Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ഇന്നും അതൊരു വേദന ' മന്ത്രി രവീന്ദ്രനാഥ്

C. Raveendranath മന്ത്രി സി രവീന്ദ്രനാഥ്

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെ സെക്രട്ടേറിയറ്റിലെ ഓഫിസിൽ വച്ചാണു കണ്ടത്. ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കു കാണാമെന്നു സമ്മതിച്ചിരുന്നു. ഓഫിസിൽ നല്ല തിരക്കായതിനാൽ ഓഫിസിനോടു ചേർന്നുള്ള വിശ്രമമുറിയിൽ ഇരുന്നാണു സംസാരിച്ചത്. കൊടകരയിൽനിന്ന് 2006ൽ കന്നിയങ്കത്തിൽ വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തുടർന്നു രണ്ടുതവണ പുതുക്കാട്ടു നിന്നും. ഇക്കുറി വിജയിച്ചു മന്ത്രിയായി. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന അദ്ദേഹം എംഎൽഎ ആയപ്പോൾ തന്റെ മണ്ഡലത്തിൽ നടപ്പിലാക്കിയ കാർഷിക പദ്ധതികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. സെന്റ് തോമസ് കോളജിൽ കെമിസ്ട്രി പ്രഫസറായിരുന്നു അദ്ദേഹം. തന്റെ സഹപ്രവർത്തകരും വിദ്യാർഥികളും കാറിലും ടൂവീലറിലും കോളജിൽ എത്തുമ്പോൾ അദ്ദേഹം കോളജിൽ പോയിരുന്നതു സൈക്കിളിലായിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ: ‘പെട്രോളും ഡീസലുമാണു നാളെ ഇല്ലാതാകാൻ പോകുന്ന ഇന്ധനങ്ങൾ. അതാണു നമ്മുടെ മുൻപിലുള്ള ഏറ്റവും വലിയ ഭീഷണി. അത് അനാവശ്യമായി കത്തിച്ചുകളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈക്കിൾ ചവിട്ടുന്നതാണ് ഏറ്റവും നല്ല വ്യായാമമുറ. ആരോഗ്യത്തിന് അത് ഏറ്റവും നല്ലതാണ്.’

മന്ത്രിയെ കണ്ടിറങ്ങുമ്പോഴാണു ഡോ. തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. അതിൽ ഡോ. ഐസക് ഇങ്ങനെ എഴുതുന്നു – കേരളത്തിലെ ഏറ്റവും നല്ല എംഎൽഎയെ തിരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ പറയുക പ്രഫ. രവീന്ദ്രനാഥ് എംഎൽഎയുടെ പേരായിരിക്കും. ‘തന്റെ മണ്ഡലത്തിൽ നടപ്പാക്കിയ സമഗ്ര വികസന പരിപാടിയെക്കുറിച്ച് ‘സുസ്ഥിര സമഗ്ര വികസനത്തിന്റെ ജനകീയ മുഖം’ എന്ന പേരിൽ ഒരു ഗ്രന്ഥം അദ്ദേഹം ഡിസി ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു വായിക്കണമെന്നു ഞാൻ ഏവരോടും ശുപാർശ ചെയ്യുകയാണ്. ‘എല്ലാവർക്കും വീട്, എല്ലാവർക്കും െവള്ളം, എല്ലാവർക്കും വെളിച്ചം’ എന്നത് എല്ലാ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെയും മുദ്രാവാക്യമാണ്. എങ്ങനെ ഇതു പ്രാവർത്തികമാക്കാം എന്നത് അറിയണമെങ്കിൽ പുതുക്കാട്ടു വരിക. എല്ലാവർക്കും വീടുനൽകാൻ ഇഎംഎസ് പാർപ്പിട പദ്ധതിയുടെ കരടുരേഖ തയാറാക്കി സർക്കാർ ചർച്ചചെയ്യുകയായിരുന്നു. അപ്രായോഗികമെന്നാണു പലരും അഭിപ്രായപ്പെട്ടത്. എന്റെ ഫിനാൻസ് ഡിപ്പാർട്മെന്റിലായിരുന്നു ഏറ്റവും വലിയ എതിർപ്പ്. അപ്പോഴാണു സംസ്ഥാന സർക്കാരിന്റെ പോലും പിന്തുണ ഇല്ലാതെ തന്റെ മണ്ഡലത്തിൽ സഹകരണ ബാങ്കുകളുടെ സഹായത്തോടെ രവി മാഷ് സമ്പൂർണ പാർപ്പിട പദ്ധതി ആവിഷ്കരിച്ചത്. ഇതു സംസ്ഥാന തലത്തിൽ തീരുമാനങ്ങൾ എടുക്കാൻ വളരെ സഹായകരമായി. കൊടകരയിലെ പാർപ്പിട പദ്ധതിയും ഇഎംഎസ് പാർപ്പിട പദ്ധതിയുടെ ഭാഗമായിത്തീർന്നു. 5000 വീടുകളാണ് ഈ ഒരു മണ്ഡലത്തിൽ മാത്രം പണിതു നൽകിയത്.’ ഡോ. ഐസക്കിന്റെ ഈ വാക്കുകൾ വിദ്യാഭ്യാസമന്ത്രിയിൽ വലിയ പ്രതീക്ഷയാണു നൽകുന്നത്. വിദ്യാഭ്യാസ മേഖലയിൽ ചടുലമായ മാറ്റങ്ങൾക്കു വഴിയൊരുക്കും എന്നു നമുക്കു പ്രതീക്ഷിക്കാം. പ്രഫ. രവീന്ദ്രനാഥ് താൻ പിന്നിട്ട വഴികളെപ്പറ്റി സംസാരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ:

കുടുംബം

തൃശൂരിനു സമീപം നെല്ലായിലെ പന്തനല്ലൂരിലാണ് അച്ഛന്റെ വീട്. അമ്മ എറണാകുളത്തു ചേരാനെല്ലൂരിലും. സി. രവീന്ദ്രനാഥ് എന്ന എന്റെ പേരിലെ സി, ചേരാനെല്ലൂർ എന്ന വാക്കിലെ ആദ്യക്ഷരമാണ്. ജനിച്ചത് അമ്മയുടെ വീട്ടിലാണെങ്കിലും വളർന്നത് അച്ഛന്റെ വീട്ടിലാണ്. പന്തനല്ലൂർ സ്കൂളിലാണ് ഏഴാംക്ലാസുവരെ പഠിച്ചത്. ആ സ്കൂളിൽ അച്ഛൻ ഹെഡ്മാസ്റ്റർ ആയിരുന്നു. അമ്മയുടെ അച്ഛൻ ചേരാനെല്ലൂർ സ്കൂളിലെ ഹെഡ്മാസ്റ്ററും. പുതുക്കാടു സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നിന്നാണ് എസ്എസ്എൽസി പാസാകുന്നത്. പിന്നെ സെന്റ് തോമസിൽ പഠിച്ചു. ഞാൻ അധ്യാപകനായി ജോലി ചെയ്തതും സെന്റ് തോമസിൽ തന്നെ. മുപ്പത്തിമൂന്നു കൊല്ലം സെന്റ് തോമസിൽ ജീവിച്ചു. ഏഴുകൊല്ലം പഠിച്ചു. ഇരുപത്തിയാറുകൊല്ലം ജോലിചെയ്തു.

ഏറ്റവും മൂത്തതു ഞാനാണ്. എനിക്കു രണ്ടു സഹോദരിമാരും ഒരു അനുജനുമാണ്. ഒരു അനുജത്തി മുംൈബയിലാണ് – ശ്രീപാർവതി. അവരുടെ ഭർത്താവു രാജഗോപാലൻ കർത്താ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ഉദ്യോഗസ്ഥനാണ്. അറ്റോമിക് എനർജി എനിക്കു താൽപര്യമുള്ള വിഷയമായിരുന്നതുകൊണ്ട് എംഎസ്‍സി കഴിഞ്ഞു ഞാനവിടെ അപേക്ഷിച്ചു. അവിടെ ട്രെയ്നിങ് സ്കൂളിൽ സിലക്‌ഷൻ കിട്ടി. അവിടെ അഡ്മിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ആ സമയം തന്നെ സെന്റ് തോമസ് കോളജിൽ അധ്യാപകനായി ജോലിയും കിട്ടി. അധ്യാപകനാകുക എന്നതിനായിരുന്നു പ്രഥമ പരിഗണന. അതുകൊണ്ടു കോളജിൽ ചേർന്നു. രണ്ടാമത്തെ സഹോദരി ജയശ്രീ ആലുവയിലാണ്. ഭർത്താവ് എസ്.എൻ.ശശിധരൻ കർത്താ. എനിക്ക് 23 വയസ്സുള്ളപ്പോഴാണ് അമ്മയുടെ മരണം. കോളജിൽ ജോലികിട്ടിയ ഉടനെയായിരുന്നു അത്. ആ സമയം ശ്രീപാർവതിയുടെ കല്യാണം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അമ്മയുടെ മരണം ഞങ്ങളുടെ കുടുംബത്തെ വല്ലാതെ ബാധിച്ചു. ഇന്നും അതൊരു വേദനയായി അവശേഷിക്കുന്നു. ഒരു ഓപ്പറേഷനിൽ സംഭവിച്ച പിഴവായിരുന്നു അത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്നുവെങ്കിലും അമ്മയെ രക്ഷിക്കാനായില്ല. അനുജൻ മുകുന്ദൻ, അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ. അവർ അച്ഛന്റെ കൂടെ പാലിയേക്കരയിലാണു താമസം; ചെറിയൊരു ഹോട്ടൽ നടത്തുന്നു.‌

C. Raveendranath മന്ത്രി സി രവീന്ദ്രനാഥ് ഭാര്യ പ്രഫ.വിജയത്തിനും മകൻ ജയകൃഷ്ണനുമൊപ്പം

അച്ഛൻ

അച്ഛൻ പീതാംബരൻ കർത്താ. സംസ്കൃത പണ്ഡിതനാണ്. സംസ്കൃതത്തിൽ കവിതകളെഴുതും. ഞാനും സഹോദരങ്ങളുമൊക്കെ പത്താംക്ലാസുവരെ സംസ്കൃതമാണു പഠിച്ചത്. അത് അച്ഛന്റെ പ്രേരണകൊണ്ടാണ്. എന്റെ അമ്മയുടെ ജ്യേഷ്ഠൻ ഗോപിനാഥൻ കർത്താ. അദ്ദേഹവും ഹെഡ്മാസ്റ്റർ ആയിരുന്നു. അച്ഛനും അമ്മാവനും പരസ്പരം കത്തെഴുതിയിരുന്നതു സംസ്കൃത കവിതയിലായിരുന്നു. ആ കത്തുകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അമ്മാവൻ ജീവിച്ചിരിപ്പില്ല. അച്ഛന് 92 വയസ്സായി. അച്ഛന്റെ ദിനചര്യകൾ കണ്ടാൽ വയസ്സായി എന്നു നമുക്കു തോന്നുകയില്ല. ഭക്ഷണമൊക്കെ സാധാരണപോലെ തന്നെ. ഷുഗറിന്റെ അസുഖമൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും വെജിറ്റേറിയനാണ്. നോൺവെജിറ്റേറിയന്റെ സ്വാദുപോലും അറിയില്ല.

ഇടതുപക്ഷവുമായി ആഭിമുഖ്യം

ചേരാനെല്ലൂർ കർത്താ എന്നാൽ ചേരാനെല്ലൂർ സ്വരൂപം എന്നാണ്. 7000 ഏക്കർ സ്ഥലം ഉണ്ടായിരുന്നു. അവിടെ രണ്ടു പതിനാറുകെട്ടും വീടും നാലു നാലുകെട്ടും കൂടിയതായിരുന്നു തറവാട്. അപ്പോൾ തന്നെ അതിന്റെ വലുപ്പം ഊഹിക്കാമല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഫ്യൂഡൽ കുടുംബം ആയിരുന്നു. അവിടെ വരുന്ന പണിക്കാരോടുള്ള ജൻമിയുടെ സമീപനങ്ങളിൽനിന്നാണ് ഈ വ്യവസ്ഥിതിയോട് എനിക്ക് എതിർപ്പു തോന്നിത്തുടങ്ങിയത്. സ്കൂൾ അവധിക്ക് അമ്മയുടെ ചേരാനെല്ലൂർ കുടുംബത്തിൽ പോകുമ്പോൾ, നൂറുകണക്കിനു പട്ടികജാതിക്കാരും പാവപ്പെട്ടവരും ഒക്കെ മൃഗതുല്യരായി ഇവിടെവന്ന് ഓച്ഛാനിച്ചു തമ്പ്രാക്കൻമാരുടെ കീഴിൽ നിൽക്കുന്നതു നേരിട്ടു കാണുകയാണ്. ഏഴായിരം ഏക്കർ ഭൂമി നമുക്ക്. ഭൂമിയില്ലാത്ത ഏഴായിരം പേർ നമുക്കുചുറ്റും. അതു തെറ്റാണെന്നു തോന്നി. അതുതന്നെയാണു മുൻപ് ഇഎംഎസിനും തോന്നിയത്. അതുകൊണ്ടാണു ഫ്യൂ‍ഡൽ കുടുംബങ്ങളിലുള്ള പലരും കമ്യൂണിസ്റ്റുകാരായത്. സംസ്കൃതം പഠിച്ചതുകൊണ്ടോ സംസ്കാരം പഠിച്ചതോ ഒന്നും അതിനു പ്രതിബന്ധമല്ല. ഒരു സാംസ്കാരികമായ ദർശനമാണു വേണ്ടത്. സംസ്കൃതവും വേദവും ഒക്കെ പഠിച്ചാൽ അതിന്റെ അടിസ്ഥാനം പ്രകൃതിയുടെ ഭാവങ്ങളാണ്. പ്രകൃതിയുടെ ഭാവം എന്നു പറഞ്ഞാൽ സമത്വമാണ്.

എനിക്കു രണ്ടുമൂന്നു വയസ്സായപ്പോഴാണു ഭൂപരിഷ്കരണമൊക്കെ നടപ്പായത്. ഭൂപരിഷ്കരണത്തോടെ തറവാട്ടിന്റെ ഒട്ടുമുക്കാലും പോയി. എറണാകുളത്തു പരമാര അമ്പലം, അതിന്റെ മുന്നിലെ ടൗൺഹാൾ, വരാപ്പുഴ പള്ളി ഇതൊക്കെ ചേരാനല്ലൂർ സ്വരൂപത്തിന്റെതായിരുന്നു. ഭൂപരിഷ്കരണത്തെ തുടർന്നു പോയതാണ്. അതൊക്കെ പോവുകതന്നെ വേണം. അതൊക്കെ സൂക്ഷിക്കാൻ ഞങ്ങൾക്ക് ഒരു അധികാരവും ഇല്ല. ഇനിയും ഭൂപരിഷ്കരണം വരണം എന്ന അഭിപ്രായക്കാരനാണു ഞാൻ. ഒരാൾ തന്നെ പതിനഞ്ച് ഏക്കർ വയ്ക്കുക. പതിന‌‍ഞ്ചു സെന്റ് പോയിട്ടു മൂന്നു സെന്റ് പോലും സ്വന്തമായി ഇല്ലാത്ത ആൾക്കാരുടെ നാടാണിത്. ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈയിൽ വീണ്ടും ഭൂമി കുന്നുകൂടുന്ന അവസ്ഥയാണ്. വ്യവസ്ഥിതിയുടെ പരിപ്രേക്ഷ്യത്തിലെത്തുമ്പോഴാണു നമുക്ക് ഇടതുചിന്ത ശരിയാണെന്നു തോന്നുന്നത്. എംഎസ്‍സിക്കു പഠിക്കുന്ന സമയത്തു ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായതാണ് ഉറച്ച നിലപാട് എടുക്കാൻ കാരണമായത്.

ശാസ്ത്രസാഹിത്യ പരിഷത്ത്

അച്ഛൻ പുരോഗമന ചിന്തഗതിക്കാരനായതുകൊണ്ടു വീട്ടിൽനിന്ന് എതിർപ്പുകളൊന്നും ഉണ്ടായില്ല. കോളജ് അധ്യാപകനായിരുന്നപ്പോഴും പരിഷത്ത് പ്രവർത്തനങ്ങളിൽ സജീവമായി. പരിഷത്തിൽ അന്നൊക്കെ പാരിസ്ഥിതിക സന്തുലനമാണു പ്രധാന വിഷയമായി ചർച്ച ചെയ്തിരുന്നത്. അതു വീട്ടിലും കുടുംബത്തിലുമുള്ളവരെ വല്ലാതെ ആകർഷിച്ചിരുന്നു. അതുകൊണ്ടു പരിഷത്ത് പ്രവർത്തകനാകുക എന്നതു വലിയൊരു അഭിമാനം തന്നെയായിരുന്നു. പരിഷത്ത് ക്ലാസുകളിൽ നിന്നാണു സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഉണ്ടായത്. അന്നു ഡോ. തോമസ് ഐസക്, ഡോ. ഇക്ബാൽ, എം.ശ്രീധരൻ, കെടിആർ, ഡോ. അരവിന്ദാക്ഷൻ തുടങ്ങിയവരൊക്കെ അതിന്റെ‌ അന്നത്തെ പ്രധാന സംഘാടകരായിരുന്നു. അവരുടെ ക്ലാസുകൾ ശരിക്ക് ആകർഷിച്ചു. ഞാൻ കെമിസ്ട്രി അധ്യാപകനായതുകൊണ്ടു പരിഷത്തിൽ ധാരാളം ക്ലാസുകളെടുക്കാൻ അവസരം കിട്ടി. പരിഷത്ത് പ്രാധാന്യം കൊടുത്തിരുന്ന വെള്ളം, സമ്പത്തിന്റെ നീതിപൂർവകമായ വിതരണം എന്നീ വിഷയങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ഏറ്റവും കൂടുതൽ ക്ലാസ്സെടുത്തിരിക്കുന്നത് സാമ്പത്തിക രംഗത്താണ്.
‘ജലം’ എന്ന വിഷയത്തെപ്പറ്റിയും ധാരാളം ക്ലാസുകൾ എടുത്തിട്ടുണ്ട്. ഭൂമിയിലുള്ള എല്ലാത്തിനും അടിസ്ഥാനം ജലമാണ്. ജീവന്റെ നിലനിൽപിനു തന്നെ കാരണം അതാണ്. ആ ജലം മലിനമാകുന്നു എന്നുള്ളതു ഭാവി തലമുറയ്ക്കു വലിയ ഭീഷണിയാണെന്നുള്ളതു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി, ക്ലാസുകൾ ഞാൻ എടുത്തിട്ടുണ്ട് അങ്ങനെയാണു രാസവളങ്ങൾ ഇല്ലാത്ത കൃഷി എന്ന ആശയത്തിലേക്കു വരുന്നത്. അശുദ്ധമായ വെള്ളത്തിനെ ശുദ്ധീകരിക്കാൻ ഒറ്റ വഴിയേ ഉള്ളൂ – കൃഷിചെയ്യുക. അതുകൊണ്ടാണ് എന്റെ മണ്ഡലത്തിൽ കദളിക്കൃഷിയും കയ്പയ്ക്ക കൃഷിയും ആരംഭിച്ചത്. അതു വലിയ വിജയമായി. എട്ടൊൻപതു കൊല്ലമായി അതു ഭംഗിയായി നടക്കുന്നു.

വ്യവസായങ്ങളെക്കാൾ പ്രധാനം കൃഷിയാണ് എന്ന സങ്കൽപം കടന്നുവന്നത് അങ്ങനെയാണ്. കൃഷി ഒരു സംസ്കാരമായി മാറ്റിയാലേ അതു നിലനിൽക്കുകയുള്ളൂ. അതിന്റെ ലാഭത്തിൽ മാത്രം നിലനിൽക്കില്ല. വിദ്യാർഥികളെയും ബോധവൽക്കരിക്കണം. നമ്മുടെ വിദ്യാഭ്യാസ മേഖലയെ പബ്ലിക് സെക്ടറിലേക്കു മാറ്റിയെടുത്താലേ അതു സാധിക്കൂ. കൃഷിയും ജലസംരക്ഷണവും, നീർത്തട സംരക്ഷണം എന്നിവയിലൊക്കെ പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാകണം. നിയമംകൊണ്ടൊന്നും പൂർണമായി നടക്കില്ല. പുതിയ തലമുറയ്ക്ക് അതിൽ ശ്രദ്ധയുണ്ടാകണമെങ്കിൽ കുട്ടികളിൽ ആ ബോധം ഉണ്ടാവണം. അതാണു പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന ആശയം ഉണ്ടാവാനുള്ള പ്രധാന കാരണം. സ്വകാര്യ സ്കൂളിൽ പോയാൽ ഇതൊന്നും കിട്ടില്ല. അവർ കുറെ ഭാഷ പഠിപ്പിക്കും എന്നല്ലാതെ സാമൂഹിക ആശയമൊന്നും അവിടെനിന്നു കിട്ടിയെന്നുവരില്ല. അതു നമുക്കു പബ്ലിക് സെക്ടറിലാണു സാധ്യമാവുന്നത്.
ആദ്യം കൊടകരയില്‍ എംഎൽഎ ആയപ്പോൾ അവിടെ കർഷകരെ സംഘടിപ്പിച്ചു കൃഷി തുടങ്ങി. കദളിക്കൃഷി, കയ്പക്കൃഷി എന്നിവയാണു പ്രധാനമായി, പിന്നെ എല്ലാത്തരം പച്ചക്കറികൾ. പിന്നെ നെല്ല്. നെല്ലുൽപാദനമൊക്കെ വളരെ വർധിച്ചു. നെല്ലു കൃഷി ചെയ്യുന്നതിന്റെ ഏരിയ വർധിച്ചു. കേരളത്തിൽ പാടങ്ങളുടെ വിസ്തൃതി മൊത്തത്തിൽ കുറഞ്ഞപ്പോൾ പുതുക്കാട്ട് അതു കൂടുകയാണു ചെയ്തത്.

C. Raveendranath നന്ദകുമാറും ഭാര്യ ഡോ.ലക്ഷ്മീദേവിയും മകളും

വിവാഹം

ഭാര്യ വിജയം. അവർ ബികോം, എംകോം റാങ്ക് ഹോൾഡറായിരുന്നു. വിമല കോളജിലായിരുന്നു പഠിച്ചത്. പഠിക്കാൻ മിടുക്കത്തിയായിരുന്നു. കേരളവർമ കോളജിൽ കൊമേഴ്സ് വിഭാഗം മേധാവിയായിരുന്നു. ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്. അച്ഛന്റെ അകന്ന ഒരു അമ്മാവന്റെ മകളാണ്. വളരെ കുട്ടിക്കാലത്തു തന്നെ ഞങ്ങൾ കണ്ടിട്ടുണ്ട്. എംകോം കഴിഞ്ഞു മുംബൈയിൽ ഒരു കമ്പനിയിൽ അവർക്കു ജോലിയായി. ആ സമയത്താണ് എന്റെ അമ്മ മരിക്കുന്നത്. പിന്നെ അനുജത്തിയുടെ വിവാഹം കഴിഞ്ഞു. പിന്നെ ഞാനും അച്ഛനും അനുജനും മാത്രമായി. ആ സമയത്ത് അടുക്കളയുടെ ചുമതല ഞാൻ ഏറ്റെടുത്തു. അമ്മയില്ലാതായപ്പോഴുള്ള സാഹചര്യം കൊണ്ടു പാചകം പഠിച്ചു. എല്ലാ കറികളും ഉണ്ടാക്കാൻ അറിയാം. അപ്പോഴാണു മുംബൈയിൽ അച്ഛൻ വിജയത്തെ നേരിട്ടു വിളിച്ച് വിവാഹക്കാര്യം അറിയിച്ചത്. അറേഞ്ച് ചെയ്ത് ഉണ്ടായ കല്യാണമാണ്.

സജീവരാഷ്ട്രീയത്തിലേക്ക്

1990 കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ സമയത്താണു ഞാൻ സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്. തുടർന്നു ജനകീയാസൂത്രണം വന്നു. പിന്നെ പാർട്ടി മെംബറായി. അതോടുകൂടി പാർട്ടിയായി പ്രധാനം. ജനകീയാസൂത്രണത്തിന്റെ ജില്ലാ കൺവീനറായി. പ്ലാനിങ് ബോർഡിന്റെ കൺസൽറ്റന്റായി. ആദ്യമായി ഇലക്‌ഷനെ അഭിമുഖീകരിക്കുന്നതു കൊടകരയിൽ നിയമസഭാ മണ്ഡലത്തിലാണ്. സഖാവ് പി.ആർ.രാജനാണ് അന്നു തൃശൂർ ജില്ലാ സെക്രട്ടറി. മുൻ എംപിയാണ്. അദ്ദേഹം രണ്ടു തവണ കൊടകരയിൽ മൽസരിച്ചിട്ടുണ്ട്. രണ്ടു തവണയും തോറ്റു. കെ.പി.വിശ്വനാഥനാണു വിജയിച്ചത്. ആ രണ്ടുവർഷവും ഇലക്‌ഷനു പ്രവർത്തിച്ചയാളാണു ഞാൻ. 2006ൽ രാജേട്ടൻ എന്നോടു പറഞ്ഞു, കൊടകരയിൽ മൽസരിക്കാൻ. ഞാൻ ജയിച്ചു. അപ്പോൾ പിണറായിയാണു സംസ്ഥാന സെക്രട്ടറി. അദ്ദേഹത്തിന്റെ സംഘാടന രീതി എന്നെ വല്ലാതെ ആകർഷിച്ചു. വളരെ ചിട്ടയോടുകൂടിയുള്ള പ്രവർത്തനം. നമുക്കു പല രീതിയിൽ ഒരാളോട് ആകർഷണമുണ്ടാകുമല്ലോ? ചിലർ പ്രസംഗം കൊണ്ട്, ആശയം കൊണ്ട്, പക്ഷേ, ചിട്ടയായുള്ള സംഘാടന രീതി... പാർട്ടിയിൽ വരുമ്പോൾ നമ്മൾ അതാണല്ലോ കാണുന്നത്. ലെഫ്റ്റ് സംഘടന കൊണ്ടുപോകുന്നതിന് ഒരു വ്യത്യസ്ത രീതിയുണ്ട്. ആ രീതി പെർഫെൿഷനിൽ കൊണ്ടുപോകാൻ അങ്ങനെയാണു വേണ്ടതെന്നു തോന്നും. ഇഎംഎസ് ആണ് എല്ലാ വിഭവ സ്രോതസ്സും. പുസ്തകങ്ങൾ മുഴുവൻ ഇഎംഎസിന്റെയാണു വായിച്ചത്. ആശയം മുഴുവൻ അവിടെ നിന്നാണു കിട്ടിയത്. സൗഹൃദം എന്ന നിലയിൽ അനിയേട്ടൻ (ഇ.എം.ശ്രീധരൻ) പിന്നെ തോമസ് ഐസക്, ഇക്ബാൽ...

നല്ലൊരു അധ്യാപകൻ

എനിക്ക് ഇഷ്ടപ്പെട്ട വിഷയമായിരുന്നു കെമിസ്ട്രി. അതുകൊണ്ടുതന്നെ പരമാവധി നന്നായി പഠിപ്പിക്കാൻ ശ്രമിച്ചു. യാന്ത്രികമായി കെമിസ്ട്രി പഠിപ്പിക്കാറില്ലായിരുന്നു. അതു ജീവിതവുമായി ബന്ധപ്പെട്ടാണു പഠിപ്പിക്കുക. സോഡിയം ക്ലോറൈഡ് പഠിപ്പിക്കുമ്പോൾ അതിനെ ജീവിതവുമായി ബന്ധപ്പെടുത്തി ഉപ്പാക്കി മാറ്റുമ്പോൾ ഉള്ള സാംസ്കാരികതലമുണ്ടല്ലോ, അതിനെ കണക്ട് ചെയ്തു പറയും. കെമിസ്ട്രി എല്ലാം അങ്ങനെ പറ്റും. അതായിരുന്നു രീതി.

മക്കൾ

മകൾ ലക്ഷ്മീദേവി ആയുർവേദ ഡോക്ടറാണ്. അവരുടെ വിവാഹം കഴിഞ്ഞു. നന്ദകുമാർ എന്നാണു ഭർത്താവിന്റെ പേര്. അദ്ദേഹം എൻജിനീയറാണ്. തിരുവനന്തപുരത്തു കരമനയാണു നന്ദകുമാറിന്റെ വീട്. അദ്ദേഹത്തിന്റെ അച്ഛൻ ഡോക്ടർ രാജു ആയുർവേദ കോളജിൽ പ്രഫസറായിരുന്നു. അവർ അമേരിക്കയിലാണ്. അവൾ അവിടെ സ്വന്തമായി ഒരു ക്ലിനിക് നടത്തുന്നു. അവൾക്കൊരു മകളുണ്ട് തീർത്ഥ. മകൻ ജയകൃഷ്ണൻ ആലുവയിൽ നിപുണ എന്ന കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലിചെയ്യുന്നു. അയാൾ വിവാഹം കഴിച്ചിട്ടില്ല. ഞാൻ തൃശൂർ കേരള വർമ കോളജിനടുത്ത് താമസിക്കുന്നു. അവിടെ പത്തുസെന്റ് സ്ഥലത്ത് ഒരു വീടുണ്ട്.


Your Rating: