Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞു കൊടുക്കാം അർഥമുള്ള സമ്മാനങ്ങള്‍

Gift Representative Image

ഇനി സമ്മാനക്കാലമാണ്. ദീപാവലി പിന്നെ ക്രിസ്മസ് അതു കഴിഞ്ഞാല്‍ പുതുവര്‍ഷവും. സമ്മാനങ്ങള്‍ കൊടുക്കേണ്ടതുണ്ട് എന്നു കേള്‍ക്കുമ്പോള്‍ പൊതുവേ മനസ്സില്‍ എന്താവും വരുന്നത്? നേരെ കടയില്‍ പോവുക, ആരും കുറ്റം പറയാത്ത രീതിയില്‍, കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും സ്റ്റാറ്റസ് അനുസരിച്ച് ഒരു സമ്മാനം.

എന്നാല്‍ ഇത്തവണ ഈ രീതി ഒന്ന് മാറ്റി പിടിച്ചാലോ ? ഒന്നു ചിന്തിച്ചേ? എന്താണു നിങ്ങള്‍ക്കു സമ്മാനങ്ങള്‍? ഇഷ്ടം ഉള്ളവരോട് നമ്മുടെ സ്നേഹം അറിയിക്കാനും ഓര്‍മ്മപ്പെടുത്താനുമുള്ള മാര്‍ഗങ്ങളില്‍ ഒന്ന്. ഈ കലയില്‍ നമ്മുടെ സ്നേഹവും കരുതലും അവരെകുറിച്ചുള്ള നമ്മുടെ അറിവും എല്ലാം താരങ്ങള്‍ ആണ്. ഒപ്പം ബന്ധങ്ങളിലെ അടുപ്പം അറിഞ്ഞു വേണം സമ്മാനം നല്‍കാന്‍. അല്ലാതെ പോക്കറ്റിലെ കാശുകൊടുത്തു കടയിലെ മുന്തിയ സാധനങ്ങള്‍ വര്‍ണ്ണപൊതിയിലാക്കുന്ന ജാലവിദ്യയല്ലിത്.
എന്തൊക്കെയാണ് സമ്മാനം കൊടുക്കുമ്പോള്‍ മനസ്സില്‍ വയ്ക്കേണ്ടത്?

ആഗ്രഹങ്ങള്‍

നമ്മുടെ മനസ്സറിഞ്ഞു കൊടുക്കേണ്ടതാണ് സമ്മാനങ്ങള്‍, എന്നാല്‍ വാങ്ങുന്ന ആളിന്‍റെ മനസ്സറിഞ്ഞു കൊടുക്കുക എന്നതാണ് ഇതിനെ കലയാക്കി മാറ്റുന്നത്. അവരുടെ കുഞ്ഞ് ആഗ്രഹങ്ങള്‍ പോലും ഓര്‍ത്തു വച്ച് പിന്നീടു അത‌ൊരു സര്‍പ്രൈസ് സമ്മാനമാക്കി കൊടുക്കാം. വിലയിലും കൂടുതല്‍ ആ സമ്മാനത്തെ മൂല്യവത്താക്കുന്നത് അവരുടെ ആഗ്രഹങ്ങള്‍ അറിയാനുള്ള നിങ്ങളുടെ പരിശ്രമമാണ്. സമ്മാനം കൊടുക്കാന്‍ ആഗ്രഹിക്കുന്ന ആളിന്‍റെ തന്നെ സംഭാഷണങ്ങളിലൂടെയോ അവരുടെ സുഹൃത്തുക്കളിലൂടെയോ ഒക്കെ ആഗ്രഹങ്ങള്‍ അറിയാന്‍ ശ്രമിക്കാം. കൃത്യമായ ഡിറ്റക്റ്റിവ് പണിയാണ് ഇവിടെ വേണ്ടതെന്ന് അര്‍ഥം.

ഇഷ്ടങ്ങള്‍

ഇനി ആഗ്രഹങ്ങളെ കുറിച്ച് ഒരു ഐഡിയയും ഇല്ലെങ്കില്‍ അവരുടെ ഇഷ്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിക്കാം. അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന കാര്യങ്ങളില്‍ നിന്നും തന്നെ ഇതു മനസ്സിലാക്കിയെടുക്കാം. ഇല്ലെങ്കില്‍ പൊതുവായി വിഷയം എടുത്തിട്ട് നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ചുപറയാം എന്നിട്ട് സൂത്രത്തില്‍ അവരുടേത് ചോദിച്ചു മനസിലാക്കാം. ഇനി ഒന്നും മനസ്സില്‍ വരുന്നില്ല എന്നു പറഞ്ഞു പിന്തിരിയരുത്, മനസ്സ് തുറന്നു ഒരു സരസ സംഭാഷണം മതി ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍. കാര്യങ്ങള്‍ ചെറിയ ഗവേഷണം നടത്തി കണ്ടുപിടിക്കാനുള്ള നിങ്ങളുടെ കഴിവാണ് ഇവിടെ ഉപയോഗിക്കേണ്ടത് എന്നര്‍ത്ഥം. കുട്ടിക്കാലം മുതല്‍ക്കേ അമ്മയുടെ പ്രിയപ്പെട്ട പലഹാരം അച്ചപ്പം ആയിരുന്നു എന്ന് മകന്‍ അറിഞ്ഞത് കല്യാണം കഴിഞ്ഞു രണ്ടാഴ്ച അമ്മയോടൊപ്പം കിന്നാരം പറഞ്ഞു ഇഷ്ടം അറിഞ്ഞെടുത്ത ഭാര്യയിലൂടെയാണ്. സംഭാഷണങ്ങളിലൂടെ മനസ്സിലാക്കാവുന്നതെ ഉള്ളു ഇതെല്ലാം.

ആവശ്യങ്ങള്‍

മനസ്സിനോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സമ്മാനങ്ങളാവും ഇവ. കടലാസ് പൊതിയുടെ വര്‍ണ്ണകാഴ്ച ആവശ്യമില്ല ഇവയ്ക്കു തിളങ്ങാന്‍. അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള കാര്യങ്ങള്‍ തിരിച്ചറിയാനുള്ള നിങ്ങളുടെ കഴിവാണ് പ്രധാന മുതല്‍മുടക്ക്. ചിലപ്പോള്‍ കാശില്ലാത്തതുകൊണ്ട് സ്വയം വാങ്ങാത്തതോ വാങ്ങണം എന്നു വിചാരിച്ചിട്ട് നടക്കാത്തതോ ഒക്കെയാവാം ഇത്.

പ്രചോദനങ്ങള്‍

സമ്മാനം എപ്പോഴും സാധനങ്ങള്‍ തന്നെയാവണം എന്നൊന്നുമില്ല. പരീക്ഷയ്ക്കു തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഒരു സുഹൃത്തിനു നിങ്ങള്‍ കൈ കൊണ്ട് തയ്യാറാക്കിയ ആശംസകാര്‍ഡ്‌ നല്‍കാം. വ്യക്തിപരമായി സുഹൃത്തിന് ഉള്ള കഴിവുകളും അതില്‍ നിങ്ങള്‍ക്കുള്ള വിശ്വാസവും  എഴുതാം. സംഗീതം പൊഴിക്കുന്ന വിലയേറിയ കാര്‍ഡുകളെക്കാളും ഇത് അവരുടെ മനസു കവരും. അതുപോലെ സമ്മാനം കിട്ടുന്ന ആളിന്‍റെ കലാവാസനകള്‍, സംഗീതഅഭിരുചി, ഹോബി ഇവയെല്ലാം മനസ്സിലാക്കിയെടുക്കുന്നത് നിങ്ങള്‍ക്കു ഗുണം ചെയ്യും.

അനുഭവങ്ങള്‍

“ജീവിതത്തില്‍ സമ്പാദ്യം കാശു മാത്രമാകരുത്, അനുഭവങ്ങളും വേണം.”- പറയുന്നത് മനോവിദഗ്ദരാണ്. കാരണം ജീവിതസായാഹ്നങ്ങളില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം വിലയിരുത്തപ്പെടുന്നത് നല്ല അനുഭവങ്ങള്‍ സമ്മാനിക്കുന്ന സംതൃപ്തിയിലൂടെയാണ്. അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പലതുണ്ട് മാര്‍ഗം. ചെറിയ സര്‍പ്രൈസ് യാത്രകള്‍ ആവാം. അല്ലെങ്കില്‍ അവരുടെ പ്രിയവിഭവങ്ങള്‍ ഉള്‍പെടുത്തി ഒരു സര്‍പ്രൈസ് ഡിന്നര്‍ തയ്യാറാക്കാം. പാചകം അറിയില്ലെന്നാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ അതിനു സഹായിക്കുന്ന നിരവധി ബ്ലോഗുകളും വിഡിയോകളും നെറ്റില്‍ നിന്നും കണ്ടെത്തി പാചകം പഠിക്കാം. ഈ പരിശ്രമം സമ്മാനത്തിന്‍റെ മൂല്യം കൂട്ടുകയെ ഉള്ളു.

സമയം

സമയമെങ്ങനെ പെട്ടിയില്‍ ആക്കി കൊടുക്കുമോ എന്നു ചോദിച്ചു ചിരിച്ചു തള്ളരുത്. ഈ തിരക്കേറിയ ജീവിതത്തില്‍ മറ്റുള്ളവര്‍ക്കായി സമയം മാറ്റിവയ്ക്കുന്നത് പോലും സമ്മാനമാണ്. നിങ്ങള്‍ക്കെന്തു തിരക്കാണെന്ന് നിങ്ങള്‍ സമ്മാനം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ പരിഭവപ്പെടുന്നുണ്ടെങ്കില്‍ ഈ സമ്മാനം പരിഗണിക്കാവുന്നതാണ്.. നിങ്ങള്‍ക്കല്ലെങ്കിലും എനിക്കുവേണ്ടി ഒന്നിനും സമയം ഇല്ലല്ലോ എന്ന് ആ വ്യക്തി പരാതിപ്പെടുന്നുണ്ടെങ്കില്‍ ഇതു തന്നെയാണ് ഉചിതമായ സമ്മാനം. ആ ഒരുമിച്ചുള്ള നിമിഷങ്ങളില്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ വിനിയോഗിക്കാം. അവര്‍ പറയുന്നത് കേള്‍ക്കാന്‍ സമയം മാറ്റിവയ്ക്കാം. വെറുതെ ഒന്നും ചെയ്യാതെ ഇരിക്കുന്നത് പോലും ബന്ധത്തിലെ ഊഷ്മളത വര്‍ധിപ്പിക്കും.

മൗലികത

കസ്റ്റമൈസ്ഡ് സമ്മാനങ്ങളെ കുറിച്ചു കേട്ടിട്ടില്ലേ, അതാണ്‌ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ്. കടയില്‍ ചെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പണിയിപ്പിച്ചു വാങ്ങുന്നതിനെയാണ് ഇതു കൊണ്ട് സൂചിപ്പിക്കുന്നത്. കേക്ക് ഉള്‍പ്പെടെ ഇങ്ങനെ വാങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ ഇതല്ല ഇവിടെ പറഞ്ഞു വരുന്നത് , ഇതുക്കും മേലേയാണ്. ഉദാഹരണത്തിന് ,സ്വന്തം നാടു മിസ്സ്‌ ചെയ്തിരിക്കുന്ന ഒരു ചങ്ങാതിയ്ക്ക് അവിടെ പോയ അയാളുടെ സുഹൃത്തു കൊണ്ടുവന്ന സമ്മാനം ഒരു ഒഴിഞ്ഞ കുപ്പിയില്‍ നിറച്ചു കൊണ്ട് വന്ന നാട്ടിലെ വായുവാണ്. 15 വര്‍ഷത്തെ സൗഹൃദത്തില്‍ തനിക്കേറ്റവും വിലപിടിപ്പുള്ളതായി അയാള്‍ കരുതുന്നത് ഈ സമ്മാനമാണ്. ഇതുപോലെ നിങ്ങള്‍ക്കു മാത്രം ഈ ലോകത്ത് നിങ്ങളുടെ സുഹൃത്തിനു നൽകാന്‍ കഴിയുന്ന സമ്മാനം ഉണ്ടാവും. ഒരു നിമിഷം കൊണ്ടു ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും അനശ്വരതയെ തൊടാന്‍ സഹായിക്കുന്ന ഒരു സമ്മാനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.