Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമുക്ക് പിരിയാം, എനിക്ക് വയ്യ ഈ ജീവിതം !

divorce Representative Image

വർഷങ്ങൾ ഒപ്പം താമസിച്ചിട്ടും തന്നെ മനസ്സിലാക്കാൻ കഴിയാത്ത ഭാര്യയ്ക്ക് ഒരു യുവാവ് അയച്ച കത്ത് എത്രമാത്രം വേദനിപ്പിക്കുന്നതാകാം? ദാമ്പത്യത്തിന്റെ തകർച്ചയ്ക്ക് പിന്നിൽ കാരണങ്ങൾ എത്രയൊക്കെ നിരത്തിയാലും ആത്മബന്ധം ഇല്ലാത്ത കാലത്തോളം ദമ്പതികൾ തമ്മിൽ പരസ്പരം ഉടമ്പടികളിൽ മാത്രമൊതുങ്ങി ജീവിക്കേണ്ടി വരും. വേദനാജനകവുമാണത്. അത്തരം ഒരു ബന്ധത്തിൽ ജീവിയ്ക്കാൻ കഴിയാതെ 30 വയസ്സുകാരനായ യുവാവ് ഭാര്യയ്ക്ക് കത്തെഴുതി മനസ്സിനെ തുറന്നു വച്ചാലോ...

വായിക്കൂ... മുഖവുരകൾ പോലുമില്ലാതെ യുവാവ് തുടങ്ങുന്നത് ഇങ്ങനെയാണ്,

"ഈ കത്ത് എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. ഈ ഒക്ടോബർ ആകുമ്പോൾ നാം തമ്മിൽ വിവാഹിതരായിട്ട് അഞ്ചു വർഷങ്ങൾ പൂർത്തിയാകുന്നു. നാം ഒരിക്കലും പരസ്പരം വിവാഹത്തിനായി പ്രൊപോസ് ചെയ്തിരുന്നില്ല. മാതാപിതാക്കളുടെ സന്തോഷത്തിനായി മാത്രം ഒന്നായവർ മാത്രമാണു നാം. പക്ഷേ അതിൽ ഞാൻ ഏറെ സന്തോഷവാനുമായിരുന്നു. പക്ഷേ വിവാഹ തീയതി അടുക്കുന്തോറും ഉള്ളില അസ്വസ്ഥതകൾ ഞാനറിയാതെ തന്നെ കൂടുന്നുണ്ടായിരുന്നു. എന്നാൽ എല്ലാം ശരിയാകും എന്ന് മനസ്സ് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

നമ്മുടെ വിവാഹ ശേഷമുള്ള ആദ്യ കുറെ മാസങ്ങൾ നാം ഏറെ പരസ്പരം അറിയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. നമ്മുടെ സുഹൃത്തുക്കളെ  പരസ്പരം പരിചയപ്പെട്ടു. പക്ഷേ എപ്പോഴും, എപ്പോഴും മനസ്സിൽ അകാരണമായ അസ്വസ്ഥതയുടെ കൂടുകൾ കടന്നൽ മൂളിച്ച പോലെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. 

കൂടിപ്പോയാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും പിന്നെ കുറച്ചു സഹപ്രവർത്തകർക്കും അറിയാം ഞാൻ വിവാഹിതനാണെന്ന്, പക്ഷേ ഈ തിരക്കുള്ള ലോകത്ത്, ഞാൻ മുന്നിൽ കാണുന്ന ഈ സമൂഹത്തിൽ നീ ഒരു രഹസ്യം തന്നെയായിരുന്നു. ഞാനും നീയും പരസ്പരം എന്ത് ബന്ധമാണ് ഉള്ളതെന്ന് ആർക്കും അറിയാത്ത രഹസ്യം. ഒരിക്കലും ഞാൻ എന്റെയോ നീ നിന്റെയോ ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ മാറ്റിയില്ല, നമ്മുടെ അക്കൗണ്ടിലേയ്ക്ക് നാം പരസ്പരം ഒന്നിച്ചു ചേർന്ന് വന്നതേയില്ല. സുഹൃത്തുക്കൾ എല്ലാവരും പാസ് വേഡുകൾ മാറ്റുമ്പോഴും ഞാൻ മാറ്റിയില്ല. എന്റെ മാരിറ്റൽ സ്റ്റാറ്റസിലെയ്ക്ക് നിന്റെ പേര് ചെർത്തതുമില്ല, നിനക്കും അതിൽ താൽപ്പര്യമുണ്ടായിരുന്നില്ലല്ലോ. എന്തിനു നാം തമ്മിലുള്ള ഒരു ചിത്രം പോലും അവിടെ ഷെയർ ചെയ്യപ്പെട്ടിരുന്നതെയില്ലല്ലോ. സുഹൃത്തുക്കളുടെ ചിത്രങ്ങൾ കണ്ടു എനിക്ക് ഉള്ളിലെവിടെയോ നോവുന്നുണ്ടായിരുന്നു... ഞാൻ പോലുമറിയാതെ...

ഞാൻ നിനക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി തന്നിട്ടുണ്ട്, ഒരുപക്ഷേ നീ ആഗ്രഹിക്കുന്നതിലും കൂടുതൽ വാങ്ങി തന്നിട്ടുണ്ട് എന്നെനിക്ക് ഉറപ്പുണ്ട്. പക്ഷേ ഒരിക്കലും നിന്റെ മനസ്സിലേയ്ക്ക് ഒരു പാലം ഇടാൻ എനിക്ക് കഴിഞ്ഞതെയില്ല. നീയും അതിനു ശ്രമിച്ചതുമില്ല. ഒരിക്കലും എനിക്ക് നിന്നെ പ്രണയിക്കാൻ സാധിച്ചിട്ടേയില്ല. ഒരുപക്ഷേ നീ എന്നെ സ്നേഹിച്ചിരുന്നിരിക്കാം, പക്ഷേ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കൽ എന്റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി നിനക്കെന്നോട് പ്രണയമാണെന്ന് നീ പറഞ്ഞിരുന്നു, പക്ഷേ എന്റെ മനസ്സപ്പോൾ തികച്ചും ശൂന്യമായിരുന്നു. എത്രമാത്രം നിശബ്ദതയിലെയ്ക്ക് നോക്കിയാണ് നീ ഒരിക്കൽ ആ മൂന്നു ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞത്. നമ്മൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ഈ അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കറിയില്ല നിന്റെ ഏറ്റവും പ്രിയപ്പെട്ട നിറം എന്താണെന്ന്.

നമ്മുടെ ലൈംഗിക ജീവിതത്തെ കുറിച്ച് പറയാതിരിയ്ക്കാൻ വയ്യ. കഴിഞ്ഞ 18 മാസത്തിനിടയിൽ വെറും മൂന്നു തവണ മാത്രമാണു നാം തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അതും നിന്റെ മോഹത്തിന്റെ പുറത്തു മാത്രം. എന്റെ പല സുഹൃത്തുക്കളും അവരുടെ സെക്സ് ജീവിതത്തെ കുറിച്ച് വാചാലരാകുമ്പോൾ എനിക്ക് ഉള്ളിൽ നോവുന്ന പോലുള്ള വേദനയുണ്ട്. 30 വയസ്സുള്ള ഒരു യുവാവ് എന്ന രീതിയിൽ എന്റെ ശരീരവും അതാഗ്രഹിക്കുന്നുണ്ട് പലപ്പോഴും. പക്ഷേ നിന്നോടൊപ്പമല്ല. എന്നെ ആകർഷിയ്ക്കാൻ കഴിഞ്ഞ, എന്റെ ഹൃദയത്തെ തൊടാൻ കഴിഞ്ഞ, എന്റെ വേദനകളെയും വികാരങ്ങളെയും മനസ്സിലാക്കാൻ കഴിയുന്ന ഒരുവൾക്കൊപ്പം മാത്രം. എന്നെ ഞാൻ എത്രമാത്രം ബലം പ്രയോഗിച്ചാലും അത്തരം ഒരു ആകർഷണം നിന്നോടെനിക്ക് തോന്നുന്നതെയില്ല.

കഴിഞ്ഞ വർഷം നീ നിന്റെ വീട്ടിൽ ഒരാഴ്ച്ചത്തേയ്ക്ക് പോയത് ഓര്‍മയുണ്ടോ? നീ പോയപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. തികച്ചും ഏകാകി. പക്ഷേ എന്റെ ഏകാന്തതയെ നീ അടുത്തുള്ളതിനേക്കാൾ ഞാൻ ഇഷ്ടപ്പെട്ടു. സാധാരണ ഓഫീസ് ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ നിശബ്ദത നിറഞ്ഞ വീട് ആരും ആഗ്രഹിക്കില്ല, പക്ഷേ എനിക്ക് ആ ഏകാന്തത വേണമെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. ഞാൻ അതിനെ ഇഷ്ടപ്പെടുന്നു. നീ ഒരിക്കലും തിരികെ വരരുതേ എന്നായിരുന്നു ആ ദിവസങ്ങളി ഞാൻ ആഗ്രഹിച്ചിരുന്നതും. 

എന്നെ സന്തോഷിപ്പിയ്ക്കാൻ നീ എന്തും ചെയ്യാൻ ഒരുക്കമായിരിക്കാം, പക്ഷേ നിന്നോടൊപ്പമുള്ള ഒരു ജീവിതം ഇനി തുടരാൻ എനിക്ക് വയ്യ. നിന്റെ കോമാളിത്തരങ്ങൾ  ആദ്യമൊക്കെ അത് കേൾക്കുമ്പോൾ തമാശ തോന്നിയിരുന്നെങ്കിലും ഇപ്പോൾ അത് എനിക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. പക്ഷേ എനിക്ക് ഭയമായിരുന്നു, ധൈര്യമില്ലായിരുന്നു നിന്നിൽ നിന്ന് എനിക്ക് വിവാഹ മോചനം വേണം എന്ന് പറയാൻ. നിന്നെ വേദനിപ്പിയ്ക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. ഒരിക്കലും ജീവിതത്തിൽ വിവാഹ മോചനം എന്നൊന്ന് ഉണ്ടാകുമെന്ന് പണ്ട് ഞാൻ കരുതിയിരുന്നതെയില്ല. മാതാപിതാക്കളുടെ നിർബന്ധത്തിനു വേണ്ടി ഞാൻ ഈ ബന്ധം അംഗീകരിക്കുമ്പോഴും അത് മോചനം വരെ എത്തുമെന്ന് ഞാൻ കരുതിയതേയില്ല. പക്ഷേ ഇനിയും നിന്നെ എന്റെ നിശബ്ദമായ മനസ്സിലെ കപടതയിൽ നിർത്തി വേദനിപ്പിയ്ക്കാൻ വയ്യ. 
നിന്നെ ഞാൻ പ്രണയിച്ചിരുന്നില്ല, പക്ഷേ നിന്നെ മുറിവേൽപ്പിയ്ക്കാനും എനിക്ക് പറ്റുമായിരുന്നില്ല. ഞാൻ സ്വാർത്ഥനല്ല, പക്ഷേ ഇപ്പോഴത്തെ ഈ ജീവിതം എനിക്കൊന്നും നൽകുന്നില്ല, വേദനയും നിരാശയുമല്ലാതെ... നീ എന്നെ മനസ്സിലാക്കുക... തീരുമാനം ഇനി നിന്റെതാണ്.

നിന്റെ....
 

Your Rating: