Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം തന്നെ ജീവിതം

mercykutti-1 ജെ. മേഴ്സിക്കുട്ടിയമ്മ

സി.പി.എമ്മിൽ കെ. ആർ. ഗൗരിയമ്മയുടെ പിൻമുറക്കാരിയായാണു ജെ. മേഴ്സിക്കുട്ടിയമ്മ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കാര്യപ്രാപ്തിയിലും കാർക്കശ്യത്തിലും ഗൗരിയമ്മയുടെ പിൻഗാമി. കൊല്ലം ഫാത്തിമ കോളജിലെയും എസ്.എൻ. കോളജിലെയും സമരതീക്ഷ്ണമായ യൗവ്വനത്തിൽത്തന്നെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ ആരംഭിച്ച മേഴ്സിക്കുട്ടിയമ്മയുടെ ജീവിതം ഇന്നും തൊഴിലാളികൾക്കിടയിൽത്തന്നെ. ഫിഷറീസ്, കശുവണ്ടി, പരമ്പരാഗത വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റതു തൊഴിലാളികൾക്കിടയിൽ സൃഷ്ടിച്ച പ്രതീക്ഷ ചെറുതല്ല.

കൊല്ലത്തു വച്ചാണു മന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നത്. ആർ.എസ്.പി. നേതാവ് വി.പി. രാമകൃഷ്ണപിള്ളയുടെ മകളുടെ ആകസ്മിക മരണം അറിഞ്ഞത് അപ്പോഴാണ്. അങ്ങോട്ടു പോകേണ്ടതുള്ളതു കൊണ്ടു യാത്രയ്ക്കിടയിലാണു സംസാരിച്ചത്. കേരളത്തിലെ തൊഴിലാളികളെയും തൊഴിൽ മേഖലകളെയും സംബന്ധിച്ചുള്ള ഒരു ഡാറ്റാ ബാങ്ക് ആണ് മന്ത്രിയെന്നു തോന്നിപ്പോകും. ഓരോ മേഖലയെക്കുറിച്ചും സംസാരിക്കുന്നതു കൃത്യമായ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ്. ഒരു തപ്പലും സംശയവും ഒരു വിഷയത്തിലുമില്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ദീർഘ സംഭാഷണത്തിൽനിന്ന് -

കുട്ടിക്കാലം, വിദ്യാഭ്യാസം

ഞാൻ ജനിച്ചതു മൺട്രോ തുരുത്തിലാണ്. അപ്പച്ചൻ ആർ.എസ്.പിയുടെ പ്രവർത്തകനാണ്. ഞങ്ങൾ അഞ്ചു മക്കളാണ്. മൂന്നാമത്തെയാളാണു ഞാൻ. എനിക്കു മൂത്തതു രണ്ടു സഹോദരൻമാരാണ്. മൂത്തയാൾ എ.ടി. ഒ. ആയിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. രണ്ടാമത്തെയാൾ ബിസിനസ് ചെയ്യുന്നു. എനിക്കു തൊട്ടു താഴെ ഒരനിയത്തിയാണ്. അവൾക്കു താഴെ ഒരനിയൻ. കൊല്ലം ജില്ലയിലെ മൺട്രോ തുരുത്ത് എന്ന തുരുത്തിൽ തിരുവല്ല ബഥേൽ സഭയുടെ സ്കൂളിലാണു ഞാൻ നാലു വരെ പഠിച്ചത്. പിൽക്കാലത്ത് അതു സർക്കാർ ഏറ്റെടുത്തു. ബഥേലിന്റെ കൊച്ചമ്മമാരാണ് അവിടെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ടു ഞങ്ങൾ ടീച്ചർമാരെ വിളിച്ചിരുന്നതു കൊച്ചമ്മമാർ എന്നായിരുന്നു. അഞ്ചു മുതൽ പത്തുവരെ പടിഞ്ഞാറേ കല്ലടയിലെ ഗവൺമെന്റ് സ്കൂളിലാണു പഠിച്ചത്. പ്രീഡിഗ്രി മുതൽ ഡിഗ്രി വരെ കൊല്ലം ഫാത്തിമ കോളജിൽ. എം.എയ്ക്ക് എസ്. എൻ. കോളജിൽ ചേർന്നു. പിന്നീടു തിരുവനന്തപുരത്ത് ലോ അക്കാദമിയിൽ ചേർന്നു. പക്ഷേ, കോഴ്സ് പൂർത്തിയാക്കിയില്ല. കാരണം, ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ്. പിന്നെ പരീക്ഷ എഴുതിയില്ല.

എസ്.എഫ്.ഐയിലേക്ക്

മൺട്രോ തുരുത്തിൽനിന്നു കൊല്ലത്തേക്കു പോകാൻ അന്നു പാസഞ്ചർ ട്രെയിൻ മാത്രമേയുള്ളൂ. രാവിലെ എട്ടു മണിക്കാണു പാസഞ്ചർ. തിരിച്ചു പോകാൻ അഞ്ചേ മുക്കാലിനേയുള്ളൂ ട്രെയിൻ. വൈകിട്ടു കോളജ് വിട്ടാലും അഞ്ചേ മുക്കാൽ വരെ കാത്തിരിക്കണം. അങ്ങനെ കാത്തിരിക്കുന്നതിനിടയിൽ മൺട്രോ തുരുത്തിന് അപ്പുറത്തുള്ളവരെല്ലാം കൂടി ഒരു ഗ്രൂപ്പ് ഉണ്ടായി. ട്രെയിൻവാലാസ് ഗ്രൂപ്പ്. മലബാർ എക്സ്പ്രസ് മൺട്രോ തുരുത്തിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ദിവസം ഷട്ടിൽ ട്രെയിൻ തടഞ്ഞിടാൻ ഞങ്ങൾതിരുമാനിച്ചു. ഞാൻ അന്നു ബി.എയ്ക്കു പഠിക്കുകയാണ്. അന്നു സ്റ്റേഷനിലേക്ക് കൊല്ലത്തു നിന്ന് ആളു വരണമെങ്കിൽ വലിയ പ്രയാസമാണ്. അന്നു പാലമില്ല. ഞാൻ എം.എൽ.എ. ആയതിനുശേഷമാണ് പാലം കൊണ്ടുവന്നത്. ഒടുവിൽ പോലീസ് വന്നപ്പോൾ ഉച്ചയായി. അതിനിടെ കേരളത്തിലെ ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. അവസാനം സ്റ്റോപ് അനുവദിക്കാമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു. ആ സമരത്തോടെയാണു മലബാർ എക്സ്പ്രസിനു മൺട്രോ തുരുത്തിൽ സ്റ്റോപ് കിട്ടിയത്.

mercykutti-4 ജെ. മേഴ്സിക്കുട്ടിയമ്മ

അന്ന് എം.എ. ബേബി ആണ് എസ്.എഫ്. ഐ. സംസ്ഥാന സെക്രട്ടറി. അമ്പിളി കമലം എന്ന ഒരു കുട്ടിയായിരുന്നു സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ. എഴുപത്തേഴിൽ എസ്.എഫ്. ഐയുടെ ജില്ലാ കമ്മിറ്റി ഒരു വനിതാ കൺവൻഷൻ വച്ചു. വീട്ടിൽ ചേട്ടൻമാരും അപ്പച്ചനും ഒക്കെ രാഷ്ട്രീയം പറയുമെങ്കിലും പൊതുവേദികളിൽ വരുമായിരുന്നില്ല. എസ്. എൻ. കോളജിലെ കുട്ടികൾ എന്നെ വനിതാ കൺവൻഷനിൽ പങ്കെടുക്കാൻ വിളിച്ചു. ഞാൻ മാത്രമെന്തിനാ പോകുന്നത്? ഞങ്ങൾ ട്രെയിൻ വാലാസിനെയൊക്കെ കൊണ്ടു പോയി. കൊല്ലം പാർട്ടി ഓഫിസിൽ യോഗം കൂടുകയാണ്. എം. എ. ബേബിയുണ്ട്, അമ്പിളി കമലം ഉണ്ട്. ഇവരെല്ലാം സംസാരിച്ചു. അമ്പിളി കമലം വളരെ പതുക്കെയാണ് കാര്യങ്ങൾ പറയുന്നത്. അതു കേട്ടിരുന്നപ്പോൾ എനിക്കു തോന്നി, എനിക്കിതിനെക്കാൾ നന്നായിട്ടു സംസാരിക്കാൻ പറ്റുമല്ലോ എന്ന്. അങ്ങനെ ഞാൻ എഴുന്നേറ്റു നിന്നു പ്രസംഗിച്ചു. അതു കേട്ടതും അവരെന്നെ വനിതാ കമ്മിറ്റിയുടെ കൺവീനർ ആക്കി. അങ്ങനെയാണു ഞാൻ എസ്.എഫ്.ഐയിൽ സജീവമായത്. ഞാനൊക്കെ മൽസരിച്ച തിരഞ്ഞെടുപ്പിലാണ് ഫാത്തിമ കോളജിലെ മുഴുവൻ സീറ്റും എസ്.എഫ്.ഐ. പിടിച്ചെടുത്തത്.

എസ്.എൻ. കോളജിലേക്ക്

അന്ന് എസ്.എൻ. കോളജ് പുരുഷൻമാരുടെ കോളജ് ആയിരുന്നു. എം.എയ്ക്കു മാത്രമാണു വിദ്യാർത്ഥിനികളുള്ളത്. മലയാളമായിരുന്നു എന്റെ വിഷയം. എസ്. എൻ. കോളജിലെ ക്ളാസുകളിൽ മറക്കാൻ കഴിയാത്തത് കെ.പി. അപ്പൻ സാറിന്റെ ക്ളാസാണ്. അന്നു നല്ല വാദപ്രതിവാദങ്ങളൊക്കെ ക്ളാസിൽ പതിവായിരുന്നു. അക്കാലത്താണ് എസ്.എഫ്.ഐയുടെ കോളജ് യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാറിന്റെ വധം. പുറത്തുനിന്ന് എ.ബി.വി.പി. പ്രവർത്തകർ കുത്തിക്കൊല്ലുകയായിരുന്നു. മാനേജ്മെന്റ് നിലപാട് അമ്പരപ്പിക്കുന്നതായിരുന്നു. അക്രമം നടത്തിയ സംഘടനയുടെ നേതാക്കൾക്കെതിരേ നടപടിയെടുക്കുന്നതിനു പകരം അവർ അന്ന് എസ്.എഫ്.ഐയുടെ ഭാരവാഹികളെ മുഴുവൻ സസ്പെൻഡ് ചെയ്തു. അതു വലിയ സമരത്തിനു കാരണമായി. ഞാൻ അന്നു കോളജ് യൂണിയൻ വൈസ് ചെയർമാൻ ആയിരുന്നു. ഭാരവാഹികളായ പെൺകുട്ടികളെ പുറത്താക്കിയിരുന്നില്ല. അതുകൊണ്ടു ഞങ്ങൾ സമരത്തിന്റെ മുൻനിരയിലായി. ഞങ്ങളുടെ ഡിമാൻഡ് കുറ്റവാളികളെ അറസ്റ്റ് ചെയ്യണം, പുറത്താക്കിയ എസ്.എഫ്.ഐ. പ്രവർത്തകരെ തിരിച്ചെടുക്കണം എന്നായിരുന്നു.

എൺപത്തിരണ്ടു ജനുവരി നാലിനാണു ശ്രീകുമാർ കൊല്ലപ്പെട്ടത്. സമരം ആരംഭിച്ചതോടെ പോലീസിനെക്കൊണ്ട് കോളജ് നിറച്ചു. കാസ്റ്റിങ് മന്ത്രിസഭയുടെ കാലമാണ്. കെ. കരുണാകരൻ ആണു പോലീസ് മന്ത്രി. ഒരു കോളജ് ക്യാംപസ് സി.ആർ.പി. എഫിനെക്കൊണ്ടു നിറയ്ക്കുന്നത് ആദ്യവും അവസാനവുമായിട്ടായിരിക്കും. അന്നു കൊല്ലത്തെ പോലീസ് മാത്രമല്ല, വന്നത്. വിദ്യാർത്ഥികളെ പുറത്തു കാണാൻ പാടില്ല എന്നാണു സി.ആർ.പിയുടെ നിലപാട് . എല്ലാവരും ക്ളാസിലിരുന്നു കൊള്ളണം. അന്നു സമരം ശക്തമാണ്. കുട്ടികൾ പുറത്തു വരും. പക്ഷേ, മാനേജ്മെന്റിനും പോലീസിനും ക്ളാസ് നടക്കുന്നുണ്ടെന്നു പുറംലോകത്തെ ബോദ്ധ്യപ്പെടുത്തണം. അതു കൊണ്ടു പ്രീഡിഗ്രിക്കാരായ അഞ്ചോ ആറോ പേരെ പിടിച്ചിരുത്തി പഠിപ്പിക്കും. ചിലപ്പോഴൊക്കെ വിവിധ വിഷയങ്ങൾ പഠിക്കുന്ന കുറേപ്പേരെ ഒന്നിച്ചിരുത്തി ക്ളാസ് നടക്കുന്നു എന്നു വരുത്തിത്തീർക്കും. അതിനെതിരെ സമരം തുടങ്ങിയപ്പോൾ പോലീസ് മർദ്ദനം തുടങ്ങി. ഇപ്പോൾ രാജ്യസഭാംഗമായ സോമപ്രസാദ് അന്നു ശാസ്താംകോട്ട ഡി.ബി. കോളജിൽ വിദ്യാർത്ഥിയായിരുന്നു. അന്നു സോമപ്രസാദിനെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സോമപ്രസാദ് രക്തം ഛർദിച്ചു. പെൺകുട്ടികളെ പോലീസ് ഉപദ്രവിക്കുമായിരുന്നില്ല. അതുകൊണ്ട് സോമപ്രസാദിനു തല്ലു കൊണ്ടപ്പോൾ ഞങ്ങളാണ് ഓടിച്ചെന്നത്. വിദ്യാർത്ഥികളെ തല്ലി പോലീസ് ജീപ്പിനകത്തേക്കു വലിച്ചെറിഞ്ഞപ്പോൾ ഞാൻ തൊട്ടടുത്ത എസ്.എൻ. വിമൻസ് കോളജിലെ കുട്ടികളെയും കൂട്ടി ജീപ്പ് തടഞ്ഞു. ജീപ്പിനകത്തിട്ടും വിദ്യാർഥികളെ തല്ലുന്നുണ്ട്. എസ്.എൻ. കോളജിൽ ഏതാനും പെൺകുട്ടികൾ മാത്രമേയുള്ളൂ. അതുകൊണ്ടാണ് എസ്.എൻ. വിമൻസ് കോളജിൽനിന്നു കുട്ടികളെ കൂട്ടിയത്. അതു പോലീസുകാരെ പ്രകോപിപ്പിച്ചു. അവർ ഞങ്ങളെയും വലിച്ചു പോലീസ് ജീപ്പിലിട്ടു. അവർ ഞങ്ങളെയും പൊതിരെ തല്ലി.

അതോടെ സമരം രൂക്ഷമായി. കോളജ് പൂട്ടി. കോളജ് അടച്ചാൽ പിന്നെ സമരം ചെയ്യാൻ കുട്ടികളെ കിട്ടുകയില്ലല്ലോ. അതോടെ കോളജ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ മറ്റു പ്രദേശങ്ങളിലും ജാഥ നടത്തി. എന്റെ നാട്ടിൽ ഞാൻ ആദ്യമായി കാൽനട ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്തത് അന്നാണ്. എന്താണു കോളജിൽ സംഭവിച്ചത് എന്നതിനെക്കുറിച്ചാണു ഞാൻ പ്രസംഗിച്ചത്. ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടു. മാർച്ച് പതിനാലിനാണു കോളജ് വീണ്ടും ആരംഭിച്ചത്. പുറത്താക്കിയവരെ മുഴുവൻ തിരിച്ചെടുത്തു.

mercykutti- ജെ. മേഴ്സിക്കുട്ടിയമ്മ മകൻ അരുണിനോടൊപ്പം

എം.എ. കഴിഞ്ഞ് ഒരു കൊല്ലം കോ ഓപ്പറേറ്റീവ് പാരലൽ കോളജിൽ മലയാളം പഠിപ്പിച്ചു. പിന്നീടാണു നിയമം പഠിക്കാൻ ചേർന്നത്. അവസാന വർഷ വിദ്യാർത്ഥിനിയായിരിക്കെ കുണ്ടറയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. പിന്നീട് പരീക്ഷ എഴുതാൻ സാധിച്ചില്ല.

ആദ്യ തിരഞ്ഞെടുപ്പും വിവാഹവും

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴിലാണ് ഞാൻ ആദ്യ തിരഞ്ഞെടുപ്പിൽ മൽസരിച്ചു വിജയിച്ചത്. തൊട്ടടുത്ത വർഷമായിരുന്നു വിവാഹം. വരൻ തുളസീധരക്കുറുപ്പ്. പാർട്ടിയാണ് ഇതു നിശ്ചയിച്ചത്. എങ്കിലും ഞങ്ങൾക്കു പരസ്പരം അറിയാമായിരുന്നു. വിവാഹം നടക്കുമ്പോൾ അദ്ദേഹം ഡി.വൈ. എഫ്. ഐയുടെ ജില്ലാ പ്രസിഡന്റാണ്. സഖാവ് പിന്നീട് ചാത്തന്നൂർ ഏരിയാ സെക്രട്ടറിയായി. കഴിഞ്ഞ ഇരുപതു വർഷമായി സി.ഐ.ടി.യുവിൽ പ്രവർത്തിക്കുകയാണ്.

സഖാവിന്റെ വീടു പരവൂരിലാണ്. അവർ എട്ടു മക്കളാണ്. ആറാമനാണു സഖാവ്. അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നു വിവാഹത്തിന് എതിർപ്പുണ്ടായില്ല. അതുപോലെ എന്റെ അപ്പച്ചനും ആങ്ങളമാർക്കും എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ, അച്ചൻമാരും കന്യാസ്ത്രീകളുമുള്ള അമ്മയുടെ കുടുംബത്തിൽനിന്നു വലിയ എതിർപ്പുണ്ടായി. അമ്മയുടെ കുടുംബത്തിൽനിന്ന് കുഞ്ഞമ്മയുടെ ഭർത്താവ് മാത്രമാണു പങ്കെടുത്തത്. അമ്മയുടെ കുടുംബത്തിലെ ഒരു അച്ചൻ ഒരു നിബന്ധന മുന്നോട്ടു വച്ചു- കല്യാണം കഴിക്കുന്നയാൾ നമ്മുടെ മതത്തിൽ ചേരണം. പക്ഷേ, അതു നടക്കുന്ന കാര്യമല്ല എന്നു ഞാൻ പറഞ്ഞു. ഗുരുദാസൻ സഖാവ് അമ്മയുടെ ബന്ധുക്കളുമായി സംസാരിച്ചു നോക്കി. അവരു വരില്ല എന്ന ശാഠ്യത്തിലായിരുന്നു. ഞങ്ങളുടെ വിവാഹദിനം ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. അന്നായിരുന്നു പെരുമൺ ദുരന്തം. മുൻ നിശ്ചയം വൈകിട്ടു മൂന്നരയ്ക്കു നടത്താനായിരുന്നു. അന്ന് എല്ലാ മന്ത്രിമാരും എം.എൽ.എമാരും കൊല്ലത്ത് എത്തി. അപ്പോഴാണ് അപകട വാർത്ത വന്നത്. അതുകൊണ്ടു വിവാഹം വേഗം നടത്തിയിട്ടു ഞങ്ങളെല്ലാവരും ദുരന്തസ്ഥലത്തേക്കു പാഞ്ഞു. വരന്റെ വീട്ടിൽ കയറുന്ന ചടങ്ങുണ്ടായിരുന്നു. ആറര മണിക്ക് ഒന്നു വീടു വരെ വന്നിട്ടു വീണ്ടും ആശുപത്രികളിലേക്കു പോയി. അടുത്ത രണ്ടു മൂന്നു ദിവസം ഞങ്ങൾ രണ്ടു പേരും ഈ തിരക്കുകളിലായിരുന്നു.

കല്യാണത്തിൽ പങ്കെടുക്കാൻ വന്ന ഒട്ടേറെ സഖാക്കൾ ആ ട്രെയിനിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടി ബെറ്റി ബേബി മകൻ അപ്പുവിന്റെ കൂടെ അതേ ട്രെയിനിൽ വരുന്നുണ്ടായിരുന്നു. സഖാവ് എം.എം. ലോറൻസ് ഈ ട്രെയിനിൽ കയറാൻ വേണ്ടി എറണാകുളത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും എന്നും വൈകിയിറങ്ങുന്ന സ്വഭാവമുള്ളതു കൊണ്ടു ട്രെയിൻ കിട്ടിയില്ല. അദ്ദേഹം ഒരു കാറിലാണ് കൊല്ലത്തെത്തിയത്. അപ്പോഴാണു ദുരന്ത വാർത്ത അറിഞ്ഞത്.

ഗൗരിയമ്മയ്ക്ക് എന്നോടു വലിയ വാൽസല്യമായിരുന്നു. കല്യാണത്തിന് സാരി വാങ്ങിത്തന്നത് ഗൗരിയമ്മയാണ്. ഞാൻ വളരെ ലളിതമായ ഒരു വെള്ള സാരിയാണ് ഉടുക്കാൻ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് ഗൗരിയമ്മ കസവുള്ള പച്ച സാരി വാങ്ങിക്കൊണ്ടുവന്നത്. ആ സാരിയുടുക്കണമെന്നായിരുന്നു വല്യമ്മയ്ക്ക് ആഗ്രഹം. പക്ഷേ, അപ്പോഴേക്ക് ഞാൻ സാരിയുടുത്തു കഴിഞ്ഞിരുന്നു. കെട്ടു കഴിഞ്ഞിട്ട് ഗൗരിയമ്മ തന്ന സാരി ഉടുക്കാമെന്നു തീരുമാനിച്ചു. പക്ഷേ, അപ്പോഴാണു ദുരന്തം നടന്നത്. പിന്നെ സാരിയെക്കുറിച്ചൊന്നും ആലോചിക്കാൻ സാധിച്ചില്ല. അതുകൊണ്ടു ഗൗരിയമ്മ സമ്മാനിച്ച സാരി ഉടുക്കാൻ വളരെക്കാലം കഴിഞ്ഞാണ് എനിക്ക് അവസരമുണ്ടായത്.

mercykutti-3 ജെ. മേഴ്സിക്കുട്ടിയമ്മ ഭർത്താവ് തുളസീധരക്കുറുപ്പിനൊപ്പം

ട്രേഡ് യൂണിയൻ രംഗത്ത്

എസ്.എഫ്. ഐ. കാലം കഴിഞ്ഞപ്പോൾ തന്നെ എം.എൽ.എ. ആയി. പിന്നെ ഞാൻ ട്രേഡ് യൂണിയൻ രംഗത്തേക്കു മാറി. പഠിക്കുന്ന കാലത്തുതന്നെ കയർ, കശുവണ്ടി തൊഴിലാളി സമരങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നു. അക്കാലത്ത് ആ മേഖലകളിൽ വലിയ സമരങ്ങൾ നടക്കുന്നുണ്ടായിരുന്നു. എൺപത്തിനാലിൽ കശുവണ്ടി തൊഴിലാളികളുടെ വ ലിയ സമരമുണ്ടായി. അന്ന് സർക്കാർ നിശ്ചയിച്ച ഡി.എ. എട്ടു രൂപ പതിനൊന്നു പൈസയാണ്. പക്ഷേ, തൊഴിലാളിക്കു കിട്ടുന്നത് ഒന്നരയോ രണ്ടോ രൂപയാണ്. ഡി.എ. കൂലിയുടെ ഭാഗമാണെന്നു മാനേജ്മെന്റ് അംഗീകരിച്ചിരുന്നില്ല. എഴുപത്തേഴിൽ നിശ്ചയിച്ച കൂലിയാണ് എൺപതുകളിലും കൊടുത്തിരുന്നത്. അതിനെതിരേയായിരുന്നു സമരം. നാലു മാസം നീണ്ടു നിന്ന സമരമായിരുന്നു. തൊഴിലാളികൾക്കു വേണ്ടി ഒന്നോ രണ്ടോ പേർ സമരം ചെയ്യും, സത്യഗ്രഹമിരിക്കും. കാരണം തൊഴിലാളികൾ വലിയ ദാരിദ്ര്യം അനുഭവിക്കുന്നവരായതുകൊണ്ട് അവർക്കു കൂലിയില്ലാതെ പറ്റില്ല. നിരാഹാരം തുടങ്ങിയിട്ടും മാനേ്ജ്മെന്റ് ഡി.എ. കൊടുക്കാൻ സന്നദ്ധരായില്ല. അപ്പോൾ സമര സമിതി ജോലി ചെയ്യാനും കൂലി നിഷേധിക്കാനും തീരുമാനിച്ചു. കേരളത്തിലെ മറ്റൊരു രംഗത്തും ഇങ്ങനെയൊരു സമരം ഉണ്ടായിട്ടില്ല. ഇപ്പോഴും കശുവണ്ടി തൊഴിലാളികൾ പണിയെടുത്തു കൊണ്ടാണു സമരം ചെയ്യുന്നത്. ആഴ്ച തോറുമാണ് അവരുടെ കൂലി. രണ്ടു മൂന്ന് ആഴ്ച കൂലി ബഹിഷ്കരിച്ചപ്പോൾ തൊഴിലാളികൾ പട്ടിണിയായി. കൂലി നിഷേധിച്ച തൊഴിലാളികൾക്ക് മറ്റു മേഖലകളിലെ തൊഴിലാളികൾ ഭക്ഷണം കൊടുക്കണമെന്നു പാർട്ടി തീരുമാനിച്ചു. മറ്റു മേഖലകളിലെ തൊഴിലാളികൾ ശേഖരിക്കുന്ന അരിയും സാധനങ്ങളും സമരപ്പന്തലിൽ കൊണ്ടു കൊടുക്കുകയാണ് എന്റെ ജോലി.

ആ സമയത്താണ് ഓണം വന്നത്. അതുവരെ നമ്മൾ കഞ്ഞിയായിരുന്നു ഉണ്ടാക്കിയിരുന്നത്. പക്ഷേ, ഓണത്തിന്റെ അന്ന് സദ്യ വേണം. ചോറു വയ്ക്കണം. എറണാകുളത്തു നിന്നും മറ്റും മറ്റു തൊഴിലാളികൾ ശേഖരിച്ച ലോഡ് കണക്കിന് അരിയാണു കൊല്ലത്ത് പാർട്ടി ഓഫിസിൽ എത്തിയത്. പാർട്ടി ഓഫിസുകളിൽനിന്നു ചെറിയ വണ്ടികളിൽ ഓരോ ഫാക്ടറി ഗേറ്റിലും ഈ സാധനങ്ങൾ എത്തിച്ചിരുന്നത് ഞങ്ങളാണ്. പതിനായിരക്കണക്കിനു തൊഴിലാളികളാണു സമരം ചെയ്തിരുന്നത്. ഓണമ്പലം ഫാക്ടറിയുടെ നടയ്ക്ക് ചോറും സാമ്പാറും വച്ച് തെരുവിൽ ഭക്ഷണം കഴിച്ചതാണ് കശുവണ്ടി സമരത്തെക്കുറിച്ചുള്ള പച്ച പിടിച്ചു നിൽക്കുന്ന ഓർമ്മകളിൽ ഒന്ന്.

ഓണം കഴിഞ്ഞപ്പോൾ ഒരു തീരുമാനമെടുത്തു- കശുവണ്ടിപ്പരിപ്പ് വിട്ടു കൊടുക്കുകയില്ല. ആദ്യം പരിപ്പെടുക്കാൻ വന്നത് ശാസ്താംകോട്ടയിലെ ഒരു ഫാക്ടറിയിലായിരുന്നു. അവിടെ യൂണിയൻകാർ ഫാക്ടറി വണ്ടി തടഞ്ഞു. പരമേശ്വരൻ എന്ന ഫാക്ടറിത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പോലീസ് ഭീകരമായി മർദ്ദിച്ചു. ലോക്കപ്പിൽ വച്ചു പരമേശ്വരൻ മരിച്ചു. അതോടെ സമരം ആളിക്കത്തി. എന്നിട്ടും മുതലാളിമാർ വഴങ്ങിയില്ല. പരിപ്പു കൊണ്ടു പോകാൻ സംരക്ഷണം ആവശ്യപ്പെട്ടു മുതലാളിമാർ കോടതിയിൽ പോയി. തൊഴിലാളികളുടെ കൂലി കെട്ടിവച്ചതിനു ശേഷം പരിപ്പു കൊണ്ടു പോകാം എന്നു കോടതി വിധിച്ചു. കശുവണ്ടി സമരത്തിലെ നിർണായകമായ വിധിയായിരുന്നു അത്. അതോടെ മുതലാളിമാർ വഴങ്ങി. എട്ടു രൂപ പതിനൊന്നു പൈസ ഡി.എ. ലേബർ കോടതികളിൽ കെട്ടിവയ്ക്കാൻ അവർ നിർബന്ധിതരായി.

അതിനു ശേഷം പാർട്ടി എന്നെ മൽസ്യത്തൊഴിലാളി മേഖലയിലേക്കാണു വിട്ടത്. അവിടെ ചെന്നപ്പോഴാണു ഞാൻ അറിയുന്നത്- കശുവണ്ടി മേഖലയിലെക്കാൾ പരിതാപകരമാണു മൽസ്യത്തൊഴിലാളികളുടെ കാര്യം. അവിടെ പ്രവർത്തനം തുടങ്ങുന്ന സമയത്ത് കൊല്ലം കടപ്പുറത്ത് തീരെ മോശമായ സാഹചര്യമായിരുന്നു. അതിനും നാലഞ്ചു വർഷം മുമ്പ് മുടാക്കരയിൽ കടൽ കയറിയിട്ട് നൂറ്റിയറുപത്തിനാലു വീടുകൾ ഒലിച്ചു പോയി. അത്രയും ഭീകരമായ കടലേറ്റം അതിനു മുമ്പു കൊല്ലത്ത് ഉണ്ടായിട്ടില്ല. കൊല്ലം മുഹമ്മദൻ‌സ് സ്കൂളിൽ മൽസ്യത്തൊഴിലാളികളെ പാർപ്പിച്ചു. ഞാൻ എൺപത്തേഴിൽ അവിടെ ചെല്ലുമ്പോഴും കടൽ ക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് പുനരധിവാസം നടത്തിയിട്ടില്ല. അന്നു ടി.കെ. രാമകൃഷ്ണൻ ആയിരുന്നു ഫിഷറീസ് മന്ത്രി. ഞാൻ എം.എൽ.എ. എന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടുവന്നു. സി.ഐ.ടി.യു. ആദ്യം ഏറ്റെടുത്ത പ്രശ്നം ഇവരുടെ പുനരധിവാസമായിരുന്നു. ഒരു പാക്കേജ് ഉണ്ടാക്കി. എൺപത്തിരണ്ടിൽ കടൽ കയറിയതിനുശേഷം കൊല്ലം ഹാർബറിന്റെ പണി നടക്കുന്നുണ്ടായിരുന്നു. എൺപത്തേഴിൽ തുറമുഖം കമ്മീഷൻ ചെയ്തു. അന്ന് ഏറ്റെടുത്ത കുറേ ഭൂമി ബാക്കിയുണ്ടായിരുന്നു. അത് ഇവരുടെ പുനരധിവാസത്തിനുവേണ്ടി മാറ്റി. നൂറ്റിയറുപത്തൊമ്പതു വീടുകൾ. രണ്ടു മൂന്നു ഡിസൈനുകളുണ്ടാക്കി. ഹാബിറ്റാറ്റിനായിരുന്നു ചുമതല. സെന്റ് അലോഷ്യസ് സ്കൂളിൽ ഈ നൂറ്റിയറുപത്തൊ മ്പതു കുടുംബങ്ങളെയും വിളിപ്പിച്ച് ഈ മൂന്നു ഡിസൈനുകളും കാണിച്ചു. അവരുടെ ഇഷ്ടം അനുസരിച്ച് വീടുകൾ പണിതു കൊടുത്തു. പിന്നീട് അവർക്കു വലയും വള്ളവും കൊടുക്കുന്ന ചെറിയ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു. ഇന്നു കൊല്ലത്തെ മൽസ്യത്തൊഴിലാളികൾക്ക് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി മെച്ചപ്പട്ട ജീവിത സാഹചര്യമുണ്ട്.

mercykutti-2 ജെ. മേഴ്സിക്കുട്ടിയമ്മ ഭർത്താവ് തുളസീധരക്കുറുപ്പ്, മകന്‍ അരുൺ, സഹോദരിയുടെ മകൾ പ്രീതിക, മകൻ സോഹൻ

ഇന്നു മൽസ്യത്തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മൽസ്യ ബന്ധനത്തിനു പോകുന്നവർക്ക് മൽസ്യം കിട്ടുന്നില്ല എന്നതാണ്. പാരിസ്ഥിതിക പ്രശ്നവും മലിനീകരണവുമാണ് ഇതിനു കാരണം. നഗരത്തിലെ മാലിന്യങ്ങളും പ്ളാസ്റ്റിക്കും മുഴുവൻ കടലിലേക്കു പോകുന്നു. കടലിലെ മാലിന്യം ഇന്നു നമുക്കു സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്. അതു തടയാൻ കൃത്യമായ പദ്ധതിയാണ് ഇപ്പോൾ മനസ്സിലുള്ളത്. ഇപ്പോഴും തീരദേശത്തെ തൊഴിലാളികളുടെ ജീവിതം വലിയ കഷ്ടപ്പാടു നിറഞ്ഞതാണ് എന്നതിലാണ് എനിക്കും സങ്കടം. വലിയ തുറയിലും മറ്റും ഇന്നും സ്ഥിതി സങ്കടകരമാണ്. മന്ത്രിയായതിനുശേഷം ഞാൻ അവിടെ പോയിരുന്നു.

മൽസ്യബന്ധനം നടത്താനും വിൽക്കാനുമുള്ള അവകാശം മൽസ്യത്തൊഴിലാളികൾക്കാണ്. പക്ഷേ, പിടിച്ചു കൊണ്ടു വരുന്ന മൽസ്യം വിൽക്കുന്നത് വൻ കിട ഏജന്റുമാരാണ്. അങ്ങനെ വരുമ്പോൾ തൊഴിലാളികൾ വലിയ ചൂഷണത്തിനു വിധേയരാകുന്നു. ഈ രംഗത്ത് ശക്തമായ ഇടപെടൽ നടത്താനാണു മൽസ്യ ഫെഡ് രൂപീകരിച്ചത്. പക്ഷേ, ശക്തമായ ഇടപെടൽ നടത്താൻ മൽസ്യ ഫെഡിനു കഴിഞ്ഞില്ല. ലേലത്തിൽ ഇടപെടാൻ മൽസ്യഫെഡിനു സാധിക്കുന്നില്ല. അതുകൊണ്ട് വമ്പൻ ലോബികളാണ് അതിൽനിന്നു ലാഭം കൊയ്യുന്നത്. ഒറ്റയ്ക്ക് ആർക്കും ഇതിൽ ഇടപെടാൻ സാധിക്കുകയില്ല. കോഴിക്കോട്, തിരൂർ മാർക്കറ്റുകളിൽ ആരു മൽസ്യം വിൽക്കണമെന്നു തീരുമാനിക്കുന്നതു വരെ ലേലക്കാരാണ്. അവർ തീരുമാനിക്കുന്ന വിലയ്ക്കാണു മൽസ്യം വിൽക്കുന്നത്. തൊഴിലാളികൾക്കു തുച്ഛമായ കമ്മീഷനേ കിട്ടുന്നുള്ളൂ. അനുബന്ധ തൊഴിലാളികളും തൊഴിലാളികളും വൻ ചൂഷണത്തിനു വിധേയരാകുകയാണ്. വലിയൊരു റാക്കറ്റാണു മൽസ്യ മേഖലയിലുള്ളത്. ഇതിനെ പൊളിക്കണമെങ്കിൽ കൂടുതൽ മൽസ്യം സൂക്ഷിക്കാൻ വൻ ഐസ് പ്ളാന്റുകളും ഗോ ഡൗണുകളും ഉൾപ്പെടെ വലിയ പശ്ചാത്തല സൗകര്യം സജ്ജമാക്കേണ്ടതുണ്ട്. തൊഴിലാളികളെ സംരക്ഷിക്കുക, ഉപഭോക്താക്കളെ രക്ഷിക്കുക, വൃത്തിയുള്ള മാർക്കറ്റുകൾ ഉണ്ടാകുക എന്നിവ കണക്കിലെടുക്കുമ്പോൾ ദീർഘകാല പദ്ധതികൾ വേണ്ടി വരും. അതിനു ഞാൻ പരമാവധി ശ്രമിക്കും.

കുടുംബം

പതിനെട്ടു കൊല്ലമായി ഞാനും സഖാവും കൊല്ലത്താണു താമസം. രണ്ടു മക്കൾ. മൂത്തയാൾ സോഹൻ സി.എയ്ക്കു പഠിക്കുന്നു. രണ്ടാമൻ അരുൺ എം.ടെക്കിനും. സി.എയ്ക്കു പഠിക്കുന്നവൻ എല്ലാം ഒന്നും എഴുതിയെടുത്തില്ല. പ്ളസ് ടൂ കഴിഞ്ഞ് അഖിലേന്ത്യാ എൻട്രൻസ് എഴുതി പോകുകയായിരുന്നു അവനെക്കൊണ്ട് ബികോം എല്ലാം എഴുതിയെടുപ്പിക്കാമെന്നു വിചാരിച്ചു.

Your Rating: