Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ പായ്ക്കപ്പലുമായ് പെൺപട, തരിണി ചരിത്രം കുറിക്കുമോ?

മാദേയ് മാദേയ് പായ്ക്കപ്പലിൽ വനിതാ നാവികർ

തരിണി, മാദേയ് ക്ലാസിലെ രണ്ടാമത്തെ പായ്ക്കപ്പലിന്റെ പേര് അങ്ങനെയാണ്. അടുത്തൊരു ചരിത്രം കുറിക്കാനുള്ള പണിപ്പുരയിലാണ് പായ്ക്കപ്പലും  ഇതിൽ  യാത്ര ചെയ്യേണ്ടവരും. ഇന്ത്യൻ നാവികസേനയുടെ വനിതാ സംഘം  ലോകം സഞ്ചരിക്കുക തരിണി എന്ന പായ്ക്കപ്പലിലാകും. 2017 ഫെബ്രുവരിയിൽ  സേനയ്ക്കു കൈമാറുന്ന വിധത്തിൽ നിർമാണം  പുരോഗമിക്കുകയാണ്. 2017 ഓഗസ്റ്റിലാണു സംഘം ലോക യാത്രയ്ക്ക് തയാറെടുക്കുക. 

ലഫ്. കമാൻഡർ വർത്തിക ജോഷി, ലഫ്റ്റനന്റ് പി. സ്വാതി, ലഫ്. പ്രതിഭ ജാംവാൽ, ലഫ്. വിജയ ദേവി, ലഫ്. ഐശ്വര്യ, സബ്. ലഫ്. പായൽ ഗുപ്ത എന്നിവരാണു ലോകപര്യടനത്തിനു തയാറെടുക്കുന്ന ആറംഗ വനിതാ സംഘം. ഇവരിൽ അഞ്ച പേർ മാത്രമാകും  ലോകപര്യടനം നടത്തുകയെന്നതാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വർത്തിക ജോഷിയെന്ന  ഉത്തരാഖണ്ഡ് സ്വദേശിയാണ് ഇപ്പോൾ മാദേയിയുടെ ക്യാപ്റ്റൻ (സ്കിപ്പർ എന്നു നാവികഭാഷ). നേവൽ ആർക്കിടെക്ചർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന വർത്തിക 2014ൽ ബ്രസീലിലെ റിയോയിൽ നിന്നു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വരെയുള്ള യാത്രയിൽ മാദേയ് സംഘത്തിന്റെ ഭാഗമായിരുന്നു.നാവികസേനയുടെ വ്യോമ വിഭാഗത്തിൽ എയർ ട്രാഫിക് കൺട്രോളർ(എടിസി)ആയി സേവനം ചെയ്യുകയാണു വിശാഖപട്ടണം സ്വദേശിയായ സ്വാതി. കേപ്ടൗണിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ മാദേയിയുടെ ഭാഗമായിരുന്നു സ്വാതി. ഹിമാചൽ പ്രദേശ് സ്വദേശിയായ പ്രതിഭയും മണിപ്പൂർ സ്വദേശി വിജയ ദേവി, ഡെറാഡൂൺ സ്വദേശി പായൽ ഗുപ്ത, ബെംഗളൂരു സ്വദേശിയായ ലഫ്. ഐശ്വര്യ എന്നിവരും ലോകയാത്രയുടെ  ത്രില്ലിലാണ്. 

മാദേയ് മാദേയ് പായ്ക്കപ്പലിൽ വനിതാ നാവികർ

ഈ വർഷം ഫെബ്രുവരിയിൽ  വിശാഖപട്ടണത്തു നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിനു ശേഷമാണ് ഇവർ ഒരുമിച്ച് ആദ്യം യാത്ര ചെയ്തത്, വിശാഖപട്ടണത്തു നിന്നു മാദേയിയുടെ ആസ്ഥാനമായ ഗോവയിലേക്കുള്ള യാത്ര. ബംഗാൾ കടലിടുക്കിലൂടെ യാത്ര ചെയ്തു ശ്രീലങ്കൻ തീരങ്ങളിലൂടെയാണു ആ യാത്ര. പിന്നാലെ  മൊറീഷ്യസിലേക്കു  മേയിൽ യാത്ര നടത്തി. അടുത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലാണു  സംഘം. ഡിസംബറിൽ കേപ് ടു റിയോ റേസ് എന്ന ലോകപ്രശസ്തമായ പായ്ക്കപ്പലോട്ട മൽസരം. ഈ യാത്രയും മാദേയിയിലാണു നടത്തുക. ശേഷം  ലോകപര്യടനം. 

ഗോവയിലെ അക്വാറിസ് ഫൈബർഗ്ലാസ് എന്ന കമ്പനി നിർമിച്ചതാണു മാദേയി നൗക. 2009 ഫെബ്രുവരിയിലാണ് ഇന്ത്യൻ നാവികസേനയ്ക്കു കൈമാറിയത്. 17.10 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയും 23 ടൺ ഭാരവുമുണ്ട്. കാറ്റിന്റെ സഹായത്തിൽ മാത്രമാണു സഞ്ചാരം. അത്യാവശ്യഘട്ടങ്ങളിൽ പ്രവർത്തിപ്പിക്കാൻ എൻജിൻ ഉണ്ടെങ്കിലും ചരിത്രമായി മാറിയ സമുദ്ര സഞ്ചാരങ്ങളിൽ എൻജിൻ ഉപയോഗിച്ചിട്ടില്ല. ജിപിഎസും അതിവേഗ ഇന്റർനെറ്റ് കണക്ഷനും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്. ഗോവയിലെ മീൻപിടിത്തക്കാരുടെ ഇഷ്ട ദേവതയുടെ പേരാണു മാദേയി. 2009ൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഐഎൻഎസ്വി മാദേയ് എന്ന പായ്വഞ്ചി രണ്ടുതവണ ലോകം ചുറ്റിയിട്ടുണ്ട്. കമാൻഡർ ദിലീപ് ദോണ്ഡെയുടെ അവസരമായിരുന്നു ആദ്യം. ഇന്ത്യൻ നിർമിത നൗകയിൽ ആദ്യമായി ഒറ്റയ്ക്കു ലോകം ചുറ്റിയ ഇന്ത്യക്കാരൻ എന്ന ബഹുമതിയാണ് അദ്ദേഹം നേടിയത്. നാലു തുറമുഖങ്ങളിൽ നങ്കൂരമിട്ട് ഒൻപതു മാസം കൊണ്ടാണ് അദ്ദേഹം യാത്ര പൂർത്തിയാക്കിയത്. കടൽമാർഗം 21,600 നോട്ടിക്കൽ മൈലാണ് (ഏകദേശം 38,880 കിലോമീറ്റർ) അദ്ദേഹം താണ്ടിയത്. 

തരിണി പായ്ക്കപ്പൽ നിർമാണം പുരോഗമിക്കുന്നു

പിന്നീടായിരുന്നു കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമിയുടെ നേട്ടം. തീരത്തൊരിടത്തും നൗക അടുപ്പിക്കാതെ, മറ്റൊരാളുടെയും സഹായമില്ലാതെ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി അഭിലാഷ് നേടിയത് അഞ്ചു മാസം നീണ്ട സാഹസിക സമുദ്ര പര്യടനത്തിലൂടെയാണ്. 2012 നവംബർ ഒന്നിനാരംഭിച്ച യാത്ര 151 ദിവസം കൊണ്ടാണ് അദ്ദേഹം പൂർത്തിയാക്കിയത്. സാഗർ പരിക്രമ2 എന്ന ആ യാത്ര തന്നെ 23,100 നോട്ടിക്കൽ മൈൽ ഉണ്ടായിരുന്നു. മൂന്നാം ലോകയാത്രയാണു സേനയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുക. ഇതിനു വേണ്ടിയാണു  തരിണി അണിയറയിൽ ഒരുങ്ങുന്നത്. 

Your Rating: