Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനവ് കാണുന്ന ഗോത്രബാല്യം

Kanavu കനവ് ക്യാമ്പിൽ നിന്നും

ഒരു വയസുമുതല്‍ പതിനാറു വയസുവരെ പ്രായമുള്ള മുപ്പത്തിയഞ്ചു കുട്ടികള്‍. സ്വാഭാവികമായ ഉൾ വലിവോടെ ആരോടും ഒരു സംസാരം തുടങ്ങാന്‍ കഴിയാതെ പകച്ചിരിക്കുന്നവര്‍. അതില്‍ പഠനം മുടങ്ങിപ്പോയവര്‍ ഉണ്ട്, പ്രതിസന്ധികള്‍ നേരിടുന്നവര്‍ ഉണ്ട്, സാഹചര്യങ്ങള്‍ അനുവദിക്കാത്തവര്‍ ഉണ്ട്. വയനാട് കനവ് പഠനകേന്ദ്രത്തില്‍ പറവേ ക്യാമ്പില്‍ ഗോത്രജനതയുടെ കഠിനമായ ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്നു പോവുന്ന കുട്ടികള്‍ ഒത്തു ചേരുകയായിരുന്നു.

തളിരും ഗോത്രതാളവും

വയനാടും തിരുവനന്തപുരത്തും ഉള്ള ഏതാനും യുവാക്കളുടെ സ്വപ്നമായിരുന്നു ഇങ്ങനെ ഒരു ക്യാമ്പ്. പ്രധാനമായും കുട്ടികളുടെ പ്രശ്നങ്ങള്‍ പഠിക്കുക, പഠനം ഉപേക്ഷിക്കാനും പിന്നോക്കം പോവാനും അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി അവയ്ക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഊർ‍‍ജസ്വലരായ അഭ്യസ്തവിദ്യരായ യുവാക്കള്‍ ഗോത്രങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നു വന്നു. ഇത്തരത്തില്‍ ഒരു യുവാക്കളുടെ സംഘത്തെ ഗോത്രങ്ങളില്‍ നിന്നുതന്നെ സജ്ജമാക്കുന്നതില്‍ കനവ് പഠന കേന്ദ്രത്തിനു വലിയ പങ്കുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കനവ് പഠനകേന്ദ്രത്തില്‍ അറിവ് നേടിയ അന്നത്തെ കുട്ടികളാണ് ഇന്ന് അവരുടെ യുവത്വത്തില്‍ പുതിയ തലമുറയ്ക്ക് വേണ്ടി തളിരും ഗോത്രതാളവും ഉയര്‍ത്തുന്നത്.

Kanavu കനവ് ക്യാമ്പിൽ നിന്നും

മുപ്പത്തിയഞ്ചു കുട്ടികളെ പതിനഞ്ചു ദിവസത്തേയ്ക്ക് ഇങ്ങനെ ഒരു ക്യാമ്പിലേക്ക് ഒരുക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. കാരണം തളിരിനും ഗോത്രതാളത്തിനും സ്വപ്‌നങ്ങള്‍ മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. ഭീമമായ ചെലവിനുള്ള പണം സ്വരൂപിക്കുക, ആഹാരം വസ്ത്രം പഠനോപകരണങ്ങള്‍ എന്നിവ കണ്ടെത്തുക ഇതൊക്കെ വലിയ വെല്ലുവിളി ആയിരുന്നു.

സോഷ്യല്‍ മീഡിയ

വളരെ യാദൃചികമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സാമൂഹികപ്രവര്‍ത്തനത്തിന് വേണ്ടി ഒന്നിച്ച സമൂഹത്തിന്റെ വേറൊരു സാഹചര്യത്തില്‍ ജീവിക്കുന്ന യുവാക്കളുമായി കണ്ടുമുട്ടുന്നത്. സ്വപ്‌നങ്ങള്‍ പങ്കു വയ്ക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങളുടെ സ്നേഹവും കരുതലും അവയെ യാഥാര്‍ഥ്യം ആക്കുവാന്‍ മുന്നിട്ടിറങ്ങി. തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യമുള്ള രണ്ടുതരം യുവത്വങ്ങള്‍ എങ്ങനെയൊക്കെയോ എവിടെയൊക്കെയോ വച്ച് ഒരൊറ്റ ലക്ഷ്യത്തിലേക്ക് വന്നെത്തുകയായിരുന്നു. അങ്ങനെ കൃത്യം ഒരുമാസം മുന്‍പ് തന്നെ ക്യാമ്പിലേക്ക് വേണ്ട ആഹാരം, വസ്ത്രങ്ങള്‍, പഠന ഉപകരണങ്ങള്‍ എന്നിവ കണ്ടെത്താനായി.

Kanavu കനവ് ക്യാമ്പിൽ നിന്നും

പറവേ ക്യാമ്പ് ഉണരുന്നു

പ്രധാനമായും സ്വയം ഉള്‍വലിയുന്നു എന്നതായിരുന്നു കുട്ടികളുടെ പ്രധാന പ്രശ്നം, പാട്ടിലൂടെയും കളികളിലൂടെയും ആദ്യ ദിനങ്ങളില്‍ അപരിചിതത്വത്തിന്റെ പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞു. ചിത്രരചനയും സ്ക്രിപ്റ്റ് ഇല്ലാത്ത സ്പോട്ട് ഡ്രാമയും ഒക്കെയായി ക്യാമ്പ് സജീവമായി. ബദല്‍ വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ കൂടി എത്തിയപ്പോള്‍ കുട്ടികള്‍ തന്നെ കുട്ടികള്‍ക്ക് വേണ്ടി ക്യാമ്പ് നയിക്കുന്ന രീതിയിലേക്ക് ഉയര്‍ന്നു. ഇംഗ്ലീഷ് മലയാളം ഭാഷാപഠനം, റിപ്പോര്‍ട്ടിങ് , ക്രിയേറ്റീവ് റൈറ്റിങ്, ശില്‍പ്പ നിര്‍മ്മാണം, കളരി – യോഗ, ജൈവ കൃഷി , ലൈംഗിക വിദ്യാഭ്യാസം, എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ക്യാമ്പ് പുരോഗമിക്കുകയാണ്. ഗവേഷണവിദഗ്ദര്‍ മുതല്‍ ഏഴു വയസുള്ള ചിത്രകാരി വരെ അറിവ് പകരാന്‍ അണിനിരന്നപ്പോള്‍ പറവേ ക്യാമ്പ് ചിറകു വിരിച്ചു പറന്നു തുടങ്ങി.

Kanavu കനവ് ക്യാമ്പിൽ നിന്നും

വേറിട്ടവര്‍ ആണെന്നുള്ള അപകർഷതാ ബോധം

ഞങ്ങള്‍ മറ്റുള്ളവരെ പോലെയല്ല എന്നുള്ള ഒരു ചിന്താഗതി കുട്ടികളില്‍ ഒരു വലിയ പ്രശ്നമായിരുന്നു. സമൂഹത്തില്‍ ഞങ്ങള്‍ താഴെത്തട്ടിലാണ് എന്ന തോന്നല്‍ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ മനസിലേക്ക് കടന്ന് ചെന്നിട്ടുണ്ട്. ആദിവാസി എന്ന സംബോധന ഒരു പരിധി വരെ ഇതിനു കാരണമാവുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെ വേദികളില്‍ അത് അഭിമാനകരമായ ഒന്നായാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എങ്കിലും കുട്ടികളുടെ ഇടയില്‍ അതൊരു പരിഹാസവാക്കായാണ് ഉപയോഗിക്കപ്പെടുന്നത്. ഗോത്രജീവിതം നയിച്ചിരുന്ന കുട്ടികള്‍ക്ക് ഒരു പരിധിക്കപ്പുറം വിദ്യാഭ്യാസം ചെയ്യണമെങ്കില്‍ സ്വന്തം മാതാപിതാക്കളില്‍ നിന്നും വീട് – ഊര് സാഹചര്യങ്ങളില്‍ നിന്നും അകലെ സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ജീവിക്കേണ്ട സാഹചര്യമാണ്, പല കുട്ടികളും ഈ കാര്യത്തില്‍ മാനസികമായി ദുഖിതരാവുന്നു. ഇതിനിടയില്‍ ആദിവാസി കുട്ടികള്‍ എന്നുള്ള സംബോധന ചിലപ്പോഴൊക്കെ പരിഹാസവും കൂടിയാവുമ്പോള്‍ കനത്ത അപഹര്‍ഷതാ ബോധത്തിലൂടെ ഉള്‍വലിയാന്‍ പ്രേരണ ഉണ്ടാവുന്നു. അപകർതാ ബോധം മറികടന്നു കൊണ്ട് സമൂഹത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടവര്‍ അല്ല അവര്‍ സമൂഹം തന്നെയാണ് എന്നുള്ള മാനസികാവസ്ഥ സൃഷ്ടിക്കുക എന്നതാവും പ്രധാനമായും ഈ ക്യാമ്പിന്റെ ലക്ഷ്യം. വരും നാളുകളില്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നഗര സാഹചര്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Your Rating: