Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നലിംഗക്കാരിൽ വ്യത്യസ്തയായതിൽ അഭിമാനം: സബ് ഇൻസ്പക്ടർ പ്രീതിക യാഷിണി

preethika

നിലനിൽപിന് വേണ്ടിയുള്ള ഭിന്നലിംഗക്കാരുടെ പോരാട്ടങ്ങൾക്ക് മാറ്റ് വർദ്ധിപ്പിച്ചാണ് പ്രീതിക യാഷിണി എസ്ഐ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. പൊതുസമൂഹത്തിൽ എന്നും പരിഹാസത്തിന് പാത്രമായി ചിത്രീകരിക്കപ്പെടുന്ന ഭിന്നലിംഗക്കാർക്ക് ഏറെ കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യാനുണ്ടെന്നതിന്റെ അംഗീകാരമായാണ് പ്രീതിക കോടതി തീരുമാനത്തെ കാണുന്നത്. കടന്നു വന്ന വഴികളിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഭിന്നലിംഗക്കാരി സബ് ഇൻസ്പക്ടർ പ്രീതിക മനോരമയോടു സംസാരിക്കുന്നു:

സാധാരണ ഭിന്നലിംഗക്കാർ തിരഞ്ഞെടുക്കുന്ന വഴികളിൽ നിന്ന് മാറി നടന്നതിനെക്കുറിച്ച്...

പൊതുസമൂഹത്തിൽ ഭിന്നലിംഗക്കാർക്ക് സാധാരണ ജീവിതം നയിക്കുന്നതിന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറെയാണ്. സാധാരണ ആളുകൾ ജീവിതമാർഗത്തിന് വേണ്ടി സ്വീകരിക്കുമ്പോൾ പലപ്പോഴും സമൂഹം അംഗീകരിക്കാത്തത് ഭിന്നലിംഗക്കാരിൽ അപകർഷതാബോധം വർദ്ധിപ്പിക്കുകയും പിന്നെ പതുക്കെ പൊതുസമൂഹത്തിൽ നിന്ന് പിൻവലിയുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ചെറുപ്പം മുതൽ സ്പോർട്സിനോടുള്ള താൽപര്യമാണ് പോലീസിലേയ്ക്ക് ആകർഷിച്ചത്.

Prithika-000333

പോലീസിലേയ്ക്ക് അപേക്ഷിച്ചപ്പോൾ നേരിട്ട വെല്ലുവിളികൾ...

2013-ൽ ആയിരുന്നു പ്രദീപ് കുമാർ എന്ന പ്രീതിക ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായത്. എന്നാൽ ഔദ്യോഗികമായി പ്രീതിക യാഷിണി എന്ന പേര് സ്വീകരിച്ചത് രേഖകളിൽ വരുത്താൻ പിന്നെയും വൈകിയിരുന്നു. അപേക്ഷ അയച്ചപ്പോൾ ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രത്യേകം വിഭാഗം ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ സ്ത്രീ വിഭാഗത്തിലായിരുന്നു പ്രീതിക അപേക്ഷിച്ചത്. രേഖകളിൽ പേര്, പുരുഷൻ എന്ന് രേഖപ്പെടുത്തിയിരുന്നത് അപേക്ഷ നിരസിക്കപ്പെടാൻ കാരണമായി. പിന്നീട് നിരന്തരമായ നിയമ പോരാട്ടങ്ങളിലൂടെ അപേക്ഷ സ്വീകരിക്കാൻ കോടതി നിർദേശം നൽകി. മികച്ച വിജയമായിരുന്നു എഴുത്തു പരീക്ഷയിൽ ഉണ്ടായത്.

കായികക്ഷമതാ പരീക്ഷയിൽ മികച്ചു നിന്നെങ്കിലും അവസാന ഇനമായ 200 മീറ്ററിൽ ഒരു സെക്കൻഡിന്റെ കുറവ് വന്നു എന്നു കാണിച്ച് പ്രീതികയുടെ അപേക്ഷ വീണ്ടും നിരസിച്ചു. പക്ഷേ മദ്രാസ് ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടൽ അവിടെയും സഹായകരമായി.

മൂന്നാംലിഗക്കാരെക്കുറിച്ചുളള പൊതുസമൂഹത്തിലെ കാഴ്ചപ്പാടിനെക്കുറിച്ച്...

യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ ഉള്ള സമൂഹം ഉയർത്തിയ വേലിക്കെട്ടുകളിൽ തട്ടി വീഴാൻ തയ്യാറാവാതിരുന്നതാണ് എന്നെ സഹായിച്ചത്. മൂന്നാം ലിംഗക്കാരെ കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകൾ ആണ് സമൂഹത്തെ ഇത്തരത്തിൽ പ്രതിരോധം സൃഷ്ടിക്കാൻ കാരണമാകുന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. തെറ്റായ കാഴ്ചപ്പാടുകൾ മാറാൻ കൂടുതൽ വസ്തുതകളെക്കുറിച്ച് കൂടുതൽ അറിയണം. പക്ഷേ ഇന്ത്യയിലെ സാഹചര്യങ്ങളിൽ മൂന്നാംലിഗക്കാരെക്കുറിച്ച് കൃത്യമായ അവബോധം ഇല്ല, അതിന് വേണ്ടിയുള്ള ബോധവൽക്കരണം ആവശ്യമാണ്. വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തോടൊപ്പം മൂന്നാം ലിഗക്കാരെക്കുറിച്ചും പഠിപ്പിക്കേണ്ട സമയം അധിക്രമിച്ചിരിക്കുകയാണ്.

Prithika-000111

വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സമീപനം...

സേലത്തായിരുന്നു എന്റെ കുട്ടിക്കാലം. പഠനകാലത്ത് മൂന്നാംലിഗമാണ് എന്നുണ്ടായ തിരിച്ചറിവുകൾ വീട്ടുകാർ ആദ്യം അംഗീകരിക്കാൻ തയ്യാറായില്ല, പിന്നീട് വസ്തുതകളെ അവർ അംഗീകരിക്കാൻ അവർ തയ്യാറായി. ചെറുപ്പം മുതൽ നിരവധി ആൺകുട്ടികൾ സുഹൃത്തുക്കളായിരുന്നു. പക്ഷേ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഇവരിൽ ചിലരൊക്കെ തന്നെയും സുഹൃദ്ബന്ധം ഉപേക്ഷിച്ചു. പിന്നീട് പോലീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് സുഹൃദ്‍വലയം ഒന്നുകൂടി വലുതാകാൻ സഹായിച്ചു.

ഭിന്നലിംഗക്കാരോടുള്ള പൊതുസമൂഹത്തിന്റെ നിലപാടുകളേക്കുറിച്ച്...

ഭിന്നലിംഗക്കാരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തെറ്റായ ധാരണകളെ അടിസ്ഥാനമാക്കിയാണുള്ളത്. കുടുംബത്തിലൊരാൾ‍ ഭിന്നലിംഗക്കാരാണ് എന്നത് പൊതുസമൂഹത്തിൽ അന്തസുള്ള കാര്യമായി ആളുകൾ കാണുന്നില്ല. ഇത് ഭിന്നലിംഗക്കാരെ വീടുകളിൽ തന്നെ അടിച്ചമർത്താൻ പ്രേരിപ്പിക്കുന്നു. അവസാനം പലയിടങ്ങളിലും ഭിന്നലിംഗക്കാരാണെന്ന വസ്തുത മറച്ച് വയ്ക്കാൻ കഴിയാതെ സ്വഭവനം ഉപേക്ഷിച്ച് മറ്റ് ഭിന്നലിംഗക്കാരുടെ കൂട്ടായ്മകളെ തേടിപ്പോകാൻ അവരെ പ്രേരിപ്പിക്കുയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുരുഷൻ ആയി ജനിച്ചതിന് ശേഷം സ്ത്രീയായി മാറുന്നവർ പിന്നെയും സമൂഹത്തിൽ മുന്നോട്ട് വരാറുണ്ട് പക്ഷേ സ്ത്രീയായി ജനിച്ചതിന് ശേഷം പുരുഷനായി മാറേണ്ടി വരുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഭീകരമാണ്. ഇവരിൽ മിക്കവരും തന്നെ പൊതുസമൂഹത്തിന് മുന്നിൽ അന്തർമുഖന്മാരാവുകയാണ് പതിവ്. ഭിന്നലിംഗമെന്നത് ഒരു ശാരീരികാവസ്ഥയായി അംഗീകരിക്കാൻ മിക്കപ്പോഴും ആരും തയ്യാറല്ല മറിച്ച് ചൂഷണം ചെയ്യാനുള്ള സാധ്യതകൾ നോക്കുന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്

prithika 2

കോടതി തീരുമാനത്തെക്കുറിച്ച്...

ചിലർക്ക് വേണ്ടി മാത്രം എന്ന് കരുതുന്ന ഇടങ്ങളിൽ മൂന്നാംലിഗക്കാർ കടന്നു വരുന്നതിനെ അത്ര സന്തോഷത്തോടെയല്ല പൊതുസമൂഹം കാണുന്നത് എന്നാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഉള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതാണ് പ്രീതികയുടെ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി തീരുമാനം. ഭിന്നലിഗക്കാർക്ക് ഒരു നല്ല കരിയർ തിരഞ്ഞെടുത്ത് സമൂഹത്തിൽ മുന്നോട്ട് വരുന്നതിന് മദ്രാസ് കോടതിയുടെ വിധി ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.