Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിലെ കുട്ടികൾ ഇനി ഇരുട്ടത്ത് ഇരുന്നു പഠിക്കില്ല

mm-mani മന്ത്രി എം.എം. മണി

വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എം.എം. മണി മനോരമയോടു സംസാരിക്കുന്നു:

ഇടുക്കിക്കു വേണ്ടി എന്തൊക്കെ ചെയ്യും? മനസിൽ എന്തൊക്കെയുണ്ട്?

ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടിയെടുക്കും. പട്ടയ പ്രശ്നത്തിനാണു മുൻഗണന. പട്ടയത്തിന്റെ പേരിൽ വർഷങ്ങളായി കാത്തിരിക്കുന്ന പാവങ്ങൾ ജില്ലയിലുണ്ട്. ഈ അവസ്ഥയ്ക്കു മാറ്റം വരുത്തും.  ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളിൽ ഇടതു സർക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതു പ്രകാരം പ്രവർത്തിക്കും.  ചില വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ ജനങ്ങൾ ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ഉടൻ നടപടിയെടുക്കും. 

ഇടുക്കിയുടെ വികസനം?

പിന്നാക്ക ജില്ലയെന്ന വിശേഷണം ജില്ലയ്ക്ക് ഇനി ഉണ്ടാകില്ല.  അധ്വാനിക്കുന്ന ജനതയാണു ഇടുക്കിക്കാർ. ഇവരെ വിദ്യാഭ്യാസ–സാമൂഹ്യ–സാംസ്കാരികപരമായും ഉന്നതിയിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.  റോഡ്, പാലം എന്നിവ കൂടുതലായി നിർമിക്കും. വികസനം കടന്നു ചെല്ലാത്ത മേഖലകൾ ഇപ്പോഴും ഇടുക്കിയിലുണ്ട്. ഈ സ്ഥിതിക്കു മാറ്റം വരുത്താനാണു ലക്ഷ്യമിടുന്നത്.  വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനും പ്രാധാന്യം നൽകും. നിർധനരായ കുട്ടികൾക്ക് പ്രത്യേക പ്രോത്സാഹനം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും. ഇതിനായി പരിശീലന പരിപാടികളും നടത്തും. ഇടുക്കിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതുൾപ്പെടെയുള്ളവ പരിഗണനയിലുണ്ട്.   

വൈദ്യുതിയുടെ തലസ്ഥാനമായിട്ടും ഇടുക്കിയിൽ ഇപ്പോഴും വൈദ്യുതിയില്ലാത്ത വീടുകളുണ്ട്? 

ഈ വിഷയം ഗൗരവത്തോടെ കാണും. സമ്പൂർണ വൈദ്യുതീകരണമാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇടുക്കിയിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കും.  ഗ്രാമീണ മേഖലകളിൽ വൈദ്യുതി എത്തിക്കുന്നതിനു പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ നടപടിയെടുക്കും. ഇടുക്കിയിലെ കുട്ടികൾക്ക് ഇരുട്ടത്തിരുന്നു പഠിക്കുന്ന സാഹചര്യം ഒഴിവാക്കാനാണു ഉദേശിക്കുന്നത്. 

തോട്ടം തൊഴിലാളികൾക്കായി എന്തൊക്കെ ചെയ്യും?

തോട്ടം തൊഴിലാളികൾക്കായി ഭവന നിർമാണ പദ്ധതി സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജില്ലയിൽ സമ്പൂർണമായി നടപ്പാക്കുന്നതിനു മുൻകൈയെടുക്കും. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികൾ നടപ്പാക്കും. ലയങ്ങളിലെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ വ്യക്തിയെന്ന നിലയ്ക്ക് ഈ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കും. 

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി എങ്ങനെ തരണം ചെയ്യും?

വൈദ്യുതി മേഖലയിൽ വൻ പ്രതിസന്ധിയാണ്.  മുൻ സർക്കാർ ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ ചെലുത്താത്തതാണു കേരളത്തിൽ ഇതു വരെയില്ലാത്ത പ്രതിസന്ധിക്കു കാരണം. ഈ സാഹചര്യത്തിൽ വൈദ്യുതി ഉൽപ്പാദന രംഗത്ത് പ്രത്യേക ശ്രദ്ധ ചെലുത്തും.  ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും മുന്നോട്ടു പോകാനാണു സർക്കാരിന്റെ ആലോചന.  വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായും.  ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഉടൻ വിളിക്കും. 

ഭാവി പരിപാടികൾ?

മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇന്നു ഉച്ചയോടെ ഇടുക്കി ജില്ലയിലെത്തും. ജില്ലയിൽ പല കേന്ദ്രങ്ങളിലും സ്വീകരണമുണ്ട്. ഇതിനു ശേഷം ഇന്നു വൈകിട്ടോടെ തലസ്ഥാനത്തേക്കു തിരിക്കും. ഇടുക്കി ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാസത്തിലൊരിക്കൽ അദാലത്ത് വിളിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ആലോചനയിലുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.