Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലുമെന്ന് പറ‍ഞ്ഞിട്ടും പിന്തിരിഞ്ഞില്ല

Binu അഡ്വ.ഡി.ബി ബിനു

ഔദ്യോഗിക വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കാനുള്ള  ലോകരാജ്യങ്ങളിലെ വിവിധ നിയമങ്ങളില്‍ ഏറവും ശക്തവും സമഗ്രവുമായ  വിവരാവകാശ നിയമം നമ്മുടെ രാജ്യത്ത് നിലവില്‍ വന്നിട്ട് പത്ത് വര്‍ഷം കഴിഞ്ഞു . വിവരാവകശമെന്നു പറയുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്ന പേര് ഒരു പക്ഷേ അഡ്വ. ഡി.ബി ബിനു എന്നായിരിക്കും. കേരളത്തിലെ വിവരാവകാശ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നടക്കുന്ന ഇദ്ദേഹത്തിന്റെ അപേക്ഷയിലാണ് മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ്‌ നിയമനത്തിലെ ധൂർത്തും സ്വജനപക്ഷപാതവും ഉള്‍പ്പെടെ പല അഴിമതി കേസുകളും പുറം ലോകം അറിയുന്നത്. വിവരാവകാശ പ്രവർത്തകനെന്ന നിലയിൽ സജീവമായ അദ്ദേഹം തൻറെ അനുഭവങ്ങങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു.

വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് പത്ത് വര്‍ഷം തികയുന്നു. അതിന്റെ ഫലപ്രാപ്തിയെക്കുരിച്ചു എന്ത് തോന്നുന്നു?

വിവരാവകാശ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം അഴിമതി ഇല്ലാതാക്കുക എന്നതാണ്. ഭരണരംഗത്ത് സുതാര്യത കൊണ്ട് വരിക എന്നതാണ് അഴിമതി ഇല്ലാതാക്കാനുള്ള ഒരു വഴി. നിലവില്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ പൊതുജനത്തിനു കഴിയുന്നില്ല. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത , അഴിമതി ഇതെല്ലാം ജനാധിപത്യത്തിലെ കളകളാണ്. ഇതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന ശക്തമായ നിയമമാണ് വിവരാവകാശ നിയമം. ഒരുപാടു മേഖലകളില്‍ ഇതിന്റെ വ്യത്യാസം വരും. സര്‍ക്കാര്‍ ഓഫീസുകളില്‍ എന്ത് നടക്കുന്നു എന്നറിയല്‍ ജനങ്ങളുടെ അവകാശമാണ്. നമ്മളുടെ നികുതിപ്പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നെന്നറിയാന്‍ നമ്മള്‍ക്കാവകാശമില്ലേ? അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എന്ത് ചെയ്യുന്നുവെന്ന് ജനം പരിശോധിക്കുന്നത് അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ്. ആ അഞ്ച് വർഷം അവര്‍ നമുക്ക് ചില bogus ആയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കി എന്ന് പറയും. നമ്മള്‍ അത് പരിശോധിക്കാറില്ല. ഓരോ ദിവസവും പരിശോധിക്കാന്‍ കഴിയുന്നു എന്നതാണ് വിവരാവകാശനിയമത്തിന്റെ പ്രസക്തി. ഓരോ ദിവസവും പരിശോധിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് അഴിമതി ഇല്ലാതാക്കാനുള്ള വഴി. ജനങ്ങളെ പരിശോധിക്കുമെന്ന ഓരോ ഉദ്യോഗസ്ഥനും ഉണ്ടാവണം.

ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവില്‍ അഴിമതിയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടോ?

അതിനു മുമ്പ് അഴിമതി കണ്ടെത്തുക എളുപ്പമല്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അഴിമതി കൂടിയിട്ടുണ്ട്. പാറ്റൂര്‍  കേസ്, ടു ജി. സ്പെക്ട്രം , ആദര്‍ശ് കുംഭകോണം , ഇതെല്ലാം പുറത്തുകൊണ്ടുവന്നതില്‍ വിവരാവകാശനിയമത്തിന് നിര്‍ണായക പങ്കുണ്ട്. അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ കേസുകളൊന്നും പുറത്ത് വരില്ലായിരുന്നു. അഴിമതി തെളിയിക്കാന്‍ പറ്റാത്ത ആരോപണങ്ങള്‍ മാത്രമായി ഒതുങ്ങുമായിരുന്നു. ഫയലുകള്‍ മുക്കിക്കളയുമായിരുന്നു. ഇന്നത് സാധ്യമല്ല. ഫയലുകള്‍ ഇല്ലെങ്കില്‍ അവയുടെ custodian സമാധാനം പറയണം. അയാള്‍ക്ക് അഞ്ചു വർഷം വരെ ശിക്ഷ കിട്ടും. അപ്പോൾ അങ്ങനെ നിയമങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. നിയമസഭയിൽ ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത കാര്യങ്ങൾ  വിവരാവകാശം വഴി സംഘടിപ്പിച്ചു എം.എൽ.എ മാർ നിയമസഭയിൽ ഉന്നയിക്കാൻ തുടങ്ങി. ഭരണകൂടത്തിന്റെ അകത്തളങ്ങളിൽ,ഉപശാലകളിൽ മൂടിവെച്ച അഴിമതിയുടെ ദുർഭൂതങ്ങൽ അങ്ങനെ പുറത്ത് വരാൻ തുടങ്ങി. അത് കൊണ്ടാണ് അഴിമതിക്കഥകൾ പെരുകിയത്. തീര്ച്ചയായും കൂടും. കാരണം  അത്ര വ്യാപകമായ തോതിലാണ് അഴിമതി  നമ്മുടെ രാജ്യത്ത് നടക്കുന്നത് .

binu-1 അഡ്വ.ഡി.ബി ബിനു

വിവരാവകാശത്തിന്റെ സാധ്യതകളെ ക്കുറിച്ച്  പൊതുജനത്തിനു ഇനിയും വേണ്ടവിധം അവബോധം കിട്ടിയിട്ടില്ല. ആ വഴിക്ക് ശ്രമങ്ങൾ നടത്തേണ്ടതില്ലേ?

ഉ: തീര്‍ച്ചയായും. ഒരു ശതമാനം ആളുകൾ മാത്രമാണു RTI ഉപയോഗിക്കുന്നത്. വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്നവർക്ക് പോലും ഇതിനെക്കുറിച്ച്‌ വേണ്ടവിധം അറിയില്ല. ആളുകൾക്ക്  അറിയാത്ത ഒരു സാഹചര്യം ഉണ്ടാക്കുന്നതും ഭരണകൂടം തന്നെയാണ്. ഈ നിയമത്തിൽ തന്നെ Education Programme ആവിഷ്കരിക്കണം , RTI പഠിപ്പിക്കണം എന്ന് സര്‍ക്കാരിന് നിര്ദേശം നല്കിയിട്ടുണ്ട്. സർക്കാർ അതു ചെയ്യുമോ? പിന്നെ ഈ ദൗത്യം ഏറ്റെടുക്കേണ്ടത് സന്നദ്ധ സംഘടനകളാണ്‌. അവർ ജനങ്ങളെ പഠിപ്പിക്കണം .അവരെക്കൊണ്ടു തന്നെ അപേക്ഷ കൊടുക്കാൻ ശീലിപ്പിക്കണം.അപ്പോൾ നിയമത്തിന്റെ സാധ്യതകൾ  അവർ മനസ്സിലാക്കും.അത്തരത്തിലൊരു മൂവ്മെന്റ് ആക്കി ഇതിനെ മാറ്റണം.കൈക്കൂലി കൊടുത്താലുള്ള ദോഷമെന്തെന്നു വെച്ചാൽ കൃത്യമായ സേവനം നമുക്ക് കിട്ടില്ല. നാളെ വേറൊരാൾ പരാതിപ്പെട്ടാൽ നമ്മൾ പെടും. കോടതിയിൽ ഹാജരാക്കാൻ കഴിയാത്തത് ഉൾപ്പെടെ ആധികാരികവും കൃത്യവുമായ വിവരങ്ങളാണ് വിവരാവകാശ നിയമത്തിലൂടെ ലഭിക്കുക.അതിൽ നിന്ന് പിന്നെ ഉദ്യോഗസ്ഥന് മാറാൻ കഴിയില്ല.അത് കൊണ്ട് തന്നെ നിയമപ്രകാരം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം നിര്ബന്ധിതനാകും.

രാജ്യത്ത് പലയിടത്തും വിവരാവകാശ പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ രംഗത്ത്‌ താങ്കൾ നേരിട്ട വെല്ലുവിളികൾ ?

നമുക്ക് അർഹതപ്പെട്ട പല അവസരങ്ങളും  നഷ്ടപ്പെടുത്തുന്നതിന് ഈ ആക്ടിവിസം കാരണമായിട്ടുണ്ട്. ചില ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ടി.പി സെൻകുമാർ ഇന്റലിജൻസ് ADGP ആയിരുന്ന കാലത്ത് ഞാനദ്ദേഹത്തിന് പരാതി നല്കിയിട്ടുണ്ട്. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ യോഗ്യത  സംബന്ധിച്ച അന്വേഷണത്തിലാണത്. എട്ടാംക്ലാസും ഗുസ്തിയും കഴിഞ്ഞിട്ടാണ് പലരും അണ്ടർ സെക്രടറി റാങ്കിൽ ജോലി ചെയ്യുന്നത്. മുപ്പത് പേരാണ് പേർസണൽ സ്റ്റാഫായി ഒരു മന്ത്രിക്കുള്ളത്. ഇതിൽ പലരും ക്രിമിനൽ സ്വഭാവം ഉള്ളവരാണ്. ഇവർ എന്റെ പല സുഹൃത്തുക്കളെയും വിളിച്ചിട്ട് ഇത് നിർത്തിയില്ലെങ്കിൽ ശരിയാക്കിക്കളയും അവസാനിപ്പിച്ചു കളയുമെന്നൊക്കെ ഭീഷണിപ്പെടുത്തി. 

നിലവിൽ വിവരാവകാശ പ്രവർത്തകൻ എത്രത്തോളം സുരക്ഷിതനാണ്?

നിലവിൽ സുരക്ഷിതത്വമൊന്നുമില്ല .സ്റ്റേറ്റിനെയാണ്  നമ്മൾ തുറന്നു കാണിക്കുന്നത്. അവർ തന്നെയാണ് നമുക്ക് സംരക്ഷണം നൽകേണ്ടതും. അത് കൊണ്ട് തന്നെ സംരക്ഷണം പരിമിതമായിരിക്കും.

binu-2 അഡ്വ.ഡി.ബി ബിനു

രാഷ്ട്രീയ പാർടികൾ വിവരാവകാശ ഓഫീസറെ നിയമിക്കണമെന്നൊരു നിർദേശമുണ്ടായിരുന്നല്ലോ. എന്ത് കൊണ്ടാണ് അവർ പിന്തിരിഞ്ഞു നില്ക്കുന്നത്?

അതിപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിവരാവകാശം നിർബന്ധമായും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ പാർടികൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. നിലവിലുള്ള സംവിധാനത്തിൽ വിശ്വസിക്കാനല്ലേ തരമുള്ളൂ. ഇതിലൂടെ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കാൻ കഴിയും. അഴിമതിക്കെതിരെ നില കൊള്ളുന്നെന്നു പറയുന്ന തൊഴിലാളി വർഗ പാർടിക്ക് ഇതിനു മറുപടി പറയാൻ കഴിയാത്തത് അങ്ങേയറ്റം പരിതാപകരമാണ്. ബാക്കിയുള്ളവരുടെ കാര്യം പോട്ടെ. ഞങ്ങൾ ഇതിന്റെ പരിധിയിൽ വരും എന്ന് ധൈര്യപൂർവം പറയാൻ കഴിയുന്ന ഒരൊറ്റ ദേശീയ പാര്‍ട്ടിയുമില്ല. എന്റെ ചോദ്യത്തിനു ആകെ അനുകൂലമായി പ്രതികരിച്ചത് ആം ആദ്മി പാർട്ടിയാണ്. അവർ ദേശീയ പാർട്ടിയും അല്ല. 

വിവരാവകാശ നിയമത്തിന്റെ ഭാവിയെക്കുറിച്ച പ്രതീക്ഷകളും ആശങ്കകളും?

വലിയ വലിയ ആശങ്കകളാണ് ഉള്ളത്. ഈ നിയമം ഈ വിധത്തിൽ നില നിലക്കുമോ എന്ന ആശങ്ക തന്നെ പ്രധാനം  .ഇതിനെ സംരക്ഷിക്കാൻ ആരുമില്ല. രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരാണ്‌ , ഉദ്യോഗസ്ഥർ ഇതിനെതിരാണ്‌. വളരെ അസംഘിടതരായ  പൊതു ജനമാണ് ഇതിനെ സംരക്ഷിക്കേണ്ടത്. ഈ ഭീഷണി വ്യക്തമായി ഉയർന്നു വരുമ്പോൾ ഇന്ത്യ അതിനെതിരെ എഴുന്നെറ്റു നിൽക്കുമെന്ന് തന്നെയാണ് എൻറെ പ്രതീക്ഷ. അത്തരം  പ്രതികരണത്തെ ഭരണകൂടം ഭയക്കുന്നുണ്ട് താനും.

Your Rating: