Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക്, കാരണം തുറന്ന് പറഞ്ഞ് മന്ത്രി

shasheendran2

ക്യാബിനറ്റ് മീറ്റിങ് കഴിഞ്ഞ് നേരെ ഓഫിസില്‍ എത്തിയതാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍. അതീവ സൗമ്യനായ ഒരു സാധാരണക്കാരന്‍. ‘കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഓണത്തിനു ബോണസ് കൊടുക്കണം. അതിന് എവിടെനിന്നാണു കാശുകിട്ടുക എന്ന ആലോചനയിലാണ് ഇപ്പോള്‍. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി നിര്‍‍വഹിച്ചേ തീരൂ.’ – പരുഷവാക്കുകളോ കഠിന പ്രതികരണമോ ശീലമില്ലാത്ത ഈ മനുഷ്യന്‍ എങ്ങനെ ഇത്രകാലം രാഷ്ട്രീയ നേതാവായി നില്‍ക്കുന്നു എന്ന് അദ്ഭുതം തോന്നാം. മന്ത്രിയുമായുള്ള സംഭാഷണത്തില്‍നിന്ന്:

കുട്ടിക്കാലം
കണ്ണൂരില്‍ ചൊവ്വ എന്ന സ്ഥലത്താണ് അമ്മയുടെ തറവാട്. അവിടെയാണു ഞാന്‍ ജനിച്ചത്. അമ്മ ജാനകിയമ്മ, അച്ഛൻ കുഞ്ഞമ്പു. അച്ഛന്റെ വീട് എടച്ചേരിയിലാണ്. ഇപ്പോള്‍ അതു കണ്ണൂര്‍ കോര്‍പറേഷന്റെ ഭാഗമാണ്. അച്ഛന്റെ വീട് ഒരു പാടത്തിന്റെ കരയിലായിരുന്നു. അവിടെയായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛന്റെ വീട്ടില്‍ അച്ഛന്റെ അമ്മയും അച്ഛന്റെ ഒരു സഹോദരിയും മകനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഏഴു പേരാണു മക്കള്‍. രണ്ടു സഹോദരിമാര്‍. ഞങ്ങള്‍ എല്ലാവരും കൂടിയാണ് അവിടെ ജീവിച്ചിരുന്നത്. പില്‍ക്കാലത്തു ഞങ്ങള്‍ അമ്മയുടെ തറവാട്ടു വീടിനടുത്ത് ഒരു വീടുവച്ച് അങ്ങോട്ടു താമസം മാറി. അച്ഛന്‍ ഒരു ഗുമസ്തനായിരുന്നു. കടകളില്‍ കണക്കൊക്കെ എഴുതിക്കൊടുക്കും. അതായിരുന്നു പ്രധാന വരുമാനം. പിന്നെ അല്‍പം കൃഷിയും. ഞാന്‍ ആറാമത്തെയാളാണ്. എനിക്കു താഴെ ഒരു അനുജന്‍. ഏറ്റവും മൂത്തജ്യേഷ്ഠന്‍ നാരായണന്‍ പട്ടാളത്തിലായിരുന്നു. റിട്ടയര്‍ ചെയ്തു. അദ്ദേഹം വിവാഹമൊന്നും കഴിച്ചില്ല. അതിനു താഴെയാണു രണ്ടു സഹോദരിമാര്‍. ചന്ദ്രമതിയും പത്മാവതിയും. അവര്‍ രണ്ടുപേരും അധ്യാപികമാരായി. പത്മാവതി വിവാഹം കഴിച്ചില്ല. എന്റെയും അനുജന്റെയും വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിയിരുന്നത് പത്മാവതി എന്ന ചേച്ചിയായിരുന്നു. ചേച്ചിയുടെ വരുമാനം കൊണ്ടാണു ഞങ്ങള്‍ പഠിച്ചത്. അച്ഛന്‍ ആ സമയമായപ്പോഴേക്കു ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാന്‍ പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞു കോട്ടയ്ക്കലില്‍ ആയുർവേദ ഡിപ്ലോമാ കോഴ്സിനു ചേര്‍ന്നു. അതിനൊക്കെയുള്ള ചെലവുകള്‍ എല്ലാം പത്മാവതി ചേച്ചിയാണു വഹിച്ചത്. എന്റെ അനുജന്‍ എ.കെ.സുരേന്ദ്രൻ എന്‍ജിനീയറിങ്ങ് പാസ്സായി ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ജോലി കിട്ടുന്നതുവരെയുള്ള ചെലവുകള്‍ വഹിച്ചതും ചേച്ചിയാണ്. ഇപ്പോള്‍ രണ്ടു സഹോദരിമാരും രണ്ടു ജ്യേഷ്ഠന്‍മാരായ നാരായണനും ജയറാമും ജീവിച
്ചിരിപ്പില്ല.

shasheendran1

കെ. എസ്. യു. കാലം
എനിക്കു തൊട്ടുമൂത്ത ജ്യേഷ്ഠന്‍ കെ.എ.ഗംഗാധരന്‍ എന്‍സിപിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ജ്യേഷ്ഠനാണു വീട്ടിലെ ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകന്‍. കെ.സി. ജോര്‍ജിന്റെ കൂടെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. അക്കാലത്തു കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവ് ഗംഗാധരന്‍ ആയിരുന്നു. വയലാര്‍ രവി, എ.സി.ജോസ് തുടങ്ങിയ നേതാക്കള്‍ കണ്ണൂരില്‍ വന്നാല്‍ ഞങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. അങ്ങനെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഞങ്ങളുടെ വീട്. ഞാന്‍ പങ്കെടുത്ത വലിയ സമ്മേളനമായിരുന്നു കെഎസ്‌‌യുവിന്‍റെ അഞ്ചാം സംസ്ഥാന സമ്മേളനം. അതായിരുന്നു അതിനോടനുബന്ധിച്ചു തലശ്ശേരിയില്‍ വച്ചു രാജ്യരക്ഷാ റാലിയും നടത്തി. അന്നു പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്‍ ആണു റാലി ഉദ്ഘാടനം ചെയ്തത്. ഞങ്ങളൊക്കെ എസ്എന്‍ കോളജില്‍നിന്നു റാലിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഞാന്‍ അന്ന് എസ്എന്‍. കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്കു പഠിക്കുകയാണ്.

ആയുര്‍‍വേദം
എന്റെ അമ്മയുടെ സഹോദരന്‍മാരെല്ലാം ആയുർവേ വൈദ്യന്‍മാരായിരുന്നു. എം.കെ.കുഞ്ഞിരാമന്‍ വൈദ്യര്‍ എന്ന അമ്മാവനാണ് കണ്ണൂരിലെ ആദ്യത്തെ ആയുർവേദ കോളജ് നടത്തിയത്. അദ്ദേഹം ഇപ്പോഴില്ല. അദ്ദേഹത്തിന്റേതാണ് അശോക ഫാര്‍മസി. എം.കെ.കോരന്‍ വൈദ്യര്‍ മറ്റൊരു അമ്മാവനാണ്. അമ്മയുടെ അനുജത്തിയുടെ മകനാണു കെ.കെ. ഗോവിന്ദന്‍ വൈദ്യന്‍. അങ്ങനെ ഒരു ആയുർവേദ കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടാണു ഞാന്‍ പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞപ്പോള്‍ കോട്ടയ്ക്കലില്‍ ആയുർവേദം പഠിക്കാന്‍ ചേര്‍ന്നത്. ചെന്നുപെട്ടത് എ.സി.ഷണ്‍മുഖദാസിന്റെ കയ്യിലാണ്. അതോടെയാണു ഞാന്‍ മുഴുവന്‍സമയ രാഷ്ട്രീയക്കാരനായത്.

പാര്‍‍ലമെന്ററി രാഷ്ട്രീയം
ഞാന്‍ ആദ്യമായി വഹിച്ച സ്ഥാനം കെ.എസ്.യുവിന്റെ ഏറനാട് താലൂക്കു സെക്രട്ടറി പദമാണ്. പിന്നെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. അതു കഴിഞ്ഞു മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു. അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. പിന്നെ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയായി, സംസ്ഥാന സെക്രട്ടറിയായി. ഉമ്മന്‍ ചാണ്ടി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഞാന്‍ സെക്രട്ടറിയായിരുന്നു. അന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൂന്നു ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ - ഇത്രയും പേര്‍ മാത്രമേ സംസ്ഥാന കമ്മിറ്റിയിലുള്ളൂ. കെ പി സി സിയിലും അങ്ങനെ തന്നെ. ഇന്ന് ഈ പദവികള്‍ക്കൊക്കെ വിലയില്ലാതായി. പി.സി.ചാക്കോ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഞാന്‍ സെക്രട്ടറിയായി. വി.എം.സുധീരന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഞാന്‍ വൈസ് പ്രസിഡന്റ് ആയി. സുധീരന്‍ എംപി ആയപ്പോള്‍ ഞാന്‍ സംസ്ഥാന പ്രസിഡന്റ് ആയി. അന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിലും യുവജന രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടപെടാറില്ലായിരുന്നു. എനിക്കു ശേഷം കെ.സി. ജോസഫ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് എംഎല്‍എ ആയത്. അപ്പോള്‍ത്തന്നെ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സ്ഥാനം ഒഴിഞ്ഞു. എന്നാല്‍ രമേശ് ചെന്നിത്തല ഗ്രൂപ്പ് സ്ഥാനം ഒഴിഞ്ഞില്ല. അന്നു മുതലാണു പാര്‍ട്ടിയും ബഹുജന സംഘടനകളും തമ്മിലുള്ള അതിർവരമ്പുകള്‍ ഇല്ലാതായത്. പോഷക സംഘടനകള്‍ക്കു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനുള്ള പഴയകാലത്തെ കരുത്ത് അതോടെ ചോര്‍ന്നുപോയി. അന്നു യുവജന വിദ്യാർഥി സംഘടനാ നേതാക്കള്‍ ശുപാര്‍ശയുമായി മന്ത്രിമന്ദിരങ്ങളില്‍ പോകാറില്ലായിരുന്നു. അതൊക്കെ മണ്ഡലം പ്രസിഡന്റിന്റെ ജോലിയാണ് എന്നതായിരുന്നു ഞങ്ങളുടെ പക്ഷം.

shasheendran3

എ.സി. ഷണ്‍മുഖദാസ്
എ.സി. ഷണ്‍മുഖദാസ് അന്ന് എന്റെ സീനിയര്‍ ആയി അവിടെ പഠിക്കുകയായിരുന്നു. ഷണ്‍മുഖദാസ് അന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതാവാണ്. എ.കെ. ആന്റണി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ അദ്ദേഹം സംസ്ഥാന സെക്രട്ടറിയാണ്. അദ്ദേഹം എന്റെ ജ്യേഷ്ഠന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണു ഞങ്ങള്‍ തമ്മിലുള്ള പരിചയം. അദ്ദേഹം താമസിച്ച ലോഡ്ജിലാണു കോട്ടയ്ക്കലില്‍ ഞാനും താമസിച്ചത്. അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ ഞാനും പോകാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ അനുയായി ആയി മാറി.
പിന്നെ അവസാനകാലം വരെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ അനുകരിക്കാവുന്ന ഒരു മാതൃകയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ ഓരോ വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു. രാഷ്ട്രീയത്തില്‍ എനിക്കു ഗുരുതുല്യനായ നേതാവുണ്ടെങ്കില്‍ അതു ഷണ്‍മുഖദാസ് ആണ്. ബാലുശ്ശേരിയില്‍ എന്നെ മല്‍സരിപ്പിച്ചതു തന്നെ അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റില്‍നിന്നു സ്വയം പിന്‍മാറിയാണ് എന്നെ മല്‍സരിപ്പിച്ചത്. എണ്‍പതില്‍ ഞാന്‍ പെരിങ്ങളത്ത് എംഎല്‍എ ആയിരുന്നു. എണ്‍പത്തിരണ്ടില്‍ എടയ്ക്കാട് എംഎല്‍എ പിന്നെ കുറെക്കാലം ഞാന്‍ പാർലമെന്ററി പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ല. രണ്ടായിരത്തിയാറില്‍ അദ്ദേഹം സ്വയം മാറി എന്നെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി. അന്ന് അദ്ദേഹത്തിന്റെ ആഗ്രഹം എന്നെ മന്ത്രിയായി കാണണമെന്നതായിരുന്നു. അതിനു പല കാരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആ സംഘത്തില്‍ മന്ത്രിയാകാത്തതായി ആരെങ്കിലുമുണ്ടെങ്കില്‍ അതു ഞാന്‍ മാത്രമായിരുന്നു. വയലാര്‍ രവി, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, പി.സി. ചാക്കോ, കെ.സി. ജോസഫ് – എല്ലാവരും മന്ത്രിമാരായി. അതുകൊണ്ട് എനിക്ക് ഒരു അവസരം ലഭിക്കേണ്ടതാണ് എന്ന അഭിപ്രായം അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. രണ്ടായിരത്തിയാറില്‍ അതു സാധിച്ചില്ല. കാരണം, അന്നു നമുക്കു മന്ത്രിസഭയില്‍ പ്രവേശനം ലഭിച്ചില്ല. 2011ലും 2016ലും എലത്തൂരിൽ നിന്നാണു ജയിച്ചത്. ഇപ്പോള്‍ എനിക്കു മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ അതു കാണാന്‍ അദ്ദേഹം ഇല്ല. അത് എന്റെ ഒരു സ്വകാര്യ ദുഃഖമായി തുടരുന്നു.

ഗാഢ സൗഹൃദങ്ങള്‍
ഒരിക്കല്‍ ഞാനും ഉമ്മന്‍ ചാണ്ടിയും കോഴിക്കോട്ടു നിന്നു തിരിച്ചുവരികയാണ്. ഉമ്മന്‍ ചാണ്ടിക്കു കെ എസ് ആര്‍ ടിസിയില്‍ പാസുണ്ട്. എനിക്കില്ല. ഷൊര്‍ണൂര്‍ വരെ വന്നപ്പോള്‍ കാശുതീര്‍ന്നു. ഷൊര്‍ണൂര് ഒരു കോണ്‍ഗ്രസുകാരനെ പോയി കണ്ടു. ഒരു തയ്യല്‍ക്കടക്കാരനാണ്. അദ്ദേഹം കാശു തന്നു യാത്ര തുടര്‍ന്നു. അങ്ങനെയൊക്കെ പല കഷ്ടപ്പാടുകളും അന്നു നേരിട്ടിട്ടുണ്ട്. അന്ന് ഉമ്മന്‍ ചാണ്ടി എംഎല്‍എ ആയിരുന്നു. പക്ഷേ, കാശില്ലാത്തതൊന്നും വലിയ സംഭവമായി തോന്നിയിട്ടില്ല. അന്നത്തെ സാധാരണ ജീവിതത്തിലെ നിത്യസംഭവമായിരുന്നു കാശില്ലാതിരിക്കുക, നടന്നു പോകേണ്ടിവരിക, ഏതെങ്കിലും ബെഞ്ചില്‍ കിടന്നുറങ്ങുക എന്നൊക്കെയുള്ളത്. അത്തരം അനുഭവങ്ങള്‍ ഇന്നത്തെ യുവജന നേതാക്കള്‍ക്ക് അന്യമാണ്. അന്നു ഹോട്ടല്‍ മുറികളൊന്നും ഇല്ല. പാര്‍ട്ടിക്കാരുടെ വീടുകളിലാണു താമസം. ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ഏതു രാത്രി വേണമെങ്കിലും യാത്രചെയ്യാന്‍ കഴിയുമെന്നായി.

പാര്‍ട്ടി വിട്ടപ്പോള്‍
കോണ്‍ഗ്രസ് വിട്ടപ്പോള്‍ വിഷമം ഒന്നും തോന്നിയില്ല. കാരണം, 1969ലെ ഭിന്നിപ്പാണ്. അതിനു രണ്ടു തലമുണ്ട്. ഒന്നാമതായി, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നീലം സഞ്ജീവ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയ സാഹചര്യം. ആ പേരു നിര്‍ദേശിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. പെട്ടെന്ന് അവര്‍ അടവു മാറ്റി വി.വി. ഗിരിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. മനസ്സാക്ഷി വോട്ട് എന്നായിരുന്നു ആ വോട്ടിന്റെ പേര്. രാഷ്ട്രീയത്തില്‍ മനസ്സാക്ഷി എന്ന പദം ആദ്യമായി കൊണ്ടുവന്ന സംഭവമായിരുന്നു അത്. അതു തെറ്റായ നടപടിയായിരുന്നു. എന്നിട്ടും അതിന്റെ പേരിൽ ഇന്ദിരാഗാന്ധിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞില്ല. കാമരാജിനോ എസ്.നിജലിംഗപ്പയ്ക്കോ അതു സാധിച്ചില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ റിബല്‍ പ്രവര്‍ത്തനമായിരുന്നു അത്. തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘടനാ പ്രവര്‍ത്തനത്തോടെയാണു കോണ്‍ഗ്രസിനു തെറ്റുപറ്റിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. അന്നു ഞങ്ങള്‍ എന്തുകൊണ്ട് ഇന്ദിരാഗാന്ധിയുടെ കൂടെ നിന്നു? ഈ വിജയത്തില്‍നിന്നു കരുത്താര്‍ജിച്ച ഇന്ദിരാഗാന്ധി സോഷ്യലിസ്റ്റ് നയങ്ങള്‍ സ്വീകരിച്ചു. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുകയും പ്രിവിപഴ്സ് നിര്‍ത്തലാക്കുകയും കല്‍ക്കരി ഖനികള്‍ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തില്‍ എല്ലാവരും പുരോഗമനാശയക്കാരാണ്. ഈ പുരോഗമന ചിന്താഗതിയോടുള്ള ആകര്‍ഷണമാണ് അന്നത്തെ യുവതലമുറയ്ക്കുണ്ടായത്. ആ നടപടിയുടെ പേരിലാണു കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടായത്. അപ്പോള്‍ ആരുടെ ഭാഗത്തു നില്‍ക്കണം? പ്രോഗ്രസീവ് ചിന്താഗതിയോടൊപ്പം നിന്ന ഭരണാധികാരിയോട് ഒപ്പം നിന്നു. ഒന്നാം ഘട്ടത്തില്‍ തെറ്റു സംഭവിച്ചെങ്കിലും രണ്ടാം ഘട്ടത്തിലെ ശരിയേ ാടൊപ്പം നിന്നു. പക്ഷേ, അതോടെ കോണ്‍ഗ്രസില്‍ പാര്‍ട്ടി സംഘടനയുടെ പ്രാധാന്യം കുറയുകയും വ്യക്ത്യധിഷ്ഠിത രാഷ്ട്രീയത്തിലേക്കു പ്രസ്ഥാനം മാറുകയും ചെയ്തു. കോണ്‍ഗ്രസ് എന്നാല്‍ ഒരു കാലത്ത് ഇന്ത്യ ആയിരുന്നു. ഇന്ത്യ എന്നാല്‍ കോണ്‍ഗ്രസും ആയിരുന്നു. അങ്ങനെ വലിയ ഉത്തരവാദിത്തമുള്ള പാര്‍ട്ടി ജനാധിപത്യ വിരുദ്ധമായി മാറിയതോടെയാണു ജനാധിപത്യമൂല്യങ്ങള്‍ നമുക്കു നഷ്ടപ്പെട്ടത്. അതിന്റെ പാരമ്യമായിരുന്നു അടിയന്തരാവസ്ഥ. ഈ ദോഷങ്ങളുടെ പാപഭാരങ്ങള്‍ പേറിയാണ് ആദര്‍ശധീരനായ ആന്റണി വരെ ഇപ്പോള്‍ നില്‍ക്കുന്നത്. ഈ വിയോജിപ്പാണു മാറിനില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

shasheendran

വിവാഹം
പെരിങ്ങളം എംഎല്‍എ ആയിരിക്കുമ്പോഴായിരുന്നു വിവാഹം. ഭാര്യ അനിത. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. അനിത അധ്യാപികയായിരുന്നു. ഇപ്പോള്‍ ഓര്‍ക്കാട്ടേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തു. മകന്‍ വരുണ്‍ കൊച്ചിന്‍ റിഫൈനറിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആണ്. എന്റെ മുഴുവ ന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ അവര്‍ ആഗ്രഹിച്ചതുപോലെ അവരോടൊപ്പം എല്ലാ കാര്യങ്ങളിലും പങ്കുചേര്‍ന്ന് ഒരു മാതൃകാ ഭര്‍ത്താവായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്. സാധാരണ ഗതിയില്‍ മറ്റു കുടുംബങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടില്ല. അതു വിവാഹസമയത്തു തന്നെ മനസ്സിലായിരുന്നു. കാരണം, അന്നു ഞാന്‍ എംഎല്‍എ ആണ്. അവസരങ്ങള്‍ കിട്ടുമ്പോഴൊക്കെ ഒരുമിച്ചു ബന്ധുവീടുകളില്‍ പോകും. വിശേഷദിവസങ്ങളില്‍ വീട്ടില്‍ത്തന്നെയുണ്ടാകാന്‍ ശ്രമിക്കും.

പഴയ സൗഹൃദങ്ങള്‍
കോണ്‍ഗ്രസിലെ പഴയ സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു. അന്നുണ്ടായിരുന്ന സഹോദരതുല്യമായ സൗഹൃദം ഇപ്പോഴുമുണ്ട്. ഞാന്‍ എന്താണ് എന്ന് എ.കെ. ആന്റണിക്ക് അറിയാം. ഉമ്മന്‍ ചാണ്ടിക്കും അറിയാം. അതുകൊണ്ട് അവരാരും എന്നോടു രാഷ്ട്രീയം പറയുകയില്ല. യുഡി എഫ് മന്ത്രിസഭ വന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ ആന്റണിയോ ശശീന്ദ്രന് ഒന്നു മാറി ചിന്തിച്ചു കൂടെ എന്നു ചോദിച്ചിട്ടില്ല. ചോദിക്കില്ല എന്ന് എനിക്കും അറിയാം. ചോദിച്ചാല്‍ അതു സൗഹൃദത്തെയാണു ബാധിക്കുക എന്ന് അവര്‍ക്കും അറിയാം. എ.കെ. ആന്റണിയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആയിരത്തിലൊന്നു സൗഹൃദം അദ്ദേഹത്തിന് ആ പാര്‍ട്ടിയിലുള്ള ഒരാളുമായും ഉണ്ടാവില്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലും വയലാര്‍ രവിയുടെ കാര്യത്തിലുമൊക്കെ അത് അങ്ങനെയാണ്. അത് അക്കാലത്തെ കൂട്ടായ്മയുടെ സഹോദരതുല്യമായ സ്നേഹത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ആ നന്മകള്‍ എല്ലാവരുടെയും മനസ്സിലുണ്ട്.

മന്ത്രി എ.കെ.ശശീന്ദ്രൻ (ജലഗതാഗതം, മോട്ടോർ വാഹന വകുപ്പ്).
വിലാസം: റും നമ്പർ–358 ബി, ഒന്നാംനില, മെയിൻ ബ്ലോക്ക്
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
ഫോൺ: 0471–2332021, 2333176. ഫാക്സ്: 0471–2320600