Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയുമൊരു പെൺകുഞ്ഞിനെ സ്വന്തമാക്കും

Janu സി കെ ജാനു ദത്തെടുത്ത മകള്‍ സി കെ ജാനകിക്കൊപ്പം, ചിത്രം മനോരമ

പൂക്കളും മരങ്ങളും വലിയ മുറ്റവും, സന്തോഷങ്ങളും ആവലാതികളും ദുരിതങ്ങളുമൊക്കെയായി വരുന്ന പുതുമുഖങ്ങളുമെല്ലാം ജാനകിക്കുട്ടിയ്ക്ക് ആദ്യമൊരു കൗതുകമായിരുന്നു. കളിച്ചു വളർന്ന സ്ഥലത്ത് ഇങ്ങനെ മതിയാവോളം ഓടിക്കളിക്കാൻ സ്ഥലമില്ല, ലാളിക്കാനും കൊഞ്ചിക്കാനും അധികം ആരുമില്ല. മൂന്നു വയസേ ഉള്ളുവെങ്കിലും തനിക്കു സ്വന്തമായി ഒരു അമ്മയെയും നാടിനെയും കിട്ടിയ സന്തോഷത്തിലാണ് ജാനകിമോൾ. ആദിവാസി ഗോത്രമഹാസഭയുടെ നേതാവും സാമൂഹിക പ്രവർത്തകയുമായ സി.കെജാനു ഇന്ന് ഛത്തീസ്ഗഡ് സ്വദേശിയായ ജാനകിക്കുട്ടിയുടെ സ്വന്തം അമ്മയാണ്. ഛത്തീസ്ഗഡിലെ സേവാഭാരതി അനാഥാലയത്തിൽ നിന്നാണ് സി.കെ ജാനു ജാനകിയെ ദത്തെടുക്കുന്നത്. അടിസ്ഥാന വർഗത്തിനു വേണ്ടി രാപകലില്ലാതെ പ്രയത്നിയ്ക്കുക്കയും പ്രസംഗിക്കുകയും ചെയ്യുന്ന തീപ്പൊരി നേതാവിന്റെ പുതിയ മുഖമാണിത്. പനവല്ലിയിലെ വീട്ടിൽ അമ്മയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം ഇനി ജാനകിയുടെ ചിരിയും കളിയും കേൾക്കാം...

കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കാൻ കാരണം?

കുഞ്ഞിനെ ദത്തെടുക്കാൻ പെട്ടെന്നു തീരുമാനിച്ചതല്ല. നേരത്തെ മുതൽ തന്നെ ഒത്തിരി കുട്ടികളെ എന്നെക്കൊണ്ടു കഴിയുന്നതുപോലെ സഹായിച്ചു വരുന്നുണ്ട്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് തലം വരെയുള്ള ഒത്തിരി കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സഹായങ്ങൾ ചെയ്യുന്നുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നു നേരത്തെ തീരുമാനിച്ചതാണ്. പക്ഷേ തിരക്കുമൂലം അതിനു പറ്റിയ സമയം കിട്ടിയില്ല. മാത്രമല്ല രജിസ്റ്റർ ചെയ്തു കഴിഞ്ഞ് പിന്നെയും ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. രജിസ്ററർ ചെയ്ത് ഒമ്പതുമാസം കഴിഞ്ഞിട്ടാണ് എനിക്കു കുഞ്ഞിനെ കയ്യിൽ കിട്ടിയത്.

എന്തുകൊണ്ടാണ് കേരളത്തിൽ നിന്നും കുഞ്ഞിനെ ദത്തെടുക്കാതിരുന്നതെന്നു ചോദ്യങ്ങൾ ഉണ്ടായില്ലേ?

കേരളത്തിൽ നിന്നും മനപ്പൂർവം ദത്തെടുക്കാതിരുന്നതല്ല. കേരളത്തിൽ തന്നെയായിരുന്നു ആദ്യം ശ്രമിച്ചത്. വയനാട്ടിൽ ബത്തേരിയിലെ ഹോളി ഇൻസ്റ്റന്റ് മേരി ഗേൾസ് സെന്ററിലാണ് ആദ്യം രജിസ്റ്റർ ചെയ്തത്. പക്ഷേ സീനിയോറിറ്റി പ്രകാരം ഞാനേറെ പുറകിലായതുകൊണ്ട് കുട്ടിയെ കി‌ട്ടാൻ സമയം നീളും. എനിക്കു മുമ്പേ അപേക്ഷിച്ചവരെ പരിഗണിച്ചു മാത്രമല്ലേ എനിക്ക് അവസരം കിട്ടൂ. മാത്രമല്ല കേരളത്തിൽ അധികം കുട്ടികളും ലഭ്യമല്ല. തു‌ടർന്നാണ് ആൾ ഇന്ത്യ ലെവലിൽ രജിസ്റ്റർ ചെയ്തത്. അധികം വൈകാതെതന്നെ പ്രൊഫൈലുകള്‍ വരികയായിരുന്നു. അങ്ങനെയാണ് മോളെ കണ്ട് ഇഷ്ടമായത്.

പെണ്‍കുഞ്ഞിനെ തന്നെ ദത്തെടുക്കാൻ തീരുമാനിച്ചതെന്തുകൊണ്ടാണ്?

പെൺകുട്ടികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതൽ സുരക്ഷിതത്വവും പരിചരണവും കിട്ടേണ്ടത്. ആൺകുട്ടികൾ എന്തെങ്കിലും പണിയെടുത്തെങ്കിലും ജീവിക്കും. പക്ഷേ പെൺകുട്ടികളുടെ അവസ്ഥ അതല്ലല്ലോ. ഇന്നത്തെ സമൂഹത്തിൽ ഓറ്റവുമധികം പിന്തുണ ആവശ്യമുള്ള വിഭാഗമാണ് പെൺകുട്ടികള്‍. എന്നെപ്പോലുള്ളവർ ദത്തെടുക്കാൻ തീരുമാനിക്കുമ്പോൾ ഒരു പെൺകുഞ്ഞിനെ തന്നെയാണ് എടുക്കേണ്ടത്. ഇനിയും ഒരു കുഞ്ഞിനെ ഞാൻ ദത്തെടുക്കും അതും പെണ്‍കുഞ്ഞു തന്നെയായിരിക്കും. പക്ഷേ ഇപ്പോഴില്ല, ജാനകി കുറച്ചു വലുതാവട്ടെ, അവള്‍ക്കു നല്ല വിദ്യാഭ്യാസമൊക്കെ കൊടുക്കട്ടെ, എന്നിട്ടു മാത്രം.

Janu സി കെ ജാനു ദത്തെടുത്ത മകള്‍ സി കെ ജാനകിക്കൊപ്പം, ചിത്രം മനോരമ

അമ്മയും മകളും തമ്മിലുള്ള ആശയവിനിമയം പ്രശ്നമാകുന്നുണ്ടോ?

ഇല്ല. മലയാളം പറഞ്ഞാല്‍ അത്യാവശ്യം മനസിലാകുന്നുണ്ട്. മൂന്നുവയസല്ലേ ആയുള്ളു. ഒന്നുരണ്ടാഴ്ച്ച കൊണ്ട് അവൾ മിടുക്കിയായി മലയാളം പറയും. മോൾ നന്നായി ഇണങ്ങി. ഭിലാസ്പൂറിൽ നിന്നും പ്രൊഫൈൽ വന്ന സമയം ഞാൻ മോളെ കാണാൻ പോയിരുന്നു. അന്നു തിരിച്ചു വന്നതുമുതൽ മോള്‍ അമ്മ ഇനി എന്നാ എ​ന്നെ കൊണ്ടുപോവാൻ വരിക എന്നു ചോദിക്കുമായിരുന്നുവത്രേ. അവളെ സംബന്ധിച്ചിടത്തോളം അവൾ നേരത്തെ തയ്യാറായിരുന്നു എനിക്കൊപ്പം വരാൻ. മോളെയും കൂട്ടി വരുന്ന സമയത്ത് കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞിട്ടു വരാം മോളെ എന്നു പറഞ്ഞപ്പോൾ നമുക്കു വേഗാം പോകാം അമ്മേ എന്നാണു പറഞ്ഞത്. എന്നേക്കാൾ തിടുക്കമായിരുന്നു േമാൾക്ക്. ഇപ്പോൾ മൂന്നുദിവസമായില്ലേ ഇതുവരെ ഒന്നു കരഞ്ഞിട്ടു പോലുമില്ല. ഇവിടുത്തെ വലിയ മുറ്റം, പൂച്ചെടികൾ, ഓടിക്കളിക്കാൻ വേണ്ടുവോളം സ്ഥലം, ഇതൊക്കെ ആസ്വദിക്കുകയാണ് അവൾ.

മകളെ ജാനകി എന്നു വിളിക്കാൻ കാരണം?

ഒരുപാട് അര്‍ഥങ്ങൾ ഉള്ള പേരാണ് ജാനകി. പ്രകൃതി, ജലം,മണ്ണ്, ഭൂമിദേവി, അമ്മ അങ്ങനെ ഒരുപാട് തലങ്ങളുണ്ട് ജാനകി എന്ന ഒരൊറ്റ പേരിന്. അതുകൊണ്ടു തന്നെയാണ് മോളെ ജാനകി എന്നു വിളിക്കാൻ തീരുമാനിച്ചത്.

മകളെ നോക്കണം, ഒപ്പം സാമൂഹിക പ്രവർത്തനങ്ങളും. രണ്ട‌ും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും. മോൾ എനിക്ക് ഒരുവിധത്തിലും തടസമാകില്ല. എന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് മോൾ വന്നിട്ട് ഒരു തടസവുമുണ്ടായിട്ടില്ല. രണ്ടു മീറ്റിങ്ങുകൾ മോളെയുംകൂട്ടിയാണ് പങ്കെടുത്തത്. കളക്ടറേറ്റിൽ സംഘടിപ്പിച്ച ഒരു മീറ്റിങ്ങ് രണ്ടു,മൂന്നു മണിക്കൂർ ഉണ്ടായിരുന്നു. വഴക്കോ പിണക്കമോ ഒന്നുമില്ലാതെ അവൾ കൂടെ നിന്നു. അവളും തിരക്കുകൾ ശീലമാക്കാൻ തുടങ്ങിയെന്നാണ് തോന്നുന്നത്.

കുഞ്ഞു വന്നതിനു ശേഷം ജീവിതരീതിയില്‍ വന്ന മാറ്റങ്ങൾ?

മൂന്നു ദിവസമായി ഇപ്പോൾ മോൾ ഈ വീട്ടിൽ വന്നിട്ട്. വീട്ടിലേക്കു വരുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷമാണ്. ഇത്രയുംനാളും ഞാനും അമ്മയും അനിയത്തിയും മാത്രമായിരുന്നു ഇവിടെ. ജാനകി വന്നതോടെ അവളുടെ കളിചിരികളുമായി വീടിന് ഒരു അനക്കംവച്ചിട്ടുണ്ട്.

Janu സി കെ ജാനു ദത്തെടുത്ത മകള്‍ സി കെ ജാനകിക്കൊപ്പം, ചിത്രം മനോരമ

ജാനകിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ, പ്രതീക്ഷകൾ?

വലിയ സ്വപ്നങ്ങളൊന്നും നെയ്യുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാൻ അവൾക്കുവേണ്ടി ചെയ്യും. ഏതറ്റംവരെ പഠിക്കണമെന്നു പറഞ്ഞാലും സാധിച്ചു കൊടുക്കും. വളർന്നു വലുതായി അവൾ എന്താകണമെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ ആയിക്കൊള്ളട്ടെ. ഭാവിയിൽ എന്താകണമെന്ന് തീരുമാനിക്കാനുള്ള അവകാശം കുട്ടികൾക്കാണ്, തെറ്റും ശരിയും പറഞ്ഞു മനസിലാക്കിക്കൊടുത്ത് അവരെക്കൊണ്ട് സ്വയം തീരുമാനം എടുപ്പിക്കുകയാണ് വേണ്ടത്. ഒരിക്കലും നമ്മുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. എന്നോട് ആരും പറഞ്ഞിട്ടല്ല ഞാൻ ഈ മേഖലയിലേക്കു വന്നത്. പിന്നെ സഹജീവികളുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കുകൂടി പ്രയോജനകരമാവുന്ന വിധത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ അത്രയും സന്തോഷം

തിരക്കുകൾ മാറ്റിവച്ചാലുള്ള ജാനുവിന്റെ ജീവിതം എങ്ങനെയാണ്?

തിരക്കുകൾ മാറ്റിവച്ചൊരു ജീവിതം എനിക്കില്ല. ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ജനങ്ങൾക്കിടയിലാണ് ‍ഞാൻ പ്രവർത്തിക്കുന്നത്. തിരക്കുകള്‍ മാറ്റി വയ്ക്കുക എന്നു പറയുമ്പോൾ അവരുടെ വിഷമങ്ങൾ കണ്ടില്ലെന്നു നടിക്കണമെന്നതാണ്. അതിന് ഒരിക്കലും പറ്റില്ല. ഓരോരുത്തരുടെയും വേദന സ്വന്തം വേദനയായിട്ടാണ് ഞാൻ കണക്കിലെടുക്കുന്നത്. അതിൽ നിന്നൊരിക്കലും ഒരിഞ്ചു പോലും പുറകോട്ടു പോകാൻ തയ്യാറല്ല. ഇങ്ങനെതന്നെ ജീവിക്കണം അവസാനം വരെയും.

ആദിവാസികള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണ്?

അന്നും ഇന്നും ​എന്നും ആദിവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭൂരാഹിത്യം തന്നെയാണ്. സ്വന്തമായി ഭൂമിയും നിലനിൽപ്പും ഉള്ളവര്‍ക്കേ സമൂഹത്തിൽ നിലപാടുകളെടുക്കാനും പ്രാപ്തിയുണ്ടാകൂ. ഇവിടുത്തെ ഭരണസംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെ‌ട്ട വിഭാഗങ്ങളിലെ വക്താക്കളെല്ലാം ഭൂമിയും സമ്പത്തും ഉള്ളവരാണ്. ഭൂമിയില്ലാത്തവർ ഇവിടെയൊന്നും അല്ല. പുറമ്പോക്കിൽ ജീവിക്കുന്നവർക്ക് സ്വന്തം അഭിപ്രായം പറയാൻ പോലും നിർവാഹമില്ല. അധികാരത്തിന്റെ ആദ്യത്തെ അടയാളമാണ് ഭൂമി. തീരുമാനം എടുക്കാനും മുന്‍പന്തിയിൽ നിൽക്കാനുമെല്ലാം അതിനുപറ്റിയ പരിതസ്ഥിതി കൂടി വേണം.

സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം യുവാക്കളും ഇന്നു താഴേക്കിടയിലുള്ളവർക്കു വേണ്ടി വാദിക്കാന്‍ മുന്നിലുണ്ട്. എന്തു തോന്നുന്നു?

സത്യം പറഞ്ഞാൽ ഒരു പെരുമഴയ്ക്ക് ഒരു കുത്തൊഴുക്ക് എന്ന പഴഞ്ചൊല്ലാണ് എനിക്ക് ഓർമ വരുന്നത്. പെരുമഴയിൽ വെള്ളം കുത്തിയൊഴുകും അതു കഴിഞ്ഞാലോ സാധാരണ ഒഴുക്കുമാകും. പലരുടെയും അവസ്ഥ ഇതാണ്. മാനസിക പരിവർത്തനം നമ്മളിൽ സ്വയം ഉണ്ടാവേണ്ടതാണ്. പലരും പുറമെ ഒന്നു പറയുകയും ഉള്ളില്‍ മറ്റൊന്നുമായി കഴിയുകയും ചെയ്യുന്നവരാണ്. ഇവർക്കിടയിൽ ചിലരെങ്കിലും ആത്മാർഥതയോ‌െട ചർച്ച ചെയ്യാന്‍ തയ്യാറാവുന്നുവെന്നത് പ്രത്യാശ നൽകുന്ന കാര്യമാണ്.

C. K. Janu സി കെ ജാനു

ദിവസക്കൂലിയ്ക്കു പണിയെടുത്തിരുന്ന സി.കെ ജാനുവില്‍ നിന്ന് ആദിവാസിഗോത്രമഹാസഭ നേതാവും േസാഷ്യല്‍ ആക്റ്റിവിസ്റ്റും കൂടിയായ ഇന്നത്തെ ജാനുവിലേക്കുള്ള മാറ്റം?

നിരന്തരമായി ഈ വിഭാഗത്തിലുള്ളവർ അനുഭവിച്ച വേദന കണ്ടറിഞ്ഞാണ് ഞാൻ ഇങ്ങനെയായത്. ദാരിദ്ര്യത്തിനു നടുവിലേക്കാണു ജനിച്ചു വീണത്. വിശപ്പു മാറ്റാൻ വീട്ടു ജോലികൾക്കു പോകാൻ തുടങ്ങി. ജനങ്ങൾക്കിടയിലേക്ക് കയറിച്ചെന്നപ്പോൾ മനസിലായി ഇതാണ് എന്റെ ഇടം എന്ന്. അവരുടെ പ്രശ്നങ്ങൾ എന്റെ പ്രശ്നങ്ങളായി കാണുകയായിരുന്നു. പതിമ്മൂന്നാമത്തെ വയസുമുതൽ ഇങ്ങോട്ട് അനീതികള്‍ക്കെതിരായുള്ള സമരങ്ങളിലെല്ലാം പങ്കെ‌ടുത്തു. എന്റെ മനസിൽ ഞാൻ ഇന്നും സാധാരണ ഒരു ആദിവാസി സ്ത്രിയാണ്. അതിനിടയിൽ ആരൊക്കെ കുറ്റപ്പെ‌ടുത്തുന്നുവെന്നോ ഒറപ്പെടുത്തുന്നുവെന്നോ ഒന്നും മുഖവിലയ്ക്കു കൊടുക്കാറില്ല. അടിസ്ഥാനപരമായി ഞാൻ എന്റെ സഹജീവികൾക്കു വേണ്ടി അവർക്കൊപ്പം നിന്നു പ്രവർത്തിക്കുകയാണ്, അതെന്നും അങ്ങനെ തന്നെയായിരിക്കും.

ഫണ്ടുകളും പദ്ധതികളും വേണ്ടുവോളമുണ്ട്, പക്ഷേ കടലാസിൽപ്പറയുന്നതിന്റെ പാതി ലഭിച്ചിരുന്നെങ്കിൽ ആദിവാസികളുടെ‌ അറുതികൾക്ക് കുറവുണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും തോന്നുന്നുണ്ട്. ഇപ്പോഴത്തെ മുഴുവൻ പദ്ധതികളും വേണ്ട, അതിന്റെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ആദിവാസികൾക്കും സമൂഹത്തിൽ മറ്റുള്ളവരുടെ സൗകര്യങ്ങളോടെ ജീവിക്കാമായിരുന്നു. പദ്ധതിയുടെ ഏറെപങ്കും കൊള്ളയടിക്കപ്പെടുകയാണ്. നിലവിലെ സംവിധാനം മറികടക്കുന്ന സംവി‌ധാനങ്ങൾ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഫാസിസത്തിനെതിരെ നടക്കുന്ന സമരങ്ങളിലും സജീവമായുണ്ട്?

ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടായിരിക്കണം. ഫാസിസത്തിനെതിരെ ക്യാംപയിനുകളും പ്രസംഗങ്ങളും നടത്തിയിട്ട് തിരഞ്ഞെടുപ്പു വരുമ്പോൾ പലരും മാറിചിന്തിക്കുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. ഫാസിസം ഉണ്ടാകുവാനുള്ള ഉത്തരവാദികളും ഇവിടെയുള്ളവർ തന്നെയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല നൂറ്റാണ്ടുകളായി ഇവിടെ തന്നെയുണ്ട് ഫാസിസം. മനുഷ്യരെ മനുഷ്യരായി അംഗീകരിക്കാതിരിക്കുക, സ്വന്തമായി നിലനിൽപ്പില്ലാതാക്കുക ഇതൊക്കെയും ഫാസിസം തന്നെയാണ്. പക്ഷേ ആരും ഇതൊന്നും ഫാസിസമാണെന്നും മനസിലാക്കുന്നില്ല. ‌

ഫാസിസത്തിനെതിരെ മനുഷ്യ സംഗമവും അമാനവ സംഗമവും നടന്നു. എന്തുകൊണ്ടാണ് മനുഷ്യ സംഗമത്തിന്റെ ഭാഗമായത്?

കാരണം മനുഷ്യരുടെ പ്രശ്നങ്ങളാണ് അവിടെ പങ്കെടുത്തവർ കൈകാര്യം ചെയ്തത്. അതുകൊണ്ട് അവിടെ പങ്കെടുക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. അവിടെയും ‍ഞാൻ പറഞ്ഞിരുന്നു ഫാസിസത്തിനെതിരെയെടുക്കുന്ന നിലപാടുകളെക്കുറിച്ച്. പ്രസംഗവേദിയിൽ എന്തൊക്കെപ്പറഞ്ഞാലും ഇവിടുത്തെ ഫാസിസത്തിന് ഒന്നും സംഭവിക്കുന്നില്ല. ഫാസിസത്തിനെതിരായ എന്റെ നിലപാടുകൾ കൃത്യമാണ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോൾ കാണാം ഇവിടെ എത്രപേർ ഫാസിസ്റ്റ് വിരുദ്ധർ ഉണ്ടെന്ന്. ഇപ്പറയുന്നവർ പലരും അന്നും വോട്ടു ചെയ്യാൻ മുന്നിലുണ്ടാകും. ഇവിടുത്തെ യുഡിഎഫും എൽഡിഎഫും ഫാസിസത്തിന് ഉത്തരവാദികളാണ്. അവര്‍ താഴേക്കിടയിലുള്ളവരെ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ സംജാതമാവില്ലായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. അതു തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആൾക്കാരെ ഇറക്കി വോട്ടു ചെയ്യിച്ചിട്ടല്ലല്ലോ. ഇവിടുത്തെ യുഡിഎഫിലെയും എൽഡിഎഫിലെയും ആളുകൾ തന്നെയാണ് നിലവിലുള്ള വ്യവസ്ഥയിൽ വിശ്വാസമില്ലാതെ അങ്ങോട്ടു പോയത്. വേദിയിൽ ഫാസിസ്റ്റ് വിരുദ്ധത പ്രസംഗിച്ച് പുറത്തിറങ്ങുമ്പോൾ ഫാസിസം കാണിക്കുന്നതല്ല ശരിയായ നിലപാട്.

C. K. Janu സി കെ ജാനു

തിരക്കുകൾക്കിടയിൽ മനപ്പൂർവം വേണ്ടെന്നു വച്ചതാണോ വിവാഹ ജീവിതം?

ചെറിയ പ്രായം തൊട്ടേ ആളുകളുടെ പ്രശ്നങ്ങൾക്കിടയിലല്ലേ ജീവിക്കുന്നത്. ഓരോ ദിവസവും പുതിയ ഓരോ പ്രശ്നങ്ങളായിരിക്കും. അതിനിടയിൽ വിവാഹത്തെക്കുറിച്ചു ചിന്തിക്കാൻ സമയം കിട്ടിയില്ലെന്നു തന്നെ പറയാം.

രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് കേട്ടിരുന്നല്ലോ. അതിലെ പുരോഗതി?

ആദിവാസി ഊര് വികസന ജനാധിപത്യ മുന്നണി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ മീറ്റിങ്ങുകളൊക്കെ നടന്നു വരികയാണ്.

ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വങ്ങൾ?

അങ്ങനെ പ്രത്യേകിച്ചാരും എന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനെല്ലാം പ്രചോദനം ഇവിടെയുള്ള സാധാരണക്കാർ മാത്രമാണ്.