Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പരം കൈകോർത്തു പിടിച്ചു പിറന്ന ഇരട്ടകൾ വളർച്ചയിലും കൗതുകമാകുന്നു 

Twins ജെന്നയും ജില്ലിയാനും അമ്മയ്ക്കൊപ്പം

ഒരു ചിപ്പിക്കുള്ളിൽ രണ്ടു മുത്തുകൾ എന്ന പോലെയായിരുന്നു ഓഹിയോ സ്വദേശികളായ  ജെന്നയുടെയും ജില്ലിയാന്റെയും ജനനം. 2014 മെയ് മാസത്തിൽ സിസേറിയനിലൂടെ ഇരുവരെയും പുറത്തെടുക്കുമ്പോൾ ലേബർ റൂമിൽ ഡോക്ടർ ഉൾപ്പെടെ എല്ലാവരും ഒന്നു ഞെട്ടി. കാരണം തന്റെ ഇരട്ട സഹോദരിയുടെ കൈ നെഞ്ചോടു ചേർത്തു മുറുകെ പിടിച്ചു കൊണ്ടായിരുന്നു ഇരുവരും പിറന്നു വീണത്. പ്രസവം നോക്കുന്ന ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം വളരെ അപൂർവമായ ഒരു കാഴ്ചയായിരുന്നു അത്. 

എന്താണ് ഈ കുഞ്ഞുങ്ങളെ വ്യത്യസ്തരാകുന്നത് എന്നല്ലേ? ഗർഭപാത്രത്തിൽ ഇരുവരും ഒരേയൊരു അമ്നിയോട്ടിക്ക് ഏരിയയാണ് പങ്കിട്ടിരുന്നത് എന്നത് തന്നെ. ഇരട്ടകളെ സംബന്ധിച്ചിടത്തോളം ഗർഭകാലത്ത് ഉണ്ടാകാവുന്ന സങ്കീർണവും എന്നാൽ വളരെ അപൂർവവുമായ ഒരു പ്രശ്‌നമാണിത്. സാധാരണ സന്ദർഭങ്ങളിൽ ഗർഭാശയത്തിൽ രണ്ടു കുട്ടികളും രണ്ടു വ്യത്യസ്ത അമ്നിയോട്ടിക് അറകളിലാണ് ഉണ്ടാകുക. 

Twins ജെന്നയും ജില്ലിയാനും ജനന സമയത്ത്

10000 പ്രസവങ്ങൾ എടുത്തു നോക്കിയാൽ അതിൽ ഒരെണ്ണം മാത്രമാണ് ഇത്തരത്തിൽ ഉണ്ടാകുക. ഗർഭകാലം 7 മാസം പിന്നിട്ടപ്പോഴാണ് കുട്ടികളുടെ അവസ്ഥ ഇതാണ് എന്നു അറിയുന്നത്. പിന്നീടങ്ങോട്ട് അമ്മയ്ക്ക് ശക്തമായ വിശ്രമത്തിന്റെ കാലമായിരുന്നു. ഒടുവിൽ 2014 മെയ് മാസത്തിൽ മദേഴ്‌സ് ഡേയ്ക്ക് രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ പ്രസവം നടന്നു. 

45 സെക്കന്റ് വ്യത്യസത്തിലാണ് ഇരുവരെയും പുറത്തെടുത്തത്. ഇപ്പോൾ ജെന്നക്കും ജില്ലിയാനും രണ്ടു വയസ്സായി. ഗർഭപാത്രത്തിൽ വച്ച നെഞ്ചോടു ചേർത്ത ആ കൈകൾ ഇപ്പോഴും വിട്ടിട്ടില്ല. ഇരുവർക്കും പരസ്പരം പിരിഞ്ഞിരിക്കാൻ സാധിക്കുകയെയില്ല. ജെന്ന കരഞ്ഞാൽ ഉടൻ ജില്ലിയാനും കരയും. മറ്റു ഇരട്ടകളെക്കാളും ഏറെ ആത്മബന്ധം ഇരുവരും തമ്മിലുണ്ടെന്നു പറയുന്നു ഇവരുടെ അമ്മ.

എന്നു കരുതി ഇവർ അത്ര പാവങ്ങളാണ് എന്നു കരുതണ്ട. കരച്ചിലിലും സ്നേഹത്തിലും മാത്രമേ ഈ ഒറ്റക്കെട്ടു മനോഭാവം ഉള്ളു. കുസൃതിയുടെ കാര്യത്തിൽ രണ്ടുപേരും ബഹുകേമികളാണ്. ജെന്ന കുസൃതി ഒപ്പിച്ച ശേഷം അതു ചെയ്തതു ജില്ലിയാണ് ആണ് എന്നു പറയും. ജില്ലിയാനും അങ്ങനെ തന്നെ. കാഴ്ചയിലും രണ്ടുപേരും കാർബൺ കോപ്പി.