Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ മാറിനിൽക്കുകയല്ല; പൊതുരംഗത്തു തന്നെയുണ്ട്: സിന്ധു ജോയ്

sindhu സിന്ധു ജോയ്

മലയാളികൾക്ക് പറഞ്ഞറിയിക്കണ്ട ഒരു വ്യക്തിയല്ല സിന്ധു ജോയ്. ജനനന്മ ലക്ഷ്യമാക്കിയുള്ള പല പ്രവർത്തനങ്ങളിലും സജീവമായി രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഒരുപോലെ തിളങ്ങിയ വ്യക്തിയാണ് സിന്ധു ജോയി. വളരെ സജീവമായിരുന്ന ഇടതുപക്ഷ ചിന്താധാരയിൽ നിന്ന് സിന്ധു ജോയി മാറി ചിന്തിച്ചത് കേരളം ഏറെ ചർച്ച ചെയ്തതാണ്. പിന്നീട് സജീവമായ പൊതു പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്ന സിന്ധു മനോരമ ന്യൂസിനോട് മനസ് തുറക്കുന്നു.

കേരളത്തിൽ വനിതകൾക്ക് സമത്വം ലഭിക്കുന്നുവെന്ന് തോന്നുണ്ടോ?

പഴയ കാലഘട്ടങ്ങളെ അപേക്ഷിച്ച് വനിതകൾ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാലും പൂർണമായും സമത്വം നൽകാൻ തയ്യാറുള്ള സമൂഹമല്ല കേരളത്തിലുള്ളത്. അത് കൊണ്ട് തന്നെ അധികാര മേഖലയിൽ സ്ത്രീകൾ ഉയർന്ന് വരേണ്ടത് അത്യാവശ്യമാണ്.

Sindhu Joy സിന്ധു ജോയ്

തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് സംവരണം നൽകുന്നതിനെക്കുറിച്ച്?

പഞ്ചായത്ത് തലങ്ങളിൽ നിലവിലുള്ള സംവരണ സമ്പ്രദായം നിയമസഭ പോലുള്ള ഉയർന്ന മേഖലകളിലേക്കും വരണമെന്നാണ് ആഗ്രഹിക്കുന്നത്. അത് വനിതകൾക്ക് കൂടുതൽ അവസരം നൽകാൻ സഹായിക്കും.

പൊതുരംഗത്ത് നിന്നുള്ള ഈ മാറി നിൽപിനെക്കുറിച്ച് ?

ഇതൊരു മാറി നിൽപല്ല. പൊതു രംഗത്ത് സജീവമാകാൻ രാഷ്ട്രീയം മാത്രമല്ല വഴിയുള്ളത്. സമൂഹത്തിന്റെ വിവിധ മേഖലയിലുളള പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള ആളുകൾക്ക് കൗൺസിലർ ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ.

Sindhu Joy സിന്ധു ജോയ്

രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തിയാൽ സിന്ധു ജോയി എന്ന വ്യക്തി?

ഇതു വരെ ചിന്തിക്കാത്ത വിഷയമാണത്. എന്ന് വച്ച് ഞാൻ ആത്മാന്വേഷണത്തിൽ ഒന്നുമല്ല. ബന്ധുക്കൾ‍ക്കും കൂട്ടുകാർക്കുമെപ്പം സമയം ചെലവിടാനാഗ്രഹിക്കുന്ന സാധാരണ സ്ത്രീയാണ് ഞാൻ. സുഹൃത്തുക്കൾക്ക് കത്തുകൾ അയയ്ക്കുകയും വിളിക്കുകയും ചെയ്യാറുള്ള സ്വാഭാവമാണ് എനിക്ക്. ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കടന്നു വരവോടെ അത് കുറേക്കൂടെ എളുപ്പമായി.

കുടുംബങ്ങളിലെ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച്?

നേരത്തെ കുടുംബങ്ങളിൽ പുരുഷന്മാർ ജോലി ചെയ്യുകയും സ്ത്രീകൾ വീട്ടുകാര്യങ്ങൾ നടത്തുകയും ചെയ്യുന്ന അന്തരീക്ഷമായിരുന്നു ഉണ്ടയിരുന്നത്. പക്ഷേ ഇന്ന് സാഹചര്യങ്ങളിൽ ഏറെ മാറ്റമുണ്ടായി എങ്കിലും വീട്ടുകാര്യങ്ങൾക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ പങ്ക് വക്കാൻ പോലും ആരും മുന്നോട്ട് വരാത്തത് ഖേദകരമാണ്.

Sindhu Joy സിന്ധു ജോയ്

കേരളത്തിൽ നിലവിലുള്ള സ്ത്രീ സുരക്ഷയെക്കുറിച്ച്?

കേരളത്തിൽ സ്ത്രീകൾ സുരക്ഷിതയാണെന്ന ധാരണ എനിക്ക് ഇല്ല, അങ്ങനെ പറയാൻ പറ്റില്ല. തികച്ചും യാഥാസ്തികമായിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. അകാരണമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സുരക്ഷയായി കാണുന്നത് കാഴ്ചപാടിലെ തകരാർ ആണെന്നാണ് ഞാൻ കരുതുന്നത്.

ഇരകൾ ആകുന്ന സ്ത്രീകളോടുള്ള കേരള സമൂഹത്തിന്റെ നിലപാട്?

ഇരകൾ ആവുന്നവർ വേട്ടയാടപ്പെടുകയും കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇരകൾക്ക് നീതി ലഭിക്കാൻ കുടുംബത്തിന്റെ പോലും പിന്തുണ ലഭിക്കാത്തതാണ് നിലവിലെ സാഹചര്യം.

Sindhu Joy സിന്ധു ജോയ്

രാഷ്ട്രീയത്തിലെ ചുവട്മാറ്റത്തെക്കുറിച്ച്?

ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും എന്റെ തീരുമാനങ്ങൾ ഏറെ ചിന്തിച്ചാണ് എടുത്തിട്ടുള്ളത്. വളരെ ആസ്വദിച്ച് ചെയ്തിരുന്ന ഒന്നായിരുന്നു രാഷ്ട്രീയ പ്രവർത്തനവും. ഇടത്പക്ഷത്ത് നിന്നുള്ള ചുവട്മാറ്റം ഒരു നഷ്ടമായി തോന്നിയിട്ടില്ല. പൊതു രംഗത്ത് നിന്നുള്ള മാറിനിൽപും ഞാൻ ആസ്വദിക്കുന്നുണ്ട്.

റിയാലിറ്റിഷോയും തുടർന്നുണ്ടായ വിമർശനങ്ങളിലെ നിശബ്ദതയെയും കുറിച്ച്?

ആ റിയാലിറ്റിഷൊ ശരിക്കും പറഞ്ഞാൽ റിയൽ അല്ലായിരുന്നു. അത്തരം ഒരു ഫോർമാറ്റിൽ മലയാളത്തിൽ ചിത്രീകരിച്ച ആദ്യ പരിപാടി ആയിരുന്നു അത്. അവിടെ നടന്നതെല്ലാം റിയൽ ആണെന്ന ധാരണയാണ് വിമർശനം ഉണ്ടാക്കിയത്. പിന്നെ തുടർച്ചയായി ക്യാമറക്കു മുന്നിൽ എത്തപ്പെടുമ്പോൾ ഒരു ഘട്ടം കഴിഞ്ഞാൽ അവിടെ ക്യാമറ ഉണ്ടെന്ന കാര്യം നമ്മൾ മറന്ന് പോകും. അത് കൊണ്ട് തന്നെ കാമ്പില്ലാത്ത വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല.

Sindhu Joy സിന്ധു ജോയ്

പൊതുപ്രവർത്തനത്തിൽ തിരിച്ചെത്തുമോ?

അതിന് കൃത്യമായ ഒരു ഉത്തരം പറയാനില്ല. ഇപ്പോൾ രാഷ്ട്രീയത്തിലേക്കൊരു പുനപ്രവേശത്തിനുള്ള കാരണം ഞാൻ കാണുന്നില്ല. എന്നുവച്ച് ഒരിക്കലും തിരിച്ച് വരില്ല എന്ന് പറയാനും കഴിയില്ല.

സ്ത്രീകൾ ഏതു മേഖലയിൽ ആണെങ്കിലും സ്വന്തം ശക്തി തിരിച്ചറിയണം. അങ്ങനെ വന്നാൽ പിന്നെ അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഒരുപാട് കുറയുമെന്നാണ് പൊതുജീവിതത്തിൽ നിന്ന് മാറി നിൽക്കുന്ന സിന്ധുവിന് പറയാനുള്ളത്.

Your Rating: