Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനൊരു വിജയനക്ഷത്രം

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

ഏറ്റവും കുറച്ച് അഭിമുഖ സംഭാഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുളള നേതാവ് പിണറായി വിജയൻ തന്നെയായിരിക്കണം. മാധ്യമങ്ങളിലെ വാഴ്ത്തു പാട്ടുകളോട് ഒരു കാലത്തും അദ്ദേഹം താല്‍പര്യം കാണിച്ചിട്ടില്ല. നിയുക്ത മുഖ്യമന്ത്രിയുടെ അഭിമുഖ സംഭാഷണം ആവശ്യപ്പെട്ടവരോടും ‘വേണോ’ എന്ന മറു ചോദ്യമാണു മറുപടി. ഏറെ നിർബന്ധിച്ചവരോടു തിരക്കൊന്ന ടങ്ങട്ടെ എന്നു പറഞ്ഞൊഴിയുന്നു.

സത്യപ്രതിജ്ഞയ്ക്കു മുൻപുളള, എകെജി സെന്ററിലെ തിരക്കേറിയ ചർച്ചയ്ക്കിടയിൽ എതിരെയുളള എകെ‍ജി ഫ്ളാറ്റിന്റെ മൂന്നാം നിലയിലെ വീട്ടിലെത്തി ലൈബ്രറിയിലിരുന്നാണു മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി സംസാരിച്ചത്. പശ്ചാത്തലത്തിൽ പേരക്കുട്ടികളുടെ ബഹളം കേൾക്കുന്നുണ്ട്. ഭാര്യ കമല സന്ദർശകരെ സ്വീകരിക്കുന്നു. സത്യപ്രതിജ്ഞ കാണാൻ മക്കൾ വീണയും വിവേക് കിരണും കുടുംബസമേതം എത്തിയിട്ടുണ്ട്. നാട്ടിൽ നിന്ന് ഏട്ടന്റെ മക്കളും മറ്റു ബന്ധുക്കളും വന്നു കൊണ്ടിരിക്കുന്നു. പൂച്ചെണ്ടുകളും നിവേദനങ്ങളുമായെത്തുന്ന സന്ദർശകർ ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. മാറ്റമില്ലാതായി പിണറായിയുടെ ശബ്ദത്തിന്റെ ശാന്തഗൗരവം മത്രമേയുളളൂ.

ചോദ്യത്തിനുളള ഉത്തരമൊഴികെ ഒരു വാക്കു പോലും കൂടുതലായി പറയുകയില്ല. സ്വന്തം നേട്ടങ്ങൾ എണ്ണിയെണ്ണി വിവരിക്കുകയില്ല. സ്വന്തം ഗുണഗണങ്ങൾ വിശദമായി വർണിക്കു കയുമില്ല. കുടുംബത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും പറയുമ്പോഴല്ലാതെ, ഞാൻ എന്ന വാക്കു തീരെയില്ല എന്നു തന്നെ പറയാം. പക്ഷേ ‘ഞങ്ങൾ’ സമൃദ്ധമായി ഉണ്ടു താനും. ഈ ഞങ്ങളെന്നാൽ സിപിഎം പാര്‍ട്ടിയാണ്. പാർട്ടിയുടെ അമരക്കാരനായി നീണ്ട പതിനാറു വർഷം പാർട്ടിയെ ന്യായീകരിച്ച ശീലത്താലാവണം പിണറായിക്ക് എല്ലാം ‘ഞങ്ങളാ’ ണ്. ‘ഞങ്ങളി’ൽ നിന്നു വേറിട്ടൊരു നിലപാടോ നിലനിൽപ്പോ പിണറായിക്കില്ല.

കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയെന്നൊരു വിശേഷണം പിണറായിക്കുണ്ട്. വൈദ്യുതി വകുപ്പിലെ ഓരോ ഓഫിസിലെയും ചെറു ചലനം പോലും അറിയാനും നിയന്ത്രി ക്കാനുമുളള അപാരകഴിവ് വാഴ്ത്താത്തവരില്ല. വൈദ്യുതി വകുപ്പിനെ അടിമുടി അഴിച്ചു പണിത അതേ ശൈലി തന്നെയാകാം മന്ത്രിസഭയുടെ അമരത്തിരിക്കുമ്പോഴും പിണറായിയുടെ പ്രേരക ശക്തി.

Pinarayi Vijayan പാർട്ടിയുടെ അമരക്കാരനായി നീണ്ട പതിനാറു വർഷം പാർട്ടിയെ ന്യായീകരിച്ച ശീലത്താലാവണം പിണറായിക്ക് എല്ലാം ‘ഞങ്ങളാ’ ണ്. ‘ഞങ്ങളി’ൽ നിന്നു വേറിട്ടൊരു നിലപാടോ നിലനിൽപ്പോ പിണറായിക്കില്ല.

ഏറ്റവും കൂടുതൽ കാലം പാർട്ടിയെ നിയന്ത്രിച്ച പാരർട്ടി സെക്രട്ടറിയാണല്ലോ താങ്കൾ. ചെത്തു തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിറന്ന ഒരു പിണറായിക്കാരന് ഇതിനുളള പരിശീലനം എവിടെ നിന്നായിരുന്നു?

‌ഞങ്ങൾ പതിനാലു മക്കളാണ്.ഞാനും നാണുവേട്ടനും കുമാരേട്ടനും ഒഴികെ മറ്റുളളവരെല്ലാം ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി. ഏറ്റവും ഇളയവനാണു ഞാൻ. അച്ഛൻ മരിക്കുമ്പോൾ‌ നാണുവേട്ടൻ വിവാഹം കഴിഞ്ഞു മാറിത്താമസിക്കുകയാണ്. രണ്ടാമത്തെ ഏട്ടൻ കുമാരൻ മൈസൂരിൽ ബേക്കറിപ്പണി ചെയ്യുകയായിരുന്നു. അച്ഛൻ മരിച്ചതോടെ അമ്മയും കുട്ടിയായ ഞാനും വീട്ടിൽ തനിച്ചായി. അതുകൊണ്ടു കുമാരേട്ടൻ ബേക്കറി വിട്ടു നാട്ടിലേക്കു വന്നു.

സ്വാതന്ത്ര്യം കിട്ടിയതിനു തൊട്ടു പിന്നാലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിനു ധാരാളം തല്ലു കൊണ്ടിട്ടുളള ആളാണു കുമാരേട്ടൻ. ശക്തമായ രാഷ്ട്രീയബോധമുണ്ടായിരുന്നു കുമാരേട്ടന്. ഏട്ടന്റെ രാഷ്ട്രീയത്തെക്കുറിച്ചും തല്ലു കൊണ്ടതിനെക്കുറിച്ചും അമ്മ എപ്പോഴും പറയുമായിരുന്നു. നാൽപത്തിയെട്ടു കാലത്തു രാഷ്ട്രീയ ഗുണ്ടകൾ വീട്ടിൽ വന്നു സാധനങ്ങളൊക്കെ എടുത്തു കൊണ്ടു പോയി. അന്ന് അധികം സാധനങ്ങളൊന്നും ഇല്ല. പ്രത്യേകിച്ചും സ്വർണ ഉരുപ്പടികൾ. ആകെയുളള ഒരു മോതിരം കൊണ്ടുപോയ കഥ അമ്മ വേദനയോടെ പറയുമായിരുന്നു. ഏട്ടനു കൊണ്ട തല്ലിനെക്കുറിച്ചും അമ്മ പറഞ്ഞു സങ്കടപ്പെടും. കുമാരേട്ടനാണു രാഷ്ട്രീയത്തെക്കുറിച്ചുളള ബോധമുണ്ടാക്കിയത്. അങ്ങനെയാണ് എന്നിൽ ഒരു രാഷ്ട്രീയക്കാരനുണ്ടായത്.

ബ്രണ്ണന്‍ കോളജിൽ പഠിക്കുമ്പോൾ പ്രിന്‍സിപ്പൽ ഏട്ടനെ കൂട്ടി വരാൻ പറഞ്ഞു. കുമാരേട്ടൻ വന്നു. ഇവനു രാഷ്ട്രീയത്തിലാണു കമ്പം അതൊന്നു പറഞ്ഞു വിലക്കണം എന്നു പ്രിൻസിപ്പല്‍. കുമാരേട്ടന്‍ തിരിച്ചു ചോദിച്ചു, രാഷ്ട്രീയമല്ലാതെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? വേറൊന്നുമില്ല. പഠിക്കും. രാഷ്ട്രീയമാണു പ്രശ്നം. കുമാരേട്ടന്‍ പറഞ്ഞു. രാഷ്ട്രീയം ആകാമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. സി.സി. ഡേവിഡ് സാർ ആയിരുന്നു പ്രിൻസിപ്പൽ. ഏട്ടൻ പോയിക്കഴിഞ്ഞ് ഡേവിഡ് സാർ എന്നെ വിളിച്ചു പറഞ്ഞു, നിന്നെക്കാൾ പ്രാന്ത‌നാണു നിന്റെ ഏട്ടൻ! ഡേവിഡ് സാർ ഞങ്ങൾക്കു വലിയ പിന്തുണയായിരുന്നു.

അച്ഛനെക്കുറിച്ചുളള ഓർമകള്‍?

അച്ഛൻ എന്റെ ചെറിയ പ്രായത്തിൽ തന്നെ മരണപ്പെട്ടു. ഞാൻ അന്നു സ്കൂളിൽ പഠിക്കുകയായിരുന്നു. സാധാരണ കർഷക കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛൻ ചെത്തു ജോലിയും ചെയ്യും. അന്നത്തെകാലത്തു തെങ്ങുചെത്തി കുറുക്കിക്കുറുക്കിയെടുത്ത് ചക്കരയാക്കുകയായിരുന്നു പതിവ്. ഈ ചക്കരക്കുഴമ്പു പരുവമെത്തുമ്പോൾ തെങ്ങോല വെട്ടി മെടഞ്ഞ് അതിൽ ഒഴിച്ചു വയ്ക്കും. അങ്ങനെ അതുറയ്ക്കും. പിന്നീടു കൊണ്ടു പോയി വിൽക്കും. പിന്നെ കുറച്ചു കൃഷിയു മുണ്ടായിരുന്നു. അങ്ങനെയാണ് വീടു കഴിഞ്ഞു പോയത്. ചക്കരയുണ്ടാക്കുന്നത് വലിയ അധ്വാനമാണ്. ഇന്ന് അതു പൂർണ്ണമായും ഇല്ലാതായി. അന്നു കണ്ണൂരിൽ ചക്കര വാങ്ങുന്ന സൊസൈറ്റികൾ ഉണ്ടായിരുന്നു. അച്ഛൻ തന്നെ ചക്കര തലശ്ശേരിയിൽ കൊണ്ടു പോയി വിൽക്കുമായിരുന്നു. വളര്‍ന്നപ്പോൾ ചക്കരവിൽക്കാൻ ഞാനാണു പോയിരുന്നത്. അച്ഛൻ മരിച്ചതിനു ശേഷം കുമാരേട്ടനാണു കുടുംബത്തിന്റെ ചുമത ലയേറ്റത്. കുമാരേട്ടനും കുറച്ചു കാലം ചെത്തിന്റെ പണി ചെയ്തിരുന്നു. പിന്നെ കടത്തു ജോലി ചെയ്തു. അതുകഴിഞ്ഞ് ഒരു ബേക്കറി തുടങ്ങി. അപ്പോഴേക്കു ഞാൻ എംഎൽഎ ആയി.‌‌

1970 ൽ ഇരുപത്തിയാറാം വയസ്സിൽ എംഎൽഎ ആകുക. ആദ്യ തിരഞ്ഞെടുപ്പ് ഇത്തവണത്തെപ്പോലെ എളുപ്പമായിരുന്നോ?

ഞാനന്നു പാർട്ടിയുടെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി യായിരുന്നു. കൂത്തുപറമ്പിലാണു മൽസരിച്ചത്. കെഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നതിനു ശേഷം സജീവ മായി പാർട്ടി രാഷ്ട്രീയത്തിലുണ്ടായിരുന്നു. അന്നു പിണറായി പഞ്ചായത്ത് കൂത്തുപറമ്പിലാണ്. അതു വളരെ കടുത്ത മൽസരമായിരുന്നു. പിഎസ്പിയുടെ തായത്ത് രാഘവൻ ആയിരുന്നു എതിർ സ്ഥാനാർഥി. ചെറിയ ഭൂരിപക്ഷത്തിലാണു ഞാൻ ജയിച്ചത്. പക്ഷേ അടുത്ത തവണ മൽസരിച്ച പ്പോൾ കൂടുതൽ ഭൂരിപക്ഷം കിട്ടി.

Pinarayi Vijayan അക്കാലത്തെ പല മാധ്യമങ്ങൾക്കും ഒരു പ്രത്യേക അജൻഡയുണ്ടായിരുന്നു. ആ അജൻഡയുടെ ഭാഗമായി എന്തിനെയും ഒരു പ്രത്യേക രീതിയിൽ കൊണ്ടു വരിക എന്നുളളതായിരുന്നു. അതു ചെറുത്തു നിൽക്കുക എന്നല്ലാതെ ഒഴിഞ്ഞു മാറിപ്പോകാൻ പറ്റില്ല.

പാട്യം ഗോപാലനുമായി ഒരാത്മബന്ധം ഉണ്ടായിരുന്നല്ലോ?

പാട്യം ഗോപാലൻ 1965 ൽ തലശ്ശേരിയിൽ മൽസരിച്ചു. അദ്ദേഹം അന്നു ജയിലിൽ കിടക്കുകയാണ്. ആ സമയത്തു ഞാൻ അദ്ദേഹത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരൻ പാട്യം രാജ നും ഞാനും ഒരുമിച്ചു പഠിച്ചിരുന്നവരാണ്. അരയക്കണ്ടി അച്യുതനാണു പ്രധാന നേതൃത്വം. പിന്നെ ഗോവിന്ദരാജ് കരയത്തിൽ നാരായണൻ എന്നിവരും ഒപ്പമുണ്ട്. പാട്യം ഗോപാലൻ ജയിലിൽ കിടക്കുന്ന ഫോട്ടോയും വച്ചായിരുന്നു പ്രചാരണം.

വി.ആർ.കൃഷ്ണയ്യര്‍ ആണ് എതിർ സ്ഥാനാർഥി. പ്രചാരണത്തിന്റെ മൂർധന്യത്തിൽ തലശ്ശേരി ബസ് സ്റ്റാൻഡിൽ‌ നടത്തിയ യോഗത്തിൽ കൃഷ്ണയ്യരുടെ കെട്ടിവച്ച കാശു പോകുമെന്ന് ഞാൻ പ്രസംഗിച്ചു. അക്കുറി കൃഷ്ണയ്യര്‍ക്കു കെട്ടിവച്ച കാശു പോയി. അത്ര വലിയ ജനവികാരമായിരുന്നു അപ്പോൾ.

അന്നു ഞാനും പാട്യവും തമ്മിൽ വലിയ പരിചയമില്ല. ജയിലിൽ നിന്നു വന്നതിനു ശേഷമായിരുന്നു ഞങ്ങൾ തമ്മിൽ പരിചയമായത്. പിന്നീടു ഞങ്ങൾ ദീർഘകാലം ഒന്നിച്ചു പ്രവർത്തിച്ചു. അതിനിടയിലാണ് അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം. ആ പ്രായത്തിൽ അദ്ദേഹം മരിക്കുമെന്നു ‍ഞങ്ങൾ കണക്കാക്കിയിരുന്നില്ല. അതു വല്ലാത്ത വിഷമമുണ്ടാക്കി. അതു കൊണ്ട് അദ്ദേഹത്തിന്റെ അ‌നുസ്മരണ യോഗങ്ങളിൽ പാട്യത്തെ സ്മരിച്ചു കൊണ്ടുളള കാര്യങ്ങളിൽ ഞാൻ കടക്കുമായിരുന്നില്ല. കാരണം അന്നേരം വല്ലാത്ത പതർച്ച ഉണ്ടാകുമോ എന്നൊരു പേടി. അതുകൊണ്ട് അക്കാര്യങ്ങളൊന്നും പറയാതെ മറ്റു കാര്യങ്ങൾ പറയും. പാട്യത്തിന്റെ വീട്ടിൽ ചെന്നാൽ അദ്ദേഹം കിടക്കുന്ന കട്ടിൽ നമുക്കു തന്നിട്ടു നിലത്തൊരു പായ വിരിച്ചു കിടക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. സഹപ്രവര്‍ത്തകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

നക്സൽ നേതാവ് സഖാവ് വർഗീസുമായും അടുത്ത സൗഹൃദമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്?

സഖാവ് വർ‌ഗീസ് കണ്ണൂരില്‍ പാർട്ടി ഓഫിസ് സെക്രട്ടറിയാ യിരുന്നു. കണ്ണൂരിലുളള സഖാക്കൾക്കു വർഗീസുമായി നല്ല ബന്ധമായിരുന്നു. സൗമ്യശീലനായിരുന്നു. ഓഫിസ് സെക്രട്ട റിയായിരുന്ന ഘട്ടത്തിൽ ഞങ്ങളൊക്കെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തി‌ന്റെ ഭാഗമായി ഓഫിസിൽ െചല്ലുമ്പോൾ നല്ല അടുപ്പമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തീവ്രവാദത്തി ലേക്കു തിരിഞ്ഞത്.

നീട്ടിപ്പരത്താതെ മൂർച്ചയുളള വാക്കുകൾ കൃത്യമായി പ്രയോഗിക്കുന്ന പിണറായി വിജയന്റെ പ്രസംഗശൈലി ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എംഎൽഎ ആയിരിക്കേ, അടിയന്തിരാവസ്ഥക്കാല ത്തെ പതിനേഴു മാസം നീണ്ട ജയിൽ വാസത്തിനുശേഷം നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗം– ‘ഇവിടെ ഏകഛത്രാധിപതിയെപ്പോലെ വാണവരുടെ അനുഭവം എന്താണെന്നു നിങ്ങൾ ഓർക്കണം, ആ അനുഭവത്തിൽ നിന്നു പാഠം പഠിക്കാൻ നിങ്ങൾ തയ്യാറാകണം, അവർ ഇന്ന് ആരുമല്ലാത്ത സ്ഥിതി വന്നിരിക്കുന്നു. നിങ്ങൾ ചുമരെഴുത്തു പഠിക്കണം’ എന്ന് 1977 മാർച്ച് മുപ്പതിനു നിയമസഭയിൽ ആഭ്യന്തരമന്ത്രി കെ. കരുണാകരനെ വെല്ലു വിളിച്ചു നടത്തിയ പ്രസംഗം പ്രസിദ്ധമാണ്,

പിൽക്കാലത്തു കരുണാകരനുമായി സംസാരിക്കുമ്പോൾ താങ്കൾക്കേറ്റ ആ ക്രൂരമർദനത്തിൽ അദ്ദേഹത്തിനു കുറ്റബോധം തോന്നിയതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

പഴയ കാര്യങ്ങളിൽ അങ്ങനെ കുറ്റബോധമൊന്നും അദ്ദേഹത്തിന് ഉളളതായി എനിക്കു തോന്നിയിട്ടില്ല.

Pinarayi Vijayan പരിസ്ഥിതിക്കാണു നമ്മൾ മുൻഗണന കൊടുക്കുന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആദ്യത്തെ ക്യാബിനറ്റില്‍ത്തന്നെ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.

അങ്ങ് പാർട്ടി സെക്രട്ടറിയായപ്പോഴാണു പാർട്ടിക്ക് ഏറ്റവു മധികം ആസ്തിയുണ്ടായത്? എങ്ങനെയാണ് അതു സാധിച്ചത്?

അത് അങ്ങനെയാണെന്നു പറയാൻ പറ്റില്ല. കാലത്തിന്റെ ഗതിക്ക് അനുസരിച്ചു പാര്‍ട്ടി ഓഫിസുകളും കാര്യങ്ങളുമൊക്കെ വർധിച്ചു വരുമല്ലോ. സ്വന്തമായി സ്ഥാപനങ്ങൾ ഉണ്ടായി. അതൊക്കെ പാര്‍ട്ടിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ഞാനും അതിന്റെ ഭാഗമായി എന്നു മാത്രം. സെക്രട്ടറിയായിരിക്കുമ്പോഴാണെന്നു സാങ്കേതികമായി പറയാമെന്നു മാത്രം. യഥാർഥത്തിൽ പാർട്ടി കമ്മിറ്റി എടുക്കു ന്ന തീരുമാനങ്ങളാണ് ഇതിന്റെ പിന്നിൽ. നല്ല നിലയ്ക്കു മുന്നോട്ടു പോകാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് അക്കാലത്തിന്റെ പ്രത്യേകത. പുറത്തു വലിയ പ്രചാരണങ്ങളും വലിയ ഭിന്നതകളും പറയുമെങ്കിലും പാർട്ടി കമ്മറ്റി നടത്തിപ്പ് വളരെ മാതൃകാപരമായിട്ടുളളതായിരുന്നു. കമ്മിറ്റികളിലെ ചര്‍ച്ചകളും തീരുമാനങ്ങളുമെടുക്കുന്നതു വിശദമായി ചര്‍ച്ചചെയ്തു പോകുന്ന നിലയിലാണ്.

മാധ്യമങ്ങൾ ഇത്രയേറെ കടന്നാക്രമിച്ചിട്ടുളള മറ്റൊരു പാർട്ടി സെക്രട്ടറി വേറെയില്ല. പബ്ലിക് റിലേഷൻ‌സിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത്രയേറെ വിമർശനങ്ങളുണ്ടായത് എന്നു തോന്നിയിട്ടുണ്ടോ?

അക്കാലത്തെ പല മാധ്യമങ്ങൾക്കും ഒരു പ്രത്യേക അജൻഡയുണ്ടായിരുന്നു. ആ അജൻഡയുടെ ഭാഗമായി എന്തിനെയും ഒരു പ്രത്യേക രീതിയിൽ കൊണ്ടു വരിക എന്നുളളതായിരുന്നു. അതു ചെറുത്തു നിൽക്കുക എന്നല്ലാതെ ഒഴിഞ്ഞു മാറിപ്പോകാൻ പറ്റില്ല. കീഴ്പ്പെടുത്തലാണല്ലോ ഉദ്ദേശ്യം. മാറിപ്പോകുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ, സാധാരണ നിലയ്ക്ക് അതിനെതിരെ സമരം നടത്തുകയല്ലാതെ വേറെ മാർഗമൊന്നുമുണ്ടായിരുന്നില്ല. അതാണ് ആ ഘട്ടം. പിന്നീടു വന്ന ഒരു ഘട്ടം നോക്കിക്കോളൂ. ആ ഘട്ട ത്തിൽ ഈ പറയുന്ന നില അല്ലല്ലോ. ഒരു പ്രകടമായ മാറ്റം കാണാനുണ്ടല്ലോ. അതു നമ്മളെന്തെങ്കിലും പിആർ വർക്ക് നടത്തിയിട്ടല്ല. അതു സ്വാഭാവികമായി മാറി വരുന്നതാണ്. ലാവ്‌ലിൻ കേസ് ഭയങ്കര പ്രചാരണമായി നിൽക്കുന്ന കാലത്ത് എന്റെയൊരു സുഹ‌‍‍ൃത്ത് ഒരു ഡോക്ടർ എന്നെ കാണാൻ വന്നു. നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും നല്ലതു പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചു പോകുന്നതാണ്. പിന്നെ പ്രശ്നമുണ്ടാകുകയില്ല എന്ന് ഉപദേശിക്കാനാണു വന്നത്. ഞാൻ പറഞ്ഞു, രാജിവയ്ക്കണമെങ്കിൽ പാർട്ടിയല്ലേ പറയേണ്ടത്? എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടെന്നു കണ്ടാലല്ലേ പാർട്ടി അങ്ങനെ പറയുകയുളളൂ? ‘അതല്ല, പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു നിങ്ങൾ ഒഴിവായാൽ കേസു മാഞ്ഞുപോകും. അപ്പോൾ നിങ്ങൾക്കു തിരിച്ചു വരാം.’ ഞാൻ പറഞ്ഞു, നിങ്ങൾ രോഗികളെ ചികിൽസിക്കുന്നതു മാതിരിയല്ല, ഇത്. ഇക്കാര്യത്തിൽ എനിക്കു കുറച്ചു നിശ്ചയം ഉണ്ട്. എനിക്കു ഈ ഉപദേശം സ്വീകരിക്കാൻ നിവൃത്തിയില്ല. പുളളിക്ക് ഇതു കേട്ടപ്പോൾ കുറച്ചു ക്ഷീണമായി. ആ ഘട്ടത്തിൽ മാധ്യമങ്ങളോടു തന്നെ ഞാന്‍ പറഞ്ഞിട്ടുളള ഒരു കാര്യമുണ്ട്– ഇത്തരം വിമർശനങ്ങളുടെ മുന്നിൽ ചൂളിപ്പോയി മാറിപ്പോകുമെന്നു നിങ്ങൾ കരുതണ്ട. ജീവനെടുക്കാനുളള ശ്രമമാണു നേരത്തേ നടന്നിട്ടുളളത്. അതിനു മുന്നിൽ പതറിയിട്ടില്ല. അതു വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ലല്ലോ. രാഷ്ട്രീയ ആക്രമണമായിട്ടേ ഞാനതിനെ കണ്ടിട്ടുളളൂ. അതുകൊണ്ട് ഞാനതിനു വലിയ പ്രാധാന്യം കൊടുത്തിട്ടില്ല.

സ്നേഹിക്കുന്നവർ താങ്കൾക്കു വേണ്ടി മരിക്കാൻ തയാറാകുന്നു. എതിർക്കുന്നവർ കൊല്ലാനും എന്താണ് ഇതിന്റെ ഗുട്ടൻസ്?

(പൊട്ടിച്ചിരി) അതെന്താണെന്ന് അറിയില്ല. (ചോദ്യം ഇഷ്ടപ്പെട്ടതുപോലെ ഏറെ നേരം വീണ്ടും ചിരിച്ചു.) സഖാക്കൾ തമ്മിലുളള പരസ്പര ബന്ധം സ്വാഭാവികമാണ്. പക്ഷേ, പാർട്ടിയെ എതിർക്കുന്ന ശത്രുക്കൾ പാർട്ടിയുടെ നിമിത്തമായു പ്രതീകമായും കണ്ടുകൊണ്ട് എന്നെയും ശത്രുവായി കാണുന്നു. ആ നില വളരെ മുൻപേയുണ്ട്.

കേരള കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയായി സഖാവിനെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നു. കേരളത്തിന്റെ പ്രതീക്ഷകളുടെ ഭാരം ഇപ്പോൾ താങ്കളുടെ മേലുണ്ട്?‌

ആളുകളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരണം. ഒരു വ്യക്തി എന്ന നിലയിലുളള ശ്രമത്തിന്റെ ഫലമല്ല അത്. അതൊരു കൂട്ടായ്മ എത്ര കണ്ടു വിജയിക്കും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ആ കൂട്ടായ്മ ഉണ്ടാക്കാനുളള ശ്രമമാണ്. സാധാരണ ഗതിയിൽ എല്ലാവരും സഹകരിക്കു മെന്നാണു തോന്നുന്നത്. എന്റെ പഴയ അനുഭവം വച്ചു പറഞ്ഞാൽ ഏറ്റവും കെടുകാര്യസ്ഥതയുളള ഒരു സ്ഥാപനമായാണു കെഎസ്ഇബിയെ കണ്ടിരുന്നത്. ഒരു കാര്യവും നടക്കാത്ത ഒരു സ്ഥാപനം എന്ന മട്ടിൽ. എന്റെ അനുഭവം നേരെ മറിച്ചാണ്. അത് ഒരു കൂട്ടായ്മ കൊണ്ടാണു സാധിച്ചത്. ഏറ്റവും ചെറിയ ജീവനക്കാരൻ മുതൽ ചെയർമാൻ വരെ ഒരേ ചരടിൽ വന്നു. ഒരു കാര്യം ഇന്ന തീയതിക്കകം പൂര്‍ത്തിയാക്കണമെന്നു പറഞ്ഞാൽ പൂർത്തിയാക്കുമായിരുന്നു. അത്ര വാശിയിലായിരുന്നു അവർ. അതൊക്കെ എന്റെ കഴിവുകൊണ്ടാണെന്നു പറയുന്നില്ല. അതു കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായതാണ്. ഇത്തരമൊരു കൂട്ടായ്മ സൃഷ്ടിക്കാൻ കഴിഞ്ഞാൽ വലിയ വിജമുണ്ടാക്കാൻ കഴിയും.

Pinarayi Vijayan ഓടി വരികയും മടിയിൽ ചാടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്ന പേരക്കുട്ടി ഇഷാന്റെ മുന്നിൽ പിണറായി വാൽസല്യപൂർവം കീഴ്പ്പെടുന്നു.

വൈദ്യുതി വകുപ്പു നന്നാക്കിയതുപോലെ കേരളത്തിന്റെ ഭരണം നന്നാക്കാന്‍ എന്തെങ്കിലും കർമ്മ പരിപാടികൾ മനസ്സിലുണ്ടോ?

പരിസ്ഥിതിക്കാണു നമ്മൾ മുൻഗണന കൊടുക്കുന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആദ്യത്തെ ക്യാബിനറ്റില്‍ത്തന്നെ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കഴിഞ്ഞ എൽഡിഎഫ് ആദിവാസികൾക്കു സ്ഥലമെടുക്കാനായി അൻപതു കോടി രൂപ മാറ്റിവച്ചിരുന്നു. ആ പണം യുഡിഎഫ് ഗവൺമെന്റ് ചെലവഴിച്ചിട്ടില്ല. അതിനെപ്പറ്റിയൊക്കെ ശരിയായ നിലപാട് എടുക്കും. അതിനെപ്പറ്റിയൊന്നും ആശങ്ക വേണ്ട. ഇതുപോലുളള ഒട്ടേറെ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകൾ‌ എടുക്കാറുണ്ട്.

മിക്കവാറും നേതാക്കളുടെ ജീവിത കഥകളൊക്കെ മലയാളികൾക്ക് അറിയാം. പക്ഷേ, പിണറായിയുടെ സംഭവബഹുലമായ ജീവിതം ഒരിക്കലും പുറത്തു വന്നിട്ടില്ല. ഒരു ആത്മകഥ എഴുതാൻ സമയമായില്ലേ?

(ചിരി) എഴുതാം. അതിനൊക്കെ സമയം വേണമല്ലോ. ഈ ഇരിക്കുന്ന കവറുകളിൽ അത്യാവശ്യമായി വായിക്കേണ്ട കത്തുകളാണുളളത്. പിന്നത്തേക്കു മാറ്റിവയ്ക്കാൻ സാധിക്കാത്ത ഫോൺ വിളികളുണ്ട്. എനിക്കു ജോലികൾ മാറ്റിവയ്ക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് ഇടയ്ക്ക് ഇവിടെ നിന്നു മുങ്ങും. അത്യാവശ്യമുളള മറുപടിയെഴുതലും ഫോൺ വിളികളും നടത്തിയശേഷം തിരിച്ചു വരും. അതിനിടയിൽ ആത്മകഥയെഴുതാൻ സമയം കണ്ടുപിടിക്കുക എളുപ്പമല്ല. പണ്ട് ഏതു മിസ്ഡ് കാൾ കണ്ടാലും ഞാൻ തിരിച്ചു വിളിക്കുമായിരുന്നു. ഈ ഇലക്ഷനു ശേഷം അതിനു സാധിക്കുന്നില്ല.

ഏതു നേതാവിൽ നിന്നാണ് ഈ അടുക്കും ചിട്ടയും പഠിച്ചത്?

(ചിരി) എല്ലാ കാര്യങ്ങളും വൃത്തിയായും ചിട്ടായായും നടക്കണമെന്ന നിർബന്ധം സ്വതേ ഉണ്ടായിരുന്നു.

പിണറായിയുടെ ഇരിപ്പിലും നടപ്പിലും ഭക്ഷണം കഴിക്കുന്നതിലും ഒക്കെ ഒരു ചിട്ടയുണ്ടെന്ന് ആരാധകർ പറയുന്നതു വെറുതെയല്ല.

സമ്മേളനങ്ങളിൽ പിണറായി ഒന്നു കയ്യുയർത്തിയാൽ പുരുഷാരം നിശ്ശബ്ദമാകുന്നു. പക്ഷേ, ഓടി വരികയും മടിയിൽ ചാടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്ന പേരക്കുട്ടി ഇഷാന്റെ മുന്നിൽ പിണറായി വാൽസല്യപൂർവം കീഴ്പ്പെടുന്നു. കട്ടൻ ചായയും മധുരവും കൊണ്ടു വന്ന ഭാര്യ കമല ടീച്ചറോട് ‘ഒരു കഷണം എനിക്കും’ എന്ന് ആവശ്യപ്പെടുന്നു. പിണറായി വിജയന് ഇങ്ങനെയും ഒരു മുഖമുണ്ട്!

Your Rating: