Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ പപ്പൂ... സ്നേഹത്തോടെ എന്നും നിന്റെ അമ്മൂ

Jiji Jogy

കാഞ്ചനമാലയുടെയും മൊയ്തീന്റെയും കഥകൾ കൊട്ടിഘോഷിക്കുന്നവർ എന്തേ പപ്പുവിന്റെയും അമ്മുവിന്റെയും പ്രണയം കാണാതെ പോകുന്നു. ജോഗി ജിജിയുടെ സ്വന്തം പപ്പുവായിരുന്നു. ഒരുപാട് സ്നേഹിച്ച് ഒന്നും പറയാതെ പോയ പപ്പൂ. ഒരു ഭാര്യയ്ക്ക് ഭർത്താവിനെ ഇത്രമാത്രം സ്നേഹിക്കാനാകുമോയെന്ന് അത്ഭുതം തോന്നും ജിജിയുെട പപ്പുവിനായുള്ള കത്തുകൾ വായിച്ചാൽ.

ചില കൈനീട്ടങ്ങൾ കൈനേട്ടങ്ങൾ കൂടിയായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നത് കാലമാണ്. നമ്മളിൽ നിന്ന് ഓരോരുത്തരും ഓരോന്നും അകന്നു പോകുമ്പോഴാണല്ലോ അതിന്റെ വില അറിയുന്നത്. അത്തരമൊരു നഷ്ടത്തിന്റെ ആഴമാണ് ജിജി ജോഗി പപ്പുവിന് എഴുതുന്ന കത്തുകൾ. പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങൾ ചിത്രലേഖയേയും കപിലയേയും സ്വന്തം അമ്മുവിനെയും തനിച്ചാക്കി ജോഗി പോയിട്ട് അഞ്ചുവർഷം കഴിയുന്നു. ഇന്നും ജോഗി നെഞ്ചില്‍ചേര്‍ത്ത് നിറുത്തി ഭ്രാന്തമായി പകര്‍ന്ന പ്രണയവും ഓർമകളും ഊർജമാക്കി ജിജി ജീവിക്കുന്നു.

അഞ്ചുവർഷം മുമ്പ് ഒരു ഏപ്രിൽ 13നായിരുന്നു കലാകാരനും സിനിമാനടനുമായ സന്തോഷ് ജോഗി മലയാളികളെ വിട്ടു പിരിഞ്ഞത്. ഗസലുകളെ സ്നേഹിച്ച, എഴുത്തുകളെ ഇഷ്ടപ്പെട്ട സന്തോഷ് ജോഗിയുടെ മരിക്കാത്ത പ്രണയത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ജിജി:

ഇന്നും പപ്പൂ എന്റെ അടുത്ത് നിന്നും പോയി എന്ന് എനിക്ക് തോന്നാറേയില്ല. അകന്നു പോയി എന്നു തോന്നിയാൽ അല്ലേ പ്രശ്നമൊള്ളൂ. എല്ലാ ദിവസവും കൂടുതൽ കൂടുതൽ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്റെ എഴുത്തുകളിലൂടെ ഒരുപക്ഷെ അടുപ്പിക്കാൻ ശ്രമിക്കുകയാണ്.

ഒരു കലാകാരന്റെ എല്ലാവിധ സ്വഭാവസവിശേഷതയുമുള്ള ആളായിരുന്നു അദ്ദേഹം. എവിടെ പോകുന്നു? എങ്ങോട്ടു പോകുന്നു? എന്നു പോലും പറയാതെയാകും വീട്ടിൽ നിന്നും പോവുക. അതുകൊണ്ടു തന്നെ ജോഗി മരിച്ചു എന്ന് വിശ്വസിക്കാൻ എനിക്ക് താൽപ്പര്യമില്ല. ആ സ്നേഹത്തിലും ഭ്രാന്തമായ പ്രണയം ഉണ്ടായിരുന്നു. ജോഗിയുടെ ഭാര്യ എന്ന് അറിയപ്പെടാനല്ല, എന്നും ഒപ്പമുള്ള പ്രണയിനി എന്ന് അറിയപ്പെടാനാണ് എനിക്ക് ഇഷ്ടം.

മരിച്ചിട്ടും മായാത്ത പ്രണയം മനസ്സിൽ ഉള്ളതുകൊണ്ടാണ് ജീവിതത്തിൽ ചിരിക്കാൻ സാധിക്കുന്നത്. എന്നെ പ്രതീക്ഷിക്കുന്ന പുഞ്ചിരിക്കുന്ന മുഖങ്ങൾ വീട്ടിലുണ്ട്. എന്റെ മക്കൾ കപിലയും ചിത്രലേഖയും. ഞാൻ കരഞ്ഞാൽ അവർക്കും വിഷമം ആകും. അതുകൊണ്ട് കരയാൻ പോകാറില്ല. ഇന്നും എന്തു വിശേഷം ഉണ്ടെങ്കിലും അത് ആഘോഷിക്കാൻ ജോഗിയുടെ വീട്ടിലെത്തും. ഇത്തവണത്തെ വിഷുവും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. മകൾക്കു വേണ്ടി അമ്മ കണിയൊരുക്കി, പാൽപ്പായസമുണ്ടാക്കി, എല്ലാവരും ഒന്നിച്ചിരുന്ന് സദ്യയുണ്ടു, അപ്പോഴെല്ലാം ജോഗി എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.

ഒരു കലാകാരനെന്ന നിലയിൽ നേട്ടങ്ങളുണ്ടാക്കി വരുമ്പോഴായിരുന്നു ജോഗി പോയത്. ഇന്നും എപ്പോഴൊക്കെ അദ്ദേഹത്തിന്റെ സിനിമ ടിവിയിൽ വരുന്നോ അപ്പോഴെല്ലാം കാണാൻ ശ്രമിക്കാറുണ്ട്. എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് കീർത്തിചക്രയിലെ ഹുദാസെ മന്നത്ത് സെ മേരി. ഒരു അഭിനേതാവിനെക്കാൾ കൂടുതൽ എഴുത്തുകാരനും പാട്ടുകാരനുമാകാനായിരുന്നു ജോഗിക്ക് ഇഷ്ടം. എന്റെ എഴുത്തിലൂടെ ജോഗിയുടെ സാമിപ്യം എന്നിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ഞാൻ നോക്കുന്നത്. കണ്ണ് അടച്ചാൽ അദ്ദേഹം എന്റെ അടുത്ത് ഉള്ളതുപോലെയാണ് എനിക്ക് തോന്നുന്നത്.

ജിജിയുടെ കത്തുകളിൽ ഒന്ന്:

പപ്പൂ... എല്ലാ ഓര്‍മ്മകളും നിന്നിലേക്കാണ് വന്നു ചേരുന്നത്... പാട്ടുകളും സിനിമകളും പുസ്തകങ്ങളുമെല്ലാം തന്നെ നിന്നെയോര്‍മ്മിപ്പിക്കുന്നു...

ആര്യങ്കാവ് ക്ഷേത്രത്തില്‍സംഗീത പരിപാടിക്കുള്ള യാത്രക്കിടയിലാണ് നിന്നെയാദ്യം കണ്ടത്...കയ്യില്‍ഒരു പുസ്തകവും തുറന്നുവെച്ച്, ഇടയ്ക്കു വായിച്ചും ഇടയ്ക്ക് കലപില കൂട്ടിയും ഒരാള്‍..ആദ്യമാദ്യം ശ്രദ്ധിച്ചില്ല..പക്ഷേ, പിന്നീട് തോന്നി , മറ്റുള്ളവരേക്കാള്‍വ്യത്യസ്തമായിട്ടാണല്ലോ സംഭാഷണ ശൈലിയെന്ന് ...പരിപാടി തുടങ്ങുന്നതിനു മുന്‍പുള്ള ഒരിത്തിരി സമയത്തിനിടയ്ക്കാണ് പരിചയപ്പെടുന്നത്...പക്ഷേ , ട്വിസ്റ്റ്‌ അവിടെയൊന്നുമായിരുന്നില്ല....നിന്‍റെയും എന്‍റെയും കയ്യിലുണ്ടായിരുന്ന പുസ്തകങ്ങള്‍ഖലീല്‍ജിബ്രാന്‍റെ “ദൈവം പ്രണയം സംഗീതം” എന്നതായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് കഥ മാറാന്‍തുടങ്ങിയത്(ചില സിനിമകളില്‍കാണുന്ന പോലെ ല്ലേ ?) ...

പ്രോഗ്രാം തുടങ്ങി ...ആദ്യത്തെ ഹിന്ദി ഗാനം നമ്മള്‍ഒന്നിച്ചു പാടി ..ഓര്‍മ്മയുണ്ടോ ? “ കഹോനാ പ്യാര്‍ഹേ ..” ഹിറ്റ്‌ ആയി നില്‍ക്കുന്ന സമയമായിരുന്നു അത് ...നീ തുടങ്ങി ...” ഐ ലവ് യൂ ....’”( അതായിരുന്നു ആ പാട്ടിന്‍റെ തുടക്കം )...പാട്ട് നമ്മള്‍തകര്‍ത്തു...ആരൊക്കെയോ വന്ന് നിന്നെ എടുത്തുയര്‍ത്തി...അവരെല്ലാം അഭിനന്ദിച്ചുകൊണ്ടിരുന്നപ്പോള്‍നീ പറഞ്ഞത് എന്തായിരുന്നൂന്നോ ?...” എന്‍റെ കഴിവല്ല , എന്‍റെ കൂടെപ്പാടിയ ആളുടെ കഴിവാണെന്ന് ...”

ഹോ ...ഞാനങ്ങു നാണിച്ചു പോയി...(നീ അതിനേക്കാള്‍വലിയത് പറയുന്ന വില്ലനാണെന്ന് പിന്നീടല്ലേ മനസ്സിലായത്‌ ...!!!) എന്തായാലും , അനത്തെ തിരിച്ചു പോക്കിനുള്ളില്‍നമ്മള്‍നല്ല കൂട്ടായി ...(ഞാന്‍നിന്‍റെ ആ വല്ലാത്ത വലയത്തില്‍പെട്ടുപോയി എന്നതാവും ശരി ...!!) അന്നെനിക്കറിയില്ലായിരുന്നല്ലോ , ഇതെന്‍റെ ജീവനാകാന്‍പോകുന്നവനാണെന്ന് ...!!!

പപ്പൂ , ഞാനോര്‍ക്കുകയാണ് ...ഒരിക്കല്‍കൂടി ആര്യങ്കാവിലെ ആ സംഗീത പരിപാടി പുനസൃഷ്ടിച്ചാലോയെന്ന് ...” അടുത്തതായി കഹോനാ പ്യാര്‍ഹേ എന്ന ഹിന്ദി ഗാനം ആലപിക്കുന്നു സന്തോഷ്‌ ആന്‍ഡ്‌ ജിജി ...” എന്ന് വിളിച്ചു പറയുമ്പോള്‍നീയൊരു മാന്ത്രികനെപ്പോലെ പാറി വന്ന് എന്‍റെ യൊപ്പം പാടാന്‍തുടങ്ങിയാലോ...??

അത്യാഗ്രഹത്തോടെ

നിന്‍റെ അമ്മു .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.