Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കും പാദം കഴുകാൻ ഇരുന്നു കൊടുത്തിട്ടില്ല

ഡോ.ദിവ്യ എസ് അയ്യർ ഡോ.ദിവ്യ എസ് അയ്യർ

കലക്ടർമാരെല്ലാം ജനകീയരാകുന്ന കാലമാണിത്. പണ്ട് ദൂരെ നിന്ന് പേടിച്ചു നോക്കിയിരുന്ന ജനങ്ങളെല്ലാം അടുത്ത് ചെന്ന് പരാതി പറ‍ഞ്ഞ് കൈകൊടുക്കുന്ന കാലത്തിലേക്ക് മാറിയിരിക്കുന്നു കേരളം. കോട്ടയത്ത് അസിസ്റ്റന്റ് കലക്ടറായെത്തിയ ഡോ.ദിവ്യ എസ് അയ്യരും അത്തരമൊരു ജനകീയയായ കലാകാരിയാണ്. പാട്ടുപാടിയും നൃത്തം ചെയ്തും നാ‌ടകമവതരിപ്പിച്ചുമെല്ലാം ഇൗ കൊച്ചു കലക്ടർ കോട്ടയത്തിന്റെ സന്തോഷമായി മാറിക്കഴിഞ്ഞു. കോ‌ട്ടയം അസിസ്റ്റന്റ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ വിശേഷങ്ങളിലേക്ക്.

∙ കലക്ടർമാരൊക്കെ ചെറുപ്പക്കാരും ജനകീയരുമൊക്കെയായി മാറുകയാണല്ലോ?

ജനകീയരാവാ‌നുള്ള ഒരു കാരണം സാങ്കേതിക വിദ്യ വികസിച്ചതാണ്. മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം വന്നത് കൊണ്ട‌് ജനങ്ങൾക്ക് ഉദ്യ‌ോഗസ്ഥരുമായി സംവദിക്കാനുള്ള അവസരം കൂടി. ഉദ്യോഗസ്ഥരുടേയും പെരുമാറ്റത്തിൽ മാറ്റം വന്നു. ജനങ്ങൾ ഇന്ന് അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ഐവറി ടവർ കൺസെപ്റ്റ് മാറി. നോർത്ത് ഇന്ത്യയിലൊക്ക ഇനിയും മാറാനുണ്ട്. കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരു പാട് വികസിച്ചിട്ടുണ്ട്. ഇതെല്ലാം ജനങ്ങളുമായി ഉദ്യോഗസ്ഥരെ അടുപ്പിച്ചു. പിന്നെ ചെറുപ്പക്കാരാവാൻ കാരണം നേരിട്ട് സിവിൽ സർവീസിലേക്കെത്തുന്ന മലയാളികളു‌െട എണ്ണം കൂടിയതാണ്. പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതമൊക്കെ യുപിഎസിയുടെ നയങ്ങൾക്കനുസരിച്ചായിരിക്കും. ഇപ്പോഴത്തെ‌ കണക്കുവച്ച് ശരിക്കും ഐഎഎസിലെത്തുന്നവരുടെ ശരാശരി പ്രായം പണ്ടത്തെ അപേക്ഷിച്ച് കൂടുതലാണ്.

∙ കലക്ടർക്ക് റോൾമോഡലുണ്ടോ?

ചെറുപ്പം മുതലേ ഒരുപാടു കലക്ടർമാരെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. സ്കൂളിലൊക്കെ യുവജനോത്സവത്തിന് പ്രൈസ് വിതരണത്തിന് ഐഎഎസുകാർ വന്ന് കണ്ടതുകൊണ്ട് അത്തരമൊരാഗ്രഹം വന്നു. ബാബുപോൾ സാർ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ ഞാനും കുട്ടികളെക്കാണാൻ പോകുന്നത് അവർക്ക് പ്രചോദനമാകണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്.

∙സിനിമയിലെ ജോസഫ് അലക്സ് സ്വാധീനിച്ചിട്ടില്ലേ?

സിനിമ കണ്ട് അതിലെ ജോസഫ് അലക്സിനെ പോലയാവണമെന്ന് തോന്നിയിട്ടില്ല. ജീവിതത്തിൽ ഒരുപാട് റിയൽ ഹീറോസിനെ കണ്ടിട്ടുണ്ട്. എന്നും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കാനാണാഗ്രഹം. മണ്ണിന്റെ മണമുള്ള കഥകളും സിനിമകളുമൊക്കെയാണ് ഇഷ്ടം.

ഡോ.ദിവ്യ എസ് അയ്യർ ഡോ.ദിവ്യ എസ് അയ്യർ

∙ഒരു കലക്ടർ പൊതുവേദിയിൽ പാട്ടുപാടുന്നതിനേയും നൃത്തം ചെയ്യുന്നതിനേയുമൊന്നും ആരും വിമർശിച്ചിട്ടില്ലേ?

സത്യത്തിൽ എനിക്ക് പ്രോത്സാഹനമാണ് ലഭിച്ചിട്ടുള്ളത്. അതാണ് കൂടുതൽ വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള പ്രചോദനം. പാട്ടും നൃത്തവും അഭിനയവും എനിക്കിഷ്ടമാണ്. കല എന്നുള്ളത് ആസ്വാദനത്തിന് മാത്രമല്ല നമ്മുടെ‌ പൈതൃകത്തിന്റെ കൂടി പ്രതീകമാണ്. അതുപെലെ തന്നെ കലയെ സാമൂഹിക പരിവർത്തനത്തിനുള്ള മാർഗവുമായി കാണുന്നു. കലയെ സ്നേഹിക്കുന്നവർ നന്മയുള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഡോ.ദിവ്യ എസ് അയ്യർ ഡോ.ദിവ്യ എസ് അയ്യർ

∙സിനിമയിൽ നിന്ന് അവസരം വന്നാൽ സ്വീകരിക്കുമോ?

എല്ലാത്തിനും ഒരു നിയോഗമുണ്ട്. എല്ലാം ചേർന്ന് വരണം. പക്ഷേ അതിന് കുറച്ചു സമയമെടുക്കും. സിനിമയിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്. പക്ഷേ ഇപ്പോൾ ജോലിയുടെ ഭാഗമായുള്ള പരിശീലനത്തിലാണ്. ഇതിൽ നിന്ന് വിട്ടുനിൽക്കാനാവില്ല. ജോലിയുടെ ചട്ടങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് കലാരംഗത്ത് തുടരും.

∙ചക്കുളത്തുകാവിൽ നാരീപൂജയിൽ പങ്കെടുത്തത് ഒട്ടേറെ വിമർശിക്കപ്പെട്ടല്ലോ?

ചില കോണുകളിൽ നിന്നും വ്യക്തിപരമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു. സത്യാവസ്ഥയറിയാതെയാണ് അവർ വിമർശിച്ചത്. ഞാനൊരു പരസ്യത്തിലും അഭിനയിച്ചിട്ടില്ല, ആർക്കും എന്റെ പാദം കഴുകാനും ഇരുന്നു കൊടുത്തിട്ടില്ല. പരിപാടിയുടെ ഉദ്ഘാടനത്തിനു ചെല്ലാമെന്നാണ് സമ്മതിച്ചത്. തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പാദപൂജയിൽ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഇൗ ചടങ്ങിനെ കാണുന്നത് കൊണ്ടാണ് ഉദ്ഘാടനത്തിന് പോയത്.

∙ എങ്ങനെയാണ് ഒരു ദിവസം എല്ലാത്തിനും സമയം കണ്ടെത്തുന്നത്?

ഒരു ദിവസം 24 മണിക്കൂറിൽ കൂടുതലുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ താൽപര്യങ്ങൾക്കെല്ലാം സമയം കണ്ടെത്താൻ കഴിയാറുണ്ട്. പ്രത്യേകിച്ചും എഴുത്തിന്. എഴുത്ത് തരുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല.

∙ താങ്കൾ എഴുതിയ പുസ്തകം വായിച്ച് പ്രചോദനമുൾക്കൊണ്ട് വന്നവർ താങ്കളുടെ ബാച്ചിൽ തന്നെ ഉണ്ടായിരുന്നല്ലോ?

ഞാൻ എഴുതിയ പാത് ഫൈൻഡർ എന്ന പുസ്തകം വായിച്ച് പ്രചോദനമുൾക്കൊണ്ടവർ എന്റെ ഐഎഎസ് ട്രെയിനി ബാച്ചിലുണ്ടായിരുന്നു. അവർ വന്ന് ചേച്ചി എഴുതിയ ബുക്കാണ് ഞങ്ങൾക്ക് ഇതിലേക്ക് വരാൻ പ്രചോദനമായതെന്നു പറഞ്ഞപ്പോൾ ചമ്മലാണോ സന്തോഷമാണോ വന്നതെന്ന് എനിക്ക് ശരിക്കും അറിയില്ല.

∙ വിവാഹം കഴിക്കില്ലേ?

തിരക്കിനിടയ്ക്ക് വിവാഹം കഴിക്കാൻ സമയം കിട്ടിയില്ല. ഇത്രയുമൊക്കെ കാര്യങ്ങൾ നടന്നതുപോലെ സമയമാകുമ്പോൾ അതും നടക്കും.

∙ ഫേസ് ബുക്കിൽ നിന്ന് അകലം പാലിക്കാൻ കാരണം?

2009 വരെ ‍ഞാൻ ഫേസ് ബുക്കിൽ ഉണ്ടായിരുന്നു. പിന്നെ പഠനത്തിലും മറ്റും ശ്രദ്ധിച്ചു. കൂട്ടുകാരോടൊക്കെ എന്നും സംവദിക്കുന്നയാളാണ് ഞാൻ. പക്ഷേ, അതിന് ഫേസ്ബുക്കിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജനകീയമായ കാര്യങ്ങൾക്ക് അത് സഹായകമാകുമെങ്കിൽ ഒൗദ്യോഗികമായ പേജ് തുടങ്ങും. അല്ലാതെ നിർബന്ധമൊന്നുമില്ല, സോഷ്യൽ മീഡിയയ്ക്ക് കുറച്ച് നെഗറ്റിവിറ്റിയുമുണ്ട്. അതിനെ മറികടന്ന് നല്ല രീതിയിൽ വിനിയോഗിക്കുന്നതാണ് യഥാർഥ വെല്ലുവിളി.

∙ ഇൗ സൗന്ദര്യം ശാപമായി തോന്നിയിട്ടുണ്ടോ?

അയ്യോ, ശാപമൊന്നുമായി തോന്നിയി‌ട്ടില്ല. സൗന്ദര്യം കൊണ്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും അവരുടെ മനസിൽ ചേക്കേറാനും കഴിയുന്നത് അനുഗ്രഹമായി കാണുന്നു. ഒപ്പം കുറച്ച് ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ നിറത്തിലോ ബാഹ്യ സൗന്ദര്യത്തിലോ ഒന്നും വിശ്വസിക്കുന്നില്ല. മനസിന്റെ സൗന്ദര്യമാണ് പ്രധാനം.

∙ കലക്ടറും -ഡോക്ടറും, ഏതാണ് കൂടുതലിഷ്ടം?

രണ്ടും ഒരുപോലെ ഇഷ്ടമാണ്. രണ്ടും സാമൂഹ്യസേവനമാണ്. ഡോക്ടറാണെങ്കിൽ ജനങ്ങൾ അസുഖവുമായി വരുമ്പോൾ നമ്മൾ മരുന്നു നൽകി അതിന് പരിഹാരം കാണുന്നു. എന്നാൽ കലക്ടർ മരുന്നിലൂടെ അല്ലെങ്കിലും കുറച്ച് തീരുമാനങ്ങളിലൂടെ അവരുടെ ശാരീരികവും മാനസീകവുമായ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നു. രണ്ടും തരുന്ന സംതൃപ്തി വളരെ വലുതാണ്. ഞാൻ കുട്ടികളോട് പറയാറുണ്ട് കഴിയുമെങ്കിൽ നി‌ങ്ങൾ മെഡിസിന് ചേരണമെന്ന്. അ‍ഞ്ചുവർഷം പോകുമെന്നോർത്ത് പേടിക്കേണ്ട. ആ പഠനം നൽകുന്ന അനുഭവം വളരെ വലുതാണ്. ഒാരോരുത്തരുടേയും വേദനകൾ മനസിലാക്കാം. ജീവിതത്തിന്റെ നഷ്ടങ്ങളും നേട്ടങ്ങളുമെല്ലാം നേരിട്ടു കാണാം. പ്രിയപ്പെട്ടവരെ നഷ‌്ടമാകുമ്പോൾ ഉള്ള വേദനയൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്.

∙ കുടുംബം?

തിരുവനന്തപുരത്താണ് വീട്. വീട്ടിൽ അച്ഛനും അമ്മയുണ്ട്. ചേച്ചി വിവാഹിതയാണ്. ഭർത്താവിനും മകനുമൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.