Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയമെന്തിനു ജീവിതത്തിൽ? ധൈര്യമായി ഇറങ്ങൂ, വിജയം ഉറപ്പ്

shyness Representative Image

അവന്‍/ അവള്‍ ഒരു നാണം കുണുങ്ങിയാണ്. മാനസികമായ ഉള്‍വലിവ് അഥവാ ഷൈനസ്സ് ഉള്ളവരെക്കുറിച്ചു മറ്റുള്ളവർ പറയുന്ന സ്ഥിരം വാക്കുകളാണിത്. ഇതേ മറ്റുള്ളവർ തന്നെയാണ് ഈ ഉള്‍വലിവിനെ നിങ്ങളുടെ ഉള്ളില്‍ സൃഷ്ടിച്ചതെന്ന് നാണം കുണുങ്ങികളെന്നു സ്വയം ലജ്ജിക്കുന്നവര്‍ ആദ്യം മനസ്സിലാക്കുക. അവരെ നേരിടാനുള്ള ധൈര്യക്കുറവും സുരക്ഷിതത്വമില്ലായ്മയുമാണ് നിങ്ങളെ പിന്നോട്ടു വലിക്കുന്നത്. ഇതിനെ മറികടക്കാന്‍ നിങ്ങൾക്കു സ്വയം സഹായിക്കാനാകും.

ഉള്‍വലിവിനെ മനസ്സിലാക്കുക

ഭയമാണ് നിങ്ങളുടെ ഉള്‍വലിവിന്‍റെ പ്രധാന കേന്ദ്രം. മറ്റുള്ളവര്‍ എന്തു പറയും, അവര്‍ കളിയാക്കുമോ, അവരൊക്കെ വലിയ ആളുകളല്ലേ തുടങ്ങി നിരവധി സംശയങ്ങള്‍ എല്ലായ്പോഴും നിങ്ങളുടെ മനസ്സിലേക്കെത്തും. അതുകൊണ്ടുതന്നെ പല തവണ ആലോചിച്ചാകും നിങ്ങള്‍ നാലു പേര്‍ക്കിടയില്‍ സംസാരിക്കുക. ഇതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗുണം മിക്കപ്പോഴും അബദ്ധങ്ങള്‍ ഒഴിവാക്കി നിങ്ങള്‍ സെയ്ഫ് സോണില്‍ ആയിരിക്കും എന്നാണ്. പ്രധാന ദോഷം എന്നത് നിങ്ങളുടെ ഉള്ളിലെ പല ഗുണങ്ങളെയും കഴിവുകളെയും പുറത്തേക്കു വരുന്നതില്‍ നിന്ന് ഈ ഉള്‍വലിവ് വിലക്കുന്നു എന്നതും. അതായത് വിജയത്തിലേക്കുള്ള നിങ്ങളുടെ കുതിപ്പിന് ഏറ്റവും വലിയ തടസമാകും ഈ ഉള്‍വലിവ് എന്നര്‍ത്ഥം.

ഉള്‍വലിവിന് കാരണം നിങ്ങളല്ല

തുടക്കത്തില്‍ പറഞ്ഞതുപോലെ ഉള്‍വലിവ് നിങ്ങളുടെ സൃഷ്ടിയല്ല. ചെറുപ്പത്തില്‍ ആരെങ്കിലും നിങ്ങളെ പരസ്യമായി ശാസിച്ചതോ, പരസ്യമായി നിങ്ങള്‍ അപമാനിക്കപ്പെട്ടതോ ആയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അത് എത്ര ചെറുതായിരുന്നാല്‍ തന്നെയും അന്ന് ആ സംഭവം നിങ്ങളില്‍ സൃഷ്ടിച്ച സുരക്ഷിതത്ത്വം ഇല്ലായ്മ നിങ്ങളോടൊപ്പം വളര്‍ന്ന് വലുതായി. ഇപ്പോൾ നിങ്ങളുടെ അബോധമനസ്സിലെ പ്രശ്നം അത്തരത്തിലുള്ള അപമാനം വീണ്ടും ഉണ്ടാകുമോ എന്നതാണ്. നിങ്ങളറിയാതെ അതു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിന്നു. 

അപ്പോള്‍  നിങ്ങള്‍ ചെയ്യേണ്ട് ഇതാണ്. ആ ഉള്‍വലിവിനെ മനസ്സിലാക്കിക്കൊണ്ടു തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. നെഗറ്റീവ് അനുഭവങ്ങള്‍ ഉണ്ടായാലും അതിനെ പോകാന്‍ അനുവദിക്കുക. നിങ്ങളുടെ  നേട്ടങ്ങളെക്കുറിച്ച് അപ്പോള്‍ ആലോചിക്കുക. അവ മനസിൽ നിറക്കുക. ഉള്‍വലിവിന്‍റെ ഭയത്തെ നിങ്ങളെ കീഴടക്കാന്‍ അനുവദിക്കാതിരിക്കുക.

മറ്റുള്ളവരും നിങ്ങളെപ്പോലെയാണ്

ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ കളിയാക്കലുകള്‍  നേരിടാത്ത ആരും ഉണ്ടാകില്ല. എന്തെങ്കിലും തരത്തിലുള്ള ഭയമോ സുരക്ഷിതത്വമില്ലായ്മയോ നിങ്ങള്‍ മിടുക്കരെന്ന് വിചാരിക്കുന്ന ഏതു വ്യക്തിക്കും ഉണ്ടാകാം. അതുകൊണ്ടു തന്നെ നിങ്ങളുടെ മുറിവുകള്‍ നിങ്ങള്‍ക്കു മാത്രം ഏറ്റതാണെന്ന ചിന്ത വേണ്ട. തുറന്നു പ്രവര്‍ത്തിക്കുക. മാത്രമല്ല ഒരിക്കല്‍ ഒരാളില്‍ നിന്നോ രണ്ടു പേരില്‍ നിന്നോ ഉണ്ടായ അനുഭവത്തിന്‍റെ പേരില്‍ എല്ലാവരെയും വിലയിരുത്തേണ്ടതില്ല. നിങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കിയാല്‍ പ്രോത്സാഹിപ്പിക്കാനും ഇവിടെ നിരവധി പേരുണ്ടാകും എന്നു മനസ്സിലാക്കുക.

സ്വന്തം മൂല്യം തിരിച്ചറിയുക

നമുക്കു നമ്മളെ തിരിച്ചറിയാന്‍ സാധിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അധികം സംസാരിക്കാത്ത അധികം ഇടപഴകാത്തവരുടെ ഉള്ളിലെ ചിന്തകള്‍ ഏറെ വ്യത്യസ്തവും മികച്ചതുമായിരിക്കുമെന്നാണ് വിലയിരുത്തല്‍. നിങ്ങളും ആ കൂട്ടത്തില്‍ ഒരാളാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ചിന്തകള്‍ ലോകത്തോട് പങ്കു വെക്കാന്‍ മടിക്കേണ്ട. സ്വയം ഊര്‍ജ്ജം നല്‍കുക മടിയില്ലാതെ പ്രവര്‍ത്തിക്കുക, ആശങ്കയില്ലാതെ സംസാരിക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.