Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടം മാത്രമല്ല കാമാത്തിപുരവുമുണ്ട് കൊച്ചിയിൽ

image

കൽക്കട്ടയിലെ കാളിഘട്ടിന്റെ സമീപത്തുള്ള നടപാലത്തിൽവച്ചാണ് ആദ്യമായി അവനായി മാറിയ അവളുടെ കൂട്ടത്തെ കാണുന്നത്. കടുത്ത നിറമുള്ള വസ്ത്രങ്ങളും ചുണ്ടിൽ ലിപ്സ്റ്റിക്കും ഉറക്കം കനംതൂങ്ങിയ കണ്ണുകളും ചായംപൂശിയ മുഖവുമായി അവർ ഇടപാടുകാരെ കാത്ത് പാലത്തിന്റെ ഇരുവശവും നിൽക്കുന്നത് കാളിഘട്ടിലെ സ്ഥിരം കാഴ്ച്ചയായിരുന്നു. കാളിമായെ പ്രാർഥിക്കാൻ വരുന്നതിനോടൊപ്പം കാമാർത്തി തീർക്കാൻ അവളായി മാറിയ അവനെ വിലപേശുന്ന പകൽമാന്യർ സ്വതന്ത്രഭാരതത്തിലെ ദയനീയമായ ഒരു മുഖമായിരുന്ന. പിന്നീട് ചേരികൾ നിറഞ്ഞ മുംബൈയിലെയും ബ്യൂറോക്രസിയുടെ തലസ്ഥാനമായ ഡൽഹിയിലെയും ഐടിനഗരമായബാംഗ്ലൂരിലെയും മല്ലിപ്പൂ മണമുള്ള കോയമ്പത്തൂരിലെയും തെരുവുകളിൽ ഇവരെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും നമ്മുടെ നാട്ടിൽ അതായത് വളർന്നു വലുതാകാൻ വെമ്പുന്ന വിശാലകൊച്ചിയിൽ ഇങ്ങനെയൊരു മാംസവിൽപനയുടെ കാഴ്ചകാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.

നഗരം ഉറക്കത്തിലാണ്ട രണ്ടുമണി സമയത്തായിരുന്നു ചിറ്റൂർ റോഡിലൂടെ കലൂരിൽ നിന്നും സൗത്ത് റെയിൽവേസ്റ്റേഷനിലേക്ക് യാത്രതിരിച്ചത്. ഇടയ്ക്കെപ്പോഴോ വഴിതെറ്റി ഇരുട്ടുകട്ടപിടിച്ച ഇടവഴിയിലെത്തിയപ്പോഴാണ് ആദ്യമായി കൊച്ചിയിൽ കണ്ണിൽ പ്രതീക്ഷയുടെ തീനാളവുമായി നിൽക്കുന്ന അവളെ കാണുന്നത്. ഒരാൾ മാത്രമായിരിക്കുമെന്നു കരുതി എന്നാൽ പിന്നീട് മുന്നോട്ടുള്ള വഴികളിൽ കൊച്ചിയിലെ പലയിടങ്ങളിലായി കണ്ടത് ഇടനിലക്കാരെ കാത്തുനിൽക്കുന്ന അവരുടെ കൂട്ടത്തെയാണ്. ട്രാൻജെൻഡേഴ്സ് അഥവാ ഭിന്നലിംഗവിഭാഗക്കാർ കൊച്ചിയുടെ ഇരുട്ട്‌വാഴുന്ന കാഴ്ച്ച കണ്ട് ആദ്യം ഒന്നു പകച്ചു. 

life representative image

ചിലർ തേടിയെത്തുന്നവനോട് വിലപറയുന്നു, ചിലർ ആവശ്യക്കാരെ തേടിയിറങ്ങുന്നു. ചിലർ കടത്തിണ്ണയിൽ ഇരുട്ടിന്റെ മറപറ്റി കാമം തീർക്കുന്നു. കാമം തീർത്ത ഒരുവൾ അർദ്ധനഗ്നയായി വന്നുപെട്ടത് കാറിന്റെ മഞ്ഞവെളിച്ചത്തിലേക്കായിരുന്നു. ഓരോരുത്തർക്കും ഓരോ മുഖങ്ങൾ എന്നാൽ എല്ലാമുഖങ്ങൾക്കും ദൈന്യതയുെട ഒറ്റമുഖമായിരുന്നു. ഒരിക്കലും മായാത്ത സങ്കടത്തിന്റെ വലിയ ചുളുവുകളിൽ അവർ ചായം പൂശി ഇറങ്ങുന്നത് കാമം തീർക്കാൻ വേണ്ടി മാത്രമായിരുന്നില്ല. ഒരുനേരത്തെ അന്നത്തിന് വേണ്ടിയായിരുന്നു, ഒരിറ്റു സ്നേഹത്തിന് വേണ്ടിയായിരുന്നു സ്വന്തം അസ്തിത്വം പോലും തുറന്നുപറയാൻ സാധികാത്തവർക്ക് ജീവിക്കാൻ വേറെ മാർഗം എവിടെ? ഒരു കള്ളനും കൊലപാതകിയ്ക്കും പറയാനുള്ള കഥ പോലെയല്ല ട്രാൻജെൻഡേഴ്സിന്റെ കഥ. അവരെ ഇൗ ഒരു അവസ്ഥയിലേക്ക് തള്ളിയിട്ടതിന്റെ തൊണ്ണൂറു ശതമാനം ഉത്തരവാദിത്വം കേരളസമൂഹത്തിനും ഭരണവർഗത്തിനും തന്നെയാണ്.

അസ്തിത്വം തുറന്നുപറഞ്ഞ 400ൽ അധികം ട്രാൻസ്ജെൻഡേഴ്സ് കൊച്ചിയിലുണ്ട്. തുറന്നുപറയാതെ ജീവിക്കുന്നവർ എണ്ണത്തിൽ പിന്നെയും കൂടും.  തുറന്നുപറഞ്ഞവരിൽ പലരും തെരുവിലാണ് അഭയം തേടിയിരിക്കുന്നത്.  കേരളത്തിന്റെ കണക്കെടുത്താൽ എണ്ണം 5000നോട് അടുക്കും. ഭിന്നലിംഗവിഭാഗക്കാർ ഇന്ന് കൊച്ചിയിൽ മാത്രമല്ല ഉള്ളത്. പാലക്കാട്, കോട്ടയം കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ഇവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നുണ്ട്. 

life representative image

ട്രാൻജെൻഡർ നിയമം കേരളത്തിൽ പ്രാബല്യത്തിൽ വന്നതുമുതലാണ് ഇതരസംസ്ഥാനങ്ങളിലേയ്ക്ക് ഒളിച്ചോടിപ്പോയ പലട്രാൻജെൻഡേഴ്സും തിരികെ സ്വന്തം നാട്ടിലെത്തിയത്. നിങ്ങളുടെ നാട്ടിൽ നിയമം വന്നു ഇനി ഞങ്ങളുടെ നാട്ടിൽ നിങ്ങൾ ജീവിക്കേണ്ട എന്ന മനോഭാവമാണ് ഇതരസംസ്ഥാനത്തുള്ള ഭിന്നലിംഗകാർക്ക് മലയാളികളായവരോടുള്ളത്. അവിടെ നിന്നുള്ള സമർദ്ദം താങ്ങാനാവാതെയാണ് പലരും നാട്ടിൽ തിരിച്ചെത്തുന്നത്. ഇനിയുള്ള കാലം സ്വന്തം നാട്ടിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാമെന്നു വിചാരിച്ചെത്തുന്നവരെ തെരുവിലേക്ക് ഇറക്കുന്നത് സമൂഹമാണ്. ഏതെങ്കിലും ജോലി കിട്ടിയാലും കടുത്ത ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരകളാകുന്നതോടെ കിട്ടിയ ജോലി ഉപേക്ഷിച്ച് ജീവിക്കാൻ ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരമൊരു അവസ്ഥയ്ക്ക് അവസാനമുണ്ടാകണമെങ്കിൽ വീടുകളിൽ നിന്നുതന്നെ അവബോധം ഉണ്ടാകണം.

വീട്ടുകാരുടെയും നാട്ടുകാരുടെയും സഹപാഠികളുടെയും അവഗണനയും പരിഹാസവും കുത്തുവാക്കുകളും സഹിക്കാനാവാതെ ഇരുപതാമത്തെ വയസ്സിൽ ബാംഗ്ലൂരിലേക്ക് നാടുവിട്ടതാണ് കൊല്ലം സ്വദേശിയായ സോനു (യഥാർഥ നാമമല്ല). ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ട്രാൻജെൻഡറായതിന്റെ പേരിൽ ജോലി ഒന്നുലഭിച്ചില്ല. ബാംഗ്ലൂരിൽ കുറച്ചുനാൾ ഹിജഡകളോടൊപ്പം തെരുവിൽ ലൈംഗികതൊഴിലാളിയായി കഴിഞ്ഞു, ഇതുവഴി ശസ്ത്രക്രിയയിലൂടെ പുരുഷന്റെ ശരീരം വെടിഞ്ഞ് സോനു പൂർണ്ണമായും പെണ്ണായി. എന്നാൽ നിയമം വന്നതോടെ ബാംഗ്ലൂരിൽ നിൽക്കാൻ സാധിക്കാതെ കേരളത്തിലേക്ക് തിരിച്ചുപോന്നു. കൊച്ചിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി കിട്ടി. എന്നാൽ അവിടെ നിന്നും ഏൽക്കേണ്ടി വന്ന ക്രൂരമായ ശാരീരക പീഡനം സോനുവിനെ വീണ്ടും തെരുവിലെത്തിച്ചു. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും തെരുവിലിറങ്ങേണ്ടി വന്ന സോനുവിന്റെ അവസ്ഥ ഇതാണെങ്കിൽ വിദ്യാഭ്യാസം പോലും നേടാനാകാത്തവരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. 

സോനുവിനെപ്പോലെ ഒന്നും രണ്ടും പേരല്ല കൊച്ചിയിൽ ഉള്ളത്. ഫ്രീക്കന്മാരും കഞ്ചാവു മാഫിയകളും ക്രിമിനലുകളും അഫ്കാരികളും ദളിതരും  മാത്രമുള്ള കൊച്ചിയല്ല ഇന്നത്തെ കൊച്ചി. മനുഷ്യത്വത്തിന്റെ ഒരുതുള്ളിയ്ക്കായി യാചിക്കുന്ന ഇതുപോലെയുള്ള അനേകരുടെ കണ്ണീരുപ്പു കൊണ്ട് നനഞ്ഞതാണ് കൊച്ചിയുടെ രാത്രികൾ. കമ്മട്ടിപാടങ്ങൾ മാത്രമല്ല കാമാത്തിപുരവുമുള്ള കൊച്ചിയാണ് യഥാർഥ കൊച്ചി. ഇത്തരം നിസഹായമായ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമാണ്.

വീട്ടിൽ നിന്ന് തുടങ്ങണം നിയമം

ട്രാൻജെൻസേഴ്സ് തെരുവിലിറങ്ങി ഭിഷാടനവും ലൈംഗികതൊഴിലും നടത്തുന്നത് കൊച്ചിയിൽ സ്ഥിരം കാഴ്ച്ച ആകാതിരിക്കണമെങ്കിൽ ഈ അവസ്ഥയെക്കുറിച്ചുള്ള അവബോധം വീട്ടിൽ നിന്നു തുടങ്ങണം. ഒരു കുട്ടിയുടെ മാനസികവ്യാപാരവും വ്യക്തിത്വ വികസനവും പൂർണ്ണതയിലേക്കെത്തുന്ന കാലഘട്ടമാണ് കൗമാരം. ആ പ്രായത്തിലായിരിക്കും ശരീരവും മനസ്സും ട്രാൻജെൻഡറിസം പ്രകടമാക്കുന്നത്. സ്ത്രീ ശരീരത്തിലെ പുരുഷനായും, പുരുഷ ശരീരത്തിലെ സ്ത്രീയായും ജീവിക്കുക കഠിനകരമായ അവസ്ഥയാണ്. അത്തരം അവസ്ഥയിൽ കുറ്റപ്പെടുത്തൽ അല്ല വേണ്ടത്, കരുതലാണ്. മകനോ മകളോ ട്രാൻജെൻഡറിസം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത്. ട്രാൻജെൻഡറിസം ഒരു മാനസികരോഗമോ വൈകൃതമോ ഒന്നുമല്ല, അതൊരു അവസ്ഥയാണ് ഹോർമോണിന്റെ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും ഒരു ട്രാൻജെൻഡർ ശിശു പിറക്കാം. അവനോട്‌/അവളോട് മനുഷ്യത്വവും സ്നേഹവുമാണ് കാണിക്കേണ്ടത്. അതല്ലാതെ വീട്ടിൽ നിന്നും ഒളിച്ചോടാനുള്ള സാഹചര്യമല്ല.

മൗലികാവകാശം അനുസരിച്ച് വിദ്യാഭ്യാസം നേടുന്നത് അവകാശമാണ്. സഹപാഠികളുടെയും അധ്യാപകരുടെയും പരിഹാസം കാരണം പലരും പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ജനിച്ച വീടിനോടും വളർന്ന നാടിനോടും കണ്ണീരോടെ വിടപറഞ്ഞ് അന്യസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ് പതിവ്. സാധാരണ കുട്ടികളോടൊപ്പം തന്നെ മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം ഇവർക്ക് നൽകേണ്ടത് ഭരണകൂടമാണ്. ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചുള്ള കേരള സമൂഹത്തിനെ കാഴ്ച്ചപാടുകൾ മാറിയില്ലെങ്കിൽ ഇനിയും ഇതുപോലെയുള്ള ഒരുപാടുപേർ രാത്രിയുടെ ഇരുട്ടിൽ ജീവിതോപാധി തേടാൻ ഇറങ്ങും. അപകടം പറ്റിയോ, പീഡനങ്ങൾ ഏറ്റുവാങ്ങിയോ തെരുവിന്റെ മൂലയിൽ തന്നെ കിടന്ന് ഒടുങ്ങും. അത്തരമൊരു അവസ്ഥ സംസ്ക്കാരസമ്പന്നമെന്ന് അവകാശപ്പെടുന്ന കേരളത്തിനേൽക്കുന്ന തീരാകളങ്കമായിരിക്കും.

വേണം ഇവർക്കും അന്തസുള്ള ജീവിതം

ഭരണ ഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ഇന്ത്യയിൽ ജനിക്കുന്ന ഓരോരുത്തരുടെയും അവകാശമാണ് Right to live with Dignity and Respect. ആർട്ടിക്കിൾ 23 അനുസരിച്ച് ഇഷ്ടമുള്ള തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. ആർട്ടിക്കിൾ 14- 18 അനുശാസിക്കുന്നത്  Right to equality ആണ്. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വർണ്ണത്തിന്റെയും ഭേദമില്ലാതെ നിയമത്തിനു മുന്നിൽ തുല്യത അനുഭവിക്കാനുള്ള നിയമമാണിത്. ഇന്ത്യയിലെ ഓരോ പൗരനും ബാധകമാണിത്. എന്നാൽ ഈ നിയമങ്ങളുടെ യാതൊരു വിധ സംരക്ഷണവും ട്രാൻസ്ജെൻഡേഴ്സിന് ലഭിക്കുന്നില്ല. 

ലൈംഗിക അതിക്രമമാണ് ഭൂരിഭാഗം പേരും നേരിടുന്ന് പ്രധാന പ്രശ്നം.  ലൈംഗികാതിക്രമത്തിനെതിരെ പരാതിപറയാൻ ഒരുവേദിയില്ല, തിരിച്ചറിയിൽ രേഖ എടുക്കാൻ ഒരു കൂരയില്ല, എന്തിനേറെ പറയുന്നു അവരെ സ്വയം ആരാണെന്ന് വിശേഷിപ്പിക്കാൻ ഒരു പദം പോലും നിലവിൽ വന്നത് രണ്ടുവർഷം മുമ്പാണ്. പരാതി പറഞ്ഞാൽ നിങ്ങൾക്കനുകൂലമായ നിയമം ഇല്ല എന്നു പറയുന്നത് മൗലികാവകാശങ്ങളുടെ കൃത്യമായ ലംഘനം തന്നെയാണ്. ജിഷയ്ക്കുവേണ്ടിയും സൗമ്യയ്ക്കും വേണ്ടിയും മുറവിളികൂട്ടുന്നവർ ഇവർക്കുവേണ്ടിയും ഒരു ചെറുവിരൽ അനക്കൂ. ഇവരും മനുഷ്യരാണ്. സങ്കടവും സന്തോഷവും വികാരങ്ങളും വിചാരങ്ങളുമുള്ള പച്ചയായ മനുഷ്യർ. 

പൊലീസും നഗരസഭയും സമൂഹവും സഭ്യതയുടെ കമ്പിളിപുതപ്പുകൊണ്ട് ഇത്തരമൊരു അവസ്ഥ കേരളത്തിൽ ഇല്ല എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തുന്നത്. നഗരസഭയും അധികാരികളും മനസ്സുവെച്ചാൽ ഇവരെ പുനരധിവസിപ്പിക്കാൻ സാധിക്കും. ഇവർക്കു വേണ്ടി തൊഴിൽമേഖലകൾ സൃഷ്ടിക്കാൻ സാധിക്കും. ട്രാൻസ്ജെൻഡേഴ്സിനുവേണ്ടിയുളള നിയമം ശക്തമാക്കുക തന്നെവേണം.  തെരുവില്‍ നിന്ന് ഇവരെ കൈപിടിച്ചുയർത്താൻ സമൂഹവവും ഭരണസിരാകേന്ദ്രങ്ങളും മാധ്യമങ്ങളും ഒരുമിച്ചുപ്രവർത്തിച്ചാൽ കൊച്ചിയിൽ കാമാത്തിപുരവും സോനാഗച്ചിയും ചാന്ദിനിചൗക്കും ആവർത്തിക്കാതെയിരിക്കും.