Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയത്തിനും ബിസിനസിനും കുറുക്കു വഴികളില്ല

Kochouseph Chittilappilly കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന പേരിനൊപ്പം ചേർത്ത് വയ്ക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ആയിരങ്ങൾക്ക് തൊഴിൽ നല്കുന്ന മികച്ച ഒരു സംരഭകൻ, പൊതു കാര്യ പ്രസക്ത വിഷയങ്ങളിൽ പെട്ടെന്ന് പ്രതികരിയ്ക്കുന്ന ഒരു സാമൂഹിക ജീവി, വൈകാരികമായി ഏറെ സംസാരിക്കുന്ന ഒരു മനുഷ്യജീവി , കാരുണ്യം തുളുമ്പുന്ന ഒരു ജീവകാരുണ്യ പ്രവർത്തകൻ, ഇതൊക്കെ ആണ് ചിറ്റിലപ്പിള്ളി എന്ന് സമൂഹം വിളിയ്ക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഒരു ബിസിനസുകാരന്റെ ജീവിതത്തിന്റെ വഴികൾ പലർക്കും അറിയുന്നത് പോലെ തന്നെ അത്ര എളുപ്പമാല്ലെങ്കിൽ കൂടിയും ആ കഥകൾ പറഞ്ഞു പഴകിയതെങ്കിലും വീണ്ടും പറയുമ്പോൾ അത് അതുവരെ എത്താത്ത മനസ്സുകളിൽ നിറയ്ക്കുന്ന ചലനം ഒരുപാട് വലുതാണ്‌. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു...

വഴികൾ മുന്നിലുണ്ട്. കണ്ടെത്തലാണ് പ്രധാനം:

പഠിക്കുന്ന സമയത്ത് ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളായിരിക്കും. എന്നാൽ വളരുമ്പോൾ അതൊന്നുമാകില്ല നടക്കുന്നത്. കോളേജ് പഠനകാലത്ത്‌ എന്റെ മോഹം ഒരു സയന്റിസ്റ്റ് ആകാനായിരുന്നു. അതിനു വേണ്ടി പഠിച്ചു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം വരെ എടുത്തു. പലയിടങ്ങളിലേയ്ക്കും അപേക്ഷ അയച്ചു. പക്ഷെ എന്തുകൊണ്ടോ അതെനിക്ക് കിട്ടിയില്ല. ഒരുപക്ഷെ അവർ ഉദ്ദേശിച്ച കഴിവുകള്‍ എനിക്ക് ഇല്ലാതെ ഇരുന്നതുകൊണ്ടാകാം. കിട്ടില്ല എന്ന് തോന്നിയപ്പോൾ അത് പതുക്കെ ഉപേക്ഷിച്ചു ഏതെങ്കിലും ജോലിയ്ക്ക് ചേരണം എന്ന് തോന്നി. പിജി കയ്യിലുണ്ടെങ്കിലും മിനിമം ഡിഗ്രിയോ ഡിപ്ലോമയോ ഒക്കെ ആവശ്യപ്പെടുന്ന ഒരു ജോലിയാണ് ആദ്യം ലഭിച്ചത്. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിക്കുന്ന കമ്പനിയായിരുന്നു അത്. ശരിയ്ക്കും പറഞ്ഞാൽ നാട്ടുകാരിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നു അത്. പക്ഷേ അവിടുത്തെ 3 വർഷം നിറയെ അനുഭവങ്ങൾ തന്നു. ഒരു കമ്പനി നടത്തുന്നതിന്റെ ബാല പാഠങ്ങൾ അവിടെ നിന്നാണ് എനിക്ക് ലഭിച്ചത്. എന്നാൽ ആ ജോലി എന്നെ എവിടെയും എത്തിയ്ക്കില്ലെന്നു എനിക്കറിയാമായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് അതെ വിഭാഗത്തിൽ തന്നെ മുന്നോട്ടു നീങ്ങാൻ തോന്നിയത്. എന്റെ മനസ്സില് തോന്നിയ പേരായിരുന്നു വി-ഗാർഡ് എന്നത്. വോൾട്ടേജ് എന്നതിന്റെ "V " വച്ച് ആണ് അത് കണ്ടെത്തിയത്. ജോലി ചെയ്ത കമ്പനി നല്കിയ അനുഭവങ്ങൾ വച്ചാണ് അത്തരമൊരു സ്ഥാപനം സ്വന്തമായി ആരംഭിച്ചത്. പിന്നീട് വർഷങ്ങൾ അതിന്റെ പുറകെ ആയിരുന്നു. പിന്നീട് പതിയെ പതിയെ കമ്പനി വലുതായി.

Kochouseph Chittilappilly കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

വി-ഗാർഡിനു പുറമേ വി-സ്റ്റാർ, വീഗാലാന്റ്, എന്തുകൊണ്ട് അമ്യൂസ്മെന്റ് പാർക്ക്?

വി- സ്റ്റാർ ഭാര്യ ഷീല തന്നെയാണ് നോക്കി നടത്തുന്നത്. അത്തരം കാര്യങ്ങളിൽ എനിക്ക് തീരെ താൽപ്പര്യമില്ലാത്തതിനാൽ ആ ഭാഗം ഞാൻ ശ്രദ്ധിക്കാറില്ല. ഷീല അത് വളരെ നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. വീഗാലാന്റ് തുടങ്ങാൻ പ്രധാനപ്പെട്ട കാരണം എന്റെ കുട്ടികൾ തന്നെയാണ്. അവർ കുട്ടികളായിരുന്നപ്പോഴാണ്  വിദേശരാജ്യങ്ങളിലെ വിനോദ വിസ്മയങ്ങൾ ഞങ്ങൾ കണ്ടത്. ഒന്നിച്ചു വിദേശങ്ങളിൽ പോയപ്പോൾ കുട്ടികൾക്ക് വേണ്ടി ഡിസ്നി ലാന്റ് പോലെയുള്ളവ കാണാൻ കയറുമ്പോൾ നമ്മുടെ നാട്ടിൽ ഇത്തരം ഒന്ന് ഇല്ലാത്തതിന്റെ കുറവ് തോന്നാൻ തുടങ്ങി. മാത്രമല്ല അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ അതിന്റെ ടെക്നോളജിയും തിരിച്ചറിയാൻ കഴിഞ്ഞു. ഇത് എനിക്ക് ചെയ്യാൻ കഴിയുന്നതാണെന്ന തോന്നൽ അങ്ങനെ ആണുണ്ടായത്. കൂടാതെ നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്കും ഇത്തരം രസങ്ങൾ അനുഭവിക്കാമല്ലൊ. അങ്ങനെയാണ് വീഗാലാന്റ് ആരംഭിക്കുന്നത്. അത് പിന്നീട് കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആയി മാറി. 

മികച്ച സംരംഭകൻ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ എങ്ങനെ കാണുന്നു

വളരെ പ്രൊഫഷനൽ ആയാണ് കാര്യങ്ങൾ നീക്കുന്നത്. ബിസിനസിൽ ഒരിക്കലും ഷോട്ട്കട്ടുകളില്ല, വളഞ്ഞ വഴികൾക്ക് പകരം നേർ രേഖകളിൽ കൂടി തന്നെ നമുക്ക് മുന്നോട്ടു പോകേണ്ടി വരും. അത് തന്നെയാണ് വിജയത്തിനും നല്ലത്. വളരെ വിശ്വസ്തരായ മാനേജർമാർ ഒരു സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്. അടുക്കും ചിട്ടയും ഉണ്ടാകുക, എല്ലാ ഓഫീസ് കാര്യങ്ങളും കൃത്യമാവുക, എന്നീ കാര്യങ്ങൾ നന്നായാലേ കമ്പനിയുടെ തലപ്പത്ത് ഒരുപക്ഷെ ഒരു വ്യക്തിയെ നിയോഗിയ്ക്കാൻ ആകൂ. എന്റെ കമ്പനിയിൽ എന്നെക്കാൾ നന്നായി മാർക്ക് നേടിയവരെ ഞാൻ മാനേജർമാരായി വച്ചിട്ടുണ്ട്, അത് മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ  അല്ല, അവരുടെ വിശ്വസ്ഥത, ജോലിയിലുള്ള കൃത്യത, പ്രൊഫഷനലിസം ഒക്കെ നോക്കിയിട്ടാണ്. 

ബിസിനസിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾ. ആദ്യ കാലത്ത് അത് ഒരു പ്രശ്നം തന്നെ ആയിരുന്നു. പക്ഷേ എവിടെയും നമുക്ക് ഉയരാൻ വേണ്ടത് ആത്മ സംയമനമാണ്. മനസ്സ് നിയന്ത്രണത്തിൽ നിർത്തി മാത്രമേ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ ആകൂ. അങ്ങനെ തന്നെയാണ് പ്രശ്നങ്ങളെ ഒക്കെ പരിഹരിച്ചിട്ടുള്ളതും. അത്തരം നിരവധി തന്ത്രങ്ങൾ ബിസിനസിന്റെ ഭാഗമാണ്. മാത്രമല്ല ഇതിനെക്കാളൊക്കെ അപ്പുറം നമ്മുടെ കൂടെ നിൽക്കുന്ന തൊഴിലാളികളെ അവരെ മനസ്സിലാക്കി കൂടെ നിർത്താൻ ആകണം. അവർക്ക് നമ്മളിൽ ഒരു ആത്മവിശ്വാസം ഉണ്ടാകണം, നമ്മൾ അവർക്ക് ഒപ്പമുണ്ടെന്ന കരുത്തൽ ഉണ്ടാകണം, കമ്പനി പുരോഗമിച്ചാൽ അത് അവരുടെയും പുരോഗമനമാണെന്ന തോന്നൽ അവരിൽ ഉണ്ടാക്കിയെടുക്കണം. തൊഴിലാളികൾ ഇല്ലാതെ ഒരു ബിസിനസും മുന്നോട്ടു പോകില്ലല്ലോ. 

Kochouseph Chittilappilly കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കുടുംബത്തോടൊപ്പം

വിവാദ വിഷയങ്ങളിൽ എന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രതികരിച്ചിട്ടുണ്ട്

വിവാദ വിഷയങ്ങളിൽ ഞാൻ പ്രതികരിക്കുന്നില്ല, പക്ഷേ വിഷയങ്ങൾ സമൂഹവുമായി ഇടപെടുന്നതാകുമ്പോൾ പ്രതികരിക്കും. നൊക്കുകൂലിയുമായി ബന്ധപ്പെട്ടു ഒരു പ്രശ്നമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളെ ഒക്കെ ഞാൻ സധൈര്യം തന്നെയാണ് നേരിട്ടത്. ഒരു സംരംഭകന് ഏറ്റവും ആദ്യം ഉണ്ടാകേണ്ടത് ആത്മ വിശ്വാസമാണ്. പിന്നീട് വഴി തടയൽ സമരം ഉണ്ടായപ്പോൾ അതിനെതിരെ പ്രതികരിച്ച സന്ധ്യ എന്ന സ്ത്രീയ്ക്ക് പണം പാരിതോഷികമായി നൽകിയത്, അവരുടെ പ്രതികരിയ്ക്കാനുള്ള മനസ്സ് കണ്ടിട്ടാണ്. അതിൽ അവർക്ക് രാഷ്ട്രീയമുണ്ടോ ഇല്ലയോ എന്നതൊന്നും എന്നെ ബാധിയ്ക്കുന്ന വിഷയമല്ല. സമരങ്ങൾ ആകാം, പക്ഷേ അത് നിത്യ ജീവിതവുമായി ബന്ധമുള്ള പ്രവർത്തനങ്ങളെ ബാധിയ്ക്കുന്ന തരത്തിൽ ആകരുത്. അതിനെതിരെ ധൈര്യപൂർവ്വം ആ സ്ത്രീ അന്ന് സംസാരിച്ചിരുന്നു അതിനാലാണ് അവർക്ക് പാരിതോഷികം നല്കിയത്. എനിക്ക് ഇന്നും പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നിലപാടുകളും ഇല്ല. മാനുഷിക പരിഗണന തന്നെയാണ് പ്രധാനം. അതിനു ശേഷമാണ് ജസീറയുടെ വിഷയം വന്നത്. എന്നാൽ അവരുടെ രാഷ്ട്രീയം എനിക്ക് സ്വീകരിയ്ക്കാൻ ബുദ്ധിമുട്ടായിരുന്നു, അതിനാലാണ് പിന്നീട് ആ വിഷയത്തിൽ പ്രതികരിക്കാതെ ഇരുന്നത്.

നായ് സ്നേഹികൾക്കെതിരെ കൂട്ടായ്മ...

തെരുവ് നായയുടെ വിഷയം തനി സാധാരണക്കാരുടെ വിഷയമാണ്. സ്കൂളിൽ നടന്നു പോകുന്ന കുഞ്ഞുങ്ങളെയും വഴിയാത്രക്കാരായ സ്ത്രീകളെയും ഒക്കെയാണ് തെരുവ് നായ്ക്കൾ ഉപദ്രവിച്ചു കടിച്ചു മുറിച്ചത്. എന്നാൽ എന്നിട്ടും കപടവാദികളായ മൃഗസ്നേഹികൾക്ക് മനുഷ്യരോടല്ല അലഞ്ഞു തിരിയുന്ന മൃഗങ്ങളോടാണ് സ്നേഹം. എന്നാൽ അത് കപടമായ സ്നേഹമാണ്. ഇവര്‍ക്ക് എന്തുകൊണ്ട് നായ്ക്കളോട് മാത്രം സ്നേഹം കാരണം? ഇപ്പറയുന്നവർ എല്ലാം തന്നെ വീട്ടില്‍ മട്ടനും ചിക്കനും ഒക്കെ കഴിക്കുന്നവരാണ്‌, ആ മൃഗങ്ങളോടൊന്നും ഇല്ലാത്ത സ്നേഹം എന്തുകൊണ്ട് അലഞ്ഞു തിരിയുന്ന നായ്ക്കളോട് മാത്രം. എനിക്കുറപ്പുണ്ട്, ആന്റി റാബിസ് മരുന്ന് കമ്പനികളുടെ വക്താക്കളാണ് ഇവരിൽ പലരും. 

മറ്റേതെങ്കിലും രാജ്യത്തേയ്ക്ക് ഒന്ന് നോക്കൂ, ഒരുപക്ഷെ മൃഗസ്നേഹത്തിൽ നമ്മളെക്കാൾ മുൻപിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും നായ്ക്കൾ തെരുവില്‍ അലഞ്ഞു നടക്കുന്നില്ല, ആരെയും ഉപദ്രവിയ്ക്കുന്നില്ല. നായ്ക്കളെ കൊല്ലണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, പക്ഷെ മൃഗസ്നേഹം പറയുന്നവർ എന്തുകൊണ്ട് അലഞ്ഞു നടക്കുന്ന നായ്ക്കളെ കൂട്ടിലടച്ചു അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നില്ല എന്ന ചോദ്യമേ എനിക്കുള്ളൂ. അത് ചെയ്യാത്ത കാലത്തോളം ഉറപ്പിച്ചു പറയാൻ കഴിയും ഇതിനു പിന്നിലുള്ളത് മരുന്ന് മാഫിയകൾ തന്നെ. എനിക്ക് പ്രധാനം കടിയേൽക്കാൻ സാധ്യതയുള്ള ആ പാവം കുട്ടികളാണ്, അതുപോലെ പാവപ്പെട്ട മനുഷ്യരാണ്. 

Kochouseph Chittilappilly ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സോഷ്യൽ മീഡിയ വളരെ സജീവമായി കൊണ്ട് നടക്കുന്നു..

തെരുവ് നായ്ക്കളുടെ വിഷയത്തിൽ ഞാൻ ഒറ്റയ്ക്ക് പ്രതികരിച്ചത് എങ്ങും എത്തിയിരുന്നില്ല എന്നാൽ അതിൽ സോഷ്യൽ മീഡിയയിലെ ഒരു കൂട്ടം ജനങ്ങൾ കൂടി ഉൾപ്പെട്ടപ്പോൾ എല്ലായിടങ്ങളിലും എത്തി. അതൊരു സമൂഹത്തിന്റെ ശബ്ദമായി. ഇങ്ങനെ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എനിക്ക് ഏതാണ്ട് 5 ലക്ഷത്തോളം ഫോളോവേഴ്സ് ഫെയ്സ്ബുക്കിലുണ്ട്. ഒപ്പം ഒരു ബ്ലോഗും ചെയ്യുന്നുണ്ട്. പ്രധാനമായും പ്രധാന വാർത്തകൾ എന്നെ ആകർഷിക്കുന്നവ എന്റെ ചെറു കുറിപ്പോടു കൂടി പോസ്റ്റ്‌ ചെയ്യുകയാണ് ചെയ്യുന്നത്. അതിൽ നല്ല പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യമാണല്ലോ, ഇത്തരം കാര്യങ്ങള്‍ക്ക് അതിനാൽ തന്നെ ആവേശം ഏറും. എന്നാൽ ഈ സ്വാതന്ത്ര്യം വച്ച് മറ്റുള്ളവരെ അപഹിക്കാൻ അത് എടുക്കുന്നതിനോട് താൽപ്പര്യമില്ല. അത്തരം പരാതികൾ ഉണ്ടെങ്കിൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക തന്നെ വേണം. എന്തായാലും ആശയങ്ങൾ പ്രചരിപ്പിയ്ക്കാൻ മികച്ച ഒരു ഫ്രീ മാധ്യമം തന്നെയാണ് ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകൾ. 

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ 

വി ഗാർഡും മറ്റു കമ്പനി പ്രോജക്ടുകളും ഇപ്പോൾ ഷീലയും കുട്ടികളും ഒക്കെ തന്നെയാണ് നോക്കുന്നത്. കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിലേയ്ക്ക്  തിരിയാനാണ് ഇനി എന്റെ ആഗ്രഹം. അതിനായാണ് ഒരു ട്രസ്റ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ  രൂപീകരിച്ചത്. നിരവധി മറ്റു ട്രസ്റ്റുകൾക്കും ഒർഫനേജുകൾക്കും മറ്റു സഹായം ആവശ്യമുള്ളവർക്കും ഈ ട്രസ്റ്റ് അവരെ കുറിച്ച് വിശദമായി അന്വേഷിച്ചു പഠിച്ച ശേഷം ആവശ്യത്തിനു ധനസഹായം ഉൾപ്പെടെ നൽകാറുണ്ട്. അതിനൊക്കെ നിയുക്തരായ മാനേജർമാർ ഓഫീസിലുണ്ട്. 

Kochouseph Chittilappilly കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഒരു പഴയ ചിത്രം

കിഡ്നി ദാനം മഹാദാനം :

കിഡ്നി ദാനം ചെയ്തത് സത്യത്തിൽ ഒരു സന്ദേശത്തിന്റെ പ്രചാരണത്തിന് വേണ്ടി ആയിരുന്നു. സാധാരണക്കാർക്കുൾപ്പെടെ  എല്ലാവർക്കും ഇപ്പോഴും ഭയമാണ് അടുത്ത ആൾക്കാർക്ക് പോലും കിഡ്നി നൽകുമ്പോൾ അത് നമ്മുടെ സ്വന്തം ശരീരത്തിന് എന്തെങ്കിലും അപകടം ഉണ്ടാക്കുമോ, ആരോഗ്യം ക്ഷയിപ്പിക്കുമോ എന്നൊക്കെ സംശയം ഉണ്ടാകാം. എന്നാൽ മികച്ച ടോക്ടർമാരുമായി സംസാരിച്ച ശേഷമാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് കിഡ്നി ദാനം ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു അപകടവും വരില്ല. ആ സന്ദേശം കൂടുതൽ പേരിൽ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ കിഡ്നി ദാനം ചെയ്യാൻ തയ്യാറായതും അത് മാധ്യമങ്ങൾ വഴി എല്ലാവരിലേയ്ക്കും എത്തിച്ചതും. 

ഓർമ്മക്കിളി വാതിൽ തുറക്കുന്നു :

എന്റെ ബാല്യ കാലത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്  ഓർമ്മക്കിളി വാതിൽ എന്ന പുസ്തകം. അതുൾപ്പെടെ  ആകെ അഞ്ചു പുസ്തകമാണ് എഴുതിയിട്ടുള്ളത്. എല്ലാം പെട്ടെന്ന് ചെയ്തതല്ല. വളരെയധികം സമയമെടുത്ത് പലരുടെയും സഹായത്തോടെയും ഒക്കെ ചെയ്ത പുസ്തകങ്ങളാണ്. ഓർമ്മകളിലേയ്ക്ക് ഒരു യാത്ര എന്ന പുസ്തകം വി ഗാർഡിനെ കുറിച്ചുള്ള അനുഭവങ്ങളും ഒക്കെ ഉള്ള പുസ്തകമാണ്. എന്റെ പുസ്തകങ്ങൾ എന്റെ ജീവിതങ്ങൾ തന്നെയാണ്. ഇപ്പോൾ കിഡ്നി ദാനത്തെ കുറിച്ചുള്ള അനുഭവവും സന്ദേശങ്ങളും ഒക്കെ പ്രചരിപ്പിയ്ക്കാൻ വേണ്ടി "ദി ഗിഫ്റ്റ്" എന്നൊരു പുസ്തകം ഇംഗ്ലീഷിൽ ചെയ്തിട്ടുണ്ട്. അതിപ്പോൾ അച്ചടിയിലാണ് ഉടനെ പ്രസിദ്ധീകരിക്കപ്പെടും. 

Kochouseph Chittilappilly കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

യുവ സംരംഭകരോട് പറയുവാനുള്ളത് :

വിജയീ ഭവ എന്നൊരു ട്രെയിനിങ് പ്രോഗ്രാം ഞങ്ങൾ എല്ലാ വർഷവും യുവാക്കൾക്ക് വേണ്ടി നടത്താറുണ്ട്‌. അതിൽ ഞാൻ യുവാക്കളോട് പറയുന്ന ഒരു പ്രധാന കാര്യം വിജയത്തിനും ബിസിനസിനും കുറുക്കു വഴികൾ തിരയേണ്ടതില്ല എന്നുള്ളതാണ്. കാരണം കുറുക്കുവഴികൾ നിങ്ങളെ തെന്നി വീഴിച്ചേക്കാം. എപ്പോഴും സിസ്റ്റമാറ്റിക് ആയി തന്നെ ജീവിതത്തിൽ മുന്നോട്ടു പോവുക. ജീവിതത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാൻ ഉണ്ടാകും. അത് അനുഭവിച്ചു തന്നെ പഠിക്കുക. പ്രൊഫഷനൽ ആയി ബിസിനസിനെ കാണുക.   

Your Rating: