Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടിണിപ്പാവങ്ങളുടെ മണിയാശാൻ !

Mani മന്ത്രി എം എം മണി

ആദ്യ മന്ത്രിസഭായോഗം രാവിലെ പത്തരയ്ക്കു കഴിഞ്ഞു. പുതിയ വൈദ്യുതി മന്ത്രി എം. എം. മണി പുറത്തുവന്നു. സെക്രട്ടേറിയറ്റിനു മുൻപില്‍ 73-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തയാറായി നില്‍പ്പുണ്ട്. കാറിനടുത്ത് എത്തിയതും മാധ്യമങ്ങള്‍ വളഞ്ഞു. എനിക്ക് അത്യാവശ്യമായി ഇടുക്കിയിലേക്കു പോകണം. മന്ത്രിയായതിനുശേഷമുള്ള ആദ്യത്തെ യാത്രയാണ്. തിരിച്ചു വന്നിട്ടു നമുക്കു കാണാം – ഇടുക്കിക്കാരുടെ മണിയാശാന്‍ ഇപ്പോള്‍ വളരെ സൗമ്യനാണ്. വിവാദങ്ങളുടെ ആശാനാണു മണിയാശാന്‍. ഏറ്റവും കൂടുതല്‍ തവണ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിട്ടുള്ള നേതാവാണു മണിയാശാന്‍. തുടര്‍ച്ചയായി ഇരുപത്തേഴു വര്‍ഷം അദ്ദേഹം ആ പദവി വഹിച്ചു. അതു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു റെക്കോര്‍ഡാണ്. ഇടുക്കിക്കാര്‍ക്ക് എന്നും അദ്ദേഹം പ്രിയങ്കരനാണ്. അഞ്ചാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ മണിയാശാന്‍ പിന്നീടു പഠിച്ചതത്രയും ജീവിതത്തിന്റെയും തൊഴിലാളി രാഷ്ട്രീയത്തിന്റെയും കളരിയിലായിരുന്നു. ഇടുക്കിയിലേക്കുള്ള യാത്രയില്‍ കാറിലിരുന്നാണ് മന്ത്രി എം.എം. മണി മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി മനസ്സു തുറന്നത്. ദീര്‍ഘമായ സംഭാഷണത്തില്‍നിന്ന് :

Mani വിവാദങ്ങളുടെ ആശാനാണു മണിയാശാന്‍. ഏറ്റവും കൂടുതല്‍ തവണ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിട്ടുള്ള നേതാവാണു മണിയാശാന്‍.

ഇരുപതേക്കറില്‍

കിടങ്ങൂരാണ് ഞാൻ ജനിച്ചത്. അച്ഛന്‍ മാധവൻ ചെത്തുതൊഴിലാളിയായിരുന്നു. അമ്മ ജാനകി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുടുംബമാണു ഞങ്ങളുടേത്. പാച്ചി ഫിലിപ്പ് എന്ന ഒരു കോണ്‍ട്രാക്ടറായിരുന്നു അച്ഛന്റെ മുതലാളിയായ ഷാപ്പ് ഉടമ. തൊഴിലാളികള്‍ക്കു സ്ഥിരമായി കൂലിയും വേലയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ തര്‍ക്കങ്ങളും മറ്റും ഉണ്ടാകും. പല തൊഴിലാളികളും അവരുടെ പ്രശ്നങ്ങള്‍ അച്ഛനോടു പറയും. അച്ഛന്‍ ഇക്കാര്യം കോണ്‍ട്രാക്ടറോടു സംസാരിക്കും. ആ ദേഷ്യത്തില്‍ അയാള്‍ പറയും – നാളെ മുതല്‍ മാധവന്‍ പണിക്കു വരണ്ട. പണിയില്ലാതെ അച്ഛന്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. അച്ഛന് മറ്റക്കര, റാന്നി, കൊരട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിക്കു പോകേണ്ടി വന്നിട്ടുണ്ട്. ചെത്തുജോലിക്കു പോകുമ്പോഴും അച്ഛന്‍ ശാന്തിപ്പണിയും ചെയ്തിരുന്നു. അന്ന് ഇടുക്കിയിലേക്കു ധാരാളം പേര്‍ കുടിയേറിക്കൊണ്ടിരുന്ന കാലമാണ്. ഇടുക്കി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നതുകൊണ്ട് സ്വാതന്ത്ര്യത്തിനു മുൻപു മഹാരാജാവു തന്നെ കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിച്ചിരുന്നു. അങ്ങനെ അച്ഛന്റെ ചില ബന്ധുക്കള്‍ അവിടെ കുടിയേറി താമസമുറപ്പിച്ചിരുന്നു. അവരൊക്കെ ചേര്‍ന്നാണ് കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കര്‍ എന്ന സ്ഥലത്ത് ശ്രീനാരായണോദയം ശിവക്ഷേത്രം നിര്‍മിച്ചത്. അതിന്റെ പ്രതിഷ്ഠ നടത്താന്‍ ആളില്ലാതെ വന്നു. അതുകൊണ്ട് അച്ഛനെ വിളിച്ചു വരുത്തി. പ്രതിഷ്ഠ കഴിഞ്ഞ് തിരികെ കിടങ്ങൂരിലേക്കു പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറഞ്ഞു, മാധവന്‍ ചെത്തെല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ടു പോര്. ഇവിടെ പൂജകളും മറ്റു ചടങ്ങുകളുടെ കാര്‍മികത്വവും നടത്താന്‍ ആളില്ല. അതുകൊണ്ട് ഇവിടെ വന്നു താമസിക്കാം. മക്കളുടെ ഭാവിക്കു നല്ലത് ഇടുക്കിയിലേക്കു പോകുന്നതാണ് എന്നു വിചാരിച്ച് അച്ഛന്‍ ഞങ്ങളെയെല്ലാം ഇടുക്കിയിലേക്കു കൊണ്ടുവന്നു. അങ്ങനെ 1955ല്‍ ഞങ്ങള്‍ കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കറില്‍ കുടിയേറി.

കുടിയേറ്റം

എനിക്കു അന്നു പത്തു വയസ്സ്. ഞാന്‍ കിടങ്ങൂര്‍ ഹൈസ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. അപ്പോഴാണ് ഇരുപതേക്കറിലേക്കുള്ള കുടിയേറ്റം. ആ യാത്ര ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. കിടങ്ങൂരില്‍നിന്നു സ്വരാജ് ബസില്‍ ഉള്ളതൊക്കെ കെട്ടിപ്പെറുക്കി അച്ഛനും അമ്മയും എട്ടു മക്കളും കൂടിയുള്ള യാത്ര. ഇളയ രണ്ടു പേര്‍ അന്നു ജനിച്ചിട്ടില്ല. തൊടുപുഴ, മൂവാറ്റുപുഴ വഴി ബസ് അടിമാലിയില്‍ എത്തി. അടിമാലിയില്‍നിന്ന് ഇരുട്ടുകാനത്ത് എത്തി. അവിടെ നിന്നു പിന്നെ വണ്ടിയൊന്നുമില്ല. നടക്കുക തന്നെ. വഴി പോലുമില്ല. ദുര്‍ഘടമായ വഴിയിലൂടെ കുട്ടികളെയും എടുത്ത് സാധനങ്ങളും ചുമന്നാണു യാത്ര. കുട്ടിയായ എന്റെ തലയിലും ഒരു ചുമടുണ്ട്. അങ്ങനെ വളരെ ശ്രമപ്പെട്ടാണ് ഇരുപതേക്കറില്‍ എത്തിയത്.

അവിടെ അന്നു കൃഷി ചെയ്തിരുന്നത് ഒരു കുഞ്ഞന്‍ ചേട്ടന്‍ ആയിരുന്നു. ആ കുന്നു മുഴുവന്‍ അദ്ദേഹത്തിന്റേതായിരുന്നു. അന്ന് നെല്‍കൃഷിയോടായിരുന്നു എല്ലാവര്‍ക്കും ഭ്രമം. കുഞ്ഞന്‍ ചേട്ടന് മുട്ടുകാട് എന്ന സ്ഥലത്ത് നെല്‍കൃഷിക്കു സ്ഥലം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ആറേക്കര്‍ ഞങ്ങളെ ഏല്‍പ്പിച്ചിട്ട് അദ്ദേഹം അങ്ങോട്ടു പോയി. അന്ന് അതു വാങ്ങാനുള്ള പണമൊന്നും ഞങ്ങളുടെ കയ്യിലില്ല. പക്ഷേ, അവിടെ നിറയെ കപ്പയും നെല്ലും ചേനയും ഒക്കെ ഞങ്ങള്‍ കൃഷി ചെയ്തു. ഞാനും അമ്മയുമാണ് ഏറ്റവും കൂടുതല്‍ അധ്വാനിച്ചിരുന്നത്. അന്ന് ഇരുപതു കണ്ടി കപ്പ വരെ ആ ഭൂമിയില്‍നിന്നു വിളവെടുത്തിരുന്നു. അത് ചങ്ങനാശേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. നല്ല പൈസ കിട്ടും. അങ്ങനെ തൊള്ളായിരം രൂപ വച്ച് ആ സ്ഥലം ഞങ്ങള്‍ വാങ്ങി.

ആ സമയത്ത് മാരകമായ മലമ്പനി പോലെയുള്ള രോഗങ്ങള്‍ അവിടെ ധാരാളമുണ്ടായിരുന്നു. ആശുപത്രിയില്ല. കൊണ്ടുപോകാന്‍ ബസോ വണ്ടികളോ ഇല്ല. അന്ന് അസുഖം വന്നാല്‍ എല്ലാവര്‍ക്കും ഒന്നിച്ചാണു വരിക. ഏറ്റവും ഇളയ പെങ്ങള്‍ തങ്കയ്ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയ്ക്കും അസുഖം വന്നു. കുറേ നാള്‍ ചികില്‍സ നടത്തി. പക്ഷേ, തങ്കയ്ക്കു ശരിയായ ചികില്‍സ കിട്ടാതെ അവള്‍ മരിച്ചു.

Mani ഇപ്പോള്‍ വൈദ്യുതി വകുപ്പാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. എനിക്ക് ആ രംഗത്തു ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്യും. കടമകള്‍ വളരെ ഭംഗിയായി നിര്‍വഹിക്കും.

കുടിയിറക്കല്‍

ഞങ്ങളവിടെ ചെല്ലുന്ന കാലത്തു തന്നെ കുടിയിറക്കല്‍ നടക്കുന്നുണ്ടായിരുന്നു. റവന്യു ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും കുടിയൊഴിപ്പിക്കലിനു നേതൃത്വം നല്‍കി. അതുകൂടാതെ ആനയുടെയും കാട്ടുപോത്തിന്റെയും ശല്യം. കൂടാതെ മലമ്പനി പോലെയുള്ള മാരകരോഗങ്ങള്‍. ആദ്യത്തെ രണ്ടു മൂന്നു വര്‍ഷത്തെ ജീവിതം വിവരിക്കാന്‍ വാക്കുകളില്ല. ആദ്യകാലത്ത് ഇടുക്കിയിലേക്കു കുടിയേറ്റത്തെ ഗവണ്‍മെന്റ് പ്രോല്‍സാഹിപ്പിച്ചപ്പോള്‍ പലരും നാട്ടിലുണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കിയാണു വന്നത്. അതിനോടൊപ്പം കുറച്ച് അനധികൃത കുടിയേറ്റവും നടന്നു. ഒരുപാടു ഭൂമിയുള്ള ജന്മിമാര്‍ ഒരു വശത്തു നിന്നു കുടിയിറക്കുന്നു. മറുവശത്തുനിന്നു ഗവണ്‍മെന്റും.

ആദ്യത്തെ ഇഎംഎസ് മന്ത്രി സഭ അധികാരമേറ്റപ്പോള്‍ കുടിയിറക്കല്‍ നിര്‍ത്തിവച്ചു. അങ്ങനെ ഒരു വലിയ ആശ്വാസമുണ്ടായി. അതെനിക്കു വലിയ ആവേശമായി. പ്രത്യേകിച്ചും കുടിയൊഴിപ്പിക്കലിനെതിരെ ഇഎംസിന്റെ നിലപാടുകള്‍ എന്നെ കമ്യൂണിസ്റ്റ് അനുഭാവിയാക്കി. അൻപത്തെട്ടില്‍ ഉപതിരഞ്ഞെടുപ്പു വന്നു. ആ തിരഞ്ഞെടുപ്പില്‍ ഞാന്‍ സജീവമായി പങ്കെടുത്തു. അവിടെയൊരു നമ്പീശന്‍ സാറുണ്ടായിരുന്നു. അദ്ദേഹം പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹം എന്റെ അച്ഛനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കും വിളിക്കും. പക്ഷേ, അമ്പലത്തിലെ ജോലികളും ശാന്തിയുടെ തിരക്കുകളും മൂലം അച്ഛനു പോകാന്‍ കഴിയാറില്ല. അതിനു പകരം എന്നെ പറഞ്ഞു വിടും. അങ്ങനെ പതിനൊന്നു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ത്തന്നെ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി. ഇ.എം.എസ്. ഗവണ്‍മെന്റിനെ അട്ടിമറിച്ച വിമോചന സമരത്തിനെതിരെയുള്ള സമരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ആ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടു.

Mani മന്ത്രി എം എം മണി ഭാര്യ ലക്ഷ്മിക്കുട്ടിക്കൊപ്പം

അമരാവതി സമരം

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ആ സമയത്ത് അയ്യപ്പന്‍ കോവില്‍ കുടിയൊഴിപ്പിക്കല്‍ നടന്നു. 1400ൽ അധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അവരുടെ കുടിലുകളും കൃഷിയും നശിപ്പിച്ചു. അവരെ കുമളിയില്‍ അമരാവതി എന്ന സ്ഥലത്തുകൊണ്ടാക്കി. അവിടെ ഷെഡ് കെട്ടിയാണ് അവര്‍ താമസിച്ചിരുന്നത്. അതിഭയങ്കര മഴ. അതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍. ജനങ്ങള്‍ അനുഭവിച്ച നരകയാതന പറഞ്ഞറിയിക്കാന്‍ പ്രയാസം. അന്ന് എകെജി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവാണ്. അമരാവതിയിലെ പ്രശ്നങ്ങളറിഞ്ഞ് എകെജി അയ്യപ്പന്‍ കോവിലില്‍ വന്നു. അദ്ദേഹം അമരാവതിയില്‍ നിരാഹാര സമരം തുടങ്ങി. അതാണ് അമരാവതി നിരാഹാര സമരം. അതിലൊക്കെ വലിയ ആവേശത്തോടെയാണു ഞാന്‍ പങ്കെടുത്തത്.
എകെജിയുടെ ഈ നിരാഹാര സമരം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഒടുവില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു പ്രശ്നം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു. ഒടുവില്‍ പി.ടി. ചാക്കോ മുന്‍കയ്യെടുത്ത് ഇഎംഎസുമായി ചര്‍ച്ച നടത്തി ഒഴിപ്പിച്ചവര്‍ക്കു മുഴുവന്‍ പേര്‍ക്കും ഭൂമിയും നഷ്ടപരിഹാരവും കൊടുക്കാന്‍ തീരുമാനമായി. അതൊക്കെ രോമാഞ്ചത്തോടു കൂടിയേ എനിക്ക് ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

പാര്‍ട്ടിയിലേക്ക്

കര്‍ഷക സംഘത്തിന്റെയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സമ്മേളനങ്ങളിലൊക്കെ ഞാന്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു. അന്നു വിദ്യാര്‍ഥി നേതാവും പാര്‍ട്ടി അംഗവുമായിരുന്ന കെ. ഐ. വാസുക്കുട്ടനുമായി എനിക്കു നല്ല അടുപ്പമുണ്ടായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ മാര്‍ക്സിസം, ലെനിനിസം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം, വര്‍ഗ സമരം എന്നീ വിഷയങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കും. അതെക്കുറിച്ചൊക്കെ അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു. ആ ചര്‍ച്ചകളാണ് പാര്‍ട്ടി അംഗമാകാന്‍ എനിക്ക് ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം പില്‍ക്കാലത്ത് കോളജ് അധ്യാപകനായി. ഇപ്പോള്‍ വിരമിച്ചു. തിരുവനന്തപുരത്ത് എകെജി സെന്ററിനു സമീപമാണ് അദ്ദേഹം താമസിക്കുന്നത്. അന്നു പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറി ടി. കെ. ചന്ദ്രന്‍ ആണ്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ട് അംഗത്വം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു, നാളെ വെള്ളത്തൂവലില്‍ കൃഷിക്കാരുടെ ഒരു കണ്‍വന്‍ഷന്‍ നടക്കുന്നു. അങ്ങോട്ടു ചെല്ല്. അങ്ങനെ ഞാന്‍ കുറേ ആളുകളെയും കൂട്ടി വെള്ളത്തൂവലില്‍ ചെന്നു. അവിടെ വച്ച് എന്നെ ദേവികുളം കര്‍ഷക സംഘത്തിന്റെ താലൂക്ക് കമ്മിറ്റിയില്‍ അംഗമാക്കി. ആ കണ്‍വന്‍ഷനു ശേഷം ജീവിതത്തില്‍ ഇന്നു വരെ ഞാന്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അറുപത്താറില്‍ ഞാന്‍ പാര്‍ട്ടി അംഗമായി. കുഞ്ചിത്തണ്ണി ബ്രാഞ്ചില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് വൊളന്റിയര്‍ ക്യാപ്ടന്‍ ആയി. എഴുപതില്‍ ബൈസന്‍ വാലി പഞ്ചായത്തില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി.

വിവാഹം

അറുപത്തഞ്ചിലാണു ഞാന്‍ കല്യാണം കഴിച്ചത്. കിടങ്ങൂരിനടുത്ത് മറ്റക്കരയിലാണ് ഭാര്യയുടെ സ്വദേശം. ഞങ്ങള്‍ ഇടുക്കിയിലെത്തി കുറച്ചു കാലത്തിനു ശേഷം അവരും മറ്റക്കരയിലെ ഭൂമി വിറ്റ് ഞങ്ങളുടെ നാട്ടിലെത്തി ഭൂമി വാങ്ങി. അങ്ങനെയാണു വിവാഹം നടക്കാനിടയായത്. ഒരു ഗ്രാമീണയാണ് എന്റെ ഭാര്യ ലക്ഷ്മിക്കുട്ടി. ഞങ്ങള്‍ക്ക് അഞ്ചു പെണ്‍മക്കളാണ്. ആണ്‍മക്കളില്ല. മൂത്ത മകള്‍ സതി. അവളുടെ ഭര്‍ത്താവ് കുഞ്ഞുമോന്‍. രണ്ടാമത്തെ മകള്‍ ശ്യാമള. അവളെ വിവാഹം കഴിച്ചതു പ്രകാശ്. മൂന്നാമത്തവള്‍ സുമ. അവളുടെ ഭര്‍ത്താവ് സുരേന്ദ്രന്‍. നാലാമത്തവള്‍ ഗീത. അവളുടെ ഭര്‍ത്താവ് ഹരികൃഷ്ണന്‍. അഞ്ചാമത്തവള്‍ ശ്രീജ. അവളുടെ ഭര്‍ത്താവ് സന്തോഷ്.

പട്ടിണിയും കഷ്ടപ്പാടുമൊക്കെയായിരുന്നതുകൊണ്ടു കുട്ടികളെ വേണ്ട രീതിയില്‍ പഠിപ്പിക്കാനൊന്നും കഴിഞ്ഞില്ല. രാഷ്ട്രീയം കയറി തലയ്ക്കു പിടിച്ചപ്പോള്‍ വീട്ടുകാര്യം നോക്കാനും സമയം കിട്ടിയില്ല. കാര്‍ന്നോന്‍മാര് ഒരേക്കര്‍ സ്ഥലം തന്നു. പുല്ലുമേഞ്ഞ ഒരു വീടു വച്ച് ‍ഞങ്ങള്‍ അങ്ങോട്ടു മാറി. അന്നു കുഞ്ചിത്തണ്ണിയില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒഴികെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു പാരലല്‍ കോളജ് ഉണ്ടായിരുന്നു. അതേയുള്ളൂ. മൂത്തമകള്‍ സതി കുഞ്ഞുമോന്‍ ലോക്കല്‍ കമ്മിറ്റി മെംബറും പഞ്ചായത്ത് പ്രസിഡന്റുമാണ്. സുമാ സുരേന്ദ്രന്‍ ഏരിയ കമ്മിറ്റി മെംബറും മഹിള അസോസിയേഷന്റെ ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ്. സുമ കഴിഞ്ഞ തവണ രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ അവിടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആണ്. അവര്‍ പഠിക്കുന്ന കാലം മുതലേ പാര്‍ട്ടിയിലുണ്ട്. ഇരുപത്തിയേഴു കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എനിക്ക് വേണമെങ്കില്‍ അവര്‍ക്കൊക്കെ ഒരു ജോലിയൊക്കെ സംഘടിപ്പിച്ചു കൊടുക്കാമായിരുന്നു. പക്ഷേ, ഞാന്‍ നോക്കുമ്പോള്‍ നമ്മളെക്കാള്‍ കഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട്, ചുറ്റിനും. ഒരു പാര്‍ട്ടി നേതാവ് എന്ന നിലയില്‍ കൂടുതല്‍ കഷ്ടപ്പെടുന്നവരുടെ കാര്യമാണല്ലോ നോക്കണ്ടത്. അങ്ങനെയേ ചിന്തിച്ചുള്ളൂ. ഏറ്റവും ഇളയ മകള്‍ ശ്രീജയ്ക്ക് പാര്‍ട്ടി ഇടപെട്ട് ഒരു ജോലി കൊടുത്തു.

Mani മന്ത്രി എം എം മണി ഭാര്യ ലക്ഷ്മിക്കുട്ടിക്കും സഹോദരനും കുടുംബത്തിനൊപ്പം

രാഷ്ട്രീയ ജീവിതം

ഞാന്‍ ജീവിതത്തില്‍ ചെയ്യാത്ത ഒരു ജോലിയുമില്ല. ചുമടെടുത്തിട്ടുണ്ട്. തെങ്ങില്‍ കയറിയിട്ടുണ്ട്, അങ്ങനെ പല ജോലികളും ചെയ്തിട്ടുണ്ട്. എഴുപത്തിരണ്ടില്‍ ഇടുക്കി ജില്ല രൂപം കൊണ്ടപ്പോള്‍ സഖാവ് കെ. കെ. ചെല്ലപ്പന്‍ ആലപ്പുഴയില്‍നിന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ വന്നു. പത്തു കൊല്ലം അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഇടുക്കിയിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്. ഞങ്ങളെപ്പോലെയുള്ളവരെ പാര്‍ട്ടിയില്‍ വളര്‍ത്തിയതും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചതും അദ്ദേഹമാണ്.

ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു തൊഴിലാളി സമരങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടി അംഗമായിട്ട് അൻപതു വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ എത്രയെത്ര കേസുകള്‍. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുമ്പോള്‍ മുതലാളിമാര്‍ കള്ളക്കേസുകളുണ്ടാക്കും. അങ്ങനെ ഞാന്‍ പ്രതിയായ കേസുകള്‍ക്ക് ഒരു കണക്കില്ല.അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ദേവികുളം താലൂക്ക് കമ്മിറ്റി സെക്രട്ടറിയാണ്. കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് അടിയന്തരാവസ്ഥയെക്കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ സംസ്ഥാന കമ്മിറ്റി കൂടി ആരെല്ലാം ഒളിവില്‍ പോകണമെന്നു തീരുമാനിച്ചു. ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പതിമൂന്നു മാസത്തെ ഒളിവിനു ശേഷം എന്നെ അറസ്റ്റ് ചെയ്തു. അടിമാലി സ്റ്റേഷനില്‍ കൈക്കു വിലങ്ങു വച്ച് മേശയുടെ കാലില്‍ പൂട്ടിയിട്ടു. പതിമൂന്നു ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തുമായിരുന്നു. എന്നെ കിട്ടാതായപ്പോള്‍ അനിയന്‍ ഗോവിന്ദനെ പിടിച്ചു കൊണ്ടു പോയി. അവനെ മൃഗീയമായി തല്ലിച്ചതച്ചു. ഒടുവില്‍ അവന്‍ രോഗിയായി മരിക്കുകയായിരുന്നു. ഗോവിന്ദനും പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. എന്റെ ഭാര്യയുടെ സഹോദരന്‍ തങ്കപ്പന്‍ ഏരിയ കമ്മിറ്റി മെംബര്‍ ആയിരുന്നു. അയാളെ ആര്‍.എസ്.എസുകാര്‍ പതിനൊന്നു കഷ്ണമാക്കി കൊന്നു. തലയൊക്കെ വെട്ടി വേര്‍പെടുത്തിയിരുന്നു.

വണ്‍ ടൂ ത്രീ

വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വന്നു. വെളുപ്പാന്‍ കാലത്താണു വന്നത്. ബെല്ലു കേട്ടപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി, അതു പോലീസാണെന്ന്. അറസ്റ്റില്‍ പ്രതിഷേധിച്ച് അന്ന് അവിടെ പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്, ആ ഹര്‍ത്താലില്‍ കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഒക്കെ പങ്കെടുത്തു എന്നതാണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കൊരു പ്രശ്നം വന്നാല്‍ സമീപിക്കാന്‍ പറ്റുന്നയാള്‍ ഞാന്‍ മാത്രമേയുള്ളൂ. ഒരു കാര്യം ആവശ്യപ്പെട്ട് ഒരാള്‍ വന്നാല്‍ ഞാനവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല. ന്യായമാണെങ്കില്‍ സഹായിക്കും. ഇന്നലെയും സഹായിച്ചു, ഇന്നും സഹായിക്കും, നാളെയും സഹായിക്കും. എന്റെ ജീവിതാന്ത്യം വരെ അങ്ങനെയായിരിക്കും.എനിക്കിപ്പോള്‍ എഴുപത്തൊന്നു വയസ്സായി. ഞാന്‍ നിരന്തരമായി തൊഴിലാളികളുടെ കൂടെ നിന്ന് നിന്ന് നടത്തിയ പോരാട്ടങ്ങളും ആത്മാര്‍ഥമായി പാര്‍ട്ടിക്കു വേണ്ടി ചെയ്ത സേവനങ്ങളും വഴിയാണ് ഇരുപത്തേഴു വര്‍ഷം ഞാന്‍ ജില്ലാ സെക്രട്ടറിയായിരുന്നതും അവസാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയതും ഇപ്പോള്‍ മന്ത്രിയായതും. ഞാന്‍ വളര്‍ന്ന സാഹചര്യവും ചുറ്റുപാടുകളും വച്ചു നോക്കുമ്പോള്‍ അതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമേ ചെയ്യാന്‍ പറ്റൂ. ഇപ്പോള്‍ വൈദ്യുതി വകുപ്പാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. എനിക്ക് ആ രംഗത്തു ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്യും. കടമകള്‍ വളരെ ഭംഗിയായി നിര്‍വഹിക്കും.