്ങിയത്. അപ്രതീക്ഷിതമായി പെയ്യുന്ന മഴ പലപ്പോഴും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹൊക്കൈദോയിലെ വനം കൂറ്റൻ കരടികൾക്കു പേരുകേട്ടതാണ്. ബ്രൗൺ ബെയർ എന്നു വിളിക്കുന്ന ഇവയ്ക്ക് 400 കിലോ തൂക്കവും ആറടിയിലധികം വലുപ്പവുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന 57 വർഷങ്ങളിൽ 140 ആളുകളെ ഇവ കൊലപ്പെടുത്തിയതായാണു കണക്ക്.
വിശപ്പാണു മറ്റൊരു പ്രശ്നം. കാട്ടിലുള്ള കായ്കനികൾ പറിച്ചുതിന്നുകയേ രക്ഷയുള്ളൂ. പക്ഷേ, വിഷച്ചെടികൾ അനേകമുള്ളതിനാൽ അതൽപം റിസ്ക് തന്നെ. ജപ്പാനിലെ ചില അരുവികളിലെ വെള്ളം പ്രത്യേകതരം ചെടികളുടെ സാന്നിധ്യം മൂലം തിളപ്പിച്ചശേഷമേ കുടിക്കാൻ കഴിയൂ. ഇത്തരം കുരുക്കുകളിലൊന്നും പെടാതെയാണ് തനൂക്ക രക്ഷപ്പെട്ടത്!

അച്ഛന്റെ ക്ഷമാപണം

tanuka-4 മാധ്യമപ്രവർത്തകരോടു സംസാരിക്കുന്ന യമാറ്റോയുടെ പിതാവ് ടാക്യുകി ടാനൂക

തനൂക്ക ആശുപത്രിയിൽ സുഖം പ്രാപിച്ചുകൊണ്ടിരുന്നപ്പോൾ പ്രതികരണത്തിനായി കാത്തുനിന്ന ക്യാമറകൾക്കു മുന്നിൽ അച്ഛൻ വിങ്ങിപ്പൊട്ടുകയായിരുന്നു. തല കുനിച്ച് ഇരുകൈകളും ചേർത്തുവച്ച് ക്ഷമാപണം നടത്തി. ഏറെവൈകാതെ തന്റെ സുഹൃത്തുക്കൾ ഫുട്ബോളിന്റെ രൂപത്തിൽ എഴുതി നൽകിയ ആശംസകളുമായി തനൂക്ക ചിരിച്ചുകൊണ്ടു പുറത്തിറങ്ങി. കൗ ബോയ് തൊപ്പി വച്ച് പുഞ്ചിരിതൂകുന്ന പഴയ ചിത്രവുമായി ഒരു ജനക്കൂട്ടം പുറത്തുണ്ടായിരുന്നു. സ്കൂളിലേക്കു പോയി ഈ കഥകളൊക്കെ കൂട്ടുകാരോടു പറയുമെന്നാണ് ആവേശത്തോടെ അവൻ പറഞ്ഞത്. തൊട്ടുപിറകിൽ അമ്മ മുഖംപൊത്തിക്കരയുന്നുണ്ടായിരുന്നു.
തനൂക്കയെ കണ്ടെത്തുമ്പോൾ ഒരുതുള്ളി കണ്ണീർപോലും ആ കണ്ണുകളിൽനിന്നു വീണില്ലെന്നാണ് സൈനിക വക്താക്കൾ പറഞ്ഞത്. അടുത്തനിമിഷം എന്തു സംഭവിക്കുമെന്നുപോലും തീർച്ചയില്ലാതെ ഇരുട്ടുമുറിയിലെ ആ രണ്ടു മെത്തകൾക്കിടയിൽ മുഖംപൊത്തിക്കിടന്നപ്പോൾ‌ കണ്ണീരു മുഴുവനും വീണു വറ്റിയിട്ടുണ്ടാകില്ലെന്നാരു കണ്ടു!
നാളുകൾക്കുശേഷം തനൂക്കയുടെ സാഹസിക കഥ ലോകമെങ്ങും പ്രചരിക്കുമ്പോൾ ആരും കാണാത്ത ചില കണ്ണീർപ്പാടുകൾകൂടിയില്ലേയെന്നു ചില ഏഴു വയസ്സുകാരെങ്കിലും ചോദിച്ചേക്കാം.

Your Rating: